Tuesday, May 1, 2012

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കവും ശ്രുതിയുടെ കണ്ണീര്‍ കണ്ടില്ല


മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയും ശ്രുതിയുടെ കണ്ണീര്‍ കണ്ടില്ലെന്നു നടിച്ചു. ഇതോടൊപ്പം ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കലക്ടര്‍ക്കും പരാതി നല്‍കി. ബന്ധപ്പെട്ടവരില്‍ നിന്നൊന്നും അനുകൂല മറുപടി ശ്രുതിയുടെ കുടുംബത്തിന് ലഭിച്ചില്ല. എച്ച്ഡിഎഫ്സി ബാങ്ക് വിദ്യാഭ്യാസ വായ്പ നല്‍കുന്നില്ലെന്നു കാട്ടി ശ്രുതിയുടെ അമ്മ ബിന്ദുവാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതിയുമായി എത്തിയത്. കാത്തുനിന്ന് രാത്രി പന്ത്രണ്ടിനാണ് ഇവര്‍ക്ക് മുഖ്യമന്ത്രിയെ കാണാനായത്. നൂറുകണക്കിന് പരാതികള്‍ക്കൊപ്പം ഈ അപേക്ഷയും മുഖ്യമന്ത്രി വാങ്ങിവച്ചതല്ലാതെ നടപടി സ്വീകരിച്ചില്ല. ഇതിനുമുമ്പ് രണ്ടുവട്ടം മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയും പരാതി നല്‍കി. പിന്നീടാണ് ശ്രുതിയുടെ അച്ഛന്‍ ശ്രീകാന്ത് എല്ലാ രേഖകളുമായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേരില്‍ പരാതി നല്‍കിയത്. ഇവരാരും സഹായിച്ചില്ലെന്ന വേദന ഉള്ളിലൊതുക്കി ഈ കുടുംബം മകള്‍ക്കൊപ്പം ആശുപത്രിയില്‍ ചെലവഴിച്ചത്.

ശ്രുതി അത്യാസന്ന നിലയിലായതറിഞ്ഞപ്പോള്‍ ബാങ്കുകാര്‍ വായ്പ നല്‍കാമെന്ന് സമ്മതിച്ചു. ഈ അറിയിപ്പ് സ്പീഡ് പോസ്റ്റില്‍ ശ്രുതിയുടെ വീട്ടിലേക്ക് അയച്ചു കൊടുത്തു. പെണ്‍കുട്ടി ആവശ്യപ്പെട്ട 3,60,000 രൂപയും നല്‍കാമെന്നായിരുന്നു ബാങ്ക് മാനേജര്‍ ഹരികൃഷ്ണന്റെ വാഗ്ദാനം. ബാങ്ക് ആവശ്യപ്പെട്ട രേഖകള്‍ നല്‍കാതിരുന്നതാണ് വായ്പ താമസിച്ചതെന്നും അദ്ദേഹം പറയുന്നു. രേഖകളെല്ലാം ശരിയാക്കി പുതിയ അപേക്ഷ ഏപ്രില്‍ ആദ്യമാണ് തന്നതെന്നും ബാങ്ക് വ്യക്തമാക്കി.

വായ്പ താമസിപ്പിച്ചതിന് ബാങ്കിന്റെ ന്യായീകരണങ്ങള്‍ ശരിയല്ലെന്നാണ് ഈ കുടുംബത്തിന് പറയാനുള്ളത്. ബാങ്ക് ആവശ്യപ്പെട്ട രേഖകളെല്ലാമായി 2010 ജൂലൈയില്‍ തന്നെ അപേക്ഷ കൊടുത്തു. പിന്നീട് ഓരോ ഘട്ടത്തിലും തടസ്സവാദങ്ങള്‍ ഉന്നയിച്ച് വായ്പ നല്‍കാതിരിക്കാനായിരുന്നു ശ്രമം. പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതറിഞ്ഞ് പൊലീസ് ആശുപത്രിയിലെത്തി ബന്ധുക്കളുടെ മൊഴി എടുത്തിരുന്നു. ബാങ്ക് മാനേജര്‍ വായ്പ നിഷേധിച്ചതായാണ് ഇവരുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആത്മഹത്യാ പ്രേരണക്ക് മാനേജര്‍ക്കെതിരെ കേസ് എടുത്തത്. ഇയാളെ അറസ്റ്റു ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. തിരുവനന്തപുരം സ്വദേശിയായ മാനേജര്‍ മുന്‍കൂര്‍ ജാമ്യത്തിനും ശ്രമിക്കുന്നുണ്ട്.

