Thursday, April 12, 2012

ജബ്ബാര്‍ വധം: ചില വസ്തുതകള്‍


വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന കാസര്‍കോട് എന്‍മകജെയിലെ അബ്ദുള്‍ ജബ്ബാര്‍ വധക്കേസില്‍ എറണാകുളം സിബിഐ സ്പെഷ്യല്‍ കോടതി വിധി വന്നു. ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ്. അഞ്ചുപേരെ കുറ്റക്കാരല്ലെന്നു കണ്ട് കോടതി വിട്ടയച്ചു. ജബ്ബാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവാണെന്നും കൊല നടത്തിയത് സിപിഐ എം ഏരിയ സെക്രട്ടറി ഉള്‍പ്പെടെ ഗൂഢാലോചന നടത്തിയിട്ടാണെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ രാഷ്ട്രീയ വിരോധം കാരണം സിപിഐ എം പ്രവര്‍ത്തകര്‍ കൊലചെയ്തുവെന്നാണ് സിബിഐ ചാര്‍ജ് ചെയ്ത കേസ്. സിപിഐ എം വിരുദ്ധജ്വരം ബാധിച്ച വലതുപക്ഷശക്തികളും അവരുടെ മാധ്യമങ്ങളും സ്വാഭാവികമായും ഈ വിധിയെ ചാകരയാക്കി. സിപിഐ എമ്മിന്റെ "അക്രമരാഷ്ട്രീയവും", "ന്യൂനപക്ഷവേട്ടയും" അവര്‍ ആഘോഷിച്ചു. തലശേരിയിലെ ഫസലിന്റെയും തളിപ്പറമ്പ് അരിയിലെ ഷുക്കൂറിന്റെയും കൊലപാതകങ്ങളോട് ചേര്‍ത്തുവച്ച് കഥകള്‍ മെനഞ്ഞു. ഈ നിലയിലുള്ള ദുഷ്പ്രചാരണങ്ങള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോവുകയുമാണ്.

എന്നാല്‍, എന്താണ് യാഥാര്‍ഥ്യം?

ജബ്ബാറിന്റേത് രാഷ്ട്രീയ കൊലപാതകമേ അല്ലെന്നാണ് ഇതുസംബന്ധിച്ച് അന്വേഷിക്കുന്ന ആര്‍ക്കും ബോധ്യമാവുക. കോണ്‍ഗ്രസിന്റെയോ യൂത്ത് കോണ്‍ഗ്രസിന്റെയോ അറിയപ്പെടുന്ന നേതാവുമായിരുന്നില്ല ജബ്ബാര്‍. ചാരായക്കടത്തും മണല്‍കടത്തും ഉള്‍പ്പെടെയുള്ള കള്ളക്കച്ചവടങ്ങളില്‍ വ്യാപൃതനായിരുന്ന ഒരാള്‍. കേസിലെ ഒന്നാംപ്രതി നീലഗിരി മൊയ്തീന്‍ ജബ്ബാറിന്റെ കൂട്ടുകച്ചവടക്കാരനായിരുന്നു. കള്ളക്കച്ചവടവുമായി ബന്ധപ്പെട്ട് ഇരുവരും തെറ്റിപ്പിരിഞ്ഞതിനെത്തുടര്‍ന്നുണ്ടായ വൈരാഗ്യത്തില്‍ നടന്നതാണ് ജബ്ബാറിന്റെ കൊലപാതകം. കൊല നടത്തിയ ഉടന്‍ നീലഗിരി മൊയ്തീന്‍ ബദിയടുക്ക പൊലീസില്‍ വിളിച്ച് താനാണ് കൊല നടത്തിയതെന്നു പറയുകയുണ്ടായി. ഇയാള്‍ പൊലീസില്‍ കീഴടങ്ങുകയുംചെയ്തു. ഏതാനും ആഴ്ചകള്‍ക്കുശേഷം ജാമ്യത്തിലിറങ്ങി നാട്ടില്‍ വിലസി. അന്നൊന്നും ഈ കേസില്‍ ഗൂഢാലോചനയോ സിപിഐ എം ഇടപെടലോ ഉണ്ടെന്ന് ആര്‍ക്കും ഒരു സംശയവുമില്ലായിരുന്നു. യുഡിഎഫ് അനുകൂല പത്രങ്ങള്‍പോലും ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയിട്ടുമില്ല.

