Sunday, November 13, 2011

മുഖ്യമന്ത്രിക്ക് ജയിലില്‍നിന്ന് ജയരാജന്റെ കത്ത്


പാതയോര യോഗങ്ങള്‍ക്ക് സൗകര്യമൊരുക്കണം

നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പാതയോരത്ത് പ്രകടനം, പൊതുയോഗം, മതഘോഷയാത്ര തുടങ്ങിയവ നടത്താന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം എം വി ജയരാജന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചു. പാതയോരയോഗനിരോധനത്തെ വിമര്‍ശിച്ചതിന് ഹൈക്കോടതി ശിക്ഷിച്ച ജയരാജന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ആറ്റുകാല്‍ പൊങ്കാല അടുത്ത് നടക്കാനിരിക്കയാണെന്നും അതില്‍ പങ്കെടുക്കുന്ന വിശ്വാസികളുടെ പേരില്‍ കേസെടുക്കുന്നത് ചിന്തിക്കാന്‍പോലും കഴിയുന്നതല്ലെന്നും കത്തില്‍ പറയുന്നു. സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടാതെ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി യോഗങ്ങളും മതപരമായ ചടങ്ങുകളും നടത്താന്‍ സൗകര്യമുണ്ടാക്കണമെന്ന് കത്തില്‍ അഭ്യര്‍ഥിച്ചു.

ഡല്‍ഹിയില്‍ ഏറ്റവും തിരക്കുള്ള കരോള്‍ ബാഗിനടുത്ത് ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി ഓഫീസായ ഭഗത്സിങ് ഭവന്റെ ഉദ്ഘാടനയോഗം പാതയോരത്ത് നടത്താന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഡല്‍ഹി സര്‍ക്കാര്‍ അനുവാദം നല്‍കിയ കാര്യം കത്തില്‍ ചൂണ്ടിക്കാട്ടി. നിശ്ചിത സമയം പൊലീസ് ഗതാഗതം തിരിച്ചുവിടുകയും ചെയ്തു. അഴിമതിക്കെതിരെ അണ്ണ ഹസാരെ നടത്തിയ സമരത്തെ അഭിവാദ്യംചെയ്യാന്‍ ജനങ്ങള്‍ ഡല്‍ഹിയിലെ പാതയോരങ്ങളിലൂടെ പ്രകടനം നടത്തിയാണ് എത്തിയത്. ഇവിടങ്ങളിലൊക്കെ ആരുടെയും സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടാതെ പ്രകടനവും പൊതുയോഗവും നടത്താന്‍ അധികൃതര്‍തന്നെ അനുവദിച്ചു. എന്നാല്‍ , കേരളത്തില്‍മാത്രം പ്രകടനവും പൊതുയോഗവും ആഘോഷയാത്രകളും നടത്തിയാല്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെ പൊലീസ് കേസെടുക്കുകയാണ്. ഇതിനകം 600ല്‍ അധികം കേസ് രജിസ്റ്റര്‍ചെയ്തു. എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വിധിപ്പകര്‍പ്പടക്കം നല്‍കി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയതായാണ് അറിയുന്നത്. മന്ത്രി ടി എം ജേക്കബ്ബിന് ആദരാഞ്ജലിയര്‍പ്പിച്ച് അനുശോചനയോഗം നടത്തിയതിനുപോലും കേസെടുത്തു. കെട്ടിടത്തിന്റെ മുകളിലായതിനാല്‍ മാത്രമാണ് മുഖ്യമന്ത്രി ഒഴിവായത്.