ജില്ലയില്‍ വ്യാപക പ്രതിഷേധം

ബാങ്ക് വായ്പ നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ജില്ലയില്‍ വ്യാപക പ്രതിഷേധം.ബാങ്കിനെതിരെ വന്‍ പ്രതിഷേധമാണ് നാനാകോണില്‍ നിന്നുമുണ്ടായത്. എച്ച്ഡിഎഫ്സി ബാങ്കിന് മുന്നിലേക്ക് നടന്ന പ്രതിഷേധപരിപാടികളില്‍ വിവിധ കേന്ദ്രങ്ങളില്‍ ആയിരങ്ങള്‍പങ്കെടുത്തു. എസ്എഫ്ഐയുടെ ആഭിമുഖ്യത്തില്‍ നഗരത്തിലെ എച്ച്ഡിഎഫ്സി മെയിന്‍ ബ്രാഞ്ചിലേക്ക് പ്രകടനം നടത്തി.നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. എസ്എഫ്ഐ കേന്ദ്രകമ്മറ്റിയംഗം ധന്യാ വിജയന്‍,ജില്ലാ സെക്രട്ടറി എം എ റിബിന്‍ഷാ,ജില്ലാ ഭാരവാഹികളായ അരുണ്‍ മോഹന്‍,എം ബി രാകേഷ്,റെനീഷ് തങ്കച്ചന്‍, ജെയ്ക്ക് സി തോമസ് എന്നിവര്‍ സംസാരിച്ചു.

കുടമാളൂര്‍ എച്ച്ഡിഎഫ്സി ബാങ്കിന് മുന്നിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി ആര്‍ രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എം എസ് ഷാജി, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ കെ ശ്രീമോന്‍, ജയ്മോന്‍, രാജന്‍, മഹേഷ് ബാബു, എസ് അനു, അരുണ്‍ഘോഷ് എന്നിവര്‍ സംസാരിച്ചു. എഐഎസ്എഫ്-എഐവൈഎഫ് നേതൃത്വത്തില്‍ കോട്ടയം എച്ച് ഡി എഫ് സി മെയിന്‍ശാഖയിലേക്ക് പ്രതിഷേധ മാര്‍ച്ചും ഉപരോധവും സംഘടിപ്പിച്ചു. എഐവൈഎഫ് സംസ്ഥാന ജോയിന്റെ സെക്രട്ടറി അഡ്വ. പ്രശാന്ത് രാജന്‍ ധര്‍ണ്ണ ഉദ്ഘാടനംചെയ്തു. എഐ എസ് എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ശുഭേഷ് സുധാകരന്‍, എ ഐ വൈ എഫ് സംസ്ഥാന കമ്മറ്റി അംഗം മനോജ് ജോസഫ്, പി പ്രദീപ്, സുജിത് എസ് പി, അജിത്ത്വിജയന്‍, സുരേഷ് കെ ഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani 010512

1 comment:

  1. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയും ശ്രുതിയുടെ കണ്ണീര്‍ കണ്ടില്ലെന്നു നടിച്ചു. ഇതോടൊപ്പം ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കലക്ടര്‍ക്കും പരാതി നല്‍കി. ബന്ധപ്പെട്ടവരില്‍ നിന്നൊന്നും അനുകൂല മറുപടി ശ്രുതിയുടെ കുടുംബത്തിന് ലഭിച്ചില്ല. എച്ച്ഡിഎഫ്സി ബാങ്ക് വിദ്യാഭ്യാസ വായ്പ നല്‍കുന്നില്ലെന്നു കാട്ടി ശ്രുതിയുടെ അമ്മ ബിന്ദുവാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതിയുമായി എത്തിയത്. കാത്തുനിന്ന് രാത്രി പന്ത്രണ്ടിനാണ് ഇവര്‍ക്ക് മുഖ്യമന്ത്രിയെ കാണാനായത്. നൂറുകണക്കിന് പരാതികള്‍ക്കൊപ്പം ഈ അപേക്ഷയും മുഖ്യമന്ത്രി വാങ്ങിവച്ചതല്ലാതെ നടപടി സ്വീകരിച്ചില്ല. ഇതിനുമുമ്പ് രണ്ടുവട്ടം മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയും പരാതി നല്‍കി. പിന്നീടാണ് ശ്രുതിയുടെ അച്ഛന്‍ ശ്രീകാന്ത് എല്ലാ രേഖകളുമായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേരില്‍ പരാതി നല്‍കിയത്. ഇവരാരും സഹായിച്ചില്ലെന്ന വേദന ഉള്ളിലൊതുക്കി ഈ കുടുംബം മകള്‍ക്കൊപ്പം ആശുപത്രിയില്‍ ചെലവഴിച്ചത്.

    ReplyDelete