Tuesday, October 18, 2011

നിശബ്ദം! ആഗോളമാധ്യമന്മാര്‍ ഉറങ്ങുകയാണ്

അമേരിക്കയില്‍ ഇതാ ഒരു കൊടുങ്കാറ്റടിക്കുന്നു. മുമ്പ് കത്രീന പോലെയുള്ള ചുഴലിക്കാറ്റുകളടിച്ചപ്പോള്‍ കറുത്തവരെയും അധഃസ്ഥിതരെയും ഒതുക്കാന്‍ പറ്റിയ മറ്റൊരവസരമായാണത് അമേരിക്കന്‍ കോര്‍പ്പറേറ്റോക്രസി ഉപയോഗപ്പെടുത്തിയത്. ഒരു തരത്തില്‍ അനേകം പാവങ്ങളുടെ ജീവനും സ്വത്തും അപഹരിച്ച ദുരന്തങ്ങളെപ്പോലും ആഘോഷിക്കുകയായിരുന്നു സര്‍ക്കാരിന്റെ പതിവ്. 2001 സെപ്റ്റംബര്‍ 11ന് വാണിജ്യ കേന്ദ്രത്തിലേക്ക് ബിന്‍ലാദന്‍ അയച്ച വിമാനം ഇടിച്ചുകയറിയപ്പോള്‍, അത് സ്വന്തം കയ്യിലിരിപ്പിന്റെ പരിണിതഫലമാണെന്നറിഞ്ഞുകൊണ്ടുതന്നെ അമേരിക്ക പറഞ്ഞു- ലോകചരിത്രം ഇതാ 2001 സെപ്റ്റംബര്‍ 11ന് മുമ്പും പിമ്പും എന്ന് വിഭജിക്കപ്പെട്ടിരിക്കുന്നു. അതിനും മുമ്പ് സോവിയറ്റ്‌യൂണിയന്‍ ഇല്ലാതായപ്പോള്‍, അതില്ലാതാക്കാന്‍ കഴിയുന്ന പണികളൊക്കെ പണിഞ്ഞ അമേരിക്ക, ഫ്രെഡ്മാന്‍ എന്ന സ്വന്തം ചരിത്രരചനാ തൊഴിലാളിയെക്കൊണ്ടെഴുതിച്ച ഒരു പുസ്തകത്തിലൂടെ വിളിച്ചുകൂട്ടി- ഇതാ ശീതയുദ്ധം അവസാനിച്ചിരിക്കുന്നു; ശീതയുദ്ധത്തോടൊപ്പം ലോകചരിത്രവും അവസാനിച്ചിരിക്കുന്നു എന്നു പറഞ്ഞാല്‍ ലോകത്തിന്റെ ചരിത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയുമെല്ലാം സൃഷ്ടിസ്ഥിതിസംഹാരം അമേരിക്കയുടെ കുത്തകയാണെന്ന് ചുരുക്കം.

പക്ഷെ, ഇപ്പോള്‍ ആഞ്ഞുവീശിക്കൊണ്ടിരിക്കുന്ന, സെപ്റ്റംബര്‍ 17ന് ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റില്‍ തുടങ്ങി ഷിക്കാഗോ, സാന്‍ഫ്രാന്‍സിസ്‌കോ, ലോസാഞ്ചലസ്, ഹാര്‍ട് ഫോര്‍ഡ്, ജോര്‍ജിയ, സിയാറ്റില്‍, ബോസ്റ്റണ്‍, ഫ്‌ളോറിഡ, വാഷിംഗ്ടണ്‍ ഡി സി എന്നുവേണ്ട അമേരിക്കയ്ക്ക് വെളിയിലുള്ള പല രാജ്യങ്ങളുള്‍പ്പെടെ ഏതാണ്ട് 1400 നഗരങ്ങളെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന ഉഷ്ണവാതത്തിനെക്കുറിച്ച് അമേരിക്കന്‍ ഭരണകൂടത്തിനൊന്നും പറയാനില്ല. മാത്രമല്ല, കോര്‍പ്പറേറ്റ് സാമ്രാജ്യത്വം ചെല്ലും ചെലവും കൊടുത്ത് ഓമനിച്ചു വളര്‍ത്തുന്ന ആഗോള മാധ്യമസിംഹങ്ങള്‍ക്ക് ഇതിനെക്കുറിച്ച് ഇമ്മിണി ഒച്ച കുറച്ചെങ്കിലും ഒന്നലറണമെന്നും തോന്നുന്നില്ല. അമേരിക്കയില്‍ എല്ലാം ശാന്തം എന്ന മട്ട്. ലോക പൊലീസുകളിക്ക് എന്തെല്ലാം പ്രകാരഭേദങ്ങള്‍!  ഇങ്ങ് ഇന്ത്യയില്‍ അന്നാ ഹസാരെയും സംഘവും അവതരിപ്പിച്ച ജനലോകപാലചരിതം ആട്ടക്കഥ പിടിക്കേണ്ടിടത്തു പിടിക്കേണ്ടതുപോലെ പിടിച്ചെടുത്ത ക്യാമറാ ചിത്രങ്ങളിലൂടെ പൊലിപ്പിച്ചു കാണിക്കാന്‍ അത്യുത്സാഹം കാണിച്ച നമ്മുടെ മാധ്യമന്മാരും ഒന്നുമറിയാത്ത ഭാവത്തില്‍ ഉറക്കത്തോടുറക്കം. ഉണരണമെങ്കിലിനി പൊലീസ് വിസിലൂതണം. പാവം ശുദ്ധഗതിക്കാരായ നമ്മുടെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനും മോണ്ടെക്‌സിംഗ് അലുവാലിയയ്ക്കും ചിദംബരത്തിനുമൊക്കെ ഈ കാറ്റിന്റെ ചൂടു തട്ടിത്തുടങ്ങിയോ എന്തോ. എന്തായാലും ഇതവര്‍ക്കൊരു ബാഡ് ന്യൂസ് ആണ്, സംശയമില്ല.

