വയനാട്ടിലെ കര്‍ഷക ആത്മഹത്യകളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചതിന് പിന്നാലെ വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. അമ്പലവയല്‍ സ്വദേശി വടക്കും തുരത്തേല്‍ പൈലി(65)യാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ വീട്ടു വളപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവിധ ബാങ്കുകളിലും സ്വകാര്യ സ്ഥാപനങ്ങളിലുമായി രണ്ടര ലക്ഷം രൂപയോളം കടമുണ്ടായിരുന്നു. ഭാര്യ: മേരി. മക്കള്‍ : സിബി, ബിനോയ്, ബിന്ദു, ബീന.
രണ്ടാഴ്ചയ്ക്കിടെ വയനാട്ടില്‍ നാലാമത്തെ കര്‍ഷകനാണ് ആത്മഹത്യ ചെയ്യുന്നത്. കോട്ടയത്തും തൃശൂരും കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും നിരവധി കര്‍ഷകര്‍ ജീവനൊടുക്കി. കടങ്ങള്‍ എഴുതിത്തള്ളിയും കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില ഉറപ്പുവരുത്തിയും എല്‍ഡിഎഫ് സര്‍ക്കാരാണ് കര്‍ഷകരെ കടക്കെണിയില്‍ നിന്ന് രക്ഷിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതോടെ കേരളത്തില്‍ നിന്ന് തുടച്ചുനീക്കപ്പെട്ട കര്‍ഷക ആത്മഹത്യകള്‍ മടങ്ങിവരുന്ന അവസ്ഥയാണുള്ളത്.
കാര്‍ഷികവായ്പകള്‍ മുടങ്ങുന്നു; ആത്മഹത്യാഭീഷണിയിലേക്ക് ഇടുക്കിയും
തൊടുപുഴ: സഹ.ബാങ്കുകളില്‍ നിന്നുള്ള കാര്‍ഷിക വായ്പകള്‍ കിട്ടാതായതോടെ കടബാധ്യതയേറിയ ജില്ലയിലെ കര്‍ഷകരും പ്രതിസന്ധിയില്‍ . വയനാട്ടിനു സമാനമായി കര്‍ഷകരുടെ ആത്മഹത്യാ ഭീതിയിലാണ് ഇടുക്കിയും. നബാര്‍ഡിന്റെ നിലപാടുകള്‍ മൂലം സഹകരണ ബാങ്കുകളിലുടെയുള്ള കാര്‍ഷിക വായ്പകള്‍ നിലച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. മികച്ച സാമ്പത്തിക അടിത്തറയുള്ള ചുരുക്കം ചില സഹ. ബാങ്കുകള്‍ മാത്രമേ നിലവില്‍ കാര്‍ഷിക വായ്പകള്‍ നല്‍കുന്നുള്ളു. ഏലമടക്കമുള്ള നാണ്യവിളകള്‍ക്കും ഇഞ്ചി, വാഴ തുടങ്ങിയ ഹൃസ്വകാല വിളകള്‍ക്കും വിലയിടിഞ്ഞതോടെ സഹ. ബാങ്ക് വായ്പകള്‍ പലതും തിരിച്ചടയ്ക്കാന്‍ കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്. ഇതിനൊപ്പം കടാശ്വാസ കമീഷനില്‍ നല്‍കിയ അപേക്ഷകള്‍ തീര്‍പ്പാകാത്തതും ഇവരെ വലയ്ക്കുന്നു.