വെള്ളം കലക്കി മീന്‍പിടിക്കാനുറച്ച എന്‍മകജെയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും ഡിസിസി നേതൃത്വത്തിലെ ഒരു വിഭാഗവുമാണ് ജബ്ബാര്‍വധത്തെ രാഷ്ട്രീയസംഭവമാക്കി മാറ്റി കേസ് സിബിഐക്ക് കൈമാറാന്‍ ഇടപെട്ടത്. സിബിഐ കേസ് ഏറ്റെടുത്തതോടെ സിപിഐ എം ഏരിയ സെക്രട്ടറി സുധാകര മാസ്റ്ററെയും ലോക്കല്‍ കമ്മിറ്റി അംഗം നടുവയല്‍ അബ്ദുള്ളക്കുഞ്ഞിയെയും പ്രതിയാക്കുകയായിരുന്നു. ഇതിനായി കേന്ദ്രസര്‍ക്കാരിലെ സ്വാധീനമുപയോഗിച്ച് സിബിഐയെ തങ്ങളുടെ വരുതിയിലാക്കി ആവശ്യമായ ഉപദേശ- നിര്‍ദേശങ്ങള്‍ നല്‍കിയത് എന്‍മകജെയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളാണ്. ഇവരില്‍ പലരും അറിയപ്പെടുന്ന ക്രിമിനലുകളാണ്.

കാസര്‍കോടിന്റെ വടക്കന്‍പ്രദേശമായ തുളുനാട്ടില്‍ ചുരുങ്ങിയ കാലംകൊണ്ട് സിപിഐ എം നേതൃത്വത്തിലേക്ക് ഉയര്‍ന്നുവന്ന മികച്ച സംഘാടകനാണ് സുധാകര. അദ്ദേഹത്തിന്റെ ജനസ്വാധീനവും സംഘടനാപാടവവും കണ്ട് വിറളിപൂണ്ട എന്‍മകജെയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തെ വകവരുത്താന്‍ പലവട്ടം പദ്ധതി തയ്യാറാക്കിയതാണ്. ഒന്നിലേറെ തവണ അദ്ദേഹത്തിന്റെ വീട് ആക്രമിച്ചു. വാടകക്കൊലയാളികളെ നിയോഗിച്ച് വകവരുത്താന്‍ ശ്രമിച്ചു. ഇതൊക്കെ പരാജയപ്പെട്ടപ്പോഴാണ് ജബ്ബാര്‍വധം കോണ്‍ഗ്രസിന് വീണുകിട്ടിയത്. ജബ്ബാര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. എന്നാല്‍, സിപിഐ എം നേതാക്കളെ കേസിലുള്‍പ്പെടുത്താന്‍ പാകത്തില്‍ ജബ്ബാറിന്റെ മരണമൊഴി വ്യാജമായി രേഖപ്പെടുത്തി. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ജബ്ബാര്‍ മറ്റൊരാളോട് സുധാകര മാസ്റ്ററും അബ്ദുള്ളക്കുഞ്ഞിയും ചേര്‍ന്നാണ് ആക്രമിച്ചതെന്ന് മരണമൊഴി രേഖപ്പെടുത്തിയെന്ന് സിബിഐ വ്യാജ തെളിവുണ്ടാക്കി. പ്രതികളായിരുന്ന ചിലരെ മാപ്പുസാക്ഷികളാക്കുകയും ചെയ്തു. സിപിഐ എം നേതാക്കളെ ശിക്ഷിക്കാനാവശ്യമായ കളമൊരുക്കുകയായിരുന്നു സിബിഐ. ജബ്ബാര്‍വധം രാഷ്ട്രീയ കൊലപാതകമായി ചിത്രീകരിച്ചു. യഥാര്‍ഥത്തില്‍ കൊലപാതകത്തില്‍ സിപിഐ എമ്മിനോ സുധാകര മാസ്റ്റര്‍ക്കോ അബ്ദുള്ളക്കുഞ്ഞിക്കോ ഒരു പങ്കുമില്ലായിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റു പ്രതികള്‍ക്ക് സിപിഐ എമ്മുമായി ബന്ധമൊന്നുമില്ല. ഇവര്‍ നടത്തിയ കൊലയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഇംഗിതത്തിനു വഴങ്ങി സിബിഐ സിപിഐ എം നേതാക്കളെ ആസൂത്രിതമായി കണ്ണിചേര്‍ക്കുകയായിരുന്നു.

