Tuesday, June 12, 2012

ഡീസലില്ല; കെഎസ്ആര്‍ടിസി എഴുന്നൂറിലേറെ സര്‍വീസ് റദ്ദാക്കി


ഡിപ്പോകളില്‍ ഡീസല്‍ തീര്‍ന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച സംസ്ഥാനത്ത് എഴുന്നൂറിലേറെ ട്രിപ്പുകള്‍ കെഎസ്ആര്‍ടിസി വെട്ടിക്കുറച്ചു. ഇരുപതോളം ബസുകള്‍ പാതിവഴിക്ക് ഓട്ടം നിര്‍ത്തി മറ്റ് സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടു. കെഎസ്ആര്‍ടിസി കഴിഞ്ഞമാസം ദിവസേന ശരാശരി 15.50 ലക്ഷം കിലോമീറ്റര്‍ സര്‍വീസ് നടത്തിയപ്പോള്‍ തിങ്കളാഴ്ച ഉദ്ദേശം 14.70 ലക്ഷം കിലോമീറ്റര്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. 80,000 കിലോമീറ്റര്‍ കുറവ്.

യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ വരുന്നതും കൂടുതല്‍ വരുമാനം കിട്ടുന്നതുമായ തിങ്കളാഴ്ചദിവസം ഡീസല്‍ ക്ഷാമമുണ്ടാക്കി ട്രിപ്പുകള്‍ വെട്ടിക്കുറയ്ക്കുന്നത് സ്വകാര്യ ബസുടമകളെ സഹായിക്കാനാണെന്ന് വ്യാപക പരാതിയുണ്ട്. രണ്ടുമാസമായി കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ ക്ഷാമം രൂക്ഷമാണ്. ആലപ്പുഴ ജില്ലയിലെ ആലപ്പുഴ, ചേര്‍ത്തല, ഹരിപ്പാട്, കായംകുളം, ചെങ്ങന്നൂര്‍, മാവേലിക്കര ഡിപ്പോകളിലൊന്നും കഴിഞ്ഞ രണ്ടുദിവസമായി ഡീസലില്ല. എറണാകുളത്ത് എറണാകുളം, ആലുവ, അങ്കമാലി എന്നിവിടങ്ങളിലും ഡീസല്‍ തീര്‍ന്നു. ശനിയാഴ്ച മുതല്‍ ട്രിപ്പ് ചുരുക്കിയാണ് തിങ്കളാഴ്ച രാവിലെ അത്യാവശ്യം സര്‍വീസ് നടത്തിയത്. രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും കഴിഞ്ഞുവരുന്ന തിങ്കളാഴ്ച സാധാരണ കെഎസ്ആര്‍ടിസി 90-95 ശതമാനം സര്‍വീസുകള്‍ നടത്താറുണ്ട്. എന്നാല്‍ തിങ്കളാഴ്ച 85 ശതമാനം മാത്രമാണ് സര്‍വീസ് നടത്തിയത്. പല ട്രിപ്പും ഉച്ചയോടെ മുടങ്ങി. കൊടുങ്ങല്ലൂരില്‍ നിന്ന് വന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് എറണാകുളം ഡിപ്പോയിലും പറവൂരില്‍ നിന്ന് വന്ന ബസ് ചേര്‍ത്തല ഡിപ്പോയിലും നിര്‍ത്തിയിട്ടു. കഴിഞ്ഞ രണ്ടുദിവസം ബാങ്ക് അവധിയായതിനാല്‍ ഡീസല്‍ നല്‍കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് പണം നല്‍കാന്‍ സാധിച്ചില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക വിശദീകരണം.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കെഎസ്ആര്‍ടിസിസിക്ക് നൂറുകോടി രൂപയുടെ ഡീസല്‍ വരെ കടമായി നല്‍കുന്നുണ്ട്. കടം അതില്‍ കൂടുമ്പോള്‍ മാത്രമാണ് വിതരണം നിര്‍ത്തുന്നത്. രണ്ടുദിവസം ബാങ്ക് അവധിയായിരിക്കുമെന്ന് മുന്‍കൂട്ടി അറിയാമായിരുന്നിട്ടും കെഎസ്ആര്‍ടിസി നടപടിയെടുത്തില്ല. സ്പെയര്‍ പാര്‍ട്സ് വാങ്ങുന്നതിലും പുതിയ ബസുകള്‍ ഇറക്കുന്നതിലും ഇപ്പോഴത്തെ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയോട് തികഞ്ഞ അവഗണനയാണ് കാട്ടുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനവര്‍ഷം 4.10 കോടി വരെ ദിവസ വരുമാനമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 3.25 കോടി മാത്രമാണ് വരുമാനം. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിട്ടും വരുമാനം കുറഞ്ഞു. എല്‍ഡിഎഫ് ഭരണകാലത്ത് 17.15 ലക്ഷം കിലോമീറ്റര്‍ സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 15.50 ലക്ഷം കിലോമീറ്ററായി കുറഞ്ഞു. സ്പെയര്‍ പാര്‍ട്സുകള്‍ വാങ്ങി നല്‍കാത്തതുമൂലം ആകെയുള്ള 5700 ബസുകളില്‍ 1200ഉം കട്ടപ്പുറത്താണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച 1000 പുതിയ ബസ് യുഡിഎഫ് സര്‍ക്കാര്‍ 500 ആയി വെട്ടിക്കുറച്ചു. 500 ചെയ്സുകള്‍ വാങ്ങിയതില്‍ 235 എണ്ണം മാത്രമാണ് നിരത്തിലിറക്കിയത്. ബോഡി നിര്‍മിക്കാനാവശ്യമായ സാമഗ്രി വാങ്ങി നല്‍കാത്തതുമൂലം ചെയ്സുകള്‍ വര്‍കുഷോപ്പുകളില്‍ നശിക്കുകയാണ്.
(ഡി ദിലീപ്)

deshabhimani 120612

1 comment:

  1. ഡിപ്പോകളില്‍ ഡീസല്‍ തീര്‍ന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച സംസ്ഥാനത്ത് എഴുന്നൂറിലേറെ ട്രിപ്പുകള്‍ കെഎസ്ആര്‍ടിസി വെട്ടിക്കുറച്ചു. ഇരുപതോളം ബസുകള്‍ പാതിവഴിക്ക് ഓട്ടം നിര്‍ത്തി മറ്റ് സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടു. കെഎസ്ആര്‍ടിസി കഴിഞ്ഞമാസം ദിവസേന ശരാശരി 15.50 ലക്ഷം കിലോമീറ്റര്‍ സര്‍വീസ് നടത്തിയപ്പോള്‍ തിങ്കളാഴ്ച ഉദ്ദേശം 14.70 ലക്ഷം കിലോമീറ്റര്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. 80,000 കിലോമീറ്റര്‍ കുറവ്.

    ReplyDelete