Sunday, April 8, 2012

ആത്മഹത്യാ മുനമ്പില്‍ ഇപ്പോഴും വിദര്‍ഭ

എല്ലാവര്‍ക്കും ഭൂമി : പ്രക്ഷോഭം ശക്തമാക്കും

ഭൂമിയുടെ കുത്തകവല്‍ക്കരണത്തിനെതിരെയും ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ടും ഭൂരഹിതരെയും പാവപ്പെട്ട ഗ്രാമീണരെയും സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് ആഹ്വാനംചെയ്തു. ഭൂപരിഷ്കരണത്തിലൂടെമാത്രമേ ജാതി- മത- ലിംഗ വിവേചനങ്ങളും മറ്റ് സാമൂഹിക അടിച്ചമര്‍ത്തലുകളും അവസാനിപ്പിക്കാനാവുകയുള്ളൂവെന്ന് പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. കര്‍ഷകരെ അവരുടെ ഭൂമിയില്‍നിന്ന് കുടിയിറക്കി കുത്തകകള്‍ക്ക് കൃഷിഭൂമിയുടെ നിയന്ത്രണം കൈക്കലാക്കാന്‍ സാഹചര്യമൊരുക്കി ഭൂപരിഷ്കരണത്തെ പിന്നോട്ടടിപ്പിക്കുന്ന നിലവിലെ നയങ്ങള്‍ക്കെതിരെ നിരന്തരപ്രക്ഷോഭം അനിവാര്യമാണ്. ചെറുകിട- ഇടത്തരം കര്‍ഷകരുടെ ഭൂമി കോര്‍പറേറ്റുകളുടെ കൈയില്‍ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. 12-ാം പഞ്ചവത്സരപദ്ധതി സമീപനരേഖയില്‍ കോര്‍പറേറ്റ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കിയത് ഇതിന്റെ ഭാഗമാണ്. ഇതിനായി പല സംസ്ഥാനങ്ങളിലും ഭൂപരിധിനിയമങ്ങള്‍ ഭേദഗതിചെയ്യുന്നു.

രാജ്യത്ത് കൃഷിഭൂമി വന്‍കിടക്കാരുടെ കൈകളിലാണ്. ദേശീയ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ടുപ്രകാരം 37.72 ശതമാനം ഭൂമിയും 3.5 ശതമാനം വരുന്ന വന്‍കിട ഭൂവുടമകളുടെ കൈകളിലാണ്. 1992ല്‍ 22 ശതമാനമായിരുന്ന ഭൂരഹിതകര്‍ഷകര്‍ ഇന്ന് 41 ശതമാനമായി. നവ ഉദാരവല്‍ക്കരണ സാമ്പത്തികനയം കാര്‍ഷികമേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധി, ഗ്രാമങ്ങളിലെ ചെറുകിട കര്‍ഷകരെ അവരുടെ കൃഷിഭൂമിയും മറ്റു ജീവനോപാധികളും വന്‍കിട കര്‍ഷകര്‍ക്ക് കൈമാറാന്‍ നിര്‍ബന്ധിതരാക്കുന്നു. ഭൂപരിഷ്കരണം നടപ്പാക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. 2004ല്‍ ഇടതുപക്ഷത്തിന്റെ സമ്മര്‍ദത്തെതുടര്‍ന്ന് ഭൂപരിഷ്കരണത്തെക്കുറിച്ച് നിര്‍ദേശം സമര്‍പ്പിക്കാന്‍ യുപിഎ സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ല.