ജബ്ബാര്‍ കൊലപാതകവുമായി സിപിഐ എമ്മിന് ഒരു ബന്ധവുമില്ലെന്ന് അന്നുതന്നെ വ്യക്തമാക്കിയതാണ്. സുധാകര മാസ്റ്ററോ മറ്റു പ്രതികളോ ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ല. സൗമ്യമായ പെരുമാറ്റത്തിലൂടെയും നാടിന്റെയും ജനങ്ങളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാതൃകാപരമായ ഇടപെടലുകളിലൂടെയും ഏവര്‍ക്കും പ്രിയങ്കരനായ സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് സിബിഐ തങ്ങളുടെ രാഷ്ട്രീയ യജമാനന്മാര്‍ക്കുവേണ്ടി കൃത്രിമ തെളിവുകളുണ്ടാക്കി ജയിലിടച്ചത്. എന്‍മകജെ പഞ്ചായത്തിലും കാസര്‍കോടിന്റെ വടക്കന്‍മേഖലയിലും വളര്‍ന്നുവരുന്ന സിപിഐ എമ്മിനെ തകര്‍ക്കാന്‍വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണ് സിപിഐ എം നേതാക്കള്‍ക്കെതിരെയുള്ള കേസും ശിക്ഷയും. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മചെയ്യാന്‍ കോണ്‍ഗ്രസ് എത്രത്തോളം പോകുമെന്നതിനൊപ്പം സിബിഐയുടെ നഗ്നമായ രാഷ്ട്രീയക്കളിയും അധഃപതനവും ഈ കേസ് അടിവരയിടുന്നു. യാഥാര്‍ഥ്യമറിയുന്ന നാട്ടുകാര്‍ ഈ കുടിലത പൊറുക്കില്ല. അവര്‍ക്ക് സിപിഐ എമ്മിനെയും സുധാകര മാസ്റ്ററെയും അറിയാം. ഇത്തരം നെറികേടുകള്‍ക്ക് അല്‍പ്പായുസ്സേ ഉള്ളൂ എന്നും ബന്ധപ്പെട്ടവര്‍ തിരിച്ചറിയണം.

അഡ്വ. സി എച്ച് കുഞ്ഞമ്പു (സിപിഐ എം കാസര്‍കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗമാണ് ലേഖകന്‍)

deshabhimani 120412

1 comment:

  1. വെള്ളം കലക്കി മീന്‍പിടിക്കാനുറച്ച എന്‍മകജെയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും ഡിസിസി നേതൃത്വത്തിലെ ഒരു വിഭാഗവുമാണ് ജബ്ബാര്‍വധത്തെ രാഷ്ട്രീയസംഭവമാക്കി മാറ്റി കേസ് സിബിഐക്ക് കൈമാറാന്‍ ഇടപെട്ടത്. സിബിഐ കേസ് ഏറ്റെടുത്തതോടെ സിപിഐ എം ഏരിയ സെക്രട്ടറി സുധാകര മാസ്റ്ററെയും ലോക്കല്‍ കമ്മിറ്റി അംഗം നടുവയല്‍ അബ്ദുള്ളക്കുഞ്ഞിയെയും പ്രതിയാക്കുകയായിരുന്നു. ഇതിനായി കേന്ദ്രസര്‍ക്കാരിലെ സ്വാധീനമുപയോഗിച്ച് സിബിഐയെ തങ്ങളുടെ വരുതിയിലാക്കി ആവശ്യമായ ഉപദേശ- നിര്‍ദേശങ്ങള്‍ നല്‍കിയത് എന്‍മകജെയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളാണ്. ഇവരില്‍ പലരും അറിയപ്പെടുന്ന ക്രിമിനലുകളാണ്.

    ReplyDelete