Monday, June 18, 2012

മാവേലി പോലെ ഒരു എംപി; വരവ് കുറ്റംപറയാന്‍ മാത്രം


മണ്ഡലത്തിലേക്ക് വിരുന്നുകാരനെ പോലെ എത്തി വായില്‍ തോന്നിയത് വിളിച്ചുപറഞ്ഞു മടങ്ങുന്ന എംപിയുടെ നടപടികള്‍ വിവാദമാകുന്നു. തലസ്ഥാന പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് മണ്ഡലത്തിലേക്ക് മാവേലിയെ പോലെ വല്ലപ്പോഴും കാല് കുത്തുന്ന ജനപ്രതിനിധിയെ കിട്ടുന്നത്. കേന്ദ്രമന്ത്രിയായ ഉടനെ ഐപിഎല്‍ വിവാദത്തിന്റെപേരില്‍ രാജിവയ്ക്കേണ്ടിവന്ന തരൂര്‍ ബാഴ്സലോണ ഇരട്ടനഗരമെന്ന തട്ടിപ്പ് പദ്ധതിയുമായാണ് ആദ്യം രംഗപ്രവേശം ചെയ്തത്. എന്നാല്‍, ഒരു യൂറോപ്യന്‍ പദ്ധതി അവതരിപ്പിച്ച എംപി അതിന്റെ നടപടിക്രമങ്ങള്‍ ഒന്നുപോലും ചെയ്തില്ല. നഗരസഭ സഹകരിക്കുന്നില്ലെന്നുപറഞ്ഞ് അന്ന് എംപി ഒളിച്ചോടി. ബാഴ്സലോണിയന്‍ അധികൃതര്‍ തന്നെ ഇങ്ങനെ ഒരു പദ്ധതി ഇവിടെ നടപ്പാക്കാന്‍ ആവില്ലെന്ന് പറഞ്ഞതോടെ എംപിയുടെ തട്ടിപ്പും പുറത്തായി. പിന്നെ ബാഴ്സലോണ പദ്ധതിയെ കുറിച്ച് കേട്ടതുമില്ല, എംപിയെ കണ്ടതുമില്ല. പിന്നീട് പുനര്‍വിവാഹത്തിരക്കിലായിരുന്ന എംപി മാസങ്ങള്‍ക്കുശേഷമാണ് തലസ്ഥാനത്ത് കാല് കുത്തിയത്.

തലസ്ഥാനത്ത് ഏതെങ്കിലും കേന്ദ്രാവിഷ്കൃതപദ്ധതി തുടങ്ങുമെന്ന് സൂചന ലഭിക്കുമ്പോള്‍ത്തന്നെ അനുയായികള്‍ക്ക് കാശ് നല്‍കി ബഹുവര്‍ണചിത്രം വച്ച ബോര്‍ഡ് സ്ഥാപിക്കുകയെന്ന ഏക പ്രവൃത്തി ഒഴിച്ചുനിര്‍ത്തിയാല്‍ ഒരു വികസനപ്രവര്‍ത്തനവും നടന്നതായി അവകാശപ്പെടാനില്ല. മണ്ഡലത്തിലെ ഏറ്റവും പ്രധാന പ്രശ്നമാണ് കരമന-കളിയിക്കാവിള റോഡ് വികസനം. എംപിക്ക് അതേക്കുറിച്ച് മിണ്ടാനില്ല. വിഴിഞ്ഞം പദ്ധതി എല്‍ഡിഎഫ് ഭരണകാലത്തേതില്‍നിന്ന് ഒരിഞ്ച് പോലും മുന്നോട്ട് പോകാനായില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന നിഷേധനിലപാട് മറികടക്കാന്‍ എംപി ചെറുവിരല്‍ പോലും അനക്കിയില്ല. നഗരത്തിലെ മാലിന്യനീക്കം അലങ്കോലപ്പെട്ടത് സംസ്ഥാന സര്‍ക്കാര്‍ വിളപ്പില്‍ശാല ഫാക്ടറി അടച്ചുപൂട്ടിയതുകൊണ്ടാണ്. സുപ്രീംകോടതി വരെ ആവശ്യപ്പെട്ടിട്ടും ഇത് തുറക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പകരം മാലിന്യം റെയില്‍വേ ട്രാക്കിനടിയിലിടാമെന്ന "മുട്ടുശാന്തി" നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ശാശ്വതപരിഹാരമല്ലെങ്കിലും ഇതിനോടു സഹകരിക്കാന്‍ നഗരസഭ തയ്യാറായിട്ടും സഹകരിച്ചില്ലെന്ന് നുണപ്രചാരണം നടത്തി നഗരസഭയെയും മേയറെയും കുറ്റപ്പെടുത്താനാണ് എംപി ശ്രമിക്കുന്നത്. എംപി മാതൃകയായി അവതരിപ്പിക്കുന്ന ബാഴ്സലോണ നഗരത്തിലെങ്കിലും എങ്ങനെ മാലിന്യം സംസ്കരിക്കുന്നുവെന്ന് പരിശോധിച്ചാല്‍ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്തില്ല. മാലിന്യം നീക്കാന്‍ കഴിയില്ലെങ്കില്‍ മേയര്‍ രാജിവയ്ക്കണമെന്ന് പറയുന്ന ഈ എംപിയാണ് ആദ്യം രാജിവയ്ക്കേണ്ടത്. മണ്ഡലത്തില്‍ ഒന്നും ചെയ്യാതെ ഊരുചുറ്റുന്ന എംപിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല.

deshabhimani 180612

1 comment:

  1. മണ്ഡലത്തിലേക്ക് വിരുന്നുകാരനെ പോലെ എത്തി വായില്‍ തോന്നിയത് വിളിച്ചുപറഞ്ഞു മടങ്ങുന്ന എംപിയുടെ നടപടികള്‍ വിവാദമാകുന്നു. തലസ്ഥാന പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് മണ്ഡലത്തിലേക്ക് മാവേലിയെ പോലെ വല്ലപ്പോഴും കാല് കുത്തുന്ന ജനപ്രതിനിധിയെ കിട്ടുന്നത്. കേന്ദ്രമന്ത്രിയായ ഉടനെ ഐപിഎല്‍ വിവാദത്തിന്റെപേരില്‍ രാജിവയ്ക്കേണ്ടിവന്ന തരൂര്‍ ബാഴ്സലോണ ഇരട്ടനഗരമെന്ന തട്ടിപ്പ് പദ്ധതിയുമായാണ് ആദ്യം രംഗപ്രവേശം ചെയ്തത്. എന്നാല്‍, ഒരു യൂറോപ്യന്‍ പദ്ധതി അവതരിപ്പിച്ച എംപി അതിന്റെ നടപടിക്രമങ്ങള്‍ ഒന്നുപോലും ചെയ്തില്ല. നഗരസഭ സഹകരിക്കുന്നില്ലെന്നുപറഞ്ഞ് അന്ന് എംപി ഒളിച്ചോടി. ബാഴ്സലോണിയന്‍ അധികൃതര്‍ തന്നെ ഇങ്ങനെ ഒരു പദ്ധതി ഇവിടെ നടപ്പാക്കാന്‍ ആവില്ലെന്ന് പറഞ്ഞതോടെ എംപിയുടെ തട്ടിപ്പും പുറത്തായി. പിന്നെ ബാഴ്സലോണ പദ്ധതിയെ കുറിച്ച് കേട്ടതുമില്ല, എംപിയെ കണ്ടതുമില്ല.

    ReplyDelete