ട്യുണീഷ്യയില്‍ തുടങ്ങി, ഈജിപ്തിലെ മുല്ലപ്പൂ വിപ്ലവത്തിലൂടെ പടര്‍ന്ന്, ബഹ്‌റിനെ ചെറുതായൊന്നു കുലുക്കി ലിബിയയിലെത്തി താണ്ഡവനൃത്തമാടിത്തകര്‍ത്ത ജനക്ഷോഭം അവരവരുടെ ഹിഡന്‍ അജണ്ടയെ ലക്ഷ്യംവച്ച് ആഘോഷിച്ച് അര്‍മാദിച്ചവരാണ് അമേരിക്കയും ആഗോളമാധ്യമങ്ങളും എന്നോര്‍ക്കുമ്പോള്‍ എന്തതിശയമേ സമയോചിതമായ ഈ പൊട്ടന്‍കളി! എന്നല്ലാതെ എന്തു പറയാന്‍.

ട്യൂണീഷ്യ മുതല്‍ ലിബിയ വരെ വ്യാപിച്ച ഏകാധിപത്യഭരണത്തിനെതിരെയുള്ള മനുഷ്യക്കൂട്ടങ്ങളുടെ ചെറുത്തുനില്‍പ്പ് തന്നെയാണ് അമേരിക്കയുടെ ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റില്‍ തുടങ്ങിയ ജനമുന്നേറ്റത്തിനും പ്രചോദനമായത്. അവിടെ അത് ഭരണാധിപന്മാര്‍ക്ക് എതിരെയായിരുന്നെങ്കില്‍ വാള്‍സ്ട്രീറ്റില്‍ അത് കോര്‍പ്പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്ന സാമ്പത്തികകുത്തകകളുടെ ഏകാധിപത്യത്തിനെതിരെയാണ്. കോര്‍പ്പറേറ്റ് സാമ്രാജ്യത്വവ്യവസ്ഥിതിയില്‍ (ഇന്ത്യയും അതിനൊരു ഉദാഹരണമായി അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണല്ലോ) സാമ്പത്തികാധികാരമാണ് ഭരണാധികാരത്തെ നിര്‍ണയിക്കുന്നതും നിയന്ത്രിക്കുന്നതും.  ആ ശൈലി അമേരിക്കയില്‍ വളര്‍ന്നപ്പോള്‍ അതിന്റെ ദുരന്തഫലം അനുഭവിക്കേണ്ടി വന്നത്- വരുന്നത്- അമേരിക്ക മാത്രമല്ല, ലോകം മുഴുവനാണ്. സാമ്പത്തികാധികാരത്തിന്റെ ആസുരമായ കേന്ദ്രീകരണം കഴിഞ്ഞ മുപ്പതുവര്‍ഷക്കാലം കൊണ്ട് അമേരിക്കയുടെയും അതുവഴി മറ്റ് പലയിടത്തേയും പൊതുസാമ്പത്തികസ്ഥിതിയുടെ താളംതെറ്റിച്ച് അരാജകത്വം സൃഷ്ടിച്ചു. ലോകത്തിന്റെ മുഴുവന്‍ സാമ്പത്തികവ്യവഹാരങ്ങള്‍ നിശ്ചയിക്കുന്നതിന്റെ കുത്തക ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റില്‍ വിലസുന്ന സാമ്പത്തികഗുണ്ടകള്‍ക്കാണെന്ന സ്ഥിതി തിരിച്ചറിയാന്‍ തുടങ്ങിയത് ഇപ്പോഴല്ല. എങ്കിലും അമേരിക്കയില്‍ 99 ശതമാനം ജനങ്ങള്‍ കടുത്ത സാമ്പത്തികപ്രതിസന്ധിയിലും ഒരു ശതമാനം വരേണ്യരില്‍ മൊത്തം സാമ്പത്തികശക്തിയുടെ കേന്ദ്രീകരണവും എന്ന ഭീകരസത്യം അവിടുത്തെ ഇടത്തരക്കാര്‍ തിരിച്ചറിയാന്‍ തുടങ്ങിയപ്പോള്‍ ആ തിരിച്ചറിവ് അസ്വസ്ഥതയും അസ്വസ്ഥത ഉഷ്ണവാതവുമാകാന്‍ അധികസമയമെടുത്തില്ല.