ഒരു അനുശോചനയോഗംപോലും റോഡരികില്‍ ചേരാന്‍ കഴിയാത്ത സാഹചര്യം കേരളത്തില്‍ ഉണ്ടായിരിക്കുകയാണ്. ഭാവിയില്‍ , റോഡരികിലൂടെ മൃതദേഹവുമായി വിലാപയാത്ര നടത്തിയാലും കേസുണ്ടാകും. പിടിച്ചുപറിയോ, മോഷണമോ, അഴിമതിയോ, കൊലപാതകമോ, അക്രമമോ, പൊതുമുതല്‍ നശിപ്പിക്കലോപോലുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയതിനല്ല തന്നെ ശിക്ഷിച്ചത്. പാതയോര പ്രകടനം, പൊതുയോഗം, ആറ്റുകാല്‍ പൊങ്കാല, നബിദിന-ഓണം ഘോഷയാത്രകള്‍ , ക്രിസ്മസ് കരോള്‍ , ഉത്സവ ഘോഷയാത്ര, സംസ്ഥാന- ജില്ലാ- പ്രാദേശിക അടിസ്ഥാനത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ടികളും സംഘടനകളും നടത്തുന്ന പദയാത്രകള്‍ എന്നിവ 2010 ജൂണിലാണ് ഹൈക്കോടതി നിരോധിച്ചത്. പൗരന്റെ മൗലികാവകാശമായ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞുകൊണ്ട് ഇത്തരം പരിപാടി നടത്താന്‍ അനുവദിച്ചുകൂടാ.

സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി ഗാന്ധിജിയും എ കെ ജിയും ബ്രിട്ടീഷ് ഭരണകാലത്ത് നടത്തിയ അവിസ്മരണീയമായ പോരാട്ടങ്ങളെക്കുറിച്ച് വായിച്ചറിഞ്ഞിട്ടുണ്ട്. നിഷേധിക്കപ്പെട്ട സഞ്ചാരസ്വാതന്ത്ര്യം, അവര്‍ നടത്തിയ പോരാട്ടങ്ങളിലൂടെ ജനങ്ങള്‍ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞു. മഹാന്മാരായ നേതാക്കളുടെ പോരാട്ടംകൊണ്ടുകൂടിയാണ് സ്വാതന്ത്ര്യത്തിനുശേഷം സഞ്ചാരസ്വാതന്ത്ര്യവും അഭിപ്രായപ്രകടന സ്വാതന്ത്ര്യവും സംഘടിക്കാനും സമരം നടത്താനുമുള്ള അവകാശവും ഭരണഘടനയില്‍ മൗലികാവകാശമായി സ്ഥാനംപിടിച്ചത്. ഹൈക്കോടതിവിധിയെത്തുടര്‍ന്ന് ഇതെല്ലാം നിരോധിക്കപ്പെട്ടു. അവര്‍ നേടിത്തന്ന ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. മേല്‍ വിവരിച്ച എല്ലാ അവകാശങ്ങള്‍ക്കും ന്യായമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതില്‍ തെറ്റില്ല. അതുകൂടി കണക്കിലെടുത്താണ് നിരോധനമല്ല, നിയന്ത്രണവും ക്രമീകരണവുമാണ് വേണ്ടതെന്ന ധാരണയോടെ താങ്കളുള്‍പ്പെടെ അനുകൂലിച്ച ഒരു നിയമം 2011ല്‍ കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കിയത്. എന്നാല്‍ , ആ നിയമവും ഹൈക്കോടതി മരവിപ്പിക്കുകയായിരുന്നു- കത്തില്‍ ജയരാജന്‍ പറഞ്ഞു.

deshabhimani 131111

1 comment:

  1. നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പാതയോരത്ത് പ്രകടനം, പൊതുയോഗം, മതഘോഷയാത്ര തുടങ്ങിയവ നടത്താന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം എം വി ജയരാജന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചു. പാതയോരയോഗനിരോധനത്തെ വിമര്‍ശിച്ചതിന് ഹൈക്കോടതി ശിക്ഷിച്ച ജയരാജന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ആറ്റുകാല്‍ പൊങ്കാല അടുത്ത് നടക്കാനിരിക്കയാണെന്നും അതില്‍ പങ്കെടുക്കുന്ന വിശ്വാസികളുടെ പേരില്‍ കേസെടുക്കുന്നത് ചിന്തിക്കാന്‍പോലും കഴിയുന്നതല്ലെന്നും കത്തില്‍ പറയുന്നു. സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടാതെ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി യോഗങ്ങളും മതപരമായ ചടങ്ങുകളും നടത്താന്‍ സൗകര്യമുണ്ടാക്കണമെന്ന് കത്തില്‍ അഭ്യര്‍ഥിച്ചു.

    ReplyDelete