സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ നിയമസഭാ അംഗവുമായ എം വി ജയരാജനെ ആറുമാസത്തെ തടവിനും രണ്ടായിരം രൂപ പിഴയൊടുക്കുന്നതിനും ശിക്ഷിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി നീതീകരിക്കാനാകാത്തതാണെന്നാണ് സാമാന്യജനങ്ങള്‍ മാത്രമല്ല പ്രഗത്ഭരായ നിയമജ്ഞരും കാണുന്നത്. എം വി ജയരാജന്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരു പ്രസംഗത്തില്‍ പ്രയോഗിച്ച പ്രത്യേക പദം സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് കോടതിയെ അപമാനിച്ചതായി വിലയിരുത്തിയതിന്റെ ഫലമായുള്ളതാണ് ശിക്ഷയെന്നാണ് കാണുന്നത്. കോടതിയലക്ഷ്യ കേസുകള്‍ കൈകാര്യംചെയ്യുന്ന നിലവിലുള്ള രീതി ഇതിനുമുമ്പ് പലതവണ വിമര്‍ശവിധേയമായതാണ്. അന്യായം സമര്‍പ്പിക്കുന്നതും തെളിവ് ശേഖരിക്കുന്നതും വിധി കല്‍പ്പിക്കുന്നതും നിര്‍ഭാഗ്യവശാല്‍ ഒരാള്‍തന്നെയാണ്. വിധി കല്‍പ്പിക്കുമ്പോള്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ കടന്നുവരാന്‍ ഏറെ സാധ്യതയുണ്ട്. ജയരാജനെതിരെയുള്ള വിധിതന്നെ പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടും. ശിക്ഷ വിധിച്ചപ്പോള്‍ വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഉദ്ദേശ്യമുണ്ടെന്നും ശിക്ഷ നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും ബോധിപ്പിച്ചപ്പോള്‍ ആ അപേക്ഷ നിഷ്കരുണം തിരസ്കരിക്കാനിടയായി. ശിക്ഷ ഉടന്‍ നടപ്പാക്കുന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
മൂന്നുവര്‍ഷത്തില്‍ താഴെയുള്ള ശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിലവിലുള്ള നിയമം അനുവദിക്കുന്നുണ്ടെങ്കില്‍പോലും അത് കോടതിയുടെ വിവേചനാധികാരത്തില്‍പെട്ടതാണെന്നതിനാല്‍ ശിക്ഷ തല്‍ക്ഷണം നടപ്പാക്കാനാണ് കോടതി തീരുമാനിച്ചത്. അതായത് പ്രതിക്ക് നീതി നിഷേധിക്കപ്പെടാനിടയായി. രാജ്യത്തെ അത്യുന്നത നീതിപീഠമായ സുപ്രീംകോടതി, കീഴ്ക്കോടതി വിധി റദ്ദാക്കുന്ന നിലയുണ്ടായാല്‍ താല്‍ക്കാലികമായെങ്കിലും ജയരാജന്‍ ശിക്ഷ അനുഭവിച്ചേ തീരൂ എന്ന നിര്‍ബന്ധം ഇതിന്റെ പിറകിലില്ലേ എന്ന് സംശയിച്ചാല്‍ തെറ്റുപറയാന്‍ കഴിയില്ല. ജയരാജന് പരമാവധി ശിക്ഷയാണ് കോടതി നല്‍കിയത്. ഇതെല്ലാം സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ശിക്ഷ നീതീകരിക്കാന്‍ കഴിയാത്തതാണെന്ന് വിലയിരുത്തേണ്ടിവരും. ജയരാജന്റെ വിവാദ പ്രസംഗത്തിനാധാരമായ വിഷയവും സാഹചര്യവും ശരിയായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. പൊതുനിരത്തിലും പാതയോരത്തും രാഷ്ട്രീയപാര്‍ടികളും സാമൂഹ്യസംഘടനകളും പൊതുയോഗം നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള കോടതിവിധി ജനാധിപത്യസംവിധാനത്തിനുനേരെയുള്ള വെല്ലുവിളിതന്നെയാണ്. പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയില്‍ പൗരന്മാര്‍ക്കും സംഘടനകള്‍ക്കുമുള്ള സംഘടിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ച മൗലികാവകാശങ്ങളിലൊന്നാണ്. അഭിപ്രായം പ്രകടിപ്പിക്കുന്നതും സംഘടിക്കുന്നതും ശൂന്യതയിലല്ല. ബഹുജനങ്ങളുടെ മുമ്പിലാണ് അഭിപ്രായം പ്രകടിപ്പിക്കുന്നത്. കേരളംപോലുള്ള