പരിഹാസ്യമായ ഈ അവസ്ഥയാണ് ക്ഷോഭിക്കുന്ന കുറെ മധ്യവര്‍ത്തികളെ വാള്‍സ്ട്രീറ്റിലേക്ക് ഒത്തുകൂട്ടിയത്. പിന്നെ ഓരോ ദിവസവും അത് വളരാന്‍ തുടങ്ങി. തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, നഴ്‌സുമാര്‍, ബുദ്ധിജീവികള്‍- അങ്ങനെ പലവിധ കൂട്ടങ്ങള്‍ അവിടേക്കൊഴുകി. വാള്‍സ്ട്രീറ്റിന് വെളിയിലേക്കത് പടര്‍ന്നുകത്തി. അമേരിക്കയ്ക്ക് വെളിയിലുള്ള പല നഗരങ്ങളിലും അത് പ്രതിധ്വനിച്ചു. പലരും അതേറ്റെടുത്തു. ഇപ്പോള്‍ അത് അമേരിക്കയില്‍ മാത്രം ഒതുങ്ങുന്ന പ്രക്ഷോഭമല്ല. Occupy Wallstreet എന്നാണതിന്റെ ജന്മപ്പേരെങ്കിലും വാള്‍സ്ട്രീറ്റ് കപ്പിലെ മാത്രം കൊടുങ്കാറ്റല്ല അതിപ്പോള്‍. ട്യുണീഷ്യയില്‍ തുടങ്ങി ലിബിയയില്‍ എത്തി വീണ്ടും തുടരുന്ന നൈസര്‍ഗിക ബഹുജന മുന്നേറ്റം എന്ന മഹാപുസ്തകത്തിലെ ഇപ്പോള്‍ എഴുതപ്പെട്ടുകൊണ്ടിരിക്കുന്ന അധ്യായമാണ്. അതിനി തുടരും, തുടരണം.

പ്രവാഹത്തിന്റെ ആഴവും പരപ്പും കൂടുന്നതിനൊപ്പം ഈ ജനമുന്നേറ്റത്തിന്റെ മുദ്രാവാക്യങ്ങളിലെ ബഹുജനസ്വരതയും കൂടുന്നുണ്ട്. സാമ്പത്തിക കുത്തകകളുടെ അധികാരകേന്ദ്രമായ വാള്‍സ്ട്രീറ്റിനെ മോചിപ്പിക്കുക എന്ന മുദ്രാവാക്യത്തോടെയാണ് ഈ മുന്നേറ്റം തുടങ്ങിയതെങ്കിലും പിന്നെപ്പിന്നെ അതിന്റെ കാഴ്ചപ്പാട് വിപുലവും ഗഹനവുമായി. ഭരണാധികാരത്തിന് ജനങ്ങളോടുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള വ്യക്തമായ ഉള്‍ക്കാഴ്ചകളോടെയുള്ള പല ആവശ്യങ്ങളും അവര്‍ ഉന്നയിക്കുന്നുണ്ട്.

