Saturday, November 12, 2011

നാടിനഭിമാനമായി ടാക്സി തൊഴിലാളികള്‍

വണ്ടാനം: 15,000 രൂപയടങ്ങിയ കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരികെ നല്‍കി ടാക്സി ഡ്രൈവര്‍മാര്‍ മാതൃകയായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം പുതുവല്‍ സുബൈര്‍ , കാക്കാഴം,വെള്ളം തെങ്ങില്‍ വീട്ടില്‍ ഷിബു എന്നിവരാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തുനിന്ന് കിട്ടിയ പേഴ്സ് തിരികെ ഏല്‍പ്പിച്ച് നാടിനഭിമാനമായത്.

ആശുപത്രിയിലെ സ്വകാര്യ ടാക്സി ഡ്രൈവര്‍മാരായ ഇവര്‍ക്ക് വ്യാഴാഴ്ച പകല്‍ 5.45 ഓടെയാണ് സ്ത്രീകളുപയോഗിക്കുന്ന പേഴ്സ് ആശുപത്രിയിലെ എ-വണ്‍ , എ-ടു ബ്ലോക്കിന് സമീപത്തുനിന്ന് കളഞ്ഞുകിട്ടിയത്. ഉടന്‍ ഇരുവരും ചേര്‍ന്ന് പേഴ്സിനുള്ളിലെ പണമെണ്ണി തിട്ടപ്പെടുത്തി ആശുപത്രി എയ്ഡ്പോസ്റ്റിലെ എഎസ്ഐ വിക്രമന്‍ നായരെ ഏല്‍പ്പിച്ചു. പിന്നീട് രാത്രിയോടെ പണം നഷ്ടപ്പെട്ട കാട്ടൂര്‍ സെന്റ് മൈക്കിള്‍ ഫൊറോന ദേവാലയത്തിലെ കപ്യാര്‍ കൂടിയായ കാട്ടൂര്‍ വലിയതയ്യില്‍ ജോസും മകള്‍ ബിന്ദുവുമെത്തി എയ്ഡ്പോസ്റ്റില്‍ പരാതി നല്‍കി. തുടര്‍ന്ന് വെള്ളിയാഴ്ച പകല്‍ 10.30 ഓടെ എയ്ഡ്പോസ്റ്റിന് സമീപത്തുവച്ച് സുബൈറും ഷിബുവും ചേര്‍ന്ന് പൊലീസുകാരുടെയും ടാക്സി ഡ്രൈവര്‍മാരുടെയും ടാക്സി ഡ്രൈവേഴ്സ് യൂണിയന്‍ സിഐടിയു ഏരിയസെക്രട്ടറി റജിയുടെയും സാന്നിധ്യത്തില്‍ പണം കൈമാറി.

ആശുപത്രിയില്‍ ചികിത്സയിലുള്ള ജോസിന്റെ ഭാര്യ റോസിന്റെ ശസ്ത്രക്രിയാ ചെലവുകള്‍ക്കായി കരുതിയിരുന്ന പണം ധരിച്ചിരുന്ന ബനിയനുള്ളില്‍ വെയ്ക്കുമ്പോള്‍ നഷ്ടപ്പെട്ടതാണെന്ന് ജോസ് പറഞ്ഞു. കഴിഞ്ഞ 14ന് ആംബുലന്‍സ് ഡ്രൈവര്‍ മനോജിന് ആശുപത്രി വളപ്പില്‍ നിന്ന് കിട്ടിയ രണ്ടുഗ്രാം തൂക്കം വരുന്ന സ്വര്‍ണലോക്കറ്റ് എയ്ഡ്പോസ്റ്റില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഉടമകളെത്തിയില്ലെന്നും വിക്രമന്‍ നായര്‍ പറഞ്ഞു.

deshabhimani 121111

1 comment:

  1. 15,000 രൂപയടങ്ങിയ കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരികെ നല്‍കി ടാക്സി ഡ്രൈവര്‍മാര്‍ മാതൃകയായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം പുതുവല്‍ സുബൈര്‍ , കാക്കാഴം,വെള്ളം തെങ്ങില്‍ വീട്ടില്‍ ഷിബു എന്നിവരാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തുനിന്ന് കിട്ടിയ പേഴ്സ് തിരികെ ഏല്‍പ്പിച്ച് നാടിനഭിമാനമായത്.

    ReplyDelete