Tuesday, October 18, 2011

മതം എന്ന കളിപ്പാവ

സൗദി അറേബ്യയുടെ അമേരിക്കന്‍ സ്ഥാനപതിയെ വാഷിംഗ്ടണില്‍ വച്ച് കൊല്ലാന്‍ ഇറാനിയന്‍ ഇന്റലിജന്‍സ് ഏജന്‍സി പദ്ധതിയിടുക. അതിനായി നിയുക്തനായ ഇറാനിയന്‍ വംശജനായ അമേരിക്കക്കാരന്‍ മന്‍സൂര്‍ അറബാബ് സിയര്‍ മെക്‌സിക്കന്‍ മയക്കുമരുന്നുമാഫിയയുമായി ചേര്‍ന്ന് ഉന്മൂലനപദ്ധതി ആവിഷ്‌കരിക്കുക. ഇതിനിടയ്ക്ക് അമേരിക്കന്‍ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ ഒരു ചാരന്‍ ഗൂഢാലോചന മണത്തറിയുക. ഒടുവില്‍ എഫ് ബി ഐ ഇറാനില്‍ നിന്നും ഗൂഢാലോചനക്കാര്‍ക്ക് തോക്കുവാങ്ങാനായി അയച്ചുനല്‍കിയ 1.5 മില്യണ്‍ ഡോളര്‍ പിടിച്ചെടുത്ത് മുഖ്യ ഗൂഢാലോചനക്കാരനായ അറബാബിനെ അറസ്റ്റ് ചെയ്യുക. ഇത് ഒരു ഹോളിവുഡ് ആക്ഷന്‍ സിനിമയുടെ വണ്‍ലൈന്‍ കഥയല്ല. മറിച്ച് ഇറാന്‍ എന്ന കരടിനെതിരെ അമേരിക്കയും സൗദി അറേബ്യയും ഇസ്രായേലും ചേര്‍ന്ന് തയാറാക്കിയ പുതിയ യുദ്ധപദ്ധതിയുടെ അധ്യായമാണ്. കഴിഞ്ഞയാഴ്ചയാണ് ഈ ഗൂഢാലോചന പദ്ധതിയെക്കുറിച്ചുള്ള വാര്‍ത്ത അമേരിക്ക പുറത്തുവിട്ടത്. അടുത്തുതന്നെ യുദ്ധം പ്രതീക്ഷിക്കാം.

തികച്ചും അവിശ്വസനീയമായ കഥകളാണ് ദുര്‍ബലരാജ്യങ്ങളുടെ മേല്‍ യുദ്ധങ്ങളടിച്ചേല്‍പ്പിക്കുവാനായി എക്കാലവും പടിഞ്ഞാറന്‍ ശക്തികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ഏറ്റവുമൊടുവില്‍ ഇറാഖിനെ ആക്രമിക്കുവാനാണ് ഇങ്ങനെയൊരു കഥ മെനഞ്ഞുണ്ടാക്കിയത്. സദ്ദാംഹുസൈന്‍ വന്‍നശീകരണ ശേഷിയുള്ള ആയുധങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന തൊടുന്യായം പറഞ്ഞുകൊണ്ടാണ് ജോര്‍ജ് ബുഷ് ഇറാഖ് എന്ന സ്വതന്ത്ര പരമാധികാരരാജ്യം ആക്രമിച്ച് ലക്ഷങ്ങളെ കൊന്നൊടുക്കിയത്. യുദ്ധം തീര്‍ന്നപ്പോഴേക്കും വന്‍നശീകരണ ശേഷിയുള്ള ആയുധസംഭരണം എന്ന ഇന്റലിജന്‍സ് കള്ളക്കഥ പൊളിഞ്ഞിരുന്നു. അതുപോലെ തന്നെ അഫ്ഗാന്‍ ആക്രമണത്തിന് കാരണമായി പറയുന്ന 9/11 ഭീകരാക്രമണവും പലയിടങ്ങളിലും യുക്തിക്ക് നിരക്കുന്ന ഒരു കഥയല്ലെന്നു പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷെ, തങ്ങളുടെ പ്രഹരശേഷി ലോകസമക്ഷം അവതരിപ്പിക്കാന്‍ തക്ക സംഭവമായിക്കണ്ട് അല്‍ഖ്വയ്ദ സംഭവത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായും ഏറ്റെടുക്കുകയും ലോകത്തെവിടെയും കടന്നുകയറാനുള്ള ന്യായീകരണമായി അമേരിക്ക പ്രസ്തുതസംഭവം ഉപയോഗിക്കുകയും ചെയ്തതോടെ ഇത്തരം സംശയങ്ങള്‍ക്കുള്ള രാഷ്ട്രീയ പരിസരം നിഷേധിക്കപ്പെട്ടു എന്നു മാത്രം.

