Tuesday, May 1, 2012

നെയ്യാറ്റിന്‍കര: മതത്തെ കൂട്ടുപിടിച്ച് കൈപൊള്ളി യുഡിഎഫ്


മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ച് കൈപൊള്ളിയ യുഡിഎഫ് ചരിത്രത്തിലെ ഏറ്റവും വലിയ അപമാനഭാരവുമായാണ് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്. സമുദായസംഘടനകളുടെ വിലക്കും വഴിതടയല്‍ പ്രഖ്യാപനവുമെല്ലാം നേതാക്കളെയും യുഡിഎഫിനെയും കുഴയ്ക്കുന്നു. കാലുമാറ്റക്കാരന്‍ സെല്‍വരാജിന് കോണ്‍ഗ്രസ് അംഗത്വവും കൈപ്പത്തി ചിഹ്നവും നല്‍കുന്ന ചടങ്ങില്‍പോലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എത്താന്‍ കഴിഞ്ഞില്ല. ഒരു സമുദായസംഘടന വഴിതടയല്‍ സമരം പ്രഖ്യാപിച്ചതാണ് കാരണം. അതുപോലെ ആഭ്യന്തരം കൈയാളുന്ന മന്ത്രി തിരുവഞ്ചൂരിന് പെരുന്നയില്‍ കയറാന്‍ എന്‍എസ്എസ് നേതൃത്വം വിലക്ക് കല്‍പ്പിച്ചു. ഇതൊന്നും കേരളത്തില്‍ സാധാരണ കാണുന്നതല്ല. ഇതിനെപ്പറ്റി പരസ്യപ്രതികരണം നടത്താന്‍ പോലും ഉമ്മന്‍ചാണ്ടിക്കും യുഡിഎഫ് നേതാക്കള്‍ക്കും കഴിയുന്നില്ല. ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയത് ഞങ്ങളാണ്, ഞങ്ങളുടെ സമുദായത്തെ മറക്കുകയും ചിലരെ വഴിവിട്ടു പ്രീണിപ്പിക്കുകയും ചെയ്യുന്നു എന്ന വികാരവും ചിന്തയുമാണ് ഇതിനെല്ലാം പിന്നില്‍. അഞ്ചാംമന്ത്രിയെ മുസ്ലിംലീഗ് വിലപേശി നേടിയത് ഉമ്മന്‍ചാണ്ടിയുടെ കീഴടങ്ങല്‍ നയം കാരണമാണ്. ഈ നയം തിരുത്താനല്ല, സമുദായസംഘടനാ നേതാക്കളുടെ കാലുപിടിച്ചും ഭരണാനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തും ജാതി-സമുദായ വോട്ട് പാട്ടിലാക്കാനുള്ള നെട്ടോട്ടത്തിലാണ്.

വിഎസ്ഡിപി നേതാക്കളുമായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല രഹസ്യചര്‍ച്ച നടത്തി. എന്നിട്ട് സംഘടനയ്ക്ക് ഭൂമിയും പണവും വാഗ്ദാനം ചെയ്തു. ഇതേ തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ സംഘടനയുടെ നയം മെയ് 29ന് പ്രഖ്യാപിക്കുമെന്നായി നേതാവ്. തിരുവഞ്ചൂരിന് വിലക്കുള്ള എന്‍എസ്എസ് ആസ്ഥാനത്തേക്ക് മന്ത്രി വി എസ് ശിവകുമാറിനെ കോണ്‍ഗ്രസ് നേതൃത്വം അയച്ചു. പക്ഷേ, ഇത്തരം മുറിവൈദ്യം കൊണ്ടൊന്നും യുഡിഎഫിനെ പിടികൂടിയ മാരകദീനം മാറില്ല. അഞ്ചാംമന്തിയും മുസ്ലിംലീഗിന്റെ തീവ്രവാദവും അതിന് കൂട്ടായ ഉമ്മന്‍ചാണ്ടിയുടെ നയവും നെയ്യാറ്റിന്‍കരയിലെ മുഖ്യ ഹിതപരിശോധനാവിഷയമാണ്. ബിജെപി നേതാവ് ഒ രാജഗോപാലിന്റെ സാന്നിധ്യം മത്സരത്തിന് ത്രികോണ പ്രതീതി നല്‍കിയിട്ടുണ്ട്. എന്നാല്‍, സവര്‍ണഹിന്ദുത്വ പ്രചാരണത്തിലൂടെ വോട്ടുനേടാനാണ് ബിജെപി ശ്രമം.

ഇങ്ങനെ യുഡിഎഫും ബിജെപിയും മതത്തെയും ജാതിയെയും കൂട്ടുപിടിച്ചാണ് വോട്ടുതേടുന്നത്. എന്നാല്‍, മതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുതെന്ന പ്രഖ്യാപിത നിലപാടിലാണ് എല്‍ഡിഎഫ്. അഞ്ചാംമന്ത്രി പ്രശ്നവും കോണ്‍ഗ്രസിലെ വകുപ്പ് പങ്കിടലും സൃഷ്ടിച്ച കലാപം കാരണം സംസ്ഥാനത്ത് ഇപ്പോള്‍ ഭരണമില്ലാത്ത അവസ്ഥയാണ്. ഘടകകക്ഷികളും അണികളും പരസ്പരം പോരടിക്കുന്നു. ഏറ്റവും ഒടുവില്‍ മുന്നണി വിടുമെന്ന് സിഎംപി പോലും താക്കീത് നല്‍കി. ലീഗിന്റെ കച്ചവടരാഷ്ട്രീയത്തിനും തീവ്രവാദത്തിനും ഭരണനേതൃത്വം കീഴടങ്ങിയതോടെ ഭരണമില്ലാത്ത മോശം അന്തരീക്ഷം സംസ്ഥാനത്ത് ഉണ്ടാക്കി. ഇതിന്റെ വിചാരണയാണ് നെയ്യാറ്റിന്‍കര. കാലുമാറ്റക്കച്ചവടത്തിനെതിരായ വികാരവും വിചാരവും ഒപ്പമുണ്ടാകും.
(ആര്‍ എസ് ബാബു)

എംഎല്‍എഫണ്ടില്‍ തിരിമറി: സെല്‍വരാജിനെതിരെ ഹര്‍ജി

എംഎല്‍എഫണ്ടില്‍നിന്ന് അഞ്ചുലക്ഷം രൂപ തിരിമറി നടത്തിയെന്ന് ആരോപിച്ച് നെയ്യാറ്റിന്‍കര യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍ സെല്‍വരാജിനെതിരെ നല്‍കിയ ഹര്‍ജി തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. ഒരു റോഡിന്റെ പണിക്ക് വ്യാജരേഖയുണ്ടാക്കി രണ്ടുതവണ പണം കൈപ്പറ്റിയെന്നാണ് ആരോപണം. കൊല്ലയിലെ മുന്‍ പഞ്ചായത്തംഗം ടി ദയാനന്ദദാസാണ് ഹര്‍ജി നല്‍കിയത്. കേസില്‍ കൂടുതല്‍ വാദം കേള്‍ക്കാനായി ജഡ്ജി പി കെ ഹനീഫ മെയ് 11ലേക്ക് കേസ് മാറ്റി.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കൊല്ലയില്‍ പഞ്ചായത്തിലെ പനയംമൂല തോട്ടത്ത് റോഡിന്റെ പണി നടത്തിയിരുന്നു. ഇതേ പണിക്കുവേണ്ടി അതേ കാലയളവില്‍ എംഎല്‍എഫണ്ടില്‍നിന്ന് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മറവില്‍ സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്മെന്റ് വകുപ്പില്‍നിന്ന് അഞ്ചുലക്ഷം രൂപ കളവായി നേടിയതായി ഹര്‍ജിയില്‍ പറയുന്നു. ഈ പണിക്കായി രണ്ട് എസ്റ്റിമേറ്റ് തയ്യാറാക്കിയാണ് വ്യാജരേഖയുണ്ടാക്കിയത്. കരാറുകാരനെത്തന്നെ പദ്ധതിയുടെ കണ്‍വീനറാക്കുകയും ചെയ്തു. ഗുണഭോക്താക്കളുടെ യോഗം നടന്നുവെന്ന് കാണിച്ച് വ്യാജ മിനിറ്റ്സ് ഉണ്ടാക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു.