ഉയര്‍ന്ന ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളില്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ജനങ്ങള്‍ക്ക് സമ്മേളിക്കാനുള്ള മൈതാനം അത്യപൂര്‍വമാണ്. പാതയോരങ്ങളില്‍ വാഹനഗതാഗതത്തിന് തടസ്സമില്ലാതെ ജനങ്ങള്‍ സമ്മേളിക്കുന്നത് സ്വാഭാവികമാണ്. അത് പതിവുമാണ്. സ്വാതന്ത്ര്യസമരകാലംമുതല്‍ പാതയോരങ്ങളില്‍ പൊതുയോഗം ചേരുന്ന പതിവാണുള്ളത്. പെതുജനങ്ങള്‍ക്ക് അതുമൂലം വലിയ പ്രയാസമൊന്നും നേരിടേണ്ടിവരാറില്ല. പൊതുജനങ്ങളുടെ യാത്രചെയ്യാനുള്ള സ്വാതന്ത്ര്യംമാത്രം അടര്‍ത്തിയെടുത്ത് പരിശോധിക്കുന്നതും അശാസ്ത്രീയമാണ്. വിലക്കയറ്റം, തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങിയ നാനാവിധ വിഷയങ്ങളില്‍ ജനങ്ങള്‍ വിവരണാതീതമായ പ്രയാസം അനുഭവിക്കുന്നുണ്ട്. ഇതിനൊന്നും പരിഹാരം കാണാന്‍ നീതിന്യായപീഠത്തിന് കഴിയുന്നില്ല. അതുകൊണ്ടുതന്നെ പ്രയാസം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഭരണാധികാരികളുടെ മുമ്പില്‍ നാനാവിധത്തില്‍ പ്രതിഷേധം പ്രകടിപ്പിക്കേണ്ടിവരും.
സമാധാനപരമായി സമ്മേളിക്കാനും പ്രകടനം നടത്താനുമുള്ള ന്യായമായ അവകാശം നിഷേധിച്ചാല്‍ അത് പൊട്ടിത്തെറിക്ക് വഴിയൊരുക്കാനിടയുണ്ടെന്ന് കാണണം. പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥയുടെ ഉത്തമമാതൃകയായി പുത്തന്‍ തലമുറയെ പഠിപ്പിച്ചുവന്നത് അമേരിക്കന്‍ ഐക്യനാടുകള്‍ , ബ്രിട്ടന്‍ എന്നീ രാഷ്ട്രങ്ങളെയാണ്. അമേരിക്കയില്‍ ചരിത്രത്തിലാദ്യമായി "വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍" സമരം തുടങ്ങിവച്ചത് നാം കണ്ടു. അത് അവിടെമാത്രം ഒതുങ്ങിനിന്നില്ല. 951 നഗരങ്ങളിലേക്കും 82 രാജ്യങ്ങളിലേക്കും വ്യാപിച്ചു. അവിടെയും വീട്ടിലിരുന്ന് പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്കാവില്ല. അവര്‍ക്ക് സ്വാഭാവികമായും തെരുവിലിറങ്ങേണ്ടിവന്നു. നിലവിലുള്ള മുതലാളിത്തവ്യവസ്ഥയെ പിടിച്ചുകുലുക്കാന്‍ പര്യാപ്തമായ ഒരു ബഹുജനമുന്നേറ്റമായി ഈ പ്രസ്ഥാനം വളര്‍ന്നുകൂടായ്കയില്ല. ലോകത്തിന്റെ നാനാഭാഗങ്ങളിലും നടക്കുന്ന ഇത്തരം മാറ്റങ്ങളും കോടതികള്‍ കാണാതിരുന്നുകൂടാ. ഇത്തരം ഒരു സാഹചര്യത്തില്‍ 1,76,000 കോടിയും 1,20,000 കോടിയും രാഷ്ട്രത്തിന് നഷ്ടം വരുത്തിയ അഴിമതിക്കും അധികാരം നിലനിര്‍ത്താന്‍ എംപിമാര്‍ക്ക് പണം നല്‍കിയ രീതിയിലുള്ള അഴിമതിക്കും നല്‍കാത്ത പ്രാധാന്യമാണ് പ്രത്യേക സാഹചര്യത്തില്‍ പ്രസംഗമധ്യേ ഉപയോഗിച്ച ഒരു വാക്കിന്റെ പേരില്‍ ആറുമാസത്തെ ശിക്ഷാവിധിയിലൂടെ നല്‍കിയത്. ശിക്ഷ നടപ്പാക്കുന്നതില്‍ കാണിച്ച അതിവേഗവും നീതീകരിക്കാന്‍ കഴിയാത്തതാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുപോലും പാതയോരത്ത് പ്രസംഗിക്കാന്‍ വേദിയൊരുക്കേണ്ടിവന്നത് കാണാതിരുന്നുകൂടാ. കേരള നിയമസഭ ഈ വിഷയത്തില്‍ പ്രത്യേക നിയമനിര്‍മാണത്തിന് നിര്‍ബന്ധിതമായി. നിലവിലുള്ള ചൂഷണവ്യവസ്ഥയ്ക്കെതിരെ ബഹുജനങ്ങളുടെ രോഷപ്രകടനം തടഞ്ഞുനിര്‍ത്താനുള്ള വൃഥാശ്രമമാണ് നിര്‍ഭാഗ്യവശാല്‍ കോടതി സ്വീകരിച്ചുകാണുന്നത്. ബഹുജനങ്ങളുടെ വഴിനടക്കാനുള്ള അവകാശം സംരക്ഷിക്കുന്നു എന്നപേരിലാണ് ഈ നടപടി.
