Wednesday, April 11, 2012

പഴയ പല്ലവിയുടെ ആവര്‍ത്തനം

സിപിഐ എമ്മില്‍ എന്തെങ്കിലും നന്മ കാണാന്‍ കഴിയാത്ത പത്രങ്ങളിലൊന്നാണ് മലയാള മനോരമ. കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയുടെ നേതൃസ്ഥാനം നഷ്ടപ്പെടരുതെന്ന നിര്‍ബന്ധംതന്നെ അവര്‍ക്കുണ്ട്. ആമാടയ്ക്ക് പുഴുത്തുള കണ്ടെത്തുക എന്നൊരു പഴഞ്ചൊല്ലുണ്ട്. പുഴുവിന് തുളയ്ക്കാന്‍ കഴിയാത്തതാണ് സ്വര്‍ണവും തങ്കവുമൊക്കെ. അതുകൊണ്ടുതന്നെ അതില്‍ പുഴുത്തുള കാണില്ല. ഇല്ലാത്തത് കണ്ടെത്താനുള്ള കഴിവാണ് ആ പത്രത്തിനുള്ളതെന്ന് വ്യക്തം. ഇത് പുതിയ കാര്യമല്ല. വളരെ വളരെ പഴക്കമുള്ളതാണ്. കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തില്‍ വന്നാല്‍ വിഷം കഴിച്ച് മരിക്കും എന്ന് പരസ്യമായി പ്രഖ്യാപിച്ച മറ്റൊരു പത്രമില്ലല്ലോ.

സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് വന്‍ വിജയമായിരുന്നു എന്ന് എതിരാളികളും സമ്മതിക്കും. സംഘാടനപാടവംകൊണ്ടും അഭൂതപൂര്‍വമായ ജനപങ്കാളിത്തംകൊണ്ടും പാര്‍ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും വന്‍ വിജയമായി. രാഷ്ട്രീയ പ്രമേയം, പ്രത്യയശാസ്ത്ര രേഖ, സംഘടനാപ്രമേയം എന്നിവയെപ്പറ്റി നാല്‍പ്പത്തഞ്ചര മണിക്കൂര്‍ ചര്‍ച്ച നടന്നതായി മനോരമയുടെ മുഖപ്രസംഗം സമ്മതിക്കുന്നു. എന്നിട്ടും പാര്‍ടി പകച്ചുനില്‍ക്കുകയാണെന്നാണ് പത്രം വിലയിരുത്തുന്നത്.

ഇപ്പോള്‍ കോഴിക്കോട്ടെ കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം ജനങ്ങളുടെ പ്രശ്നങ്ങളില്‍ സജീവമായ ഇടപെടല്‍ വേണമെന്ന് നിര്‍ദേശിക്കുന്നു. തൊഴിലാളിവര്‍ഗ വിപ്ലവ പാര്‍ടിയുടെ ഒഴിച്ചുകൂടാനാകാത്ത കടമയാണത്. അങ്ങനെ ഇടപെടുമ്പോള്‍ പ്രചാരണങ്ങളും പ്രക്ഷോഭങ്ങളും സമരങ്ങളും വേണ്ടിവരും. ഇത്തരം പരിപാടികളില്‍ കൂടുതല്‍ കൂടുതല്‍ ബഹുജനങ്ങള്‍ പങ്കെടുക്കാനിടവരും. അവരെ പങ്കെടുപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കും. പാര്‍ടിയും ബഹുജനങ്ങളും തമ്മിലുള്ള ഉറച്ച ബന്ധം ശക്തിപ്പെടും. തൊഴിലാളികളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അടിച്ചമര്‍ത്തപ്പെട്ട പാവപ്പെട്ട ദളിതരുള്‍പ്പെടെയുള്ള ജനവിഭാഗങ്ങളും ബഹുജന സംഘടനകളും എല്ലാം ഒപ്പം ചേരും. വര്‍ഗസമരം ശക്തിപ്പെടും. ഫെബ്രുവരി 28ന് ഒമ്പത് ദേശീയ തൊഴിലാളി സംഘടനകള്‍ യോജിച്ചുകൊണ്ടുള്ള കൂട്ടായ പണിമുടക്ക് സമരം നടന്നു. സമരത്തില്‍ 10 കോടിയില്‍പരം തൊഴിലെടുക്കുന്നവര്‍ ആവേശപൂര്‍വം പങ്കെടുത്തു. മനോരമയ്ക്കിഷ്ടപ്പെടുന്നതല്ല ഈ സമരം. മാര്‍ക്സിസത്തിന്റെ ജീവന്‍ വര്‍ഗപരമായ കാഴ്ചപ്പാടും വര്‍ഗസമരവുമാണ്. നാളിതുവരെയുള്ള മാനവചരിത്രം വര്‍ഗസമരങ്ങളുടെ ചരിത്രമാണെന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ തുടക്കത്തില്‍ത്തന്നെ എഴുതിവച്ചു. വര്‍ഗസമരം ശക്തിപ്പെടുത്തണമെന്ന് പാര്‍ടി കോണ്‍ഗ്രസ് ആവര്‍ത്തിച്ചുറപ്പിച്ചു. ഇതിലെന്താണ് തെറ്റ്.