ആറേഴു വര്‍ഷം മുമ്പുണ്ടായ പ്രതിസന്ധിയില്‍ ഇടുക്കിയില്‍ മാത്രം 130 തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരുന്നു. കാര്‍ഷിക വായ്പാ ആവശ്യങ്ങള്‍ക്ക് കൃഷിക്കാര്‍ ഏറ്റവും അധികം ആശ്രയിക്കുന്നത് സഹകരണ മേഖലയെയാണ്. എന്നാല്‍ സഹ. ബാങ്കുകള്‍ക്ക് നബാര്‍ഡില്‍നിന്ന് സംസ്ഥാന സഹ.ബാങ്ക് വഴി ലഭിച്ചിരുന്ന വിഹിതം നിലച്ചതോടെയാണ് പുതിയ വായ്പകളും നല്‍കാനാകാത്തത്. സഹ. ബാങ്കുകളുടെ നിലനില്‍പ്പിനെയും ഇത് ബാധിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വൈദ്യനാഥന്‍ കമീഷന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് നബാര്‍ഡ് പുനര്‍വായ്പകള്‍ നിര്‍ത്തിവെച്ചത്. സഹ. ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളാകെ തകര്‍ക്കുന്ന നിര്‍ദേശങ്ങളായിരുന്നു സ്വകാര്യ-പുതുതലമുറ ബാങ്കുകള്‍ക്കായി വൈദ്യനാഥന്‍ കമീഷന്‍ സമര്‍പ്പിച്ചത്. കേന്ദ്രം ഇത് അംഗീകരിച്ചെങ്കിലും ഇന്ത്യയിലെ സഹ. മേഖലയിലെ ആകെ നിക്ഷേപത്തിന്റെ 60 ശതമാനവും വരുന്ന കേരളം ഇത് അംഗീകരിച്ചില്ല. ഇതോടെ നബാര്‍ഡ് വിഹിതം നിര്‍ത്തിയപ്പോള്‍ കാര്‍ഷിക വായ്പാ വിതരണവും ഏറെക്കുറെ നിലച്ചു. മൂന്നു വര്‍ഷമായി തുടരുന്ന ഈ പ്രതിസന്ധി ഇപ്പോള്‍ വളരെ രൂക്ഷമായിട്ടുണ്ട്. രാസവളങ്ങളുടെയും കീടനാശിനികളുടെയും വില വര്‍ധിക്കുകയും ഉല്‍പ്പന്നങ്ങള്‍ക്ക് വിലയിടിയുകയും ചെയ്തിരിക്കുകയാണ്. ഇതിനൊപ്പം വായ്പപോലും കിട്ടാത്ത സ്ഥിതി കര്‍ഷകര്‍ ഭീതിയോടെയാണ് കാണുന്നത്. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെട്ട് നബാര്‍ഡ് വായ്പ പുനഃസ്ഥാപിച്ചില്ലെങ്കില്‍ വയനാട്ടിലെ ദുരന്തങ്ങള്‍ ഇടുക്കിയിലും ആവര്‍ത്തിച്ചേക്കും.
സംഭരണം ഇല്ല; നെല്‍ കര്‍ഷകര്‍ ആത്മഹത്യാ മുനമ്പില്‍
കൊല്ലം: ജില്ലയില്‍ സംഭരണം മുടങ്ങിയതിനെ തുടര്‍ന്ന് 115 ടണ്‍ നെല്ല് കെട്ടിക്കിടക്കുന്നു. പാടശേഖര സമിതികളുടെ താല്‍ക്കാലിക ഗോഡൗണുകളിലും കര്‍ഷകരുടെ വീടുകളിലും മാസങ്ങളായി കെട്ടിക്കിടക്കുന്ന നെല്ലില്‍ ഏറിയപങ്കും ഇതിനകം നശിച്ചു. വിവിധ ബാങ്കുകളില്‍നിന്നായി വായ്പയെടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ വായ്പ തിരിച്ചടയ്ക്കാനാകാതെ നട്ടം തിരിയുകയാണ്. സര്‍ക്കാര്‍ ഇടപെട്ട് പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ കര്‍ഷക ആത്മഹത്യകള്‍ കൊല്ലം ജില്ലയിലും വ്യാപിക്കും. ജില്ലയില്‍ നെല്ലുല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ജില്ലാപഞ്ചായത്ത് വിവിധ പദ്ധതികള്‍ നടപ്പാക്കിവരുന്നതിനിടെയാണ് ഈ തിരിച്ചടി.
