Tuesday, April 10, 2012

വിനീഷിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി


ആര്‍എസ്എസ് ക്രിമിനലുകള്‍ നിഷ്ഠുരമായി കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ശ്രീകൃഷ്ണപുരം വട്ടപ്പറമ്പില്‍ വിനീഷി(24)ന് ആയിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. തിങ്കളാഴ്ച വൈകിട്ട് ശ്രീകൃഷ്ണപുരം വട്ടപ്പറമ്പില്‍ വീട്ടുവളപ്പിലാണ് സംസ്കാരം നടന്നത്. ഞായറാഴ്ച പകല്‍ 2.15ന് പൂക്കോട്ടുകാവിലാണ് വിനീഷിനെ ബൈക്കിലെത്തിയ ആര്‍എസ്എസ് സംഘം മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയത്. ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച പകല്‍ ഒന്നിന് സിപിഐ എം- ഡിവൈഎഫ്ഐ നേതാക്കള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ബൈക്കുകളുള്‍പ്പെടെ ആയിരക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി മൃതദേഹം പൂക്കോട്ടുകാവില്‍ കൊണ്ടുവന്നു. നിരവധികേന്ദ്രങ്ങളില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആയിരക്കണക്കിനാളുകള്‍ കാത്തുനിന്നു. ഇന്നലെവരെ ഒപ്പം പ്രവര്‍ത്തിച്ച സുഹൃത്തിന്റെ ചേതനയറ്റ ശരീരം കണ്ട് കൂട്ടുകാര്‍ പൊട്ടിക്കരഞ്ഞു.

സിപിഐ എം പൂക്കോട്ടുകാവ് ലോക്കല്‍കമ്മിറ്റി ഓഫീസായ കൃഷ്ണപിള്ള സ്മാരകത്തില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ആയിരങ്ങള്‍ കാത്തുനിന്നു. അവിടെനിന്നും വിലാപയാത്രയായി മൃതദേഹം വീട്ടിലെത്തിച്ചു. സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ വിതുമ്പലടക്കിനിന്നു. വിനീഷിന്റെ അനുജന്‍ വിനീത് മൃതദേഹം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ എല്ലാവരും വിഷമിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ടി എന്‍ കണ്ടമുത്തന്‍, പി മമ്മിക്കുട്ടി, എം ഹംസ, പി കെ സുധാകരന്‍, ടി കെ നാരായണദാസ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എസ് സുഭാഷ്ചന്ദ്രബോസ്, പ്രസിഡന്റ് കെ ജയദേവന്‍, എം ബി രാജേഷ് എംപി തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. കോഴിക്കോട്ട് പാര്‍ടികോണ്‍ഗ്രസില്‍ പങ്കെടുത്ത നേതാക്കള്‍ കൊലപാതക വിവരമറിഞ്ഞ് സമ്മേളനം തീരുംമുമ്പേ പൂക്കോട്ടുകാവിലേക്ക് തിരിക്കുകയായിരുന്നു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഐ എം തിങ്കളാഴ്ച ഒറ്റപ്പാലം താലൂക്കില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. തിങ്കളാഴ്ച ഗള്‍ഫില്‍പോകാനിരുന്ന വിനീഷ്, ചെര്‍പ്പുളശേരിയില്‍നിന്ന് വസ്ത്രങ്ങള്‍ വാങ്ങി സുഹൃത്ത് ശ്രീകാന്തിനൊപ്പം ബൈക്കില്‍ വരുമ്പോഴാണ് മറ്റൊരു ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ആര്‍എസ്എസ് നരാധമന്മാര്‍ ബൈക്ക് ഇടിച്ചുവീഴ്ത്തി വെട്ടിക്കൊന്നത്. വിനീഷിന്റെ ഇരുകൈയും വെട്ടിമാറ്റി. ശരീരത്ത് ആഴത്തിലുള്ള ഇരുപതോളം മുറിവുകളുണ്ടായി. രക്തംവാര്‍ന്ന് റോഡില്‍ പിടഞ്ഞുകിടന്ന വിനീഷിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ ശ്രീകാന്തിന്റെ നിലയും ഗുരുതരമാണ്.