സിപിഐ എം പരിപാടിയിലെ പ്രസക്തമായ ഒരു ഖണ്ഡികയിലെ ആദ്യഭാഗം ഇവിടെ ഉദ്ധരിക്കുന്നത് ഉചിതമായിരിക്കും. "തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും മറ്റ് ജനവിഭാഗങ്ങള്‍ക്കും പ്രതികൂലമായാണ് നീതിന്യായവ്യവസ്ഥ നിലകൊള്ളുന്നത്. ഔപചാരികമായി ധനികരും ദരിദ്രരും തത്വത്തില്‍ തുല്യരാണെങ്കിലും സാരാംശത്തില്‍ നീതിന്യായവ്യവസ്ഥ ചൂഷകവര്‍ഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ നിറവേറ്റുകയും അവരുടെ വര്‍ഗഭരണത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു." കഴിഞ്ഞ 16 വര്‍ഷത്തിനകം ഇന്ത്യയില്‍ കാര്‍ഷികത്തകര്‍ച്ചമൂലം രണ്ടരലക്ഷത്തിലധികം പേര്‍ ആത്മഹത്യചെയ്യാന്‍ നിര്‍ബന്ധിതരായി. ലക്ഷക്കണക്കിന് കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു. ഇത് യഥാര്‍ഥത്തില്‍ നിലവിലുള്ള വ്യവസ്ഥയുടെ ഭാഗമായ നരഹത്യതന്നെയാണ്. ഒരു കോടതിയും ഈ വിഷയത്തില്‍ സ്വമേധയാ കേസെടുത്തതായി ഓര്‍ക്കുന്നില്ല. ഇതൊക്കെ പരിഗണിക്കുമ്പോള്‍ ജയരാജനെതിരെയുള്ള കടുത്ത ശിക്ഷ വിധിച്ചതിനും ശിക്ഷ നടപ്പാക്കിയ രീതിയും നീതീകരണമില്ലാത്തതാണെന്ന് പറയാന്‍ നിര്‍ബന്ധിതമായിരിക്കുന്നു.
deshabhimani editorial 081111
സിപിഐ എം പരിപാടിയിലെ പ്രസക്തമായ ഒരു ഖണ്ഡികയിലെ ആദ്യഭാഗം ഇവിടെ ഉദ്ധരിക്കുന്നത് ഉചിതമായിരിക്കും. "തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും മറ്റ് ജനവിഭാഗങ്ങള്‍ക്കും പ്രതികൂലമായാണ് നീതിന്യായവ്യവസ്ഥ നിലകൊള്ളുന്നത്. ഔപചാരികമായി ധനികരും ദരിദ്രരും തത്വത്തില്‍ തുല്യരാണെങ്കിലും സാരാംശത്തില്‍ നീതിന്യായവ്യവസ്ഥ ചൂഷകവര്‍ഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ നിറവേറ്റുകയും അവരുടെ വര്‍ഗഭരണത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു." കഴിഞ്ഞ 16 വര്‍ഷത്തിനകം ഇന്ത്യയില്‍ കാര്‍ഷികത്തകര്‍ച്ചമൂലം രണ്ടരലക്ഷത്തിലധികം പേര്‍ ആത്മഹത്യചെയ്യാന്‍ നിര്‍ബന്ധിതരായി. ലക്ഷക്കണക്കിന് കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു. ഇത് യഥാര്‍ഥത്തില്‍ നിലവിലുള്ള വ്യവസ്ഥയുടെ ഭാഗമായ നരഹത്യതന്നെയാണ്. ഒരു കോടതിയും ഈ വിഷയത്തില്‍ സ്വമേധയാ കേസെടുത്തതായി ഓര്‍ക്കുന്നില്ല. ഇതൊക്കെ പരിഗണിക്കുമ്പോള്‍ ജയരാജനെതിരെയുള്ള കടുത്ത ശിക്ഷ വിധിച്ചതിനും ശിക്ഷ നടപ്പാക്കിയ രീതിയും നീതീകരണമില്ലാത്തതാണെന്ന് പറയാന്‍ നിര്‍ബന്ധിതമായിരിക്കുന്നു.
ReplyDelete