Tuesday, January 31, 2012

കംപ്യൂട്ടറുകള്‍ക്ക് അനുവദിച്ച 1.40 കോടി സംസ്ഥാനസര്‍ക്കാര്‍ വകമാറ്റി

ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന്‍ (ആര്‍എംഎസ്എ)പദ്ധതിയില്‍ കേരളത്തിന് അനുവദിച്ച 1.40 കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചു. ആര്‍എംഎസ്എ ഓഫീസിന് കംപ്യൂട്ടര്‍ , ഫോട്ടോകോപ്പി മെഷീന്‍ , ഫാക്സ് മെഷീന്‍ , ഓഫീസ് ഫര്‍ണിച്ചര്‍ എന്നിവ വാങ്ങിക്കാന്‍ അനുവദിച്ച 1.40 കോടിരൂപ അധ്യാപകരുടെ പരിശീലനത്തിനാണ് വകമാറ്റിയത്. ഇതിനായി ആര്‍എംഎസ്എ ഡയറക്ടര്‍ പ്രത്യേക ഉത്തരവും ഇറക്കി. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം മാത്രം അവശേഷിക്കെ ഈ പണം സര്‍ക്കാര്‍ തിരികെ നല്‍കിയിട്ടില്ല. പകരം പദ്ധതി ഈ വര്‍ഷം നടപ്പാക്കേണ്ടെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വാക്കാല്‍ നിര്‍ദേശവും നല്‍കി.
കേന്ദ്രാവിഷ്കൃത പദ്ധതിപ്പണം ചെലവഴിക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ വീഴ്ചവരുത്തുന്നുവെന്ന് ആരോപിക്കുന്ന കോണ്‍ഗ്രസിന്റെ സര്‍ക്കാരാണ് കേന്ദ്രപദ്ധതി തന്നെ നടപ്പാക്കേണ്ടെന്ന് നിര്‍ദേശം നല്‍കിയത്. രണ്ട് മാസത്തിനുള്ളില്‍ ഈ പണം തിരികെ നല്‍കി ചെലവഴിക്കാനായില്ലെങ്കില്‍ ആ പണം സംസ്ഥാനത്തിന് നഷ്ടമാകും. സംസ്ഥാനത്ത് വിദ്യാഭ്യാസമേഖലയില്‍ വികസന പരിശീലന പദ്ധതികള്‍ നടപ്പാക്കേണ്ട ആര്‍എംഎസ്എയുടെ മേല്‍നോട്ടത്തിനും ഏകോപനത്തിനുമുള്ള ഓഫീസുകള്‍ അടുത്തവര്‍ഷവും തുടങ്ങാനാകില്ല. കേന്ദ്രസര്‍ക്കാരിന്റെ സര്‍വ്വശിക്ഷ അഭിയാന്‍ പദ്ധതി അടുത്ത വര്‍ഷം അവസാനിക്കാനിരിക്കെ പകരമായി തുടങ്ങുന്ന പദ്ധതിയാണിത്. സെക്കന്‍ഡറി വിദ്യാഭ്യാസ രംഗത്ത്് അടിസ്ഥാന സൗകര്യം ഒരുക്കുക, പരിശീലനം സംഘടിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഒരോ ജില്ലയ്ക്കും പത്തുലക്ഷം വെച്ച് 1.40 കോടി രൂപയാണ്അനുവദിച്ചത്. കംപ്യൂട്ടര്‍ അടക്കമുള്ള മെഷീനുകള്‍ വാങ്ങിക്കാനുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഡയറക്ടറേറ്റുകള്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കത്ത് നല്‍കി. എന്നാല്‍ പദ്ധതി പണം ഉപയോഗിച്ച് ഈ വര്‍ഷം ഉപകരണങ്ങള്‍ വാങ്ങേണ്ടെന്നും പകരം അധ്യാപക പരിശീലനത്തിന് ഉപയോഗിച്ചാല്‍ മതിയെന്നുമായിരുന്നു നിര്‍ദേശം.

പണം വകമാറ്റണമെങ്കില്‍ ഉത്തരവ് ആവശ്യമാണെന്ന് ജില്ലാ ഡെപ്യൂട്ടി ഡയറക്ടറേറ്റുകള്‍ മറുപടിനല്‍കി. തുടര്‍ന്ന് പണം വകമാറ്റാന്‍ ആര്‍എംഎസ്എ സംസ്ഥാന പ്രോജക്ട് ഓഫീസറെകൊണ്ട് ഉത്തരവും നല്‍കി. കഴിഞ്ഞ സെപ്തംബര്‍ 22ന് എം- 199- 2011-ാം നമ്പറായാണ് ഉത്തരവ് ഇറക്കിയത്. രണ്ടും മൂന്നും ഘട്ട അധ്യാപക പരിശീലനത്തിന് ഈ തുകയാണ് ചെലവഴിച്ചത്. അനുവദിച്ച പണംകൊണ്ട് കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും വാങ്ങിയില്ലെങ്കില്‍ കേന്ദ്രഫണ്ടിന്റെ ചെലവ് കാണിക്കാനാകാത്തതിനാല്‍ വിശദീകരണം തേടിയപ്പോഴാണ് പദ്ധതി തന്നെ നടപ്പാക്കേണ്ടതില്ലെന്ന് പൊതു വിദ്യാഭാസ ഡയറക്ടറേറ്റ് അറിയിപ്പ് നല്‍കിയത്. പണം തിരികെ നിക്ഷേപിച്ചാല്‍ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉപകരണങ്ങള്‍ വാങ്ങാന്‍ ബുദ്ധിമുട്ടാകും. അതിനാല്‍ പണം നഷ്ടമാകനാണ് സാധ്യത.
 (ഡി ദിലീപ്)

deshabhimani 310112

1 comment:

  1. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന്‍ (ആര്‍എംഎസ്എ)പദ്ധതിയില്‍ കേരളത്തിന് അനുവദിച്ച 1.40 കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചു. ആര്‍എംഎസ്എ ഓഫീസിന് കംപ്യൂട്ടര്‍ , ഫോട്ടോകോപ്പി മെഷീന്‍ , ഫാക്സ് മെഷീന്‍ , ഓഫീസ് ഫര്‍ണിച്ചര്‍ എന്നിവ വാങ്ങിക്കാന്‍ അനുവദിച്ച 1.40 കോടിരൂപ അധ്യാപകരുടെ പരിശീലനത്തിനാണ് വകമാറ്റിയത്. ഇതിനായി ആര്‍എംഎസ്എ ഡയറക്ടര്‍ പ്രത്യേക ഉത്തരവും ഇറക്കി. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം മാത്രം അവശേഷിക്കെ ഈ പണം സര്‍ക്കാര്‍ തിരികെ നല്‍കിയിട്ടില്ല. പകരം പദ്ധതി ഈ വര്‍ഷം നടപ്പാക്കേണ്ടെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വാക്കാല്‍ നിര്‍ദേശവും നല്‍കി.

    ReplyDelete