Sunday, November 13, 2011

കിങ്ഫിഷറിനെ സഹായിക്കാന്‍ അധികഭാരം ബാങ്കുകള്‍ക്ക്

മദ്യരാജാവ് വിജയ്മല്യയുടെ കിങ്ഫിഷര്‍ വിമാന കമ്പനിയുടെ നഷ്ടം നികത്താന്‍ ബാങ്കുകള്‍ക്കുമേല്‍ അധികബാധ്യത അടിച്ചേല്‍പ്പിക്കുന്നതില്‍ വ്യാപക പ്രതിഷേധം. വായ്പതുക ഓഹരി നിക്ഷേപമാക്കി മാറ്റാനാണ് കിങ്ഫിഷറിന്റെ ശ്രമം. കമ്പനിക്കുള്ള 6500 കോടി രൂപ ബാധ്യതയുടെ 23 ശതമാനം നേരത്തെ സര്‍ക്കാരിന്റെ ആവശ്യപ്രകാരം വിവിധബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഓഹരിനിക്ഷേപമായി ഏറ്റെടുത്തിരുന്നു. വീണ്ടും കിങ്ഫിഷറിനുവേണ്ടി ബാങ്കുകള്‍ ബാധ്യത വഹിക്കണമെന്ന നിലപാടാണ് സര്‍ക്കാരിന്. ഇതിനെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ രംഗത്തെത്തി.

അതേസമയം, കിങ്ഫിഷറിന്റെ നീക്കത്തില്‍ പല സംശയങ്ങളുമുയര്‍ന്നിട്ടുണ്ട്. ബാധ്യത സര്‍ക്കാരിന്റെ മേലില്‍ ചാരാനും യാത്രാനിരക്ക് വര്‍ധിപ്പിക്കാനുമാണ് ശ്രമം. നഷ്ടമാണെന്ന വാദം ശരിയാണോ എന്നന്വേഷിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. നഷ്ടത്തില്‍ വിമാനസര്‍വീസ് നടത്താന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്ന് ശനിയാഴ്ച വിജയ്മല്യ ട്വിറ്ററില്‍ പ്രതികരിച്ചു. എല്ലാ രാജ്യങ്ങളും വിമാനകമ്പനികളെ സഹായിക്കുന്നുണ്ട്. ഇന്ത്യയില്‍ വിമാന കമ്പനികള്‍ക്ക് നികുതി കൂടുതലാണ്-മല്യ പറഞ്ഞു. ഇനിയുമൊരു ബാധ്യത കിങ്ഫിഷറിന് വേണ്ടി ഏറ്റെടുക്കേണ്ടതില്ലെന്ന് ബാങ്കിങ് മേഖലയിലെ യൂണിയനുകള്‍ അഭിപ്രായപ്പെടുന്നു.

എസ്ബിഐ, പിഎന്‍ബി, ഐസിഐസിഐ തുടങ്ങി 13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് നേരത്തെ വിമാനകമ്പനിയുടെ ബാധ്യത ഏറ്റെടുത്തത്. പുതിയ പ്രതിസന്ധി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കണ്‍സോര്‍ഷ്യം യോഗം ഞായറാഴ്ച ബംഗളൂരുവില്‍ ചേരും. അടിയന്തരമായി 300 കോടി രൂപയുടെ സഹായവും അത്രതന്നെ തുകയ്ക്കുള്ള ഓഹരിബാങ്കുകള്‍ ഏറ്റെടുക്കണമെന്നുമാണ് കിങ്ഫിഷര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ധാരണ ലംഘിച്ച് കമ്പനി ദിവസേന 30 വിമാനങ്ങള്‍ വീതം റദ്ദാക്കുകയാണ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍് (ഡിജിസിഎ) ഇത് ഇതുവരെ ചോദ്യംചെയ്തിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ് റദ്ദാക്കലിന് കാരണമെന്നാണ് മല്യ വ്യോമയാന മന്ത്രാലയത്തെ അറിയിച്ചത്. പ്രതിസന്ധി മറികടക്കാന്‍ ആവശ്യമായ സഹായത്തിന് സര്‍ക്കാര്‍ ഉറപ്പായും ബാങ്കുകളെ സമീപിക്കുമെന്ന് വെള്ളിയാഴ്ച വ്യോമയാനമന്ത്രി വയലാര്‍ രവി പറഞ്ഞിരുന്നു. മല്യ സഹായം തേടിയ വിവരം വയലാര്‍ രവി ധനമന്ത്രി പ്രണബ്മുഖര്‍ജിയെയും പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡിയെയും അറിയിച്ചിട്ടുണ്ട്.