ഭൂപരിധി നിയമപ്രകാരം 21 ദശലക്ഷം ഹെക്ടര്‍ മിച്ചഭൂമി ഉണ്ടെന്നാണ് വിലയിരുത്തല്‍. ഇതില്‍ 2.7 ദശലക്ഷം ഹെക്ടര്‍മാത്രമാണ് മിച്ചഭൂമിയായി പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ച മിച്ചഭൂമിയില്‍തന്നെ 1.9 ദശലക്ഷം ഹെക്ടറാണ് അര്‍ഹരായവര്‍ക്ക് വിതരണംചെയ്തത്. ത്രിപുര, പശ്ചിമബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഇടതുപക്ഷ സര്‍ക്കാരുകള്‍ ഭൂപരിഷ്കരണം നടപ്പാക്കുന്നതില്‍ ചരിത്രം സൃഷ്ടിച്ചു. പശ്ചിമബംഗാളില്‍ 11 ലക്ഷം ഏക്കര്‍ ഭൂമി ഭൂരഹിതകുടുംബങ്ങള്‍ക്ക് വിതരണംചെയ്തു. 10 ലക്ഷം കര്‍ഷകര്‍ക്ക് വീടുവയ്ക്കാന്‍ ഭൂമി നല്‍കി. പശ്ചിമബംഗാളില്‍ 45 ലക്ഷത്തിലേറെപ്പേര്‍ക്കാണ് ഭൂപരിഷ്കരണത്തിന്റെ നേട്ടം ലഭിച്ചത്. കേരളത്തില്‍ 26 ലക്ഷംപേര്‍ക്ക് ഭൂപരിഷ്കരണത്തിലൂടെ ഭൂമി ലഭിച്ചു. ആദിവാസികള്‍ക്ക് ഭൂമി നല്‍കി അവരുടെ ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതില്‍ ത്രിപുര രാജ്യത്തിന് മാതൃകയാണ്. വനാവകാശനിയമം ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനവും ത്രിപുരയാണ്.

ഭൂമി ചെറിയൊരു വിഭാഗത്തിന്റെ കൈകളില്‍ കേന്ദ്രീകരിക്കുകയും ഭൂരഹിതരുടെ എണ്ണം കുത്തനെ ഉയരുകയും ചെയ്യുമ്പോഴും പല സംസ്ഥാനങ്ങളും ഭൂപരിഷ്കരണം നടപ്പാക്കുന്നില്ല. മറുവശത്താണെങ്കില്‍ കോര്‍പറേറ്റുകള്‍ക്കും റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കും വേണ്ടി സര്‍ക്കാര്‍ ബലമായി ഭൂമി ഏറ്റെടുക്കുന്നു. കൃഷിഭൂമിയും വനഭൂമിയും പ്രത്യേക സാമ്പത്തികമേഖലകള്‍ക്കും ഖനത്തിനുമായി കൈമാറുകയാണ്. 1894ലെ ഭൂമി ഏറ്റെടുക്കല്‍നിയമത്തിനുപകരമായി കൊണ്ടുവരുന്ന നിര്‍ദിഷ്ട ലാന്‍ഡ് അക്വിസിഷന്‍ ആന്‍ഡ് റിലീഫ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ ആക്ടി(എല്‍എആര്‍ആര്‍)ലെ വ്യവസ്ഥകള്‍ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ പര്യാപ്തമല്ല. ബലമായി ഭൂമി ഏറ്റെടുക്കുന്നതില്‍നിന്ന് കര്‍ഷകര്‍ക്ക് മതിയായ സംരക്ഷണം നല്‍കുന്ന വ്യവസ്ഥകള്‍ ബില്ലിലില്ല. ഖനം, പ്രത്യേക സാമ്പത്തികമേഖലകള്‍ തുടങ്ങി നിരവധി മേഖലകളെ ഒഴിവാക്കിയിട്ടുമുണ്ട്. ഇപ്പോഴത്തെ രീതിയിലുള്ള ബില്ലില്‍ പാര്‍ടി കോണ്‍ഗ്രസ് ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചു. ജനാധിപത്യസംഘടനകളും കര്‍ഷകരും ആദിവാസികളും മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ബില്ലിന്റെ കരട് പുതുക്കണമെന്നും പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. സൂര്യകാന്ത മിശ്ര അവതരിപ്പിച്ച പ്രമേയത്തെ അമ്റാ റാം പിന്താങ്ങി.