ഇത്തരം ഒരു ജനമുന്നേറ്റത്തെയാണ് അമേരിക്കന്‍ ഭരണകൂടവും കോര്‍പ്പറേറ്റ് സാമ്രാജ്യത്വശക്തികളുടെ അവരുടെ ശമ്പളക്കാരായ ആഗോള മാധ്യമക്കടുവകളുമൊക്കെ ചേര്‍ന്ന് തമസ്‌കരിക്കാന്‍ തുടങ്ങുന്നത്. ഒരുതരത്തില്‍ അതും നല്ലതാണ്. ആഗോളമാധ്യമങ്ങള്‍ അമേരിക്കയുടെയും കോര്‍പ്പറേറ്റ് ശക്തികളുടെയും ദല്ലാളന്മാരാണ് എന്നത് വെറുമൊരു ഇടതുപക്ഷ ഉമ്മാക്കിയാണ് എന്നിനി പറയാന്‍ കഴിയില്ലല്ലോ. മാത്രമല്ല, മുഖ്യധാരാമാധ്യമങ്ങള്‍ താലോലിക്കാതെ ഒരു ബഹുജന മുന്നേറ്റത്തിന്- അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശുദ്ധവും നിര്‍വ്യാജവുമെങ്കില്‍- വളരാന്‍ കഴിയുമെന്നതും ഇപ്പോള്‍ തെളിയിക്കപ്പെടുകയാണ്. മറ്റൊരു ശ്രദ്ധേയമായ വഴിത്തിരിവിനും ഈ മുന്നേറ്റം ഇടയാക്കി. മുഖ്യധാരാമാധ്യമങ്ങള്‍ തങ്ങളെ ഒതുക്കാന്‍ ശ്രമിക്കുന്നു എന്ന് തിരിച്ചറിയാന്‍ തുടങ്ങിയപ്പോള്‍ ഈ വമ്പിച്ച ബഹുജനമുന്നേറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ അവര്‍ ബദല്‍ സംവിധാനങ്ങള്‍ തേടി. ബദല്‍പത്രം, പരിമിത വിസ്തൃതിയുള്ള ചെറുചാനലുകള്‍, യു ട്യൂബ് ഇവയൊക്കെ അവര്‍ക്കാശ്രയമായി. അവയെയും ഒതുക്കാന്‍ യാഹുവും ട്വിറ്ററും മറ്റും പണിഞ്ഞത് മറ്റൊരു കഥ. അഥവാ മാധ്യമക്കുത്തകകളുടെ മറ്റൊരു വീരഗാഥ. പക്ഷെ, അവര്‍ക്കൊന്നും തടുക്കാനാകാത്ത മഹാപ്രവാഹമായി വിപ്ലവവീര്യം കരുത്താര്‍ജിക്കുകയാണ്. വംശ, വര്‍ഗ, ലിംഗ വരമ്പുകള്‍ തട്ടിമാറ്റി പുതിയ പുതിയ മനുഷ്യക്കൂട്ടങ്ങളുടെ അരുവികള്‍ ആ പ്രവാഹത്തിലേക്ക് എത്തിച്ചേരുകയാണ്. അവയില്‍ അധ്യാപകരുണ്ട്. മുമ്പ് വിഘടിച്ചും പരസ്പരം എതിരിട്ടും നിന്ന ട്രേഡ് യൂണിയനുകളുണ്ട്. നോം ചോസ്‌കി, സൂസന്‍ സാറന്‍ഡോന്‍, മൈക്കിള്‍മൂര്‍ തുടങ്ങി ചിന്തകരുണ്ട്, സ്ത്രീകളും, ചെറുപ്പക്കാരും, മധ്യവയസ്‌കരുമുണ്ട്. ചൂഷിതരുടെ ഉയര്‍ത്തഴുന്നേല്‍പ്പായി, കാലത്തിന്റെ അനിവാര്യതയായി, സ്വന്തം നാടിന്റെ ധാര്‍മ്മികതയോടുള്ള പ്രതിബദ്ധതയായി അത് അനുദിനം വളരുകയാണ്. എന്നിട്ടും അവര്‍- ഇന്ത്യയിലോ, ചൈനയിലോ, ലാറ്റിനമേരിക്കയിലോ ഒരിലയനങ്ങിയാലുടന്‍ ക്യാമറയും കള്ളക്കഥയുമായി ഓടിയടുക്കാറുള്ള മാധ്യമന്മാര്‍- അവര്‍ മാത്രം ഉറങ്ങുകയാണ്.

ഡോ. പി കെ ജനാര്‍ദനക്കുറുപ്പ് (ലേഖകന്‍ അഖിലേന്ത്യാ സമാധാന-ഐക്യദാര്‍ഢ്യസമിതി കേരള സംസ്ഥാന ഘടകം വൈസ് പ്രസിഡന്റാണ്)

1 comment:

  1. അമേരിക്കയില്‍ ഇതാ ഒരു കൊടുങ്കാറ്റടിക്കുന്നു. മുമ്പ് കത്രീന പോലെയുള്ള ചുഴലിക്കാറ്റുകളടിച്ചപ്പോള്‍ കറുത്തവരെയും അധഃസ്ഥിതരെയും ഒതുക്കാന്‍ പറ്റിയ മറ്റൊരവസരമായാണത് അമേരിക്കന്‍ കോര്‍പ്പറേറ്റോക്രസി ഉപയോഗപ്പെടുത്തിയത്. ഒരു തരത്തില്‍ അനേകം പാവങ്ങളുടെ ജീവനും സ്വത്തും അപഹരിച്ച ദുരന്തങ്ങളെപ്പോലും ആഘോഷിക്കുകയായിരുന്നു സര്‍ക്കാരിന്റെ പതിവ്.

    ReplyDelete