Tuesday, May 1, 2012

യുഡിഎഫ് സാമുദായിക ഭിന്നിപ്പുണ്ടാക്കി: പിണറായി


പാലക്കാട്: കേരളത്തെ സാമുദായികമായി ഭിന്നിപ്പിക്കുന്ന നടപടികളാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അഞ്ചാംമന്ത്രി പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രവൃത്തികള്‍ സാമുദായിക ഭിന്നിപ്പിനും കേരളത്തിന്റെ മതനിരപേക്ഷതക്കും കോട്ടം വരുത്തി. പാലക്കാട് ജില്ലയിലെ ദേശാഭിമാനി ലിസ്റ്റും വരിസംഖ്യയും ഏറ്റുവാങ്ങി "യുഡിഎഫ് സര്‍ക്കാരും മതനിരപേക്ഷ കേരളവും" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു പിണറായി.

മുസ്ലിംലീഗിന് അഞ്ചാം മന്ത്രിസ്ഥാനം ലഭിച്ചതുകൊണ്ട് പാവപ്പെട്ട മുസ്ലീങ്ങള്‍ക്ക് എന്താണ് നേട്ടം. സമുദായത്തിലെ പാവപ്പെട്ടവരെയല്ല, സമ്പന്നരെയാണ് ലീഗ് പ്രതിനിധീകരിക്കുന്നത്. ജാതിപറഞ്ഞ് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടതുകൊണ്ടാണ് പ്രശ്നമായത്. ഇത്തരം രീതി രാഷ്ട്രീയത്തിലോ മുന്നണി സംവിധാനത്തിലോ കണ്ടിട്ടില്ല. കത്തി ചൂണ്ടി മന്ത്രിസ്ഥാനം വാങ്ങിയെന്നാണ് കോണ്‍ഗ്രസുകാര്‍തന്നെ പറയുന്നത്. ലീഗിന് ഏഴ് മന്ത്രിസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് ചിലര്‍ പറയുന്നത്. ഇത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടാക്കിയിട്ടുണ്ട്. മന്ത്രിമാരെ സാമുദായിക അടിസ്ഥാനത്തില്‍ വിഭജിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2001-06 കാലഘട്ടത്തില്‍ വര്‍ഗീയകലാപത്തില്‍ 18 പേരാണ് കൊല്ലപ്പെട്ടത്. വര്‍ഗീയശക്തികളെ പ്രീണിപ്പിച്ചതിന്റെ ഫലമാണിത്. ഇതിനെതിരെ മതനിരപേക്ഷശക്തികള്‍ ജാഗ്രത പുലര്‍ത്തണം.

കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിരുന്നില്ല. മന്ത്രിമാര്‍ അനിശ്ചിതാവസ്ഥയിലായിരുന്നു. സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാത്തതുകൊണ്ട് ലോഡ് ഷെഡിങ് ഉണ്ടായി. ജനകീയ പ്രക്ഷോഭംമൂലം സര്‍ക്കാരിന് തുടരാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരായ പ്രക്ഷോഭം എല്‍ഡിഎഫ് ശക്തിപ്പെടുത്തും. പാര്‍ലമെന്ററി ഉപജാപത്തിന് മുതിരില്ല. എന്നാല്‍, യുഡിഎഫ് തെറ്റായ മാര്‍ഗത്തിലൂടെ അംഗബലം വര്‍ധിപ്പിക്കാനാണ് നോക്കുന്നത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് അങ്ങനെ ഉണ്ടായതാണ്. ദുര്‍മോഹികളായ ചിലര്‍ ഉമ്മന്‍ചാണ്ടിയുടെ കെണിയില്‍ വീണു. ആരോപണങ്ങള്‍ വന്നപ്പോള്‍ തെളിവുകൊണ്ടുവരാനായിരുന്നു ഉമ്മന്‍ചാണ്ടി പറഞ്ഞത്. ഇപ്പോള്‍ എല്ലാം വെളിച്ചത്തായി.
വര്‍ഗീയതക്കെതിരെ ശക്തമായി രംഗത്തിറങ്ങണം. കഴിഞ്ഞ കാലങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ സംഭവങ്ങളില്‍ ഹിന്ദുത്വശക്തികളുടെ പങ്ക് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍, ഈ സംഭവങ്ങളെല്ലാം ഒരു പ്രത്യേക സമുദായത്തിന്റെമേല്‍ അടിച്ചേല്‍പ്പിക്കാനാണ് അവര്‍ ശ്രമിച്ചിരുന്നത്. സാമൂഹ്യ-സാംസ്കാരിക വിദ്യാഭ്യാസമേഖലകളിലും വര്‍ഗീയ ശക്തികള്‍ ഇടപെടുകയാണ്. വര്‍ഗീയതയും തീവ്രവാദവും ആപത്തായി ഉയര്‍ന്നുവരികയാണ്. ഇതിനെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും നേരിടേണ്ടതുണ്ടെന്നും പിണറായി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ അധ്യക്ഷനായി.

deshabhimani 010512

No comments:

Post a Comment