ആത്മഹത്യാ മുനമ്പില്‍ ഇപ്പോഴും വിദര്‍ഭ

വിദര്‍ഭയിലെ കര്‍ഷകര്‍ ഇപ്പോഴും ആത്മഹത്യാ മുനമ്പില്‍. കാര്‍ഷികത്തകര്‍ച്ചയില്‍ ജീവിതം തകര്‍ന്ന കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവുന്നില്ല. സഹായ പാക്കേജുകളെല്ലാം പ്രഖ്യാപനത്തിലൊതുങ്ങുകയാണ്. വിളകള്‍ക്ക് സ്ഥിരവില ലഭിക്കാത്തതും സബ്സിഡിയടക്കമുള്ള ആനുകൂല്യങ്ങളുടെ വെട്ടിക്കുറവും മഹാരാഷ്ട്രയിലെ കര്‍ഷകരെ പട്ടിണിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുകയാണെന്ന് അഖിലേന്ത്യാ കിസാന്‍സഭാ മഹാരാഷ്ട്ര വൈസ് പ്രസിഡന്റ് ഉദയന്‍ ശര്‍മ പറഞ്ഞു.

"കാര്‍ഷിക വായ്പ നല്‍കുന്നതില്‍നിന്നും പൊതുമേഖല ബാങ്കുകളും മുഖംതിരിക്കുകയാണ്. സംസ്ഥാനത്തെ സഹകരണമേഖലയാകട്ടെ, ഒരുവിഭാഗം ഭൂമാഫിയമാരുടെ കൈകളിലും." പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ ഉദയന്‍ ശര്‍മ "ദേശാഭിമാനി"യോട് പറഞ്ഞു. ഏറ്റവുമധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്ത വിദര്‍ഭ മേഖലയിലെ അമരാവതി ജില്ലക്കാരനാണ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കൂടിയായ ഉദയന്‍ ശര്‍മ. പരുത്തി പ്രധാനകൃഷിയായ ഈ മേഖലയിലെ ഭൂരിഭാഗം കര്‍ഷകരും കടക്കെണിയിലാണ്. ഉല്‍പ്പാദനച്ചെലവ് താങ്ങാനാവുന്നില്ല. വേണ്ടത്ര മഴ ലഭിക്കാത്തതും ജലസേചനസൗകര്യം ഇല്ലാത്തതും കര്‍ഷകരെ ദുരിതത്തിലാഴ്ത്തുന്നു.

വിളനഷ്ടത്തിന് സര്‍ക്കാരില്‍നിന്നും സഹായമില്ല. വിത്തിനും വളത്തിനും കീടനാശിനിക്കും വില കുതിച്ചുയര്‍ന്നു. പത്തുവര്‍ഷത്തിനുള്ളില്‍ 35,000 കര്‍ഷകരാണ് സംസ്ഥാനത്ത് കടക്കെണിമൂലം ആത്മഹത്യ ചെയ്തത്. സഹകരണപ്രസ്ഥാനവും വന്‍കിട ഭൂവുടമകളുടെ കൈകളിലാണ്. ചില മേഖലകളെ കേന്ദ്രീകരിച്ച് 1998ല്‍ തങ്ങള്‍ നടത്തിയ പഠനത്തില്‍ 40 ശതമാനം കര്‍ഷകര്‍ക്കും സഹകരണബാങ്കുകളില്‍ നിന്ന് ഒരുസഹായവും ലഭിക്കുന്നില്ലെന്ന് ബോധ്യപ്പെട്ടു. വായ്പയെടുത്ത് കൃഷിയിറക്കുന്ന ചെറുകി ടകര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ കുത്തകകള്‍ക്ക് അടിയറ വയ്ക്കേണ്ട സ്ഥിതിയാണ്.

സംഭരണശേഷിയുള്ള വന്‍കിടക്കാര്‍ അമിതലാഭം കൊയ്യുന്നു. കര്‍ഷക ആത്മഹത്യകളെ തുടര്‍ന്ന് പ്രധാനമന്ത്രി വിദര്‍ഭ സന്ദര്‍ശിച്ച് 3700 കോടി രൂപയുടെ പാക്കേജ് വാഗ്ദാനം നല്‍കിയതല്ലാതെ കര്‍ഷകര്‍ക്ക് ഗുണം ലഭിച്ചിട്ടില്ല. പ്രഖ്യാപിച്ച പദ്ധതികള്‍ പ്രാബല്യത്തിലായില്ല. വിലത്തകര്‍ച്ചയും തുടരുന്നു. ചെറുകിട കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസിലാക്കാനോ പരിഹാരം നിര്‍ദേശിക്കാനോ പൃഥ്വിരാജ് ചവാന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. വന്‍കിട ലോബികളുടെ കൈയിലെ ചട്ടുകമാണ് സര്‍ക്കാര്‍. അഖിലേന്ത്യാ കിസാന്‍ സഭ ഇവിടെ ശക്തിപ്രാപിക്കുന്നുണ്ട്. കര്‍ഷകരുടെ യഥാര്‍ഥപ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഇടപെടലുകളാണ് പ്രസ്ഥാനം നടത്തിക്കൊണ്ടിരിക്കുന്നത്- ഉദയന്‍ ശര്‍മ പറഞ്ഞു.
(കെ എസ് ഷൈജു)

