Friday, May 25, 2012

മോഡിയുടെ വിമര്‍ശകനായ ജോഷി രാജിവച്ചു


പാര്‍ടിക്കുള്ളില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ബദ്ധശത്രുവായ ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം സഞ്ജയ് ജോഷിക്ക് സ്ഥാനം നഷ്ടമായി. പാര്‍ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ വലംകൈയായ ജോഷി, മുംബൈയില്‍ രണ്ടുദിവസത്തെ ദേശീയ എക്സിക്യൂട്ടീവ് യോഗം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് സ്ഥാനം രാജിവയ്ക്കുകയായിരുന്നു. ജോഷിയുടെ രാജി ഉറപ്പാക്കിയശേഷമാണ് മോഡി എക്സിക്യൂട്ടീവില്‍ പങ്കെടുക്കാനെത്തിയത്. അതേസമയം, പ്രസിഡന്റ് സ്ഥാനത്ത് ഗഡ്കരിക്ക് രണ്ടാമൂഴം നല്‍കാന്‍ എക്സിക്യൂട്ടീവില്‍ തീരുമാനമായി.

പാര്‍ടിയുടെ വിശാലതാല്‍പ്പര്യം മുന്‍നിര്‍ത്തി, ദേശീയ എക്സിക്യൂട്ടീവിലെ സ്ഥിരംക്ഷണിതാവെന്ന സ്ഥാനത്തുനിന്ന് ജോഷി രാജിവച്ചെന്ന് പാര്‍ടി വക്താവ് സമ്മേളനം ആരംഭിക്കുന്നതിനുമുമ്പ് നാടകീയമായി പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഉച്ചയ്ക്കുശേഷം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മോഡി മുംബൈയില്‍ എത്തിയത്. തന്റെ കടുത്ത വിമര്‍ശകനായ ജോഷിയെ ഗഡ്കരി പാര്‍ടിയുടെ ഉന്നതപദവിയിലേക്ക് തിരിച്ചുകൊണ്ടുവന്നതും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ചുമതല നല്‍കിയതും മോഡിയെ അസ്വസ്ഥനാക്കിയിരുന്നു. ലൈംഗികവിവാദത്തില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന്് ജോഷിയെ 2005ല്‍ പാര്‍ടി ജനറല്‍ സെക്രട്ടറിസ്ഥാനത്തുനിന്ന് ഒഴിവാക്കിയിരുന്നു. ജോഷി നേതൃത്വം നല്‍കിയ ഉത്തരപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് മോഡി വിട്ടുനിന്നിരുന്നു.

deshabhimani 250512

No comments:

Post a Comment