മുന്‍വര്‍ഷങ്ങളില്‍ സപ്ലൈകോയും കണ്‍സ്യൂമര്‍ഫെഡും വഴിയായിരുന്നു സംഭരണം. ഇത്തവണ സംഭരണത്തിനുള്ള ഉത്തരവ് ഇറങ്ങാത്തതിനാല്‍ സഹകരണസംഘങ്ങള്‍ നെല്ല് സംഭരിക്കുന്നില്ല. ഇതെ തുടര്‍ന്ന് പ്രതിസന്ധി രൂക്ഷമായി. വായ്പാ തുക തിരിച്ചു പിടിക്കുന്നതിനായി ജപ്തിനോട്ടീസ് നല്‍കാനുള്ള തയാറെടുപ്പിലാണ് ബാങ്കുകള്‍ . പലിശരഹിതമായാണ് വായ്പ നല്‍കിയിരുന്നത്. എന്നാല്‍ , കൃത്യസമയത്ത് തിരിച്ചടവ് ഉണ്ടാകാത്തിനാല്‍ കര്‍ഷകര്‍ പലിശനല്‍കേണ്ടിയും വരുമെന്നത് കര്‍ഷകര്‍ക്ക് ഇരുട്ടടിയാണ്. മയ്യനാട് ധവളക്കുഴിയിലെ കെ വ്യാസന്‍ സ്മാരക കോമണ്‍ഫെസിലിറ്റി സെന്റര്‍ കെട്ടിടത്തില്‍ മാസങ്ങളായി സൂക്ഷിച്ചിരുന്ന നെല്ല് നശിച്ചു. മയ്യനാട് റീജണല്‍ സര്‍വീസ് സഹകരണബാങ്ക്, കൂട്ടിക്കടയിലെ മയ്യനാട് സര്‍വീസ് സഹകരണസംഘം എന്നിവിടങ്ങില്‍ നിന്നായി രണ്ടുലക്ഷം രൂപ വായ്പയെടുത്താണ് കൃഷി നടത്തിയതെന്ന് പാടശേഖര സമതി സെക്രട്ടറി അക്കരവിളയില്‍ രവീന്ദ്രന്‍ ദേശാഭിമാനിയോട് പറഞ്ഞു.
ഉമയനല്ലൂര്‍ ഏലായിലെ ആയിരപ്പറ പാടത്ത് വിളയിച്ച നെല്ല് കര്‍ഷകരുടെ വീടുകളില്‍ തന്നെയാണ് മൂന്നു മാസമായി കെട്ടിക്കിടക്കുന്നത്. 1500 കിലോ നെല്ല് കിട്ടിയതില്‍ കുറെയൊക്കെ ക്ഷേത്രങ്ങള്‍ക്കും മറ്റുമായി കിട്ടിയവിലയ്ക്ക് നല്‍കിയതായി ആയിരപ്പറ പാടശേഖരത്തിലെ കര്‍ഷകനായ തെക്കേവീട്ടില്‍ സജീവന്‍ പറയുന്നു. 500 കിലോയിലേറെ നെല്ല് ഇനിയും അവഷേശിക്കുന്നു. ഒരു മണിനെല്ല്പോലും വില്‍ക്കാന്‍ കഴിയാത്ത കര്‍ഷകരും ഈ പാടശേഖരത്തിലുണ്ട്. കരകൃഷിക്കുള്ള പദ്ധതികള്‍ അടക്കം ആവിഷ്ക്കരിച്ചിട്ടും സംഭരണത്തിലെ പാളിച്ച മൂലം ജില്ലയില്‍ നെല്ലുല്‍പ്പാദനം പകുതിയായെന്ന് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എസ് ജയമോഹന്‍ പറഞ്ഞു. 2010-11ല്‍ ജില്ലയില്‍ 1500 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷിയുണ്ടായിരുന്നത് നടപ്പ് സാമ്പത്തിക വര്‍ഷം 750 ഹെക്ടറായി കുറഞ്ഞു. ന്യായമായ വിലയ്ക്ക് നെല്ല് വില്‍ക്കാന്‍ കഴിയാത്തതു മൂലം കര്‍ഷകര്‍ അടുത്ത വിള ഇറക്കാന്‍ തയാറാകുന്നില്ല.
(ആര്‍ സാംബന്‍)
deshabhimani news
രണ്ടാഴ്ചയ്ക്കിടെ വയനാട്ടില്‍ നാലാമത്തെ കര്‍ഷകനാണ് ആത്മഹത്യ ചെയ്യുന്നത്. കോട്ടയത്തും തൃശൂരും കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും നിരവധി കര്‍ഷകര്‍ ജീവനൊടുക്കി. കടങ്ങള്‍ എഴുതിത്തള്ളിയും കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില ഉറപ്പുവരുത്തിയും എല്‍ഡിഎഫ് സര്‍ക്കാരാണ് കര്‍ഷകരെ കടക്കെണിയില്‍ നിന്ന് രക്ഷിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതോടെ കേരളത്തില്‍ നിന്ന് തുടച്ചുനീക്കപ്പെട്ട കര്‍ഷക ആത്മഹത്യകള്‍ മടങ്ങിവരുന്ന അവസ്ഥയാണുള്ളത്.
ReplyDelete