ബംഗാളില്‍ കാര്‍ഷിക ആത്മഹത്യകള്‍ 


കറുത്തനാളുകള്‍ തിരിച്ചെത്തുന്നു

ആത്മഹത്യ വീണ്ടും തിരിച്ചെത്തിയതാണ് കേരളത്തിലെ കാര്‍ഷികമേഖലയുടെ ദുരന്തമെന്ന് കര്‍ഷകസംഘം സെക്രട്ടറി കെ വി രാമകൃഷ്ണന്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം 48 കര്‍ഷകര്‍ ജീവനൊടുക്കി. അതില്‍ 28 പേരും വയനാട്ടിലാണ്. ഇവരുടെ കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല.
ഇഞ്ചിയുടെ വിലയിടിവും കാര്‍ഷികവായ്പ തിരിച്ചടയ്ക്കാന്‍ പറ്റാത്തതുമാണ് കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിച്ചത്. കര്‍ഷകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന പദ്ധതികളില്ലാത്തതും തിരിച്ചടിയായി. 2001ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏതാണ്ട് 1500 കര്‍ഷകരാണ് ജീവനൊടുക്കിയത്. 2006ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ആശ്വാസവുമായി രംഗത്തുവന്നു. കടങ്ങള്‍ എഴുതിത്തള്ളുകയും പ്രശ്നങ്ങള്‍ പഠിക്കാന്‍ കമീഷനെ നിയോഗിക്കുകയും ചെയ്തു. ഫലപ്രദമായ നടപടികളിലൂടെ കര്‍ഷക ആത്മഹത്യ തടയാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞിരുന്നു.

എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ കാര്‍ഷികമേഖലയെ 2001-06 കാലഘട്ടത്തിലേക്ക് എത്തിച്ചു. യുപിഎ സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധനയങ്ങള്‍തന്നെയാണ് കേരളത്തില്‍ യുഡിഎഫ് സര്‍ക്കാരും പിന്തുടരുന്നത്. ഭൂപരിഷ്കരണനിയമത്തില്‍ ഉള്‍പ്പെടെ ഭേദഗതിക്ക് ശ്രമിക്കുന്നു. കാര്‍ഷികമേഖലയില്‍ ചില ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് അതിന്റെ പുകമറയിലൂടെ കുത്തകകള്‍ക്കും വന്‍കിട കച്ചവടക്കാര്‍ക്കും പാട്ടക്കൃഷിക്ക് ഭൂമി നല്‍കാനാണ് ശ്രമം. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മാന്യമായ വില കിട്ടുന്നില്ല. ഇഞ്ചി, ഏലം, തേയില എന്നിവയുടെ വില കുത്തനെ ഇടിഞ്ഞു. നാളികേരം സംഭരിക്കുമെന്നത് പ്രഖ്യാപനത്തിലൊതുങ്ങി. ക്വിന്റലിന് 5100 രൂപ താങ്ങുവില പ്രഖ്യാപിച്ചെങ്കിലും കര്‍ഷകര്‍ക്ക് കിട്ടുന്നത് 4440 രൂപയാണ്. കര്‍ഷകദ്രോഹനയങ്ങള്‍ക്കെതിരെ കര്‍ഷകസംഘം സമരപാതയിലാണ്. ഏപ്രില്‍ 23 മുതല്‍ 27 വരെ വിപുലമായ സമരപരിപാടികള്‍ ആസൂത്രണംചെയ്തതായി രാമകൃഷ്ണന്‍ പറഞ്ഞു.

