Thursday, April 5, 2012

ഉദ്ഘാടനച്ചടങ്ങ് ആദ്യകാല നേതാക്കളുടെയും പ്രമുഖരുടെയും സംഗമം


കോഴിക്കോട്: സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പഴയകാല നേതാക്കളുടെ മക്കളുടെയും ബഹുജനങ്ങളുടെയും സാന്നിധ്യം. പാവങ്ങളുടെ പടത്തലവന്‍ എ കെ ജിയുടെ മകള്‍ ലൈല, ഇ എം എസിന്റെ മകള്‍ ഇ എം രാധ എന്നിവര്‍ പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെത്തി. പ്രശസ്ത ചരിത്രകാരന്‍ ഡോ. കെ കെ എന്‍ കുറുപ്പ്, ഡോ. കെ ടി ജലീല്‍ എംഎല്‍എ, എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി എ ഫസല്‍ ഗഫൂര്‍ എന്നിവരുടെ സാന്നിധ്യവും ഉദ്ഘാടനച്ചടങ്ങിലുണ്ടായി.

അന്യസംസ്ഥാനത്തുനിന്നും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ

കോഴിക്കോട്: കോഴിക്കോട് ആതിഥ്യമരുളുന്ന ആദ്യ പാര്‍ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനത്തിന് സാക്ഷികളാകാന്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ ഒഴുകിയെത്തി. ഇങ്ക്വിലാബ് വിളികളോടെയാണ് ട്രെയിനുകള്‍ ബുധനാഴ്ച കോഴിക്കോട്ടെത്തിയത്. വിജയവാഡയില്‍ നിന്ന് ഈശ്വരറാവുവും സംഘവും രാവിലെ ബൊക്കാറോ എക്സ്പ്രസിലാണ് വന്നത്. സിറ്റി ബ്രാഞ്ചംഗമാണ് ഈശ്വരറാവു. സ്ത്രീകളും കുട്ടികളുമടങ്ങുന്നവരാണ് സംഘാംഗങ്ങള്‍. പശ്ചിമഗോദാവരിയില്‍ നിന്നുള്ള സംഘവും ഇവര്‍ക്കൊപ്പമെത്തി. കോയമ്പത്തൂര്‍, മധുര, മംഗളൂരൂ എന്നിവിടങ്ങളില്‍നിന്നുള്ള നൂറുകണക്കിനുപേര്‍ ഉദ്ഘാടന സമ്മേളനം വീക്ഷിച്ചു. സേലത്തുനിന്ന് ജയപ്രകാശും സംഘവും നേരത്തെ നഗരത്തിലെത്തി. അരിവാള്‍ ചുറ്റികയുടെ കൊച്ചുരൂപങ്ങള്‍, ചെഗുവേരയുടെയും ഫിദല്‍ കാസ്ട്രോയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത കര്‍ചീഫുകള്‍ എന്നിവയുമായാണ് ജയപ്രകാശിന്റെ വരവ്. വിജയവാഡയിലെ ആറാം കോണ്‍ഗ്രസ് മുതല്‍ ഓരോ പാര്‍ടി കോണ്‍ഗ്രസിലും ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്.

കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരും അനുഭാവികളും കോഴിക്കോട്ടേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സമാപന ദിവസമായ ഒമ്പതുവരെ ഇവര്‍ നഗരത്തിലുണ്ടാകും. നഗരത്തില്‍ സ്ഥാപിച്ച വലിയ സ്ക്രീനുകളില്‍ ആയിരങ്ങള്‍ ഉദ്ഘാടന ചടങ്ങ് വീക്ഷിച്ചു. കച്ചവടക്കാര്‍, ജീവനക്കാര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ ജോലിയൊഴിവാക്കി സമ്മേളനം കണ്ടു. മിഠായിത്തെരുവ്, വലിയങ്ങാടി, പാളയം, പുതിയ ബസ്സ്റ്റാന്‍ഡ്എന്നിവിടങ്ങളില്‍ നഗരത്തിന്റെ പതിവു തിരക്കുകള്‍ പകല്‍ പതിനൊന്നോടെ നിലച്ചു. ഉദ്ഘാടനസമ്മേളനത്തിനു ശേഷമാണ് ബഹുഭൂരിഭാഗവും പതിവു ജോലികളിലേക്ക് നീങ്ങിയത്. പാര്‍ടികോണ്‍ഗ്രസിന് കോഴിക്കോട് നഗരം ചുവന്നു തുടുത്തു. എങ്ങും തോരണങ്ങളും തൊഴിലാളിവര്‍ഗ മുന്നേറ്റത്തിന്റെ രണസ്മരണകള്‍ തുടിക്കുന്ന പ്രതിമകളും സ്തൂപങ്ങളും. നഗരത്തിലെത്തുന്നവരുടെ കാഴ്ചയില്‍ ആദ്യമെത്തുക ചുവപ്പിന്റെ ഈ തുടിപ്പുകളാണ്.
(എ സുനീഷ്)