ആഗോളവല്‍ക്കരണ നയമാണ് കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി ജനജീവിതം നരകതുല്യമാക്കുന്നത്. ശതകോടീശ്വരന്മാര്‍ വളരുന്നു. ബഹുഭൂരിപക്ഷം ജനങ്ങളും പരമദരിദ്രരായി മാറുന്നു. അസമത്വം വര്‍ധിക്കുന്നു. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ഒന്നാമത്തെ ലക്ഷ്യമായി ചൂണ്ടിക്കാണിച്ചത് പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അകലം കുറയ്ക്കുമെന്നതായിരുന്നു. സംഭവിച്ചത് നേരെ വിപരീതമായതാണ്. ദാരിദ്ര്യം അകറ്റുമെന്ന മുദ്രവാക്യം നാടാകെ എഴുതിവച്ചു, പ്രചരിപ്പിച്ചു. എന്നാല്‍, ദാരിദ്ര്യം വര്‍ധിച്ചു. അഴിമതിയുടെ പര്യായമായി ഭരണവര്‍ഗ പാര്‍ടികള്‍ മാറി. ഇത്തരം സാഹചര്യത്തില്‍ ഭരണവര്‍ഗത്തിന്റെ പാപ്പരായ നയം തുറന്നുകാണിച്ച് ബദല്‍ നയം നടപ്പാക്കണമെന്ന് പറയുന്നതിലെന്താണ് പിശക്. സാമ്രാജ്യത്വവുമായി തന്ത്രപരമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനെ എതിര്‍ക്കാതിരിക്കാന്‍ കഴിയുമോ. ദുര്‍ഭരണത്തിനെതിരായ എതിര്‍പ്പ് കടലാസില്‍ എഴുതിവച്ചാല്‍ പോരാ, അതിനെതിരെ കൂടുതല്‍ കൂടുതല്‍ ബഹുജനങ്ങളെ അണിനിരത്തി സമരം സംഘടിപ്പിക്കണം. പ്രക്ഷോഭ സമരങ്ങളിലെ ജനപങ്കാളിത്തം നാള്‍ക്കുനാള്‍ വര്‍ധിപ്പിക്കണം. മനോരമയ്ക്ക് ഇതൊന്നും സാരമുള്ളതായി തോന്നണമെന്നില്ല.

തെരഞ്ഞെടുപ്പ് രംഗത്തെ ദുഷ്പ്രവണതകളെ പഴിപറയുന്നതും മനോരമയ്ക്ക് രുചിക്കുന്നില്ല. നരസിംഹറാവു ഭരണം നിലനിര്‍ത്താന്‍ എംപിമാരെ ചാക്കിട്ടുപിടിക്കാന്‍ നടത്തിയ പ്രവര്‍ത്തനം രഹസ്യമല്ല. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ അധികാരം നിലനിര്‍ത്താന്‍ യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റംഗങ്ങളെ വിലയ്ക്കെടുത്തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ? പത്രങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകാലത്ത് കോണ്‍ഗ്രസ് പണം നല്‍കുന്നതായി ആരോപണം ഉയര്‍ന്നു. ഇതൊന്നും ആര്‍ക്കും നിഷേധിക്കാന്‍ കഴിയുന്നതല്ല. തെരഞ്ഞെടുപ്പില്‍ നടക്കുന്ന അഴിമതി നമ്മുടെ ജനാധിപത്യ വ്യവസ്ഥയെത്തന്നെ അട്ടിമറിച്ച് പകരം പണാധിപത്യം സ്ഥാപിക്കുന്നതാണ്. ഇത് പറയരുതെന്നാണോ മനോരമ ആഗ്രഹിക്കുന്നത്.

അമേരിക്കയില്‍ ആരംഭിച്ച സാമ്പത്തികക്കുഴപ്പം യൂറോപ്യന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചു. നാല് വര്‍ഷമായിട്ടും കുഴപ്പം പരിഹരിക്കാന്‍ കഴിഞ്ഞില്ല. ഇവിടെയാണ് മുതലാളിത്തം പകച്ചുനില്‍ക്കുന്നത്. വാള്‍സ്ട്രീറ്റ് പിടിച്ചടക്കല്‍ സമരം നടക്കുന്നു. മുതലാളിത്തം പരാജയമാണെന്നും മാര്‍ക്സാണ് ശരിയെന്നും ജനങ്ങള്‍ വിളിച്ചുപറയുന്നു. മാര്‍ക്സിസമാണ് ശരി എന്ന് തെളിയുന്ന ഈ കാലഘട്ടത്തില്‍ സോഷ്യലിസമാണ് ഭാവി എന്നു പറയുന്നത് മലയാള മനോരമയ്ക്ക് ഇഷ്ടപ്പെടണമെന്നില്ല.