തമിഴന്റെ കൃഷിഭൂമി കുത്തകകളിലേക്ക്

തമിഴ്നാട്ടില്‍ ഭൂമാഫിയ കര്‍ഷകരുടെ ഭൂമി കൈയടക്കുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കനകരാജ് പറഞ്ഞു. ദരിദ്ര കര്‍ഷകരെ സ്വാധീനിച്ച് തുച്ഛവിലയ്ക്ക് ഭൂമി കൈക്കലാക്കുകയാണ്. ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും ഒത്താശയോടെയാണ് ഭൂമി കച്ചവടമെന്ന് മാഫിയയുടെ അക്രമത്തില്‍നിന്നും രക്ഷപ്പെട്ട കനകരാജ് വിശദീകരിച്ചു.

രണ്ട് ദ്രാവിഡ പാര്‍ടികളും ഭൂമി ഏറ്റെടുക്കുന്ന കുത്തകകളുടെ ഏജന്റുമാരായാണ് പ്രവര്‍ത്തിക്കുന്നത്. പ്രാദേശിക നേതാക്കളുടെ പേരില്‍ ഭൂമി വാങ്ങിയാണ് കുത്തകകള്‍ക്ക് മറിച്ചുവില്‍ക്കുന്നത്. വ്യാജരേഖകളുണ്ടാക്കുന്ന സംഘങ്ങളും സജീവമാണ്. ഭൂമി കച്ചവടത്തെ ചോദ്യംചെയ്താല്‍ അക്രമം ഉറപ്പാണ്. പൊലീസില്‍ പരാതിപ്പെട്ടാലും നടപടിയുണ്ടാകില്ല.
തൂത്തുക്കുടി ജില്ലയില്‍ മാത്രം പതിനായിരം ഏക്കര്‍ ഭൂമിയാണ് മാഫിയ കൈയടക്കാന്‍ ശ്രമിച്ചത്. തുടക്കത്തില്‍ പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും പരാതിക്കാരെ പിന്തിരിപ്പിക്കാനും ശ്രമിച്ചു. ഈ സാഹചര്യത്തിലാണ് സിപിഐ എം സമരം ഏറ്റെടുത്തത്. വെല്ലൂര്‍ ജില്ലയിലെ കാവേരി രാജപുരത്തും വിരുദനഗര്‍, ശിവഗംഗ എന്നീ പ്രദേശങ്ങളിലും ഭൂമി കൊള്ള നടക്കുന്നു. ഭരണനേതൃത്വവും വ്യവസായ ലോബിയും ചേര്‍ന്നാണ് പലയിടത്തും കൂട്ടുകച്ചവടം.

ബ്രിട്ടീഷ് ഭരണകാലത്ത് ദളിതര്‍ക്ക് ലഭിച്ച ഭൂമി ഉയര്‍ന്ന ജാതിക്കാരും കുത്തകകളും തട്ടിയെടുക്കുന്നു. ബ്രിട്ടീഷുകാര്‍ നല്‍കിയ ലക്ഷക്കണക്കിന് ഏക്കര്‍ പഞ്ചമി ഭൂമിയില്‍ ഇപ്പോള്‍ തുച്ഛമായ ഭൂമി മാത്രമേ ദളിതരുടെ കൈയ്യിലുള്ളൂ. ഈ പ്രശ്നങ്ങളുയര്‍ത്തി സമരം ചെയ്തതിനാണ് ജില്ലാ സെക്രട്ടറിയായിരിക്കെ തന്റെ വീടിനുനേരെ കഴിഞ്ഞ വര്‍ഷം ഗുണ്ടാ ആക്രമണമുണ്ടായത്. രാത്രിയുണ്ടായ അക്രമത്തില്‍ കുടുംബാംഗങ്ങള്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു-കനകരാജ് പറഞ്ഞു.
(ആര്‍ രഞ്ജിത്)

