Wednesday, November 9, 2011

വളയം ലോക്കല്‍ സമ്മേളനം: പത്രവാര്‍ത്തകള്‍ ഭാവനാസൃഷ്ടി

കോഴിക്കോട്: വളയം ലോക്കല്‍ സമ്മേളനവുമായി ബന്ധപ്പെട്ട് മാതൃഭൂമിയും മറ്റു ചില പത്രങ്ങളും ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ വസ്തുതാ വിരുദ്ധവും ഭാവനാസൃഷ്ടിയുമാണെന്ന് സിപിഐ എം ജില്ലാസെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരായ സ്വഭാവദൂഷ്യ ആരോപണത്തെതുടര്‍ന്ന് സമ്മേളനം അലങ്കോലമായെന്ന വാര്‍ത്ത ശുദ്ധ അസംബന്ധമാണ്. ഉത്തരവാദപ്പെട്ട പാര്‍ടി പ്രവര്‍ത്തകര്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിച്ച് പ്രചാരവേലനടത്തി സമൂഹമധ്യത്തില്‍ മോശക്കാരായി ചിത്രീകരിക്കാനുള്ള ശ്രമം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ബ്രാഞ്ച് സമ്മേളനങ്ങള്‍ യഥാസമയം പൂര്‍ത്തിയാക്കാനായില്ലെന്ന പ്രചാരണവും യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ല. പുതിയ അംഗങ്ങളെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതിന് അവസരമൊരുക്കാനാണ് രണ്ട് ഏരിയാകമ്മിറ്റി അംഗങ്ങള്‍ ഏകകണ്ഠമായ തീരുമാനമനുസരിച്ച് ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് മാറിനിന്നത്. ഇതിനെയെല്ലാം വളച്ചൊടിച്ചും വികൃതപ്പെടുത്തിയും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് ഇത്തരം പത്രങ്ങള്‍ പാര്‍ടിക്കെതിരെ നിരന്തരം നടത്തിവരുന്ന കള്ളപ്രചാരവേലയുടെ ഭാഗമായേ കാണാനാവൂ.

പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സമ്മേളനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രകമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും നല്‍കിയിട്ടുണ്ട്. അതനുസരിച്ചാണ് ജില്ലയിലെ വിവിധ തലങ്ങളിലുള്ള പാര്‍ടിസമ്മേളനങ്ങളാകെ നടന്നുവരുന്നത്. ജില്ലയിലാകെയുള്ള 2088 ബ്രാഞ്ചുകളുടെയും മഹാഭൂരിപക്ഷം ലോക്കലുകളുടെയും ഏതാനും ഏരിയാകമ്മിറ്റികളുടെയും സമ്മേളനങ്ങള്‍ ഈ മാര്‍ഗനിര്‍ദേശമനുസരിച്ചുതന്നെ ഇതിനകം പൂര്‍ത്തിയായി. പാര്‍ടിയുടെ അതിശക്തമായ ഐക്യവും കെട്ടുറപ്പുമാണ് ഈ സമ്മേളനങ്ങളിലാകെ നിഴലിച്ചത്. ഇത് പാര്‍ടി ശത്രുക്കളേയും പാര്‍ടി വിരുദ്ധ മാധ്യമങ്ങളെയും വ്യാകുലപ്പെടുത്തുന്നത് സ്വാഭാവികം മാത്രമാണ്. സമ്മേളന നടത്തിപ്പ് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് ഏതാനും സമ്മേളന പ്രതിനിധികള്‍ സന്നദ്ധമാവാത്തതാണ് വളയം ലോക്കല്‍ സമ്മേളനത്തിന്റെ അവസാന നടപടിക്രമങ്ങള്‍ നിര്‍ത്തിവെക്കുന്നതിന് വഴിയൊരുക്കിയത്. ഒരു തൊഴിലാളിവര്‍ഗ വിപ്ലവപാര്‍ടി എന്നനിലയില്‍ പാര്‍ടിയുടെ കെട്ടുറപ്പിനും അച്ചടക്കത്തിനും പോറലേല്‍ക്കുന്ന ഒരു നീക്കവും വച്ചുപൊറുപ്പിക്കില്ലെന്ന് പാര്‍ടി സെക്രട്ടറിയേറ്റ് വ്യക്തമാക്കി. കോഴിക്കോട്ട് നടക്കാനിരിക്കുന്ന 20-ാം പാര്‍ടി കോണ്‍ഗ്രസ്കൂടി മുന്നില്‍കണ്ടുകൊണ്ട് മാതൃഭൂമി അടക്കമുള്ള ചില പത്രമാധ്യമങ്ങള്‍ പാര്‍ടിക്കെതിരെ നടത്തുന്ന ഹീനമായ പ്രചാരണങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും പാര്‍ടി സെക്രട്ടറിയേറ്റ് പാര്‍ടി പ്രവര്‍ത്തകരോടും മുഴുവന്‍ ബഹുജനങ്ങളോടും അഭ്യര്‍ഥിച്ചു.
 
deshabhimani 091111

1 comment:

  1. വളയം ലോക്കല്‍ സമ്മേളനവുമായി ബന്ധപ്പെട്ട് മാതൃഭൂമിയും മറ്റു ചില പത്രങ്ങളും ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ വസ്തുതാ വിരുദ്ധവും ഭാവനാസൃഷ്ടിയുമാണെന്ന് സിപിഐ എം ജില്ലാസെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

    ReplyDelete