കവര്‍ന്നെടുത്തത് നാടിന്റെ സ്നേഹഭാജനം

ആര്‍എസ്എസ് ക്രിമിനലുകള്‍ നിഷ്ഠുരമായി വെട്ടി കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ വിനീഷിന് യാത്രാമൊഴിയേകാന്‍ ശ്രീകൃഷ്ണപുരമാകെ പൂക്കോട്ടുകാവിലേക്ക് ഒഴുകിയെത്തി. നാടിന്റെ സ്നേഹാദരം ഏറ്റുവാങ്ങി ഏവര്‍ക്കും പ്രിയസഖാവായ വിനീഷിന്റെ അന്ത്യയാത്ര പൂക്കോട്ടുകാവിനെ കണ്ണീരിലാഴ്ത്തി. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം വിലാപയാത്രയായാണ് ജന്മനാടായ പൂക്കോട്ടുകാവിലേക്കു കൊണ്ടുവന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് തിങ്കളാഴ്ച പകല്‍ ഒന്നിന് നേതാക്കള്‍ മൃതദേഹം ഏറ്റുവാങ്ങി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി എന്‍ കണ്ടമുത്തന്‍, പി മമ്മിക്കുട്ടി, എം ഹംസ, ജില്ലാകമ്മിറ്റിയംഗങ്ങളായ എസ് അജയകുമാര്‍, കെ സുരേഷ്, ഡിവൈഎഫ്ഐ നേതാക്കളായ എസ് സുഭാഷ് ചന്ദ്രബോസ്, കെ ജയദേവന്‍, എം എ അരുണ്‍കുമാര്‍, നിധിന്‍ കണിച്ചേരി, ഇ വിനോദ്കുമാര്‍, കെ പി സുധീര്‍, അഡ്വ. പ്രേമന്‍, എം സിജു എന്നിവര്‍ ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. തുടര്‍ന്ന് വിലാപയാത്രയായി പൂക്കോട്ടുകാവ് ലോക്കല്‍കമ്മിറ്റി ഓഫീസിലെത്തിച്ചു. ചെറുതുരുത്തി പാലം മുതല്‍ പൂക്കോട്ടുകാവ്വരെ മൃതദേഹം കാണാന്‍ ആയിരങ്ങള്‍ ഓരോ സ്ഥലത്തും കാത്തുനിന്നു. ഷൊര്‍ണൂര്‍, കുളപ്പുള്ളി, വാണിയംകുളം, ഒറ്റപ്പാലം, അമ്പലപ്പാറ, ആറാണി, കൂനത്തറ, മനിശീരി, ഒറ്റപ്പാലം ഈസ്റ്റ്, മുരിക്കുമ്പറ്റ പ്രദേശങ്ങളില്‍ സിപിഐ എം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കാത്തുനിന്നു. പൂക്കോട്ടുകാവ് ലോക്കല്‍കമ്മിറ്റി ഓഫീസായ കൃഷ്ണപ്പിള്ള സ്മാരകത്തില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ ആയിരക്കണക്കിനാളുകള്‍ എത്തിയപ്പോള്‍ നിയന്ത്രിക്കാനാകാതെ പാര്‍ടി പ്രവര്‍ത്തകര്‍ കുഴങ്ങി. സിപിഐ എം ഏരിയ സെക്രട്ടറി വി ഗംഗാധരന്‍, ജില്ലാകമ്മിറ്റിയംഗങ്ങളായ കെ എസ് സലീഖ, എന്‍ ഉണ്ണിക്കൃഷ്ണന്‍, എന്‍ പി വിനയകുമാര്‍, കെ ബി സുഭാഷ്, പി എ ഉമ്മര്‍, ഡിവൈഎഫ്ഐ നേതാക്കള്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

വട്ടപ്പറമ്പിലെ വീട്ടുവളപ്പില്‍ സംസ്കാരച്ചടങ്ങിനുശേഷം പൂക്കോട്ടുകാവില്‍ ചേര്‍ന്ന അനുശോചനയോഗത്തില്‍ ഏരിയ സെക്രട്ടറി വി ഗംഗാധരന്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രന്‍, ടി എന്‍ കണ്ടമുത്തന്‍, എം ബി രാജേഷ് എംപി, എം ഹംസ എംഎല്‍എ, കെ എസ് സലീഖ എംഎല്‍എ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എസ് സുഭാഷ് ചന്ദ്രബോസ്, പ്രസിഡന്റ് കെ ജയദേവന്‍, അച്യുതന്‍നായര്‍, സി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കൊലപാതകക്കേസിലെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ലെന്ന് അന്വേഷണച്ചുമതലയുള്ള ചെര്‍പ്പുളശേരി സി ഐ ശശികുമാര്‍ പറഞ്ഞു.