അതിനിടെ, റദ്ദാക്കലിനെ തുടര്‍ന്നുള്ള ബുദ്ധിമുട്ട് പരിഹരിക്കാമെന്ന് മല്യ ഡിജിസിഎക്ക് നല്‍കിയ ഉറപ്പു ലംഘിച്ച് ശനിയാഴ്ചയും 30 സര്‍വീസ് റദ്ദ് ചെയ്തു. ഇന്ധനം വാങ്ങിയ വകയില്‍ കോടിക്കണക്കിന് രൂപയാണ് പൊതുമേഖലാ എണ്ണകമ്പനികള്‍ക്ക് കിങ്ഫിഷര്‍ നല്‍കാനുള്ളത്. ഈ കുടിശ്ശിക തീര്‍ക്കാനുള്ള സമയം ദീര്‍ഘിപ്പിക്കണമെന്ന മല്യയുടെ ആവശ്യം ഇത് എച്ച്പിസിഎല്‍ , ഐഒസി, ബിപിസിഎല്‍ കമ്പനികള്‍ നിഷേധിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 7057 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കിങ്ഫിഷറിന്റെ വാദം.

deshabhimani 131111

2 comments:

  1. മദ്യരാജാവ് വിജയ്മല്യയുടെ കിങ്ഫിഷര്‍ വിമാന കമ്പനിയുടെ നഷ്ടം നികത്താന്‍ ബാങ്കുകള്‍ക്കുമേല്‍ അധികബാധ്യത അടിച്ചേല്‍പ്പിക്കുന്നതില്‍ വ്യാപക പ്രതിഷേധം. വായ്പതുക ഓഹരി നിക്ഷേപമാക്കി മാറ്റാനാണ് കിങ്ഫിഷറിന്റെ ശ്രമം. കമ്പനിക്കുള്ള 6500 കോടി രൂപ ബാധ്യതയുടെ 23 ശതമാനം നേരത്തെ സര്‍ക്കാരിന്റെ ആവശ്യപ്രകാരം വിവിധബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഓഹരിനിക്ഷേപമായി ഏറ്റെടുത്തിരുന്നു. വീണ്ടും കിങ്ഫിഷറിനുവേണ്ടി ബാങ്കുകള്‍ ബാധ്യത വഹിക്കണമെന്ന നിലപാടാണ് സര്‍ക്കാരിന്. ഇതിനെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ രംഗത്തെത്തി.

    ReplyDelete
  2. കിങ്ഫിഷര്‍ വിമാനക്കമ്പനിക്ക് സാമ്പത്തികസഹായം നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് വ്യോമയാനമന്ത്രി വയലാര്‍ രവി. കിങ്ഫിഷറും ബാങ്കുകളും തമ്മിലുള്ള പ്രശ്നത്തില്‍ ബാങ്കുകള്‍ക്ക് സ്വതന്ത്രനിലപാട് സ്വീകരിക്കാം. കിങ്ഫിഷര്‍ മാത്രമല്ല, മറ്റു വിമാനക്കമ്പനികളും സാമ്പത്തികപ്രതിസന്ധിയിലാണ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം. കിങ്ഫിഷറിന്റെ പ്രതിസന്ധി സംബന്ധിച്ച് പത്രവാര്‍ത്തകളില്‍നിന്നുള്ള അറിവ് മാത്രമാണുള്ളത്. വിജയ്മല്യ തന്നോട് സഹായം അഭ്യര്‍ഥിച്ചിട്ടില്ല. ഈ വിഷയം കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനയിലുണ്ടോയെന്നറിയില്ല. വ്യോമയാനമേഖലയിലെ പ്രശ്നങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നത്. സ്വകാര്യ വിമാനക്കമ്പനികളില്‍ വിദേശപങ്കാളിത്തം അനുവദിക്കുന്ന കാര്യം പരിഗണനയിലില്ല. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍കലാമിനെ അമേരിക്കന്‍ വിമാനത്താവളത്തില്‍ ദേഹപരിശോധന നടത്തിയ സംഭവം ദൗര്‍ഭാഗ്യകരമാണ്. നേരത്തെയും അബ്ദുള്‍കലാമിന് ഇതേ അനുഭവമുണ്ടായപ്പോള്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിച്ചിരുന്നു. ദേഹപരിശോധന രാജ്യത്തിനാകെ അപമാനമാണ്. സിപിഐ എം ഹൈക്കോടതിക്കു മുന്നില്‍ നടത്തുന്ന സമരം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete