Tuesday, May 1, 2012

ലക്ഷങ്ങള്‍ ചെലവിട്ട് ഗോത്രായനം; കിടക്കാന്‍ ഇടമില്ലാതെ ആദിവാസികള്‍


ഗോത്രായനത്തിന് തുടക്കം

മാനന്തവാടി: ഗോത്രായനം ട്രൈബല്‍ ഫെസ്റ്റിന് വര്‍ണ്ണാഭമായ തുടക്കം. വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ തയ്യാറാക്കിയ മേളഗ്രാമത്തിലാണ് മെയ് അഞ്ചുവരെ നീണ്ടുനില്‍ക്കുന്ന ഗോത്രായനത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭദ്രദീപം കൊളുത്തിയത്. പട്ടിക ക്ഷേമവികസന മന്ത്രി പി കെ ജയലക്ഷ്മി അധ്യക്ഷയായി. കേരളത്തില്‍ നിന്നുള്ള 700 പ്രതിനിധികളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 200 പ്രതിനിധികളുമാണ് ആദിവാസി ദേശീയമേളയില്‍ പങ്കെടുക്കുന്നത്. പ്രദര്‍ശന നഗരിയില്‍ വിവിധ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും സ്വകാര്യ സ്ഥാപനങ്ങളുടേയും സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്.

ആദിവാസികളുടെ ഭൂമി പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ചുവരികയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആറളം ഫാമില്‍ ഭൂമി വിതരണം അവസാനഘട്ടത്തിലാണ്. ഭൂമി വിലയ്ക്കുവാങ്ങി ആദിവാസികള്‍ക്ക് നല്‍കന്നതിനുള്ള പ്രവര്‍ത്തനങ്ങളും ദ്രുതഗതിയിലാണ്. പ്രത്യേക പരിഗണനയുടെ ഭാഗമായണ് വയനാട്ടില്‍ മെഡിക്കല്‍ കോളേജും ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ആധുനിക സൗകര്യങ്ങളോടുകൂടിയ സെന്ററും അനുവദിച്ചത്. ഇതുരണ്ടും ഈ വര്‍ഷം യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം- മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ പി എസ് പ്രശാന്ത്, വനിതാ കമ്മീഷന്‍ അധ്യക്ഷ കെ സി റോസക്കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ പൗലോസ്, ഡോ.ജോസ് പൊരുന്നേടം, റാഷിദ് കൂളിവയല്‍, അക്ഷായമൃത ചൈതന്യ, കെ ശശിധരന്‍, പള്ളിയറ രാമന്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ എ പി ഹമീദ്, തുടങ്ങിയവര്‍ സംസാരിച്ചു. കലക്ടര്‍ കെ ഗോപാലകൃഷ്ണഭട്ട് സ്വാഗതവും ശശീന്ദ്രന്‍ ചെട്ട്യാര്‍ നന്ദിയും പറഞ്ഞു.

ഗോത്രായനം: ബ്രാന്‍ഡ് അംബാസഡര്‍മാരായി മൂന്നുപേര്‍

മാനന്തവാടി: ഗോത്രായനം 2012ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി മൂന്നുപേര്‍. എഴുത്ത്കാരനായ നാരായന്‍ എന്ന ആര്‍ നാരായണന്‍, വംശീയവൈദ്യന്‍ അച്ചപ്പന്‍ വൈദ്യര്‍,വെള്ളന്‍ നെല്ലാറച്ചാല്‍ എന്നിവരാണവര്‍. കേരള സാഹിത്യ അക്കാദമിയുടേതടക്കം ഒട്ടേറെ അവാര്‍ഡുകള്‍ ഇടുക്കി സ്വദേശിയായ നാരായന്‍ നേടിയിട്ടുണ്ട്. കേരള സര്‍ക്കാര്‍ വംശീയവൈദ്യരംഗത്ത് പ്രൊഫസര്‍ പദവി നല്‍കി ആദരിച്ചിട്ടുള്ള അച്ചപ്പന്‍ വൈദ്യര്‍ വാളാട് ട്രൈബല്‍ മെഡിസിന്‍ സെന്ററില്‍ 1993 മുതല്‍ 1996 വരെ മുഖ്യ വംശീയ വൈദ്യനായിരുന്നു .വയനാടന്‍ വംശീയഭക്ഷണത്തിന്റെ രുചിഭേദങ്ങള്‍ പരിചയപ്പെടുത്തുന്നില്‍ മുഖ്യപങ്ക് വഹിച്ചവരില്‍ ഒരാളാണ് അമ്പലവയല്‍ നെല്ലാറച്ചാലിലെ വെള്ളന്‍. 2010ല്‍ വംശീയ ഭക്ഷ്യവിഭവങ്ങളുടെ പാചകത്തിലൂടെ കേരള ഫോക്ലോര്‍ അക്കാദമിയുടെ പുരസ്കാരവും വെള്ളന്‍ സ്വന്തമാക്കിയിട്ടുണ്ട്.

