Sunday, November 13, 2011

ഡല്‍ഹിയില്‍ മലയാളി നേഴ്സിങ് വിദ്യാര്‍ഥിനിയെ അപമാനിച്ചു

ഡല്‍ഹിയില്‍ മലയാളി നേഴ്സിങ് വിദ്യാര്‍ഥിനിയെ അപമാനിച്ചതില്‍ വ്യാപക പ്രതിഷേധം. ന്യൂഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് വെള്ളിയാഴ്ച നേഴ്സിങ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ നിര്‍മലസിങ് കോട്ടയം സ്വദേശിനി ആതിരയെ അപമാനിച്ചത്. മലയാളി വിദ്യാര്‍ഥികള്‍ ഇവിടെ തുടര്‍ച്ചയായി അപമാനം നേരിടുകയാണെന്ന് ആരോപണമുണ്ട്. ഈ സാഹചര്യത്തില്‍ വൈസ് പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് നേഴ്സിങ് വിദ്യാര്‍ഥികള്‍ സമരം നടത്തി.

അസുഖമായതിനാല്‍ മൂന്നുദിവസത്തെ അവധി കഴിഞ്ഞ് ആശുപത്രിയിലെത്തിയ ബിഎസ്സി മൂന്നാംവര്‍ഷ നേഴ്സിങ് വിദ്യാര്‍ഥിനി ആതിരയെ വൈസ് പ്രിന്‍സിപ്പല്‍ നിര്‍മലസിങ് മുറിയില്‍ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു. "നിനക്ക് രക്ഷിതാക്കളുണ്ടോ, ഇവിടെയാണോ? അതോ വേറെവിടെങ്കിലുമാണോ?" എന്നൊക്കെ ചോദിച്ച് ആക്ഷേപിക്കുകയായിരുന്നെന്ന് ആതിര പറഞ്ഞു. തുടര്‍ന്ന് യൂണിഫോം വൃത്തികേടാണെന്നുപറഞ്ഞ് വലിച്ചുകീറി. നഗ്നയാക്കി നടത്തുമെന്നടക്കം വൈസ്പ്രിന്‍സിപ്പലും രണ്ട് അധ്യാപികമാരും ഭീഷണിപ്പെടുത്തി. ഇതേതുടര്‍ന്ന് വിദ്യാര്‍ഥികള്‍ മെഡിക്കല്‍ സൂപ്രണ്ടിനെയും മറ്റും കണ്ട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.

സിപിഐ എം കേന്ദ്രകമ്മിറ്റിയംഗങ്ങളായ പി കരുണാകരന്‍ , പി കെ ശ്രീമതി, എം സി ജോസഫൈന്‍ , ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി ആതിരയെയും സഹപാഠികളെയും കണ്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് മെഡിക്കല്‍ സൂപ്രണ്ടുമായി ചര്‍ച്ച നടത്തി. നിര്‍മല സിങ്ങിനെ നേഴ്സിങ് കോളേജിന്റെ ചുമതലയില്‍നിന്ന് നീക്കുമെന്നും രണ്ട് അന്വേഷണസംഘത്തെ നിയോഗിച്ചെന്നും സൂപ്രണ്ട് അറിയിച്ചു. റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍നടപടിയെടുക്കും. വിദ്യാര്‍ഥികളെ പി കെ ശ്രീമതി അഭിവാദ്യം ചെയ്തു. വിദ്യാര്‍ഥിപ്രതിനിധികള്‍ കേരളഹൗസിലെത്തി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെ കണ്ട് പരാതി നല്‍കി. ഉത്തരേന്ത്യയിലെ വിവിധ കോളേജുകളില്‍ തെക്കേ ഇന്ത്യയില്‍ നിന്നുവരുന്ന നേഴ്സുമാരോടും വിദ്യാര്‍ഥികളോടും മോശമായി പെരുമാറുന്നതും വിവിധ തരത്തില്‍ പീഡിപ്പിക്കുന്നതും പതിവാണെന്ന് വിദ്യാര്‍ഥികള്‍ വി എസിനോട് പറഞ്ഞു. പ്രശ്നം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പി കരുണാകരന്‍ എംപി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഡല്‍ഹി മുഖ്യമന്ത്രി ഷീലാദീക്ഷിതിനും ഫാക്സ് അയച്ചു. വൈസ് പ്രിന്‍സിപ്പലിനെതിരെ നടപടി ഉണ്ടാകുമെന്ന് സൂപ്രണ്ട് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാത്രി സമരം തല്‍ക്കാലം നിര്‍ത്തി. ചൊവ്വാഴ്ചക്കകം നടപടി ഉണ്ടായില്ലെങ്കില്‍ സമരം ശക്തമായി പുനരാരംഭിക്കുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു.

deshabhimani 131111

1 comment:

  1. ഡല്‍ഹിയില്‍ മലയാളി നേഴ്സിങ് വിദ്യാര്‍ഥിനിയെ അപമാനിച്ചതില്‍ വ്യാപക പ്രതിഷേധം. ന്യൂഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് വെള്ളിയാഴ്ച നേഴ്സിങ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ നിര്‍മലസിങ് കോട്ടയം സ്വദേശിനി ആതിരയെ അപമാനിച്ചത്. മലയാളി വിദ്യാര്‍ഥികള്‍ ഇവിടെ തുടര്‍ച്ചയായി അപമാനം നേരിടുകയാണെന്ന് ആരോപണമുണ്ട്. ഈ സാഹചര്യത്തില്‍ വൈസ് പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് നേഴ്സിങ് വിദ്യാര്‍ഥികള്‍ സമരം നടത്തി.

    ReplyDelete