Saturday, July 14, 2012

മതസ്വാധീനം വര്‍ധിക്കുന്നത് നേട്ടങ്ങളെ പിന്നോട്ടടിപ്പിക്കും: കെ എന്‍ പണിക്കര്‍


ഇന്നത്തെ നിലയില്‍ മതത്തിന്റെ സ്വാധീനം സമൂഹത്തില്‍ വര്‍ധിക്കുന്നത് സാമൂഹ്യനേട്ടങ്ങളുടെ പിന്നോട്ടടിക്ക് കാരണമാകുമെന്ന് ചരിത്രകാരന്‍ പ്രൊഫ. കെ എന്‍ പണിക്കര്‍. പ്രൊഫ. നൈാന്‍കോശിയുടെ "പള്ളിയും പാര്‍ടിയും കേരളത്തില്‍" എന്ന പുസ്തകത്തെക്കുറിച്ച് പ്രൊഫ. ജോസഫ് മുണ്ടശേരി ഫൗണ്ടേഷനും മുണ്ടശേരി സ്മാരക ഗ്രന്ഥശാലയും ചേര്‍ന്ന് പ്രസ്ക്ലബ് ഹാളില്‍ സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും വ്യാപകമായി മതത്തെക്കുറിച്ചുള്ള മാര്‍ക്സിന്റെ വാക്കുകളെ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, മതം ഒരു പ്രത്യയശാസ്ത്രമാണെന്നതാണ് മാര്‍ക്സിയന്‍ കാഴ്ചപ്പാട്. മനുഷ്യരെ കര്‍മോത്സുകരാക്കാനും നിഷ്ക്രിയരാക്കാനുമുള്ള രണ്ട് ഭാഗങ്ങള്‍ മതങ്ങള്‍ക്കുണ്ട്. ജനാധിപത്യത്തില്‍ മതത്തോട് സന്ധി ചെയ്തുള്ള രാഷ്ട്രീയം മാര്‍ക്സിസത്തിന് വിരുദ്ധമാണ്. മതാചാരങ്ങളുമായി സന്ധികളൊന്നും പാടില്ല. ചൂഷണത്തിനെതിരായ രാഷ്ട്രീയമുന്നേറ്റം സാധ്യമാകുമ്പോഴേ മതങ്ങളില്‍നിന്ന് മനുഷ്യരെ മോചിപ്പിക്കാനാകൂ - കെ എന്‍ പണിക്കര്‍ പറഞ്ഞു.

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാര്‍ക്സ് പറഞ്ഞെന്നത് പരിഭാഷയിലെ പിശകാണെന്ന് തുടര്‍ന്ന് സംസാരിച്ച സി പി നാരായണന്‍ എംപി പറഞ്ഞു. വേദനസംഹാരി എന്നര്‍ഥം വരുന്ന പദമാണ് മാര്‍ക്സ് ഉപയോഗിച്ചത്. പീഡിപ്പിക്കപ്പെട്ട ജനതയ്ക്ക് വേദനയില്‍നിന്നുള്ള താല്‍ക്കാലികമോചനം മാത്രമാണ് മതം നല്‍കുന്നതെന്നാണ് മാര്‍ക്സ് അര്‍ഥമാക്കിയത്. ചൂഷണമില്ലാതാക്കാനുള്ള വിപ്ലവപ്രവര്‍ത്തനത്തിലൂടെയേ മതത്തിന്റെ പ്രവര്‍ത്തനം ഇല്ലാതാക്കാനാകൂ. ന്യൂനപക്ഷാവകാശങ്ങള്‍ നേടുന്നത് ആ വിഭാഗത്തിലെ സമ്പന്നര്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാംഗമായശേഷമുള്ള സി പി നാരായണന്റെ ആദ്യ പൊതുപരിപാടികൂടിയായിരുന്നു ഇത്. കവി നീലമ്പേരൂര്‍ മധുസൂദനന്‍നായര്‍ അധ്യക്ഷനായി. ദേശാഭിമാനി കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എന്‍ മാധവന്‍കുട്ടി, പ്രൊഫ. വി എന്‍ മുരളി, വിനോദ് വൈശാഖി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രൊഫ. നൈാന്‍ കോശി മറുപടി പ്രസംഗം നടത്തി. പ്രൊഫ. കെ എന്‍ ഗംഗാധരന്‍ സ്വാഗതവും എം ജി രവീന്ദ്രന്‍നായര്‍ നന്ദിയും പറഞ്ഞു.

deshabhimani 140712

No comments:

Post a Comment