ഇറാനുമേല്‍ ഇപ്പോള്‍ കെട്ടിയേല്‍പ്പിക്കുന്ന ഗൂഢാലോചനക്കഥയില്‍ എത്രമാത്രം സത്യമുണ്ടെന്ന് ഒരുപക്ഷെ, ഒരിക്കലും ലോകമറിയില്ല. കെന്നഡിയെ കൊന്നതാര് എന്ന ചോദ്യം പോലെ ഒരമേരിക്കന്‍ നിഗൂഢതയുടെ കാല്‍പനികഭാവമണിഞ്ഞ് ഈ സത്യവും അപസര്‍പ്പകകഥകളായി വിലയം പ്രാപിക്കും. പക്ഷെ, ഇത്തരം ഒരു കഥയിലേക്ക് അമേരിക്കന്‍ രഹസ്യാന്വേഷണവിഭാഗം നമ്മെ കൊണ്ടുപോകുന്നതിന് പല കാരണങ്ങളുണ്ട്.

ഒന്നാമതായി ഇറാനെപ്രതി അമേരിക്കയ്ക്കുള്ള ഉള്‍ഭയം. അതിനു കാരണം വിപ്ലവാനന്തരം അമേരിക്കന്‍ തിട്ടൂരങ്ങളൊന്നും അനുസരിക്കാത്ത രാജ്യമാണ് ഇറാന്‍ എന്ന യാഥാര്‍ഥ്യമാണ്. ഇതോടൊപ്പം തന്നെ ഏദന്‍ കടലിടുക്കിനും അറേബ്യന്‍ ഉപദ്വീപിനും ഇടയിലുള്ള ഇറാന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് മേഖലയിലെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് വലിയ ഭീഷണിയാണ്. ഒപ്പം അറേബ്യന്‍ രാജ്യങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന ജനകീയപ്രക്ഷോഭങ്ങളുടെ അമേരിക്കന്‍വിരുദ്ധതയുടെ പശ്ചാത്തലത്തില്‍ ഇറാനെപ്പോലെ ശക്തമായ അമേരിക്കന്‍ വിരുദ്ധവികാരം പുലര്‍ത്തുന്ന ഒരു രാജ്യം മേഖലയില്‍ സ്ഥിതിചെയ്യുന്നത് അമേരിക്കയെ ഭയപ്പാടിലാക്കുന്നു.

സൗദി അറേബ്യയുടെ പ്രശ്‌നം ചരിത്രപരവും രാഷ്ട്രീയവുമാണ്. ചരിത്രപരമായി ശിയ ഭൂരിപക്ഷമുള്ള ഇറാന്‍ സുന്നികളുടെ ഈറ്റില്ലമായ സൗദിയുടെ പരമ്പരാഗതശത്രുക്കളാണ്.  സാംസ്‌കാരികമായി വ്യത്യാസങ്ങള്‍ വേറെയുമുണ്ട്. ഇതിന് പുറമെ ഇറാഖിലും സൗദിയിലും ബഹ്‌റിനിലും മറ്റും ഉയര്‍ന്നുവന്ന ശിയ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ജനകീയപ്രക്ഷോഭങ്ങള്‍ക്ക് പിറകില്‍ ഇറാനാണ് എന്നൊരു വിശ്വാസം സൗദി അധികാരികള്‍ക്കുണ്ട്. ഒപ്പം മേഖലയില്‍ തങ്ങളേക്കാള്‍ വലിയ സൈനികശക്തി ഇറാനുണ്ട് എന്നതിലുള്ള കൊതിക്കുറവുമുണ്ട്. ഇതെല്ലാം കൊണ്ടാണ് ഇടയ്ക്ക് ആണവായുധ ഭീഷണിയുടെ പേരുപറഞ്ഞ് ഇറാനെ ആക്രമിക്കാന്‍ സൗദി ഉറ്റക്കൂട്ടുകാരായ അമേരിക്കന്‍ ഭരണകൂടത്തോടാവശ്യപ്പെട്ടത്. വിക്കിലീക്‌സ് വെളിപ്പെടുത്തിയ ഒരു പ്രധാന രഹസ്യമായിരുന്നു ഇത്.

