Tuesday, May 8, 2012

അന്വേഷണത്തില്‍ പുകമറ; ലക്ഷ്യം നെയ്യാറ്റിന്‍കര


ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം എങ്ങുമെത്തിക്കാതെ പൊലീസ് പുകമറ സൃഷ്ടിക്കുന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിപിഐ എം വിരുദ്ധ നുണക്കഥകള്‍ പരത്താനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ സമ്മര്‍ദമാണ് അന്വേഷണം ഇരുട്ടിലാഴ്ത്തുന്നത്. നിര്‍ണായക പുരോഗതി കൈവരിച്ചിട്ടില്ലെന്നാണ് പ്രത്യേകാന്വേഷകസംഘം നല്‍കുന്ന വിവരം. മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതും ഊഹാപോഹങ്ങളുമാണെന്ന് അന്വേഷകസംഘം മേധാവി വിന്‍സന്‍ എം പോള്‍ പറഞ്ഞു.
കൊലയുമായി ബന്ധപ്പെട്ട് സിപിഐ എം വിരുദ്ധ കള്ളക്കഥകള്‍ തുടരാന്‍ അവസരമൊരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി അന്വേഷണത്തില്‍ എല്ലാതലത്തിലും ഇടപെടുന്നു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രണ്ടാമതും പൊലീസ് സംഘവുമായി ചര്‍ച്ച നടത്തി. വടകര ടിബിയിലായിരുന്നു കൂടിക്കാഴ്ച. തുടര്‍ന്ന് മാധ്യമങ്ങളോട് ഒന്നും പറയാനില്ലെന്ന് പറഞ്ഞ മന്ത്രി കോഴിക്കോട്ടെത്തിയ ശേഷം ചില ലേഖകരെ അന്വേഷണവിവരമെന്ന രൂപത്തില്‍ പലതും രഹസ്യമായി ധരിപ്പിച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ മന്ത്രിയുടെ സാന്നിധ്യവും അന്വേഷക ഉദ്യോഗസ്ഥരുമായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിക്കൊപ്പം ചര്‍ച്ചനടത്തി നിര്‍ദേശങ്ങള്‍ നല്‍കിയതും വിവാദമായിരുന്നു. കേസിന്റെ തുടക്കം മുതല്‍ യുഡിഎഫ് നേതാക്കള്‍ രാഷ്ട്രീയ, വോട്ട് നേട്ടത്തിനായി സിപിഐ എമ്മിനെതിരെ ആരോപണങ്ങള്‍ അഴിച്ചുവിടുകയാണ്. നാലുദിവസം പിന്നിട്ടിട്ടും ആരെയും അറസ്റ്റ്ചെയ്യാനായിട്ടില്ല.

സംഭവമുണ്ടായി മണിക്കൂറുകള്‍ക്കകം കുറ്റം സിപിഐ എമ്മിന്റെ തലയില്‍ ചാര്‍ത്തി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രംഗത്തിറങ്ങിയിരുന്നു. മാധ്യമപ്പടയും ഏറെ കഥകള്‍ മെനഞ്ഞു. പാര്‍ടി നേതാക്കള്‍ നിരീക്ഷണത്തില്‍, വലയിലായവര്‍ക്ക് പാര്‍ടിബന്ധം എന്നിങ്ങനെ പച്ചനുണകള്‍ പടച്ചുവിട്ടു. അക്രമത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന കാര്‍ കസ്റ്റഡിയില്‍ എടുത്തതുമുതല്‍ വാര്‍ത്തകളുടെ പ്രളയമായി. ചാനലുകള്‍ക്കു പിറകേ മാതൃഭൂമി-മനോരമാദി പത്രങ്ങളും രംഗത്തിറങ്ങി. അക്രമത്തിനും അക്രമികള്‍ക്കും കണ്ണൂര്‍ ബന്ധം വരെ ചമച്ചു. അതേസമയം, കസ്റ്റഡിയിലെടുത്ത കാര്‍ ഉടമ കെ പി നവീന്‍ദാസ് കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ ബന്ധുവാണെന്നകാര്യം ഈ മാധ്യമങ്ങള്‍ മറച്ചുവച്ചു.

ചന്ദ്രശേഖരന്‍ വധത്തിന് ക്വട്ടേഷന്‍ സംഘത്തെ ഇറക്കിയത് യുഡിഎഫാണെന്ന് സിപിഐ എം അഭിപ്രായപ്പെട്ടിട്ടുണ്ട്. കൊലയെ അപലപിച്ച സിപിഐ എം, പ്രതികളെ എത്രയുംവേഗം പിടികൂടണമെന്നും നിഷ്പക്ഷ അന്വേഷണവും ആവശ്യപ്പെട്ടു. പാര്‍ടിക്ക് ഇക്കാര്യത്തില്‍ ഒന്നും ഒളിക്കാനില്ലെന്നും വ്യക്തമാക്കി. പാര്‍ടി നിലപാട് പരസ്യമായി പറഞ്ഞിട്ടും മാനിക്കാതെയാണ് തരംതാണ പ്രചാരണം. കൊലനടന്ന് അടുത്തദിവസം ഏഴ് പേര്‍ കസ്റ്റഡിയിലായെന്നായിരുന്നു പൊലീസ് ഭാഷ്യം. പിന്നീടത് നാലായി. രണ്ടു പ്രധാനകണ്ണികള്‍ കേരളം വിട്ടെന്നായി മൂന്നാംദിന വാര്‍ത്ത. പൊലീസ് കേന്ദ്രങ്ങളെന്നും മറ്റും ചേര്‍ത്ത് ഭാവനാവിലാസത്തില്‍ പടച്ചുവിടുകയായിരുന്നു ഈ വാര്‍ത്തകള്‍.
(പി വി ജീജോ)

deshabhimani 080512

1 comment:

  1. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം എങ്ങുമെത്തിക്കാതെ പൊലീസ് പുകമറ സൃഷ്ടിക്കുന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിപിഐ എം വിരുദ്ധ നുണക്കഥകള്‍ പരത്താനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ സമ്മര്‍ദമാണ് അന്വേഷണം ഇരുട്ടിലാഴ്ത്തുന്നത്.

    ReplyDelete