Sunday, November 13, 2011

അഴിമതിക്ക് കളമൊരുക്കാന്‍ ഇ-ടെന്‍ഡര്‍ ഇല്ലാതാക്കി

പൊതുമരാമത്തുവകുപ്പില്‍ ഇ-ടെന്‍ഡര്‍ സംവിധാനം ഇല്ലാതാക്കി. റോഡ് പുനരുദ്ധാരണ ജോലികള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനെ മുന്നില്‍നിര്‍ത്തിയാണ് വകുപ്പിലെ ഇ-ടെന്‍ഡര്‍ സംവിധാനം അട്ടിമറിച്ചത്. കരാറുകാര്‍ക്ക് തീവെട്ടിക്കൊള്ളയ്ക്കുള്ള അവസരമാണ് കോര്‍പറേഷന്‍വഴി ഒരുക്കുന്നത്. ആദ്യഘട്ടത്തില്‍ 106 കോടി രൂപയുടെ ജോലി കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനെ ഏല്‍പ്പിച്ചു. ഇതില്‍ മറിയുന്ന കമീഷന്‍ സംബന്ധിച്ച് കോര്‍പറേഷനിലെ ചിലരും കരാറുകാരും ചര്‍ച്ച തുടങ്ങി. സര്‍ക്കാര്‍ ഉന്നതര്‍ക്ക് നല്‍കുന്നതിനാണ് കമീഷന്‍ എന്നാണ് കരാറുകാരോട് പറയുന്നത്. മധ്യ-ഉത്തര കേരളത്തിലെ റോഡുകളുടെ പുനരുദ്ധാരണവും അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് 106 കോടി രൂപയുടെ പ്രവൃത്തിയാണ് കോര്‍പറേഷനെ ഏല്‍പ്പിച്ചത്. ഇതില്‍ കൊച്ചി നഗരസഭയിലെ 13ഉം തൃശൂരിലെ 11ഉം കോഴിക്കോട്ടെ 17ഉം ഉള്‍പ്പെടെ 88 കോടിയുടെ ടെന്‍ഡര്‍ ആരംഭിച്ചിട്ടുണ്ട്.
പൊതുമരാമത്തുവകുപ്പിലെ അഴിമതി തടയാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെല്ലാം ഇതോടെ വെള്ളത്തിലാകും. വകുപ്പുവഴി പ്രവൃത്തി നടപ്പാക്കിയാല്‍ ടെന്‍ഡര്‍ ഫോറം വെബ്സൈറ്റില്‍നിന്ന് പകര്‍പ്പെടുക്കാനാകും. ഇതുമൂലം മത്സരാധിഷ്ഠിത ടെന്‍ഡര്‍ ഉറപ്പാക്കാനാകും. എന്നാല്‍ , കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍വഴി ടെന്‍ഡര്‍ സ്വീകരിക്കുന്നതിനാല്‍ കുപ്രസിദ്ധമായ കരാറുകാരുടെ "യൂണിയന്‍" വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി. കരാറുകാര്‍ ഒത്തുചേര്‍ന്ന് ജോലി വീതിച്ചെടുക്കുകവഴി അടങ്കലില്‍നിന്ന് വളരെ ഉയര്‍ന്ന തുകയ്ക്ക് കരാര്‍ ഉറപ്പിക്കുന്ന കൊടിയ അഴിമതിനിറഞ്ഞ സമ്പ്രദായമാണ് "യൂണിയന്‍" എന്ന പേരില്‍ അറിയപ്പെടുന്നത്. "വന്‍ കൊയ്ത്തി"ന് സഹായകമായ ഈ സമ്പ്രാദയം പുനഃസ്ഥാപിക്കലാണ് ജോലികള്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനെ ഏല്‍പ്പിക്കുന്നതിന്റെ ലക്ഷ്യം. പ്രവൃത്തി നടക്കുന്ന സ്ഥലത്ത് പ്രവൃത്തി സംബന്ധിച്ച വിവരങ്ങള്‍ (കരാറുകാരന്‍ , തുക, പ്രവൃത്തി തുടങ്ങിയ തീയതി, കാലാവധി തുടങ്ങിയവ) ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥയും ലംഘിക്കപ്പെടും.

പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ കണ്‍സ്ട്രക്ഷന്‍ കോര്‍റേഷന് കരാറുകള്‍ ലഭിക്കുന്നതിന് വ്യവസ്ഥകളില്‍ വലിയ ഇളവുണ്ട്. അടങ്കലിന്റെ 10 ശതമാനം അധിക നിരക്ക് രേഖപ്പെടുത്തിയാലും കോര്‍പറേഷന് ജോലി അനുവദിക്കും. നാലു ശതമാനം നിരതദ്രവ്യം അടയ്ക്കേണ്ടതില്ല. കരുതല്‍ നിക്ഷേപം 10 ശതമാനവും നല്‍കേണ്ട. ഒരു ശതമാനം നികുതിയും ഒഴിവാക്കിയിട്ടുണ്ട്. കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍വഴി കരാറുകാര്‍ക്ക് പ്രവൃത്തി ലഭിക്കുമ്പോള്‍ ഈ തുക ഒടുക്കേണ്ടതില്ല. ഇതിന്റെ കമീഷനും ബന്ധപ്പെട്ടവര്‍ക്ക് ലഭിക്കുമെന്ന് വ്യക്തം. ഹൈക്കോടതി നിര്‍ദേശപ്രകാരം ഈ വര്‍ഷം ഡിസംബര്‍ 31നകം ജോലി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന ന്യായം പറഞ്ഞാണ് പുറംകരാര്‍ നല്‍കാന്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന് റോഡിന്റെ ജോലി ഏല്‍പ്പിക്കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ ടെന്‍ഡര്‍ തുക ഉയര്‍ത്തിക്കൊടുക്കുന്ന ഏര്‍പ്പാട് ഒഴിവാക്കിയിരുന്നു. ഇത് വീണ്ടും വ്യാപകമായി. റോഡിന് 15 ശതമാനംമുതലും മറ്റ് നിര്‍മാണങ്ങള്‍ക്ക് 40 ശതമാനംവരെയുമാണ് കരാര്‍ തുകയേക്കാള്‍ ഉയര്‍ന്ന നിരക്ക് അനുവദിക്കുന്നത്. ഇതിനായുള്ള ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങിയ ടെന്‍ഡര്‍ കമ്മിറ്റിയും സജീവമായി. പൊതുമരാമത്ത്, ധന സെക്രട്ടറിമാരും പൊതുമരാമത്തിലെ മൂന്ന് ചീഫ് എന്‍ജിനിയര്‍മാരും അടങ്ങിയതാണ് കമ്മിറ്റി. പാനലില്‍ ഉള്‍പ്പെട്ട കരാറുകാരില്‍ പലരും പ്രവൃത്തി ഏറ്റെടുക്കാന്‍ മതിയായ യന്ത്രസാമഗ്രികളോ മുന്‍പരിചയമോ ഉള്ളവരല്ലെന്നും ആക്ഷേപമുണ്ട്. പലയിടത്തും റബറൈസ്ഡ് റോഡുകളിലാണ് പ്രവൃത്തി നടത്താനുള്ളത്. ഇതിന് മതിയായ യന്ത്രസമഗ്രികള്‍ ആവശ്യമാണ്. മലബാറില്‍നിന്ന് രണ്ടുപേര്‍ മാത്രമാണ് പാനലിലുള്ളത്. കോഴിക്കോട് കോര്‍പറേഷനുകീഴില്‍ മാത്രം 17 റോഡിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാനുണ്ട്. കരാറുകാരുടെ കുറവ് റോഡ് പ്രവൃത്തിയെയും സാരമായി ബാധിക്കും. റോഡ് പ്രവൃത്തി കോര്‍പറേഷന് കൈമാറിയതിനു പിന്നിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം സ്വദേശി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ക്ക് പരാതി അയച്ചിട്ടുണ്ട്.

deshabhimani 131111

1 comment:

  1. പൊതുമരാമത്തുവകുപ്പില്‍ ഇ-ടെന്‍ഡര്‍ സംവിധാനം ഇല്ലാതാക്കി. റോഡ് പുനരുദ്ധാരണ ജോലികള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനെ മുന്നില്‍നിര്‍ത്തിയാണ് വകുപ്പിലെ ഇ-ടെന്‍ഡര്‍ സംവിധാനം അട്ടിമറിച്ചത്. കരാറുകാര്‍ക്ക് തീവെട്ടിക്കൊള്ളയ്ക്കുള്ള അവസരമാണ് കോര്‍പറേഷന്‍വഴി ഒരുക്കുന്നത്. ആദ്യഘട്ടത്തില്‍ 106 കോടി രൂപയുടെ ജോലി കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനെ ഏല്‍പ്പിച്ചു. ഇതില്‍ മറിയുന്ന കമീഷന്‍ സംബന്ധിച്ച് കോര്‍പറേഷനിലെ ചിലരും കരാറുകാരും ചര്‍ച്ച തുടങ്ങി.

    ReplyDelete