കമ്യൂണിസ്റ്റ് പ്രസ്ഥാനം തകര്‍ന്നുകാണണമെന്ന് മനോരമ ആഗ്രഹിക്കുന്നത് പുതുമയില്ലാത്ത പഴയ ശൈലിയാണ്. സിപിഐ എം സ്ഥാനമോഹികളുടെ പാര്‍ടിയാണെന്ന് വരുത്താനും മനോരമ വല്ലാതെ പണിയെടുക്കുന്നു. കേന്ദ്രകമ്മിറ്റിയെയും പാര്‍ടി ജനറല്‍ സെക്രട്ടറിയെയും പൊളിറ്റ്ബ്യൂറോ അംഗങ്ങളെയും ജനാധിപത്യ മാര്‍ഗത്തിലൂടെ സമ്മേളനം തെരഞ്ഞെടുത്തു. ഒരപശബ്ദവുമുണ്ടായില്ല. കോണ്‍ഗ്രസിലും മുസ്ലിം ലീഗിലും നടക്കുന്നതെന്താണെന്ന് വലതുപക്ഷ മാധ്യമങ്ങള്‍ക്കറിയാത്തതല്ല. ബ്രാഞ്ചുമുതല്‍ കേന്ദ്ര കമ്മിറ്റിവരെയുള്ള തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായി. അപ്പോഴാണ് ചിലര്‍ക്ക് സ്ഥാനമോഹവും മോഹഭംഗവും ഉണ്ടായതായി മനോരമ കണ്ടെത്തുന്നത്. ഒരാളുടെ മോഹവും മോഹഭംഗവും മലയാള മനോരമയുടെ ഓഫീസിലിരുന്ന് കണ്ടെത്താനുള്ള പുതിയ സാങ്കേതികവിദ്യ പത്രപ്രവര്‍ത്തനത്തില്‍ വൈദഗ്ധ്യം നേടിയവര്‍ സ്വായത്തമാക്കിയതായിട്ടാണ് പറയുന്നത്. ഇതിലും വലിയ അസംബന്ധം വേറെ വല്ലതുമുണ്ടോ. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയവരെ സ്ഥാനമോഹികളായി ചിത്രീകരിക്കുന്നത് സ്വഭാവഹത്യയാണ്. സ്വഭാവഹത്യക്കും മനോരമയ്ക്കവകാശമുണ്ടെന്നാണ്! ഇതാണോ മാതൃകാപരമായ പത്രപ്രവര്‍ത്തനം?

20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ വാര്‍ത്ത മാധ്യമങ്ങള്‍ ഒരുപാട് ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. അതിന് നന്ദി പറയാതിരിക്കാന്‍ കഴിയില്ല. എന്നാല്‍, സമ്മേളനം കഴിഞ്ഞ ഉടനെ ചാനല്‍ ചര്‍ച്ച തൊഴിലാക്കിയ ചിലരെ വിളിച്ച് ഇല്ലാത്ത കാര്യങ്ങള്‍ ചര്‍ച്ചയ്ക്കായി അവതരിപ്പിച്ചത്, ആവേശപൂര്‍വം സമ്മേളന നടപടികള്‍ വീക്ഷിച്ച പ്രേക്ഷകരെ വഴിതിരിച്ചുവിടാനുള്ള തറവേലയാണെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. മനോരമ ഉള്‍പ്പെടെയുള്ള വലത് മാധ്യമങ്ങള്‍ അതിന്റെ പതിവു പല്ലവി പാടിയെന്ന് ജനങ്ങള്‍ വിലയിരുത്തും.

deshabhimani editorial 110412

1 comment:

  1. സിപിഐ എമ്മില്‍ എന്തെങ്കിലും നന്മ കാണാന്‍ കഴിയാത്ത പത്രങ്ങളിലൊന്നാണ് മലയാള മനോരമ. കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയുടെ നേതൃസ്ഥാനം നഷ്ടപ്പെടരുതെന്ന നിര്‍ബന്ധംതന്നെ അവര്‍ക്കുണ്ട്. ആമാടയ്ക്ക് പുഴുത്തുള കണ്ടെത്തുക എന്നൊരു പഴഞ്ചൊല്ലുണ്ട്. പുഴുവിന് തുളയ്ക്കാന്‍ കഴിയാത്തതാണ് സ്വര്‍ണവും തങ്കവുമൊക്കെ. അതുകൊണ്ടുതന്നെ അതില്‍ പുഴുത്തുള കാണില്ല. ഇല്ലാത്തത് കണ്ടെത്താനുള്ള കഴിവാണ് ആ പത്രത്തിനുള്ളതെന്ന് വ്യക്തം. ഇത് പുതിയ കാര്യമല്ല. വളരെ വളരെ പഴക്കമുള്ളതാണ്. കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തില്‍ വന്നാല്‍ വിഷം കഴിച്ച് മരിക്കും എന്ന് പരസ്യമായി പ്രഖ്യാപിച്ച മറ്റൊരു പത്രമില്ലല്ലോ.

    ReplyDelete