ഇസ്രായേലിന്റെ പ്രശ്‌നം സൈനികമാണ്. മേഖലയിലെ മുസ്‌ലിംരാജ്യങ്ങളില്‍ ഇസ്രായേലിന്റെ സൈനികശക്തി ഭയപ്പെടാത്ത ഒരേയൊരു രാജ്യമാണ് ഇറാന്‍. ഇസ്രായേലുമായി മുട്ടിനില്‍ക്കുവാനുള്ള കരുത്ത് അവര്‍ക്കുണ്ട്. ഒപ്പം വലിയൊരളവുവരെ ജനാധിപത്യവും ആധുനികതയും ശക്തിപ്പെട്ടിട്ടുള്ള മേഖലയിലെ ഒരേയൊരു മുസ്‌ലിം രാജ്യവും ഇറാനാണ്. ഈ രംഗത്തെല്ലാമുള്ള ഇസ്രായേലിന്റെ മേഖലയിലെ മികച്ച പ്രകടനത്തെ എപ്പോഴും ഇറാന്‍ കൗണ്ടര്‍ ബാലന്‍സ് ചെയ്യുന്നു. ഒപ്പം കൂടുതല്‍ ജനാധിപത്യാവകാശങ്ങള്‍ക്കായി ആഭ്യന്തരമായി ശക്തിപ്പെട്ടുവരുന്ന സമരങ്ങളെ അടിച്ചമര്‍ത്തുമ്പോഴും മേഖലയില്‍  വന്‍പിന്തുണ നേടുന്ന ജനകീയപ്രക്ഷോഭങ്ങളില്‍ ഇറാന്റെ സ്വാധീനമുണ്ടെന്നും ഇസ്രായേല്‍ കരുതുന്നു. ഒപ്പം തങ്ങള്‍ക്ക് തലവേദനയായ ഹിസ്ബുള്ള, ഹമാസ് തുടങ്ങിയ തീവ്രവാദ സംഘടനകള്‍ക്ക് സിറിയ വഴി ഇറാന്‍ സഹായം നല്‍കുന്നുണ്ട് എന്നും അവര്‍ കരുതുന്നു.

രാഷ്ട്രീയത്തില്‍ മതം ഒരു കളിപ്പാവ മാത്രമാണെന്ന് വീണ്ടും തെളിയിക്കുകയാണ് ഇറാനു നേരെയുള്ള ഈ പുതിയ അമേരിക്കന്‍-സൗദി-ഇസ്രായേല്‍ ബാന്ധവം. മതപരമായ രാഷ്ട്രീയകാരണങ്ങളാല്‍ നേര്‍ക്കുനേര്‍ കണ്ടുകൂടാത്തവരാണ് ഇസ്രായേലും സൗദിയും. പാലസ്തീന്‍പ്രശ്‌നത്തില്‍ അമേരിക്കയുമായും സൗദി ഉടക്കിലാണ്. എന്നാല്‍ പൊതുശത്രുവായ ഇസ്രായേലിന്റെ കാര്യം വരുമ്പോള്‍ മതത്തെ പിന്തള്ളി രാഷ്ട്രീയത്തിനാണ് സൗദി അറേബ്യന്‍ ഭരണാധികാരികള്‍ പ്രാധാന്യം നല്‍കുന്നത്. മതത്തിന് രാഷ്ട്രീയത്തില്‍ ആത്യന്തികമായി വലിയ പ്രസക്തിയില്ലെന്ന ചരിത്രപാഠത്തിന് വീണ്ടും ഇവിടെ മുതലാളിത്ത-സുന്നി-ജൂത കൂട്ടുകെട്ട് അടിത്തറയിടുന്നു.

മുഹമ്മദ് ഫക്രുദീന്‍ അലി janayugom 171011

1 comment:

  1. സൗദി അറേബ്യയുടെ അമേരിക്കന്‍ സ്ഥാനപതിയെ വാഷിംഗ്ടണില്‍ വച്ച് കൊല്ലാന്‍ ഇറാനിയന്‍ ഇന്റലിജന്‍സ് ഏജന്‍സി പദ്ധതിയിടുക. അതിനായി നിയുക്തനായ ഇറാനിയന്‍ വംശജനായ അമേരിക്കക്കാരന്‍ മന്‍സൂര്‍ അറബാബ് സിയര്‍ മെക്‌സിക്കന്‍ മയക്കുമരുന്നുമാഫിയയുമായി ചേര്‍ന്ന് ഉന്മൂലനപദ്ധതി ആവിഷ്‌കരിക്കുക. ഇതിനിടയ്ക്ക് അമേരിക്കന്‍ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ ഒരു ചാരന്‍ ഗൂഢാലോചന മണത്തറിയുക. ഒടുവില്‍ എഫ് ബി ഐ ഇറാനില്‍ നിന്നും ഗൂഢാലോചനക്കാര്‍ക്ക് തോക്കുവാങ്ങാനായി അയച്ചുനല്‍കിയ 1.5 മില്യണ്‍ ഡോളര്‍ പിടിച്ചെടുത്ത് മുഖ്യ ഗൂഢാലോചനക്കാരനായ അറബാബിനെ അറസ്റ്റ് ചെയ്യുക. ഇത് ഒരു ഹോളിവുഡ് ആക്ഷന്‍ സിനിമയുടെ വണ്‍ലൈന്‍ കഥയല്ല. മറിച്ച് ഇറാന്‍ എന്ന കരടിനെതിരെ അമേരിക്കയും സൗദി അറേബ്യയും ഇസ്രായേലും ചേര്‍ന്ന് തയാറാക്കിയ പുതിയ യുദ്ധപദ്ധതിയുടെ അധ്യായമാണ്. കഴിഞ്ഞയാഴ്ചയാണ് ഈ ഗൂഢാലോചന പദ്ധതിയെക്കുറിച്ചുള്ള വാര്‍ത്ത അമേരിക്ക പുറത്തുവിട്ടത്. അടുത്തുതന്നെ യുദ്ധം പ്രതീക്ഷിക്കാം.

    ReplyDelete