ഇറ്റാലിയന്‍ കപ്പല്‍ എന്‍റിക ലെക്സി വിട്ടുകൊടുക്കുന്നതിന്റെ ഉപാധികളുടെ കാര്യത്തില്‍ ഇറ്റാലിയന്‍ സര്‍ക്കാരും കപ്പലുടമകളും രണ്ടുതട്ടില്‍. ഏത് ഉപാധിയും അംഗീകരിക്കാമെന്ന് കപ്പലുടമകള്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, കേസിന്റെ കാര്യത്തില്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും കോടതി മുമ്പാകെയോ അന്വേഷണോദ്യോഗസ്ഥര്‍ മുമ്പാകെയോ ഹാജരാകണമെന്ന വ്യവസ്ഥ സൈനികര്‍ക്ക് ബാധകമാക്കാനാകില്ലെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ ശഠിച്ചു. ഇതോടെ വിധി പറയുന്നത് സുപ്രീംകോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. കപ്പലുടമകളും സര്‍ക്കാരും തമ്മില്‍ ധാരണയിലെത്താന്‍ കോടതി നിര്‍ദേശിച്ചു. കപ്പല്‍ എങ്ങനെ വിട്ടുകൊടുക്കുമെന്നും കോടതി ആരാഞ്ഞു.
എന്‍റിക ലെക്സിയില്‍ ആറ് ജീവനക്കാരും നാല് സൈനികരുമാണുണ്ടായിരുന്നത്. ഇവരില്‍ രണ്ട് സൈനികര്‍ കസ്റ്റഡിയിലാണ്. മറ്റ് രണ്ടുപേര്‍ കപ്പലിലും. കേസുമായി ബന്ധപ്പെട്ട് എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകാമെന്ന ഉറപ്പില്‍ കപ്പല്‍ വിട്ടുനല്‍കാമെന്ന് ജസ്റ്റിസുമാരായ ആര്‍ എം ലോധ, എച്ച് എല്‍ ഗോഖലെ എന്നിവരുള്‍പ്പെട്ട ബെഞ്ച് വാദത്തിനിടെ അറിയിച്ചു. ഈ കേസില്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് കീഴ്പ്പെട്ട് നില്‍ക്കാമെന്ന് രേഖാമൂലം എഴുതിനല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. കോടതിയോ സര്‍ക്കാരോ വയ്ക്കുന്ന ഏത് ഉപാധിയും അംഗീകരിക്കാമെന്ന് കപ്പലുടമകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ അറിയിച്ചു. മുന്‍കൂര്‍ നോട്ടീസ് നല്‍കിയാല്‍ എപ്പോള്‍ വേണമെങ്കിലും ജീവനക്കാര്‍ ഹാജരാകാമെന്നും ഇവര്‍ക്ക് ഇന്ത്യയില്‍ത്തന്നെയുള്ള കപ്പല്‍കമ്പനി ഉദ്യോഗസ്ഥര്‍ ജാമ്യം നില്‍ക്കാമെന്നും വേണുഗോപാല്‍ പറഞ്ഞു. കപ്പല്‍ ഹാജരാക്കുന്നതിന് അഞ്ചാഴ്ചത്തെ നോട്ടീസും ജീവനക്കാര്‍ ഹാജരാകുന്നതിന് മൂന്നാഴ്ചത്തെ നോട്ടീസും നല്‍കിയാല്‍ മതിയെന്നും വേണുഗോപാല്‍ പറഞ്ഞു.
ജീവനക്കാര്‍ക്ക് പുറമെ കപ്പലിലുണ്ടായിരുന്ന സൈനികരും ഏതുസമയത്തും ഹാജരാകുമെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ ഗോപാല്‍ സുബ്രഹ്മണ്യം ആവശ്യപ്പെട്ടു. സൈനികരുടെ കാര്യത്തില്‍ ഉറപ്പ് നല്‍കാനാകില്ലെന്നും ഇറ്റാലിയന്‍ സര്‍ക്കാരാണ് ഉറപ്പുനല്‍കേണ്ടതെന്നും വേണുഗോപാല്‍ അറിയിച്ചു. എന്താണ് നിലപാടെന്ന് ഈ ഘട്ടത്തില്‍ കോടതിയില്‍ ഹാജരായ ഇറ്റാലിയന്‍ സര്‍ക്കാരിന്റെ അഭിഭാഷകനോട് ജഡ്ജിമാര്‍ ആരാഞ്ഞു. സര്‍ക്കാരിന്റെ അഭിപ്രായം തേടാതെ തനിക്ക് പ്രതികരിക്കാനാകില്ലെന്നായിരുന്നു മറുപടി. അങ്ങനെയെങ്കില്‍ ഏതാനും മിനിറ്റുകള്‍ക്കകം അഭിപ്രായം ആരാഞ്ഞ് മടങ്ങിയെത്താന്‍ കോടതി നിര്‍ദേശിച്ചു. ഉപാധികളോടെ കപ്പല്‍ വിട്ടയക്കാന്‍ അനുമതി നല്‍കുന്ന ഉത്തരവ് കോടതി വാക്കാല്‍ പറഞ്ഞുതുടങ്ങുകയും ചെയ്തു.
എന്നാല്‍, പുറത്തുപോയി തിരിച്ചെത്തിയ ഇറ്റാലിയന്‍ അഭിഭാഷകന്‍ കേസില്‍ ഏതുസമയവും ഹാജരാകാമെന്ന ഉറപ്പ് സൈനികരുടെ കാര്യത്തില്‍ സാധ്യമല്ലെന്ന് അറിയിച്ചു. കേരള പൊലീസെടുത്ത കേസ് ഇറ്റലി ചോദ്യംചെയ്തിട്ടുണ്ട്. ഈ കേസ് എങ്ങനെ തീര്‍പ്പാകും എന്നതിനെ ആശ്രയിച്ചുമാത്രമേ സൈനികര്‍ക്ക് എപ്പോഴും ഹാജരാകാന്‍ പറ്റുമോ ഇല്ലയോ എന്ന കാര്യത്തില്‍ നിലപാട് പറയാനാകൂ- ഇറ്റലി അറിയിച്ചു.
deshabhimani 010512
No comments:
Post a Comment