അലമുറയിട്ട് കരഞ്ഞ് ശ്രീകാന്ത്

ചലമറ്റ വിനീഷിനെ കണ്ട് ശ്രീകാന്ത് അലമുറയിട്ട് കരഞ്ഞു. ആശുപത്രിമുറിയിലെ ആകാഴ്ച കണ്ടുനിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി. പലരും സ്വയം നിയന്ത്രിക്കാന്‍ ഏറെ വിഷമിച്ചു. ഞായറാഴ്ച ചെര്‍പ്പുളശേരി ടൗണില്‍നിന്ന് ബൈക്കില്‍ മടങ്ങിവരികയായിരുന്ന വിനീഷിനെയും ശ്രീകാന്തിനേയും മറ്റൊരു ബൈക്കില്‍ പിന്തുടര്‍ന്നെത്തി ആര്‍എസ്എസ് ക്രിമിനലുകള്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ വിനീഷിനൊടൊപ്പം സഹയാത്രികനായിരുന്നു സുഹൃത്തായ ശ്രീകാന്ത്.

വിനീഷ് മരണപ്പെട്ട വിവരമറിയാതെയാണ് ചികിത്സയില്‍ക്കഴിഞ്ഞ മുകളിലെ മുറിയില്‍നിന്നും കൂട്ടുകാരനെ കാണാന്‍ വാശി പിടിച്ച് ശ്രീകാന്ത് എത്തിയത്. ഇന്‍ക്വസ്റ്റിന് കിടത്തിയ വിനീഷിന്റെ മൃതദേഹം കണ്ടതോടെ ഒരുനിമിഷം തരിച്ചുനിന്നു. ശ്രീകാന്തിന്റെ സംശയനിറഞ്ഞ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ കൂടിനിന്ന പാര്‍ടിനേതാക്കളടക്കമുള്ളവര്‍ വീര്‍പ്പുമുട്ടി. പിന്നെ പൊട്ടിക്കരഞ്ഞു. രാവിലെ 7.30ന് ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയില്‍ ആരംഭിച്ച ഇന്‍ക്വസ്റ്റ്നടപടി രണ്ടരമണിക്കൂറിലേറെ നീണ്ടു. ഒറ്റപ്പാലം സി ഐ വിജയകുമാര്‍ നേതൃത്വം നല്‍കി.

അമര്‍ഷം കടിച്ചമര്‍ത്തി പൂക്കോട്ടുകാവ്

രാഷ്ട്രീയകൊലപാതകമെന്നത് കേട്ടുമാത്രം പരിചയമുള്ള പൂക്കോട്ടുകാവും ശ്രീകൃഷ്ണപുരവും ഞായറാഴ്ച ആ വാര്‍ത്ത കേട്ട് ഞെട്ടി. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ പോലും അവര്‍ക്ക് മണിക്കൂറുകള്‍ വേണ്ടിവന്നു. സ്നേഹവും സമാധാനവും മാത്രം കൈമുതലായുള്ള ഈ ഗ്രാമീണജനത ഒരിക്കലും അക്രമത്തിന് മുതിരില്ല. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അക്രമവും അരാജകത്വവും ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല.

