Thursday, April 5, 2012
അഞ്ചാംമന്ത്രി ശൂന്യതയിലാകും
മുസ്ലിംലീഗിന്റെ അഞ്ചാംമന്ത്രി, അനൂപ് ജേക്കബ്ബിന്റെ സത്യപ്രതിജ്ഞ എന്നിവ സംബന്ധിച്ച ചര്‍ച്ചയ്ക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഡല്‍ഹിയിലെത്തി. മുഖ്യമന്ത്രി തിരുവനന്തപുരത്തു നിന്നും ചെന്നിത്തല നെടുമ്പാശേരി വഴിയുമാണ് ഡല്‍ഹിക്ക് തിരിച്ചത്. ഹൈക്കമാന്‍ഡുമായി "ചര്‍ച്ച" പൂര്‍ത്തിയാക്കി ഇരുവരും വ്യാഴാഴ്ച മടങ്ങും. അഞ്ചാംമന്ത്രി പ്രശ്നത്തില്‍ ഹൈക്കമാന്‍ഡില്‍ ചാരി തലയൂരുകയാണ് ഇരുവരുടെയും തന്ത്രം. പിറവത്തെ തെരഞ്ഞെടുപ്പു വിജയം ചൂണ്ടിക്കാട്ടി അനൂപിനെ മന്ത്രിയാക്കാന്‍ അനുമതി വാങ്ങും. അഞ്ചാംമന്ത്രി പദത്തില്‍ മനക്കോട്ട കെട്ടിയ ലീഗിന് കെപിസിസി നേതൃയോഗത്തിലെ എതിര്‍പ്പ് മുറിവില്‍ മുളകുതേച്ച അനുഭവമായിരിക്കുകയാണ്. അനൂപിന്റെയും അഞ്ചാംമന്ത്രിയുടെയും സത്യപ്രതിജ്ഞ ഒരുമിച്ചുനടക്കാനുള്ള സാധ്യതയില്ലെന്ന് മന്ത്രിസഭാ യോഗത്തിനിടെ മുഖ്യമന്ത്രി ലീഗ് മന്ത്രിമാരെ ധരിപ്പിച്ചതായാണ് സൂചന. തന്നെ സന്ദര്‍ശിച്ച മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയോടും കെപിസിസി നേതൃയോഗത്തിലെ ചര്‍ച്ചയുടെ വിശദാംശവും മുഖ്യമന്ത്രി ധരിപ്പിച്ചു. ലീഗ് അണികളുടെ കണ്ണില്‍പ്പൊടിയിടാനുള്ള തന്ത്രങ്ങളാണ് പിന്നീട് ഇരുവരും മെനഞ്ഞത്. മന്ത്രിസഭായോഗ തീരുമാനം വിശദീകരിച്ച വാര്‍ത്താസമ്മേളനത്തിലും അഞ്ചാംമന്ത്രിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. അഞ്ചാംമന്ത്രി ഉണ്ടാകുമെന്നോ ഇല്ലെന്നോ പറയാന്‍ കൂട്ടാക്കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. അഞ്ചാംമന്ത്രിയെ ഓര്‍ത്ത് ആരും മനസ്സ് വിഷമിക്കരുതെന്നു പറഞ്ഞ മുഖ്യമന്ത്രി ലീഗുകാരെയാണ് മനസ്സില്‍കണ്ടത്. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കുമെന്ന ശുഭാപ്തിവിശ്വാസമാണ് തനിക്കുള്ളതെന്നും പറഞ്ഞു.
