Monday, June 11, 2012

കപട പരിസ്ഥിതിവാദം പൊളിയുന്നു; അതിരപ്പിള്ളി വീണ്ടും ചര്‍ച്ചയാകുന്നു


അതിരപ്പിള്ളി പദ്ധതി പുനഃപരിശോധിക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടതോടെ പദ്ധതി വീണ്ടും ചര്‍ച്ചാവിഷയമായി. കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നിഷേധിച്ചപ്പോഴാണ് വൈദ്യുതി ബോര്‍ഡ് വീണ്ടും പദ്ധതി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടത്. മാധവ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടുകൂടി എതിരായതോടെ അതിരപ്പിള്ളി പദ്ധതി അട്ടിമറിക്കപ്പെട്ട സാഹചര്യത്തിലാണ് കെഎസ്ഇബി കേന്ദ്രസര്‍ക്കാരിനോട് വീണ്ടും അനുമതി ആവശ്യപ്പെട്ടത്. എന്നാല്‍, കേന്ദ്ര അനുമതി ലഭിക്കാന്‍ കടമ്പകളേറെ. സംസ്ഥാന സര്‍ക്കാരും കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരും ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തിയാലെ ഇനി പദ്ധതിക്ക് അല്‍പ്പമെങ്കിലും ജീവന്‍ വയ്ക്കുന്ന അവസ്ഥയിലെത്തൂ. നേരത്തേ കേന്ദ്രം അനുമതി നല്‍കിയ പദ്ധതിയുടെ അഞ്ചുവര്‍ഷത്തെ നിര്‍മാണകാലാവധി 2012 മാര്‍ച്ച് 31ന് അവസാനിച്ചിരുന്നു. ഇതിനകം എന്തെങ്കിലും പ്രവൃത്തി തുടങ്ങിയില്ലെങ്കില്‍ കേന്ദ്രാനുമതി റദ്ദാവുമെന്നായിരുന്നു വ്യവസ്ഥ.

എല്‍ഡിഎഫ് ഭരണകാലത്ത് പദ്ധതിയുടെ നടപടികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഇത് തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ കേസ് നല്‍കി തടസ്സം സൃഷ്ടിക്കുകയായിരുന്നു. യുഡിഎഫ് അധികാരത്തില്‍ വന്നശേഷവും പദ്ധതിയെ അവഗണിച്ചു. ഗാഡ്ഗില്‍ കമ്മിറ്റിയെ സ്വാധീനിച്ചത് കപട പരിസ്ഥിതി വാദികളുടെ യാഥാര്‍ഥ്യങ്ങള്‍ക്കുനിരക്കാത്ത വാദങ്ങളാണ്. അതേസമയം കെഎസ്ഇബിയിലെ സംഘടനകളുടെ നിര്‍ദേശങ്ങളെയും കെഎഫ്ആര്‍ഐ, ടിബിജിആര്‍ഐ തുടങ്ങിയവയുടെ ശാസ്ത്രീയപഠന റിപ്പോര്‍ട്ടുകളുമെല്ലാം സമിതി തള്ളി.

ചാലക്കുടിപ്പുഴയില്‍ 163 മെഗാവാട്ടിന്റെ വൈദ്യുത പദ്ധതിയാണ് അതിരപ്പിള്ളി പദ്ധതിയിലൂടെ വിഭാവനം ചെയ്തത്. ഏറ്റവും കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാവുന്നതും കുറഞ്ഞ പരിസ്ഥിതി ആഘാതവുമുള്ള പദ്ധതിയാണിതെന്ന് വിവിധ പഠനങ്ങള്‍ ബോധ്യപ്പെടുത്തിയതാണ്. ആദിവാസി ഊരുകള്‍ ഇല്ലാതാവുമെന്നും അതിരപ്പിള്ളി വെള്ളച്ചാട്ടം നശിക്കുമെന്നും പുഴ വറ്റുമെന്നുമെല്ലാമുള്ള തെറ്റായ വാദങ്ങളാണ് പദ്ധതിക്ക് എതിരായത്. ഇതേ പുഴയിലാണ് 48 മെഗാവാട്ടിന്റെ പൊരിങ്ങല്‍കുത്ത് പദ്ധതിയും 54 മെഗാവാട്ടിന്റെ ലോവര്‍ ഷോളയാര്‍ പദ്ധതിയുമുളളത്. ഇവയിലെ വൈദ്യുതി ഉല്‍പ്പാദനമാണ് വേനല്‍ക്കാലത്തുപോലും അതിരപ്പിള്ളി വെള്ളച്ചാട്ടം നിലനിര്‍ത്തുന്നത്. അതിരപ്പിള്ളി പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സമ്മര്‍ദ്ദം ഉയരണമെന്ന് കെഎസ്ഇബി ഓഫീസേഴ്സ്് അസോ. ജനറല്‍ സെക്രട്ടറി എം ജി സുരേഷ്കുമാര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെടണം. ബാഹ്യ ഏജന്‍സികളുടെ ആസൂത്രിതമായ ഗൂഢാലോചനയുടെ സൃഷ്ടിയാണ് മാധവ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട്. പദ്ധതിയെ യുക്തിരഹിതമായി എതിര്‍ക്കുന്ന ചാലക്കുടി പുഴ സംരക്ഷണ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഗാഡ്ഗിലിന്റെ പേരില്‍ പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 110612

No comments:

Post a Comment