Wednesday, November 9, 2011

പ്രക്ഷോഭത്തില്‍ സര്‍വ മേഖലയുടെയും പങ്കാളിത്തം


ന്യൂഡല്‍ഹി: രാജ്യത്ത് ശക്തിയാര്‍ജിക്കുന്ന തൊഴിലാളിഐക്യ പ്രസ്ഥാനത്തിന്റെ കരുത്ത് തെളിയിക്കുന്നതായി ചൊവ്വാഴ്ചത്തെ ജയില്‍നിറയ്ക്കല്‍ സമരം. ഇതുവരെ സംഘടിത തൊഴിലാളിപ്രസ്ഥാനങ്ങള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാതിരുന്ന മേഖലകളില്‍നിന്നടക്കം പ്രക്ഷോഭത്തില്‍ പങ്കാളിത്തം ഉണ്ടായി. പാര്‍ലമെന്റ് മാര്‍ച്ചില്‍ റിസര്‍വ്ബാങ്ക് ഓഫീസര്‍മാര്‍മുതല്‍ നഗരസഭയിലെ ശുചീകരണത്തൊഴിലാളികള്‍വരെ അണിനിരന്നു. ബാങ്കുകളുടെ പ്രവര്‍ത്തനത്തെപ്പോലും ബാധിക്കുംവിധം മുഴുവന്‍ ജീവനക്കാരും പ്രക്ഷോഭത്തിനെത്തി. അഴിമതിയില്‍ കുളിച്ച കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് എല്ലാവിധ ഒത്താശയും നല്‍കുന്നതിനെതിരായ ജനരോഷം വെളിവാക്കുന്നതായിരുന്നു റാലിയിലെ മുദ്രാവാക്യങ്ങള്‍ . ജോലിസ്ഥിരതയോ അടിസ്ഥാനകൂലിയോ പിഎഫ് ഉള്‍പ്പെടെയുള്ള ആനുകൂല്യമോ ഇല്ലാതെ ലക്ഷക്കണക്കിനു തൊഴിലാളികള്‍ കഷ്ടപ്പെടുകയാണെന്നും മുദ്രാവാക്യമുയര്‍ന്നു.

ജാര്‍ഖണ്ഡിലും ഛത്തീസ്ഗഢിലും മഹാരാഷ്ട്രയിലും ആയിരക്കണക്കിനു കല്‍ക്കരിത്തൊഴിലാളികളാണ് ജയിലില്‍ പോയത്. ജമ്മുവില്‍ നൂറുകണക്കിനു തൊഴിലാളികള്‍ അറസ്റ്റ് വരിച്ചു. മത്സ്യത്തൊഴിലാളികളും വ്യാവസായികത്തൊഴിലാളികളും ഒന്നടങ്കം സമരത്തില്‍ പങ്കെടുത്ത കാഴ്ചയാണ് തീരദേശ സംസ്ഥാനങ്ങളില്‍ കണ്ടത്. ബാങ്ക്, ഇന്‍ഷുറന്‍സ്, ടെലികോം, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങി വ്യത്യസ്തമേഖലകളില്‍നിന്ന് തൊഴിലാളികള്‍ സമരകേന്ദ്രങ്ങളിലേക്ക് ഒഴുകി. ജന്തര്‍മന്ദിറില്‍ പ്രക്ഷോഭത്തിനെത്തിയ സ്ത്രീത്തൊഴിലാളികള്‍ പാടിയ നാടന്‍പാട്ടില്‍ തങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കിയ കേന്ദ്രസര്‍ക്കാരിനോടുള്ള രോഷം പുകഞ്ഞു.

ടുജി സ്പെക്ട്രം, കൃഷ്ണ-ഗോദാവരി പര്യവേക്ഷണം തുടങ്ങി അഴിമതികള്‍ക്ക് കൂട്ടുനില്‍ക്കുകയും അഴിമതി നടത്തിയവരെ സംരക്ഷിക്കുകയും ചെയ്യുന്ന കേന്ദ്രനടപടിക്കെതിരെ തൊഴിലാളികളുടെ പ്രതിഷേധം രാജ്യമെമ്പാടും ഇരമ്പി. വ്യവസായമേഖലകളിലെ തൊഴിലാളിപങ്കാളിത്തം മറ്റെല്ലാ പരിഗണനകള്‍ക്കുമപ്പുറമാണ് തൊഴിലാളിഐക്യമെന്ന് തെളിയിച്ചു. ബംഗാളില്‍ ആയിരക്കണക്കിനു തൊഴിലാളികള്‍ അറസ്റ്റുവരിച്ചു. വിവിധ കേന്ദ്രങ്ങളിലെ പ്രതിഷേധയോഗങ്ങളില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ദേശീയതലത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്കുപുറമെ ബംഗാളില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കുനേരെയുള്ള അക്രമങ്ങള്‍ക്കും കൊലപാതകത്തിനുമെതിരായും പ്രതിഷേധമുയര്‍ന്നു. നാല് ജില്ല കേന്ദ്രീകരിച്ച് കൊല്‍ക്കത്തയില്‍ കൂറ്റന്‍ പ്രകടനവും പൊതുയോഗവും നടന്നു. റാണി റാഷ്മണി റോഡില്‍ ചേര്‍ന്ന യോഗത്തില്‍ ആയിരക്കണക്കിനു തൊഴിലാളികള്‍ പങ്കെടുത്തു. മറ്റു ജില്ലകളില്‍നിന്ന് എത്തിയവര്‍ ഹൗറ, സിയാള്‍ദ റെയില്‍വേ സ്റ്റേഷനുകളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും കേന്ദ്രീകരിച്ച് വന്‍ പ്രകടനമായി യോഗസ്ഥലത്തേക്ക് നീങ്ങി. അടുത്ത കാലത്തൊന്നും ഇത്ര വലിയ റാലി നഗരം ദര്‍ശിച്ചിട്ടില്ല. സിഐടിയു സംസ്ഥാന പ്രസിഡന്റ് ശ്യാമള്‍ ചക്രവര്‍ത്തി അധ്യക്ഷനായി. പുരുളിയ, ബങ്കുറ, ദുര്‍ഗാപുര്‍ , അസണ്‍സോള്‍ , ബോള്‍പുര്‍ , ജാര്‍ഗ്രാം, മിഡ്നാപുര്‍ , മാള്‍ദ, സിലിഗുരി, ജയ്പാല്‍ഗുരി, ബലൂര്‍ഘട്ട്, കുച്ചീബിഹാര്‍ തുടങ്ങിയ പട്ടണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുന്നില്‍ ആയിരക്കണക്കിനു തൊഴിലാളികള്‍ നിരോധനം ലംഘിച്ച് പ്രകടനം നടത്തി അറസ്റ്റുവരിച്ചു. ഉത്തര ബംഗാളിലെ ചായത്തോട്ടതൊഴിലാളികളും പ്രക്ഷോഭത്തില്‍ പങ്കെടുത്തു.