ഓര്‍മകളും പ്രണയവും നിറച്ച് ഗസല്‍ സന്ധ്യ...

കോഴിക്കോട്: ഓര്‍മകളും പ്രണയവും ഗസലുകളിലൂടെ നിറച്ച് ഉമ്പായിയുടെ ഗസല്‍ സന്ധ്യ. "വീണ്ടും പാടാന്‍ സഖീ നിനക്കായ്", ഗുലാം അലിയുടെ "ചുപ്കേ ചുപ്കേ രാത് ദിന്‍", ജഗ്ജിത് സിങ്ങിന്റെ "ഹോട്ടോം സേ ഛൂലോം തും" തുടങ്ങിയ ഗാനങ്ങള്‍ മുതലക്കുളം മൈതാനിയിലെ സംഗീത പ്രേമികള്‍ ഒന്നടങ്കം മനസ്സില്‍ ചേര്‍ത്തു. പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി മുതലക്കുളം മൈതാനിയില്‍ സംഘടിപ്പിച്ച ഗസല്‍ സന്ധ്യയിലാണ് ഉമ്പായിയുടെ പാട്ടുകള്‍ അരങ്ങേറിയത്.

എറണാകുളത്ത് നടന്ന പാര്‍ടി കോണ്‍ഗ്രസില്‍ വളണ്ടിയറായി എത്തിയതിന്റെ ഓര്‍മകളെക്കുറിച്ച് പരാമര്‍ശിച്ചാണ് ഗസല്‍ ആരംഭിച്ചത്. പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചപ്പോള്‍ നിറഞ്ഞ കരഘോഷം. തന്റെ അച്ഛനെ ഇ എം എസ് അബൂക്ക എന്നാണ് ആളുകള്‍ വിളിച്ചിരുന്നതെന്നും ഇ എം എസിന്റെ പ്രസംഗം രാജേന്ദ്ര മൈതാനിയില്‍ നടക്കുമ്പോള്‍ അഞ്ചു രൂപ നല്‍കി അച്ഛന്‍ പ്രസംഗം കേള്‍ക്കാന്‍ വിട്ടതും ഉമ്പായി പാട്ടുകള്‍ക്കിടയില്‍ പരമാര്‍ശിച്ചു. തബലയില്‍ റോഷനും ഹാര്‍മോണിയവുമായി രാധാകൃഷ്ണനും മാന്റലിനുമായി ബേണിയും ഗിത്താറുമായി സമീറും വയലിനുമായി ഹെറാള്‍ഡും അണിയറയില്‍ പ്രവര്‍ത്തിച്ചു.

നീ തെരുവിന്റെ തീക്കനല്‍" അരങ്ങേറി

കോഴിക്കോട്: മര്‍ദ്ദിതര്‍ക്ക് ഒപ്പം നിന്ന് അനീതിക്കെതിരെ പൊരുതി തെരുവില്‍ മരിച്ചു വീണ വിഖ്യാത നാടകപ്രവര്‍ത്തകന്‍ സഫ്ദര്‍ ഹാശ്മിയുടെ ജീവിതത്തിന്റെ രംഗഭാഷ്യം "നീ തെരുവിന്റെ തീക്കനല്‍" ടൗണ്‍ഹാളില്‍ അവതരിപ്പിച്ചു. പാര്‍ടി കോണ്‍ഗ്രസിന്റെ അനുബന്ധമായ നാടകോത്സവത്തില്‍ ഡല്‍ഹിയിലെ നാടക കലാകാരന്മാരുടെ സംഘടനയായ ജനസംസ്കൃതിയാണ് നാടകം അവതരിപ്പിച്ചത്. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് അവതരണം ഉദ്ഘാടനം ചെയ്തു.