രാജസ്ഥാനില്‍ പോരാട്ടം വെള്ളത്തിന്

മരുഭൂമികളുടെ നാടായ രാജസ്ഥാനില്‍ 40,000 ഗ്രാമങ്ങളുണ്ട്. 20,000 ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കും കുടിവെള്ളം കിട്ടാക്കനി. വെള്ളമെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. നിലവിലുള്ള പദ്ധതികളില്‍നിന്നും വെള്ളം കിട്ടുന്നില്ല. പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാക്കുന്നുമില്ല. ജലസേചനസൗകര്യമില്ലാതെ കൃഷിഭൂമി മരുപ്പറമ്പാകുന്നു. വിളകള്‍ കരിഞ്ഞുണങ്ങുന്നു. കുടിവെള്ളത്തിനും ജലസേചനസൗകര്യത്തിനുമായി ജനങ്ങളെ സംഘടിപ്പിച്ച് സിപിഐ എം പ്രക്ഷോഭരംഗത്താണ്. പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ തയ്യാറെടുക്കുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും കിസാന്‍ സഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റും രാജസ്ഥാന്‍ സംസ്ഥാന പ്രസിഡന്റുമായ അമ്റാ റാം "ദേശാഭിമാനി" യോട് പറഞ്ഞു.

2004ല്‍ കാര്‍ഷിക മേഖലയിലെ ജലവിതരണം നിലച്ചതിനെതിരെയും 2005ല്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിനെതിരെയും സംഘടിപ്പിച്ച കര്‍ഷക പ്രക്ഷോഭങ്ങളിലൂടെ രാജസ്ഥാനില്‍ ശക്തമായ അടിത്തറയുണ്ടാക്കാന്‍ സിപിഐ എമ്മിനായി. പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്‍വലിച്ച ചാര്‍ജ് വര്‍ധന പിന്നീട് വര്‍ധിപ്പിച്ചിട്ടില്ല. ഭൂമി, വെള്ളം, വൈദ്യുതി എന്നിവയാണ് രാജസ്ഥാനിലെ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങള്‍. ആറ് ലക്ഷം ഏക്കര്‍ ഭൂമി പഴയ രാജകുടുംബങ്ങളും ജന്മിമാരും നിയമവിരുദ്ധമായി കൈയടക്കിവച്ചിരിക്കുന്നു. നാല് ലക്ഷം ഏക്കര്‍ ഭൂമി ദേവസ്വത്തിന്റെതാണ്. ബിനാമി പേരുകളിലും ലക്ഷക്കണക്കിന് ഹെക്ടര്‍ ഭൂമിയുണ്ട്. ഏതാനും ആളുകളുടെ കൈയില്‍ ഭൂമി കേന്ദ്രീകരിച്ചിരിക്കയാണ്. ജനസംഖ്യയുടെ 23 ശതമാനത്തിന് ഒരുതുണ്ട് ഭൂമിപോലുമില്ല. ഭൂരഹിതര്‍ക്ക് കൃഷിഭൂമി നേടിയെടുക്കാനുള്ള പ്രക്ഷോഭം പാര്‍ടിയുടെ നേതൃത്വത്തില്‍ കരുത്താര്‍ജിക്കുകയാണ്.

വനവിഭവങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്താനുള്ള ആദിവാസികളുടെ അവകാശം നിഷേധിക്കുന്ന സര്‍ക്കാര്‍ വനംകൊള്ളക്കാര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുന്നു. ദുരിത പൂര്‍ണമായ ജീവിതം നയിക്കുന്ന ആദിവാസികളെ സംഘടിപ്പിച്ചുള്ള പ്രക്ഷോഭങ്ങളും ശക്തമാണ്. കന്നുകാലി വളര്‍ത്തല്‍ പൂര്‍ണമായും തകര്‍ന്നു. ബിജെപി സര്‍ക്കാര്‍ കന്നുകാലികളെ കയറ്റിയയക്കുന്നത് നിരോധിച്ചതാണ് പ്രശ്നം. പിന്നീട് വന്ന കോണ്‍ഗ്രസ് സര്‍ക്കാരും നിലപാട് മാറ്റിയില്ല. ലക്ഷക്കണക്കിന് കര്‍ഷകരുടെ ഉപജീവനമാര്‍ഗമായിരുന്നു കന്നുകാലി വളര്‍ത്തല്‍. കന്നുകാലി കര്‍ഷകരെ സംഘടിപ്പിച്ചുള്ള പോരാട്ടങ്ങളും ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട.് ബിജെപിയും കോണ്‍ഗ്രസും മാറിമാറി ഭരിച്ച് മണ്ണും ധാതുസമ്പത്തും കൊള്ളയടിക്കുന്നു. അതുകൊണ്ട് ഒരു കക്ഷി ഭരണത്തിലിരിക്കുമ്പോള്‍ എതിര്‍ കക്ഷി മിണ്ടാതിരിക്കും. ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് സമരം നടത്തുന്നത് സിപിഐ എം മാത്രമാണ്. 2004ലേയും 2005ലേയും സംഘടിത പ്രക്ഷോഭങ്ങള്‍ക്ക് ശേഷവും വിവിധ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പാര്‍ടി ജനങ്ങളെ സംഘടിപ്പിച്ച് മുന്നേറുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് ജയിച്ചു. പത്ത് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തി. ഇരുപതിലേറെ മണ്ഡലങ്ങളില്‍ 27,000 മുതല്‍ 30,000 വരെ വോട്ട് നേടി. രാജസ്ഥാനില്‍ പാര്‍ടി വേരുറപ്പിച്ചുകഴിഞ്ഞു. 33 ജില്ലകളില്‍ 21ലും ശക്തമായ പാര്‍ടി ജില്ലാകമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. അവശേഷിക്കുന്ന ജില്ലകളിലും കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെന്നും അമ്റാ റാം പറഞ്ഞു.