ലക്ഷങ്ങള്‍ ചെലവിട്ട് ഗോത്രായനം; കിടക്കാന്‍ ഇടമില്ലാതെ ആദിവാസികള്‍

പുല്‍പ്പളളി: ലക്ഷങ്ങള്‍ ചെലവഴിച്ച് തങ്ങളുടെ പേരില്‍ ഗോത്രമഹോത്സവം നടക്കുന്നത് ഈ കോളനിക്കാര്‍ക്ക് പലര്‍ക്കും അറിയില്ല. തലചായ്ക്കാന്‍ ഒരു കൂരയില്ലാതെ ദുരിതക്കാട്ടിലാണ് തങ്ങളുടെ ജീവിതം എന്നുമാത്രം ഇവര്‍ക്ക് അറിയാം. കബനി പുഴയോടുചേര്‍ന്നുള്ള പാക്കം പുളമൂല കാട്ടുനായ്ക്ക കോളനിയിലെ കടുംബങ്ങളാണ് ദുരിതജീവിതം നയിക്കുന്നത്. രണ്ട് പതിറ്റാണ്ടുമുമ്പ് നിര്‍മിച്ച വീടുകള്‍ തകര്‍ച്ചയിലാണിവിടെ. പല വീടുകള്‍ക്കും മേല്‍ക്കൂരയില്ല.രോഗിയും എഴുപതുകാരിയുമായ മാതിയുടെ വീട് നിലം പൊത്താറായി. ഇവര്‍ രോഗംമൂലം വീടിനുളളില്‍ കിടപ്പിലുമാണ്. ഈയിടെ ദേഹത്ത് ദ്രവിച്ച മര ഉരുപ്പടി വീണ് ഇവര്‍ക്ക് പരിക്കേറ്റിരുന്നു. ഭര്‍ത്താവ് എണ്‍പതുകാരനായ മാസ്തി വിറക് വിറ്റ് കിട്ടുന്ന തുച്ഛമായ തുകകൊണ്ടാണ് ഈ കുടുംബത്തിന്റെ പട്ടിണിയകറ്റുന്നത്. ഇവര്‍ക്ക് മക്കളുമില്ല. വീടിനായി എല്ലാവര്‍ഷവും അപേക്ഷ നല്‍കാറുണ്ടെങ്കിലും സാങ്കേതികത്വങ്ങളുടെ പേരില്‍ ഒഴിവാക്കുകയാണെന്ന് കോളനി വാസിയായ ശ്യാമള പറഞ്ഞൂ.11 വീടുകളിലായി മുപ്പതോളം കുടുംബങ്ങളുണ്ട്.വര്‍ഷകാലം എങ്ങനെ തളളി നീക്കുമെന്നറിയാത്ത നിലയിലാണിവര്‍. മഴക്കാലത്ത് വീടുകള്‍ വെളളത്തിനടിയിലാവുന്നത് പതിവാണിവിടെ പുഴ പുറമ്പോക്ക് ഭൂമിയില്‍നിന്ന് ഇവരെ മാറ്റി പാര്‍പ്പിക്കണമെന്ന ആവശ്യം ശക്തമാണ്.
(പി കെ രാഘവന്‍)

ഗോത്രായനം: ഇവന്റ് മാനേജ്മെന്റിന് കരാര്‍ നല്‍കിയത് വഴിവിട്ട്

മാനന്തവാടി: ഗോത്രയനത്തിന്റെ മേളഗ്രാമം നിര്‍മിക്കാന്‍ കരാര്‍ നല്‍കിയത് വഴിവിട്ടാണെന്ന് ആരോപണം. എറണാകുളത്തുള്ള വിന്റേജ് മാനേജ്മെന്റ് ഗ്രൂപ്പിനാണ് കരാര്‍ നല്‍കിയത്. തപന്‍, ചക്ര എന്നീ കമ്പനികളും ക്വട്ടേഷന്‍ നല്‍കിയിരുന്നു. ഈ കമ്പനികള്‍ നല്‍കിയതിലും കൂടുതല്‍ തുകക്കാണ് കരാര്‍ ഉറപ്പിച്ചത് എന്നാണ് അറിയുന്നത്. കൊച്ചിയില്‍ ഐഎന്‍ടിയുസിയുടെ പ്ലീനറി സമ്മേളനം നടത്തിയ കമ്പനി രൂപം മാറിയാണ് വയനാട്ടില്‍ എത്തിയത്. കുറഞ്ഞ തുക ക്വട്ടേഷന്‍ നല്‍കിയ കമ്പനികളെ ഒഴിവാക്കി കൂടിയ തുകക്ക് നല്‍കിയത് ടാക്സ് ഒഴിവാക്കിയാണെന്നാണ് സംഘാടകര്‍ പറയുന്നത്. നികുതിപിരിക്കാന്‍ ചുമതലപ്പെട്ടവര്‍ തന്നെ നികുതി ഒഴിവാക്കാന്‍ കുട്ടുനിന്നത് ദുരൂഹതയുണ്ടാക്കുന്നതാണ്.