തെരുവു വിളക്കിന്റെ പ്രകാശത്തില്‍ നടക്കുന്ന കാഴ്ചകളായാണ് നാടകം ചിട്ടപ്പെടുത്തിയത്. സഹോദരി, സഹപ്രവര്‍ത്തകനായ കോളേജ് അധ്യാപകന്‍, ശിഷ്യന്‍ എന്നിവര്‍ ഹാശ്മിയെ ഓര്‍ക്കുന്നു.ഹാശ്മിയുടെ ഭാര്യ മാലശ്രീ, നാടകപ്രവര്‍ത്തകന്‍ ഗൗതമന്‍, ഭാര്യ സാഹിറ എന്നിവര്‍ അരങ്ങിലെത്തുന്നു. ഹാശ്മിയായി എ കാര്‍ത്തിക്, മാലശ്രീയായി എസ് ഹിമ, സാഹിറയായി എ ജി കവിത, ഗൗതമനായി ജനസംസ്കൃതി ജനറല്‍ സെക്രട്ടറി എം വി സന്തോഷ് എന്നിവര്‍ വേഷമിട്ടു. ഇരുപത്തെട്ടു പേര്‍ ചേര്‍ന്നാണ് നാടകം അവതരിപ്പിച്ചത്. ഒന്നേമുക്കാല്‍ മണിക്കൂറാണ് ദൈര്‍ഘ്യം. രചന: സുരേഷ്ബാബു ശ്രീസ്ഥ. സംവിധാനം സാംകുട്ടി പട്ടാംകരി.

"പടയിരമ്പം" പ്രകാശനം ചെയ്തു

കോഴിക്കോട്: പാര്‍ടികോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള പുസ്തകോത്സവത്തില്‍ സമതയുടെ "പടയിരമ്പം" പടപ്പാട്ടു സമാഹാര പുസ്തകം ഗായിക മച്ചാട്ട് വാസന്തി പ്രകാശനം ചെയ്തു. ഗായകന്‍ വിടി മുരളി ഏറ്റുവാങ്ങി. സാര്‍വദേശീയ ഗാനങ്ങളുള്‍പ്പെടെ ജി ദേവരാജന്‍, എം എസ് ബാബുരാജ് തുടങ്ങി സംഗീതരംഗത്തെ പ്രതിഭാധനരുടെ ജീവിതരേഖയും പുസ്തകത്തിലുണ്ട്. പരിപാടിയോടനുബന്ധിച്ച് "കോഴിക്കോടിന്റെ സംഗീതം" വിഷയത്തില്‍ ചര്‍ച്ച നടന്നു. ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും മാപ്പിളപ്പാട്ടിന്റെയും ജനകീയതയാണ് കോഴിക്കോട്ടെ സംഗീതത്തിന്റെ പ്രത്യേകതയെന്ന് വി ടി മുരളി പറഞ്ഞു. വിന്‍സന്റ് സാമുവല്‍ അധ്യക്ഷനായി. ഷിബു മുഹമ്മദ്, ടി എം ഉഷാകുമാരി, വേണു അമ്പലപ്പടി എന്നിവര്‍ സംസാരിച്ചു.

deshabhimani 050412

1 comment:

  1. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പഴയകാല നേതാക്കളുടെ മക്കളുടെയും ബഹുജനങ്ങളുടെയും സാന്നിധ്യം. പാവങ്ങളുടെ പടത്തലവന്‍ എ കെ ജിയുടെ മകള്‍ ലൈല, ഇ എം എസിന്റെ മകള്‍ ഇ എം രാധ എന്നിവര്‍ പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെത്തി. പ്രശസ്ത ചരിത്രകാരന്‍ ഡോ. കെ കെ എന്‍ കുറുപ്പ്, ഡോ. കെ ടി ജലീല്‍ എംഎല്‍എ, എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി എ ഫസല്‍ ഗഫൂര്‍ എന്നിവരുടെ സാന്നിധ്യവും ഉദ്ഘാടനച്ചടങ്ങിലുണ്ടായി.

    ReplyDelete