മാവോയിസ്റ്റ് അക്രമം: ഒഡിഷ ദുരന്തമുഖത്ത്

മാവോയിസ്റ്റുകളുമായി മുഖ്യധാരാ പാര്‍ടികള്‍ ഒളിഞ്ഞും തെളിഞ്ഞും സഖ്യം ചേര്‍ന്നതിന്റെ ദുരന്തമാണ് ഇപ്പോള്‍ ഒഡിഷ അനുഭവിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി ജനാര്‍ദന്‍ പതി പറഞ്ഞു. രണ്ടുതരത്തിലുള്ള ഭീഷണിയാണ് ഇപ്പോള്‍ സംസ്ഥാനം നേരിടുന്നത്. നക്സലൈറ്റുകളെന്നും മാവോയിസ്റ്റുകളെന്നും മുദ്രകുത്തി നിരപരാധികളായ ആദിവാസികളെ പൊലീസ് വേട്ടയാടുന്നതാണ് ആദ്യത്തേത്.

വിദേശികളെയും എംഎല്‍എമാരെയും തട്ടിക്കൊണ്ടുപോകുന്ന മാവോയിസ്റ്റുകളുടെ സമ്മര്‍ദത്തിന് വഴങ്ങി, അപകടകാരികളായ ക്രിമിനലുകളെ തുറന്നുവിടുന്നതാണ് രണ്ടാമത്തെ ഭീഷണി. എംഎല്‍എയെ വിട്ടുകിട്ടാന്‍ അപകടകാരികളായ മാവോയിസ്റ്റുകളെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചത് പ്രശ്നം രൂക്ഷമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ജനാധിപത്യപ്രക്രിയ പൂര്‍ണമായും തകര്‍ന്നു. സിപിഐ എം ശക്തമായ മേഖലകളില്‍ കേഡര്‍മാരെ കൊന്നൊടുക്കുന്നത് ഒഡിഷയിലുമുണ്ട്. ഇതിന് മാവോയിസ്റ്റുകള്‍ക്ക് എല്ലാ പാര്‍ടികളുടെയും പിന്തുണയുണ്ട്. സിപിഐ എമ്മിന് രണ്ടുവര്‍ഷത്തിനുള്ളില്‍ മൂന്നു പ്രമുഖരായ പ്രവര്‍ത്തകരെ സുന്ദര്‍ഗഢ് ജില്ലയില്‍മാത്രം നഷ്ടപ്പെട്ടു.