ഈസ്റ്റര്‍ കഴിഞ്ഞാലുടന്‍ അനൂപിനെ സത്യപ്രതിജ്ഞ ചെയ്യിക്കാനാണ് ധാരണ. സത്യപ്രതിജ്ഞ ഒമ്പതിനോ പതിനൊന്നിനോ നടന്നേക്കും. ഏതു വകുപ്പ് നല്‍കണമെന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. ഇക്കാര്യം മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. അതിനിടെ, അഞ്ചാംമന്ത്രി പ്രശ്നത്തില്‍ മുസ്ലിംലീഗ് പുകയുകയാണ്. മഞ്ഞളാംകുഴി അലിയെ എന്തുവന്നാലും മന്ത്രിയാക്കണമെന്ന വാശിയിലാണ് ഒരുവിഭാഗം. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിനെ പിന്‍വലിച്ച് അലിയെ പകരക്കാരനാക്കാനാണ് ഇവരുടെ നീക്കം. എന്നാല്‍, അലിക്ക് മറ്റെന്തെങ്കിലും പദവി തരപ്പെടുത്തി പ്രശ്നം തീര്‍ക്കണമെന്നാണ് മറുപക്ഷത്തിന്റെ നിലപാട്. അഞ്ചാംമന്ത്രിയെ ഒഴിവാക്കി അനൂപിന്റെ സത്യപ്രതിജ്ഞ തീരുമാനിച്ചാല്‍ ലീഗില്‍ സ്ഥിതി കൂടുതല്‍ വഷളാകും. അഞ്ചാംമന്ത്രി കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ കോര്‍ട്ടില്‍ പന്ത് തട്ടിയിട്ട് തല്‍ക്കാലം തടിരക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ശ്രമം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ വ്യാഴാഴ്ച രാവിലെ പത്തിന് സന്ദര്‍ശിക്കാന്‍ ഇരുവര്‍ക്കും അനുമതി കിട്ടിയിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള ജനാര്‍ദനന്‍ മിസ്ത്രി, എ കെ ആന്റണി എന്നിവരുമായും ചര്‍ച്ച നടക്കും. വ്യാഴാഴ്ച തന്നെ തിരിച്ചെത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അതിനകം ഹൈക്കമാന്‍ഡുമായി എന്തു ചര്‍ച്ചയെന്നാണ് കോണ്‍ഗ്രസിലും ലീഗിലും ഉയര്‍ന്നിട്ടുള്ള മുറുമുറുപ്പ്.
(കെ ശ്രീകണ്ഠന്‍)
deshabhimani 050412
Subscribe to:
Post Comments (Atom)
അഞ്ചാംമന്ത്രി പദത്തില്‍ മനക്കോട്ട കെട്ടിയ ലീഗിന് കെപിസിസി നേതൃയോഗത്തിലെ എതിര്‍പ്പ് മുറിവില്‍ മുളകുതേച്ച അനുഭവമായിരിക്കുകയാണ്. അനൂപിന്റെയും അഞ്ചാംമന്ത്രിയുടെയും സത്യപ്രതിജ്ഞ ഒരുമിച്ചുനടക്കാനുള്ള സാധ്യതയില്ലെന്ന് മന്ത്രിസഭാ യോഗത്തിനിടെ മുഖ്യമന്ത്രി ലീഗ് മന്ത്രിമാരെ ധരിപ്പിച്ചതായാണ് സൂചന. തന്നെ സന്ദര്‍ശിച്ച മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയോടും കെപിസിസി നേതൃയോഗത്തിലെ ചര്‍ച്ചയുടെ വിശദാംശവും മുഖ്യമന്ത്രി ധരിപ്പിച്ചു. ലീഗ് അണികളുടെ കണ്ണില്‍പ്പൊടിയിടാനുള്ള തന്ത്രങ്ങളാണ് പിന്നീട് ഇരുവരും മെനഞ്ഞത്. മന്ത്രിസഭായോഗ തീരുമാനം വിശദീകരിച്ച വാര്‍ത്താസമ്മേളനത്തിലും അഞ്ചാംമന്ത്രിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. അഞ്ചാംമന്ത്രി ഉണ്ടാകുമെന്നോ ഇല്ലെന്നോ പറയാന്‍ കൂട്ടാക്കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. അഞ്ചാംമന്ത്രിയെ ഓര്‍ത്ത് ആരും മനസ്സ് വിഷമിക്കരുതെന്നു പറഞ്ഞ മുഖ്യമന്ത്രി ലീഗുകാരെയാണ് മനസ്സില്‍കണ്ടത്.
ReplyDelete