തപന്‍ കമ്പനിയുടെ മാനേജ്മെന്റ് നല്‍കിയ പരാതി പരിശോധിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. മേളഗ്രാമത്തില്‍ ആദിവാസികളുടെ കുടിലിന്റെ മാതൃകയില്‍ നിര്‍മിച്ചതിന് തനിമ നിലനിര്‍ത്താനായിട്ടില്ല. ആദിവാസികളെ നിര്‍മിക്കാന്‍ ഉപയോഗിച്ചിട്ടില്ല.ദൂരെനിന്നു കുടിലുകള്‍ കണ്ടിട്ടുള്ളവര്‍ നിര്‍മ്മിച്ച കുടിലുകളുടെ രൂപം തീര്‍ത്തും അപൂര്‍ണമായതാണ്. ലക്ഷക്ഷങ്ങള്‍ മുടക്കി ഗോത്രായാനം സംഘടിപ്പിക്കുന്നതിനെതിരെ നിരവധി സംഘടനകള്‍ രംഗത്ത് വന്നപ്പോഴും വ്യക്തമായ മറുപടിനല്‍കാന്‍ പോലും കഴിഞ്ഞിരുന്നില്ല.

ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുമ്പോഴും ആദിവാസികള്‍ പട്ടിണിയില്‍

മേപ്പാടി: ഗോത്രഫെസ്റ്റിനും ഊരുത്സവത്തിനും മറ്റും പട്ടികവര്‍ഗ വികസന വകുപ്പ് ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുമ്പോഴും നിരവധി ആദിവാസികള്‍ പട്ടിണിലാണെന്ന് കേരള പ്രാക്തന ഗോത്രസംഘം പ്രസ്താവനയില്‍ പറഞ്ഞു. ആദിവാസികളുടെ ആചാരത്തിന്റെ പേരില്‍ വര്‍ഷംതോറും ലക്ഷക്കണക്കിന് രൂപ പാഴാക്കുകയാണ്. കാട്ടുനായ്ക്കരുടെയും ചോല നായ്ക്കരുടെയും ആചാരങ്ങളും അനുഷ്ഠാനങ്ങളും അവരുടെ ഊരുകളിലാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്. പൊതുവേദികളില്‍ അവതരിപ്പിക്കാനുള്ളതല്ല. പ്രാക്തന ഗോത്ര വിഭാഗത്തിലെ ചോലനായ്ക്ക-കാട്ടുനായ്ക്ക സമുദായത്തിലെ വിധവകള്‍, ഭര്‍ത്താവ്ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍, അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്ന് കേരള പ്രാക്തന ഗോത്രസംഘം ആവശ്യപ്പെട്ടു. പ്രസിഡന്റ് സി കെ കൃഷ്ണന്‍ അധ്യക്ഷനായി. സി രാഘവന്‍, രവി, സുധീര്‍, വിജയ്, ബാബുരാജ്, കവിത, കല്യാണി എന്നിവര്‍ സംസാരിച്ചു.

deshabhimani news

1 comment:

  1. ലക്ഷങ്ങള്‍ ചെലവഴിച്ച് തങ്ങളുടെ പേരില്‍ ഗോത്രമഹോത്സവം നടക്കുന്നത് ഈ കോളനിക്കാര്‍ക്ക് പലര്‍ക്കും അറിയില്ല. തലചായ്ക്കാന്‍ ഒരു കൂരയില്ലാതെ ദുരിതക്കാട്ടിലാണ് തങ്ങളുടെ ജീവിതം എന്നുമാത്രം ഇവര്‍ക്ക് അറിയാം. കബനി പുഴയോടുചേര്‍ന്നുള്ള പാക്കം പുളമൂല കാട്ടുനായ്ക്ക കോളനിയിലെ കടുംബങ്ങളാണ്

    ReplyDelete