എന്നാല്‍, കഴിഞ്ഞ ഏതാനും ആഴ്ചകളായി വര്‍ഗീയവാദികള്‍ ഇവിടെ സിപിഐ എമ്മിനെതിരെ ബോധപൂര്‍വം കുഴപ്പം സൃഷ്ടിക്കുകയായിരുന്നു. സിഐടിയു ഓഫീസുകള്‍ കത്തിച്ചും സംഘര്‍ഷത്തിന് മുതിര്‍ന്നും നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചു. നാടിന്റെ സമാധാനം തകര്‍ക്കുന്ന നീക്കങ്ങളെ അനുവദിക്കില്ലെന്ന് വിനീഷിന്റെ നേതൃത്വത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നിലപാടെടുത്തിരുന്നു. ഇതാണ് വിനീഷിനെ വര്‍ഗീയശക്തികളുടെ കണ്ണിലെ കരടാക്കിയത്. എന്നാല്‍, ആ ഉശിരന്‍സഖാവിനെ എന്നെന്നേക്കുമായി അവരില്‍നിന്ന് അകറ്റുമെന്ന് നാട്ടുകാര്‍ ഒരിക്കലും കരുതിയില്ല.

അരുംകൊലയുടെ നടുക്കത്തില്‍നിന്ന് ഇനിയും മോചനമാകാതെ അന്ധാളിച്ചുനില്‍ക്കുകയാണ് പൂക്കോട്ടുകാവ്. പുതുവസ്ത്രങ്ങളും ചെരിപ്പും വാങ്ങിയതിന്റെ ഒഴിഞ്ഞപെട്ടികള്‍ വിനിഷിന്റെ വീട്ടുമുറ്റത്ത് കണ്ടപ്പോള്‍ നാട്ടുകാരുടേയും കുട്ടുകാരുടേയും കണ്ണ്നിറഞ്ഞു. തിങ്കളാഴ്ച ഗള്‍ഫിലെത്തേണ്ട സുഹൃത്ത് ഒരിക്കലും തിരിച്ചുവരാതെ യാത്രയായത് നാടിന്റെ ദുഖത്തിന് ആഴം വര്‍ധിപ്പിച്ചു.

ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധം

പാലക്കാട് ശ്രീകൃഷ്ണപുരം പൂക്കോട്ട്കാവ് ഡിവൈഎഫ്ഐ മുന്‍ വില്ലേജ് കമ്മിറ്റി അംഗത്തെ ആര്‍എസ്എസ് ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയതില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. കൊലയാളികളെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സംഘടനാപ്രവര്‍ത്തകരെ ആയുധംകൊണ്ട് നേരിടുന്ന സാമൂഹ്യവിരുദ്ധരെ ഒറ്റപ്പെടുത്താന്‍ മുഴുവനാളുകളും തയ്യാറാകണം. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം നിര്‍ത്തിയില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ശക്തമായി പ്രതിരോധിക്കുമെന്ന് സെക്രട്ടറിയറ്റ് പത്രക്കുറിപ്പില്‍ പറഞ്ഞു.

deshabhimani 100412

1 comment:

  1. ആര്‍എസ്എസ് ക്രിമിനലുകള്‍ നിഷ്ഠുരമായി കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ശ്രീകൃഷ്ണപുരം വട്ടപ്പറമ്പില്‍ വിനീഷി(24)ന് ആയിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. തിങ്കളാഴ്ച വൈകിട്ട് ശ്രീകൃഷ്ണപുരം വട്ടപ്പറമ്പില്‍ വീട്ടുവളപ്പിലാണ് സംസ്കാരം നടന്നത്. ഞായറാഴ്ച പകല്‍ 2.15ന് പൂക്കോട്ടുകാവിലാണ് വിനീഷിനെ ബൈക്കിലെത്തിയ ആര്‍എസ്എസ് സംഘം മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയത്. ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച പകല്‍ ഒന്നിന് സിപിഐ എം- ഡിവൈഎഫ്ഐ നേതാക്കള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ബൈക്കുകളുള്‍പ്പെടെ ആയിരക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി മൃതദേഹം പൂക്കോട്ടുകാവില്‍ കൊണ്ടുവന്നു. നിരവധികേന്ദ്രങ്ങളില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആയിരക്കണക്കിനാളുകള്‍ കാത്തുനിന്നു. ഇന്നലെവരെ ഒപ്പം പ്രവര്‍ത്തിച്ച സുഹൃത്തിന്റെ ചേതനയറ്റ ശരീരം കണ്ട് കൂട്ടുകാര്‍ പൊട്ടിക്കരഞ്ഞു.

    ReplyDelete