Saturday, November 12, 2011

ആരോഗ്യമന്ത്രിയുടെ മകന്റെ ഹോട്ടലില്‍ നിന്നും ആഴ്ചകള്‍ പഴക്കമുള്ള ഭക്ഷണം പിടികൂടി

ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ മകന്‍ പി ജയകൃഷ്ണന്റെ പേരിലുള്ള കോട്ടയത്തെ ബാര്‍ ഹോട്ടലില്‍ നിന്നും ആഴ്ചകള്‍ പഴക്കമുള്ള  ഭക്ഷണ സാധനങ്ങള്‍ പിടികൂടി. കോട്ടയം നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡില്‍ ആരോഗ്യമന്ത്രിയുടെ മകന്റെ പേരിലുള്ള ഐക്കണ്‍ ഹോട്ടലില്‍ നിന്നാണ്  പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത്.

നഗരത്തിലും മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപത്തുമുള്ള എട്ടു ഹോട്ടലുകളിലാണ് നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി കെ അനില്‍ കുമാറിന്റെ നിര്‍ദേശ പ്രകാരം ഇന്നലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.  കോട്ടയം നഗരത്തിലെ ഓര്‍ക്കിഡ്, ഐക്കണ്‍ എന്നീ ഹോട്ടലുകളിലും മാര്‍ക്കറ്റിലെ കള്ളുഷാപ്പിലുമായിരുന്നു റെയ്ഡ്. ആഴ്ചകള്‍ പഴകിയ കോഴിയിറച്ചി, പോത്തിറച്ചി, ആട്ടിറച്ചി, ചോറ്, പൊറോട്ട, പൊടിമീന്‍ വറുത്തത്, പായസം എന്നിവയാണ് ഇവിടങ്ങളില്‍ നിന്നും പിടിച്ചെടുത്തത്.

മാംസാഹാരങ്ങള്‍ പാതിവേവിച്ച നിലയിലാണ് പിടികൂടിയത്. മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമുള്ള അഞ്ചു ഹോട്ടലുകളില്‍ നിന്നും ആഴ്ചകള്‍ പഴക്കമുള്ള ആഹാര സാധനങ്ങള്‍ പിടികൂടി. ഇതില്‍ രണ്ട് ബാര്‍ ഹോട്ടലുകളുമുണ്ട്. നിത്യ, ഫ്‌ളോറല്‍ പാര്‍ക്ക്, മാതാ, മരിയ, സംക്രാന്തിയിലെ അശോക ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. കോഴിയിറച്ചി, ബിരിയാണി ചോറ്, മീന്‍കറി, അച്ചാര്‍, എന്നിവയാണ് കണ്ടെടുത്തത്. മെഡിക്കല്‍ കോളജ് കവലയിലെ മറ്റ് അഞ്ച് ഹോട്ടലുകളില്‍ക്കൂടി റെയ്ഡ് നടത്തിയെങ്കിലും വിവരം ചോര്‍ന്നു കിട്ടിയതിനാല്‍ ഇവിടങ്ങളില്‍ നിന്ന് ഒന്നും ലഭിച്ചില്ല. പഴയ സാധനങ്ങള്‍ ഇതിനകം ഹോട്ടല്‍ ജീവനക്കാര്‍ മാറ്റിയിരുന്നു.

മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപത്തെ ഹോട്ടലുകളെയാണ് രോഗികളും കൂട്ടിരിപ്പുകാരും ഏറ്റവുമധികം ആശ്രയിക്കുന്നത്. കുമാരനല്ലൂര്‍ മേഖല ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാബു, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്്ടര്‍മാരായ മഞ്്ജു, ശ്യാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

കോട്ടയം നഗരസഭാ പരിധിയില്‍ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന മൂന്നാമത്തെ റെയ്ഡാണ് ഇന്നലെ നടന്നത്. പഴകിയ ഭക്ഷണസാധനങ്ങള്‍ വില്‍പ്പന നടത്തുന്ന ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് കഴിഞ്ഞദിവസം ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം കാറ്റില്‍പറത്തിയാണ് സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകളില്‍ നിന്നും ആഴ്ചകള്‍ പഴക്കമുള്ള ആഹാരസാധനങ്ങള്‍ വീണ്ടും പിടികൂടിയത്.

janayugom 121111

1 comment:

  1. ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ മകന്‍ പി ജയകൃഷ്ണന്റെ പേരിലുള്ള കോട്ടയത്തെ ബാര്‍ ഹോട്ടലില്‍ നിന്നും ആഴ്ചകള്‍ പഴക്കമുള്ള ഭക്ഷണ സാധനങ്ങള്‍ പിടികൂടി. കോട്ടയം നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡില്‍ ആരോഗ്യമന്ത്രിയുടെ മകന്റെ പേരിലുള്ള ഐക്കണ്‍ ഹോട്ടലില്‍ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത്.

    ReplyDelete