ബംഗളൂരുവില്‍ ആയിരങ്ങള്‍ അറസ്റ്റ് വരിച്ചു. നഗരത്തിലെ മൈസൂരു ബാങ്ക് സര്‍ക്കിളില്‍ നടന്ന റോഡ് ഉപരോധത്തിലും ജയില്‍നിറയ്ക്കല്‍ സമരത്തിലും സ്ത്രീകളടക്കം ആയിരക്കണക്കിനു പേരാണ് അണിചേര്‍ന്നത്. പ്രതിഷേധ യോഗത്തില്‍ സിഐടിയു ദേശീയ സെക്രട്ടറി എസ് വരലക്ഷ്മി, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് പ്രസന്നകുമാര്‍ , കെ എന്‍ ഉമേഷ്, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് അനന്തസുബ്ബറാവു, യുടിയുസി നേതാവ് ശിവശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗാര്‍മെന്റ്സ്, വോള്‍വോ, ബിഇഎല്‍ , അങ്കണവാടി മേഖലകളില്‍നിന്നുള്ള തൊഴിലാളികളാണ് സമരത്തില്‍ അണിചേര്‍ന്നത്. സമരത്തില്‍ പങ്കെടുത്ത ലക്ഷക്കണക്കിനു തൊഴിലാളികളെ സിഐടിയു അഭിനന്ദിച്ചു. ഉജ്വലമായ പ്രതികരണമാണ് രാജ്യത്തെ തൊഴിലാളികളില്‍നിന്നുണ്ടായതെന്നും ദേശീയപണിമുടക്കിന്റെ നാന്ദിയാണ് ജയില്‍നിറയ്ക്കല്‍ സമരമെന്നും സിഐടിയു ദേശീയ പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു.

deshabhimani 091111

1 comment:

  1. രാജ്യത്ത് ശക്തിയാര്‍ജിക്കുന്ന തൊഴിലാളിഐക്യ പ്രസ്ഥാനത്തിന്റെ കരുത്ത് തെളിയിക്കുന്നതായി ചൊവ്വാഴ്ചത്തെ ജയില്‍നിറയ്ക്കല്‍ സമരം. ഇതുവരെ സംഘടിത തൊഴിലാളിപ്രസ്ഥാനങ്ങള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാതിരുന്ന മേഖലകളില്‍നിന്നടക്കം പ്രക്ഷോഭത്തില്‍ പങ്കാളിത്തം ഉണ്ടായി. പാര്‍ലമെന്റ് മാര്‍ച്ചില്‍ റിസര്‍വ്ബാങ്ക് ഓഫീസര്‍മാര്‍മുതല്‍ നഗരസഭയിലെ ശുചീകരണത്തൊഴിലാളികള്‍വരെ അണിനിരന്നു. ബാങ്കുകളുടെ പ്രവര്‍ത്തനത്തെപ്പോലും ബാധിക്കുംവിധം മുഴുവന്‍ ജീവനക്കാരും പ്രക്ഷോഭത്തിനെത്തി. അഴിമതിയില്‍ കുളിച്ച കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് എല്ലാവിധ ഒത്താശയും നല്‍കുന്നതിനെതിരായ ജനരോഷം വെളിവാക്കുന്നതായിരുന്നു റാലിയിലെ മുദ്രാവാക്യങ്ങള്‍ . ജോലിസ്ഥിരതയോ അടിസ്ഥാനകൂലിയോ പിഎഫ് ഉള്‍പ്പെടെയുള്ള ആനുകൂല്യമോ ഇല്ലാതെ ലക്ഷക്കണക്കിനു തൊഴിലാളികള്‍ കഷ്ടപ്പെടുകയാണെന്നും മുദ്രാവാക്യമുയര്‍ന്നു.

    ReplyDelete