ഇത്തരം സംഭവങ്ങളില്‍ പ്രതികളെ അറസ്റ്റുചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പ്പര്യമില്ല. ദുര്‍ബലമാണെങ്കിലും സിപിഐ എം സാന്നിധ്യം മാവോയിസ്റ്റുകള്‍ക്കും ബിജെഡിയും കോണ്‍ഗ്രസുമടക്കമുള്ള മറ്റു പാര്‍ടികള്‍ക്കും ഭീഷണിയാണെന്നിരിക്കെ കേഡര്‍മാരെ ഉന്മൂലനംചെയ്യാന്‍ എല്ലാവരും ഒരുമിക്കുകയാണ്. സിപിഐ എമ്മിനെ തകര്‍ക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ മാവോയിസ്റ്റുകളെ വിലയ്ക്ക് എടുക്കുന്ന സംഭവംപോലുമുണ്ടായി. എതിര്‍പ്പുകളെ അതിജീവിച്ചും സുന്ദര്‍ഗഢില്‍ ഒരു ബ്ലോക്ക് പഞ്ചായത്ത് പിടിച്ചെടുക്കാന്‍ സിപിഐ എമ്മിനായി.

രണ്ട് വിഭാഗം മാവോയിസ്റ്റുകളാണ് ഒഡിഷയില്‍ ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നത്. സബ്യസാചി പണ്ടയുടെ നേതൃത്വത്തിലുള്ള സംഘവും ആന്ധ്രപ്രദേശ്- ഒഡിഷ സ്പെഷ്യല്‍ സോണല്‍ കമ്മിറ്റിയും. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ ഒഡിഷ ഗ്രാമങ്ങളിലെ ജനങ്ങളുടെ രോഷം മുതലാക്കിയാണ് പ്രവര്‍ത്തനം. ഈ അവസ്ഥ സൃഷ്ടിച്ചത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ക്രൂരമായ അവഗണനയാണ്. ഒരു വ്യവസായസ്ഥാപനമോ അടിസ്ഥാനസൗകര്യങ്ങളോ ഇല്ലാത്ത കന്ദമാലിലും മല്‍ക്കാന്‍ഗിരിയിലുമാണ് മാവോയിസ്റ്റുകള്‍ ഏറ്റവും ശക്തം. മല്‍ക്കാന്‍ഗിരി ജില്ല എല്ലാ ജനാധിപത്യപ്രക്രിയയും അസാധ്യമാക്കുന്നതരത്തില്‍ മാവോയിസ്റ്റ് നിയന്ത്രണത്തിലാണ്. നിരപരാധികളായ യുവാക്കളെ അറസ്റ്റുചെയ്യുന്നതും മാവോയിസ്റ്റുകള്‍ മുതലെടുക്കുന്നു.
(എന്‍ എസ് സജിത്)

deshabhimani 080412

1 comment:

  1. ഭൂമിയുടെ കുത്തകവല്‍ക്കരണത്തിനെതിരെയും ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ടും ഭൂരഹിതരെയും പാവപ്പെട്ട ഗ്രാമീണരെയും സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് ആഹ്വാനംചെയ്തു. ഭൂപരിഷ്കരണത്തിലൂടെമാത്രമേ ജാതി- മത- ലിംഗ വിവേചനങ്ങളും മറ്റ് സാമൂഹിക അടിച്ചമര്‍ത്തലുകളും അവസാനിപ്പിക്കാനാവുകയുള്ളൂവെന്ന് പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. കര്‍ഷകരെ അവരുടെ ഭൂമിയില്‍നിന്ന് കുടിയിറക്കി കുത്തകകള്‍ക്ക് കൃഷിഭൂമിയുടെ നിയന്ത്രണം കൈക്കലാക്കാന്‍ സാഹചര്യമൊരുക്കി ഭൂപരിഷ്കരണത്തെ പിന്നോട്ടടിപ്പിക്കുന്ന നിലവിലെ നയങ്ങള്‍ക്കെതിരെ നിരന്തരപ്രക്ഷോഭം അനിവാര്യമാണ്. ചെറുകിട- ഇടത്തരം കര്‍ഷകരുടെ ഭൂമി കോര്‍പറേറ്റുകളുടെ കൈയില്‍ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. 12-ാം പഞ്ചവത്സരപദ്ധതി സമീപനരേഖയില്‍ കോര്‍പറേറ്റ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കിയത് ഇതിന്റെ ഭാഗമാണ്. ഇതിനായി പല സംസ്ഥാനങ്ങളിലും ഭൂപരിധിനിയമങ്ങള്‍ ഭേദഗതിചെയ്യുന്നു.

    ReplyDelete