Sunday, June 17, 2012

സാമ്പത്തികപ്രതിസന്ധി ഇനിയും രൂക്ഷമാകും: പ്രധാനമന്ത്രി


യൂറോ സോണ്‍ പ്രതിസന്ധി അടുത്തെങ്ങും തീരാന്‍ സാധ്യതയില്ലാത്തതിനാല്‍ രാജ്യത്തെ സാമ്പത്തികപ്രതിസന്ധിയും നീളുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മെക്സിക്കോയിലേക്ക് പുറപ്പെടുംമുമ്പാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

ആഗോള സാമ്പത്തികപ്രതിസന്ധിയാകും ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചാവിഷയം. യൂറോപ്പിലെ പ്രതിസന്ധി ആഗോള വിപണിയെയും ഇന്ത്യയെയും ബാധിക്കും. യൂറോപ്പിലെ രാഷ്ട്രനേതാക്കള്‍ ഇക്കാര്യത്തില്‍ അടിയന്തരപരിഹാരമാര്‍ഗം കണ്ടെത്തുമെന്നാണ് പ്രതീക്ഷ. പശ്ചാത്തലസൗകര്യ വികസനമേഖലയില്‍ നിക്ഷേപത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം. ആഗോള സാമ്പത്തികവളര്‍ച്ചയെ ഇത് സഹായിക്കും. ആഗോള സാമ്പത്തികവളര്‍ച്ചയുടെ അച്ചുതണ്ട് ഇപ്പോള്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ അടങ്ങുന്ന ബ്രിക്സ് കൂട്ടായ്മയാണ്. ഉച്ചകോടിക്ക് തൊട്ടുമുമ്പ് ബ്രിക്സ് രാഷ്ട്രനേതാക്കള്‍ ആഗോള സമ്പദ്വ്യവസ്ഥയെപ്പറ്റി ചര്‍ച്ച നടത്തും. സുസ്ഥിര വികസനത്തിനായുള്ള ചര്‍ച്ച ഉച്ചകോടിയില്‍ നടക്കുമെന്നാണ് പ്രതീക്ഷ. വികസനകാര്യത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വ്യത്യസ്ത നിലപാടുണ്ട്. പാരിസ്ഥിതിക വെല്ലുവിളി നേരിട്ട് വളര്‍ച്ച മുന്നോട്ടുകൊണ്ടുപോകാന്‍ സാമ്പത്തിക-സാങ്കേതികസഹായം വികസ്വര രാഷ്ട്രങ്ങള്‍ക്ക് ലഭിക്കണം. ഇക്കാര്യത്തില്‍ സമാന ചിന്താഗതിയുള്ള രാജ്യങ്ങളുമായി ചേര്‍ന്ന് ഇന്ത്യ പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉച്ചകോടിക്കിടെ റഷ്യ, ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍, ചൈന, കനഡ, ശ്രീലങ്ക, നേപ്പാള്‍ രാഷ്ട്രത്തലവന്മാരുമായി പ്രധാനമന്ത്രി പ്രത്യേകം ചര്‍ച്ച നടത്തിയേക്കും.

deshabhimani 170612

No comments:

Post a Comment