അഴിമതി നടന്നതായി കാണിക്കുന്ന തൊഴിലുറപ്പ് പദ്ധതിയുടെ സൈറ്റ്ഡയറി, പെയ്മെന്റ്ഷീറ്റ്, പ്രോജക്ട് മീറ്റിങ്, വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി റിപ്പോര്‍ട്ട്, ലെവല്‍ ഫീല്‍ഡ് ബുക്ക്, തൊഴിലാളികളുടെ സാക്ഷിപത്രം, എസ്റ്റിമേറ്റുകള്‍, ഡിസാസ്റ്റര്‍ മാനേജ്മെന്റ് വകുപ്പ്് എംഎല്‍എക്കയച്ച കത്ത്, സര്‍ക്കാര്‍ ഉത്തരവ് തുടങ്ങി 31 രേഖ ഹര്‍ജിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്. മുന്‍ പഞ്ചായത്തംഗം എ വിജയന്‍, കരാറുകാരനായ കെ ശ്രീകണ്ഠന്‍നായര്‍, തദ്ദേശസ്വയംഭരണ അസിസ്റ്റന്റ് എന്‍ജിനിയര്‍, എന്‍ആര്‍ഇജിഎസ് ഓവര്‍സിയര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. വാദിക്കുവേണ്ടി അഡ്വ. നെയ്യാറ്റിന്‍കര പി നാഗരാജ് ഹാജരായി.

കേരളം മതേതരത്വത്തിനൊപ്പമെന്ന് നെയ്യാറ്റിന്‍കര തെളിയിക്കും: കോടിയേരി

ശ്രീകണ്ഠപുരം: കേരളത്തിലെ ജനം മതേതരത്വത്തിനൊപ്പമെന്ന് നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് തെളിയിക്കുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ശ്രീകണ്ഠപുരം ചേപ്പറമ്പില്‍ സിപിഐ എം ബ്രാഞ്ച് ഓഫീസിനു നിര്‍മിച്ച എ കെ ജി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് ഭരണത്തില്‍ രണ്ടുപേര്‍ക്ക് കൂടുതലായി മന്ത്രിപ്പണി കിട്ടിയപ്പോള്‍ മുപ്പതിനായിരം യുവാക്കള്‍ക്ക് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച് തൊഴില്‍ നഷ്ടപ്പെടുത്തി. മന്ത്രിസഭാ പുനഃസംഘടന വഴി യുഡിഎഫ് മതേതരത്വത്തിന് വെല്ലുവിളിയായി. എല്‍ഡിഎഫ് ഭരണത്തില്‍ ഇല്ലാതിരുന്ന ലോഡ് ഷെഡിങ്ങും പവര്‍കട്ടും തിരികെ വന്നു. യുഡിഎഫ് സംസ്ഥാനത്തെ ജാതീയമായി ധ്രുവീകരിച്ചെന്നും കോടിയേരി പറഞ്ഞു. ഏരിയാ സെക്രട്ടറി പി വി ഗോപിനാഥ് അധ്യക്ഷനായി. നെടിയില്‍ കുഞ്ഞിരാമന്‍ സ്മാരക ഹാള്‍ ടി കെ ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. എം സി രാഘവന്‍, വി ഷിജിത്ത്, കെ പി രമണി, എം സി ഹരിദാസന്‍, സി എച്ച് മേമി, പി മാധവന്‍ എന്നിവര്‍ സംസാരിച്ചു. കെ കണ്ണന്‍ സ്വാഗതവും കെ വി സുരേഷ് നന്ദിയും പറഞ്ഞു.

deshabhimani 010512

1 comment:

  1. മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ച് കൈപൊള്ളിയ യുഡിഎഫ് ചരിത്രത്തിലെ ഏറ്റവും വലിയ അപമാനഭാരവുമായാണ് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്. സമുദായസംഘടനകളുടെ വിലക്കും വഴിതടയല്‍ പ്രഖ്യാപനവുമെല്ലാം നേതാക്കളെയും യുഡിഎഫിനെയും കുഴയ്ക്കുന്നു. കാലുമാറ്റക്കാരന്‍ സെല്‍വരാജിന് കോണ്‍ഗ്രസ് അംഗത്വവും കൈപ്പത്തി ചിഹ്നവും നല്‍കുന്ന ചടങ്ങില്‍പോലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എത്താന്‍ കഴിഞ്ഞില്ല. ഒരു സമുദായസംഘടന വഴിതടയല്‍ സമരം പ്രഖ്യാപിച്ചതാണ് കാരണം. അതുപോലെ ആഭ്യന്തരം കൈയാളുന്ന മന്ത്രി തിരുവഞ്ചൂരിന് പെരുന്നയില്‍ കയറാന്‍ എന്‍എസ്എസ് നേതൃത്വം വിലക്ക് കല്‍പ്പിച്ചു. ഇതൊന്നും കേരളത്തില്‍ സാധാരണ കാണുന്നതല്ല. ഇതിനെപ്പറ്റി പരസ്യപ്രതികരണം നടത്താന്‍ പോലും ഉമ്മന്‍ചാണ്ടിക്കും യുഡിഎഫ് നേതാക്കള്‍ക്കും കഴിയുന്നില്ല.

    ReplyDelete