Saturday, July 14, 2012

ഈ കോണ്‍ഗ്രസിന്റെയും കെ.എസ്.യുവിന്റെയും ഒരു കാര്യം


എന്‍ജിഒ അസോ. നേതാവ് 3 ലക്ഷം തട്ടിയെന്ന് ആരോപണം

അഞ്ചാലുംമൂട്: എന്‍ജിഒ അസോസിയേഷന്‍ നേതാവായ വിഇഒ പഞ്ചായത്തിലെ എസ്സി പ്രോജക്ടിലെ മൂന്നുലക്ഷം തട്ടിയതായി ആരോപണം. തൃക്കരുവ പഞ്ചായത്തിലെ 2011-12 പദ്ധതിയില്‍ എസ്സി പ്രോജക്ടായ ശിങ്കാരിമേളം അഭ്യസിപ്പിക്കാനും ഉപകരണങ്ങള്‍ വാങ്ങാനുമാണ് മൂന്നുലക്ഷം രൂപ വകയിരുത്തിയത്. 40 പേരെ ഉള്‍പ്പെടുത്തിയുള്ള ശിങ്കാരിമേളം സംഘത്തിന് പദ്ധതിയിട്ടെങ്കിലും പരിശീലനം തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും പഠിക്കാന്‍ ആരും എത്താത്തതിനാല്‍ പദ്ധതി നിര്‍ത്തിവച്ചു. തുടര്‍ന്ന്, പഞ്ചായത്ത്കമ്മിറ്റി ചേര്‍ന്ന് പദ്ധതിത്തുക മറ്റെന്തെങ്കിലും വികസനപ്രവര്‍ത്തനത്തിന് വിനിയോഗിക്കാമെന്ന് തീരുമാനിച്ചു. എന്നാല്‍, പദ്ധതികാലയളവിന്റെ അവസാനകാലത്ത് തുടങ്ങിയ പ്രോജക്ടിന്റെ തുകയ്ക്കുള്ള ഡിഡി വിഇഒ കൈക്കലാക്കിയിരുന്നു. ഡിഡി തിരികെവാങ്ങാന്‍ ബന്ധപ്പെട്ടവരും ശുഷ്കാന്തി കാട്ടിയതുമില്ല. വിഇഒ അനധികൃതമായി അവധിയില്‍പോകുകയും ചെയ്തു. കഴിഞ്ഞദിവസം ചേര്‍ന്ന പഞ്ചായത്ത്കമ്മിറ്റിയില്‍ ഈ വിഷയം ഉയര്‍ന്നപ്പോള്‍ സെക്രട്ടറി വിഇഒയുമായി ബന്ധപ്പെട്ടപ്പോള്‍ ഡിഡി മാറി കരാറുകാരന് നല്‍കിയെന്നാണ് അറിഞ്ഞത്. കൂടാതെ എസ്സി വിഭാഗത്തിന് വിവാഹധനസഹായമായി 20,000 രൂപവീതം പലര്‍ക്കും നല്‍കിയതിലും ഈ ഉദ്യോഗസ്ഥന്‍ തിരിമറി നടത്തിയതായും ആക്ഷേപമുണ്ട്. സംഭവം വിജിലന്‍സ് അന്വേഷിക്കണമെന്ന് പഞ്ചായത്ത്കമ്മിറ്റി ആവശ്യപ്പെട്ടു.

ക്യാമ്പസുകളില്‍ കെഎസ്യു ഭീകരത: എസ്എഫ്ഐ

ആലപ്പുഴ: വാര്‍ത്തകളില്‍ ഇടംനേടാന്‍ ജില്ലയിലെ ക്യാമ്പസുകളില്‍ കെഎസ്യു ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കുകയാണെന്ന് എസ്എഫ്ഐ ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. മാവേലിക്കര ബിഷപ്പ്മൂര്‍ കോളേജില്‍ പുറത്തുനിന്നുള്ള ക്രിമിനല്‍ സംഘങ്ങളെ ഇറക്കിയാണ് കെഎസ്യു സംഘര്‍ഷം ഉണ്ടാക്കിയത്. ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ എസ്എഫ്ഐ സ്ഥാപിച്ചിരുന്ന ബാനറുകളും കൊടിതോരണങ്ങളും കെഎസ്യു-കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ എത്തിയ ക്രിമിനലുകള്‍ നശിപ്പിച്ചു. ക്യാമ്പസിലെ സമാധാനാന്തരീക്ഷം ഇവര്‍ തകര്‍ത്തു. ഹരിപ്പാട് ടികെഎംഎം കേളേജില്‍ എസ്എഫ്ഐ സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകളും തോരണങ്ങളും കെഎസ്യുക്കാര്‍ നശിപ്പിച്ചു. എസ്എഫ്ഐ ഏരിയസെക്രട്ടറി ടി ആര്‍ അരുണ്‍ചന്ദ്രനെ കെഎസ്യു നേതാക്കളുടെ നിര്‍ദേശപ്രകാരം പൊലീസ് മര്‍ദിച്ചു. കെഎസ്യു സമരത്തിന്റെ മറവില്‍ ചെങ്ങന്നൂര്‍ ഐടിഐ ഉള്‍പ്പെടെ ജില്ലയിലെ ക്യാമ്പസുകളില്‍ എസ്എഫ്ഐയുടെ കൊടിതോരണങ്ങള്‍ നശിപ്പിച്ചു. വിദ്യാഭ്യാസരംഗത്ത് നിലനിലക്കുന്ന പ്രശ്നങ്ങളൊന്നും ഏറ്റെടുക്കാന്‍ ശ്രമിക്കാതെ കലാലയങ്ങളില്‍ അക്രമങ്ങള്‍ സൃഷ്ടിച്ച് വാര്‍ത്തകളില്‍ ഇടം നേടാനുള്ള ജുഗുപ്സാവഹമായ ശ്രമമാണ് കെഎസ്യു നടത്തുന്നത്. ഈ അക്രമങ്ങള്‍ക്കെതിരെ ജില്ലയിലെ മുഴുവന്‍ ക്യാമ്പസുകളിലും പ്രതിഷേധമുയര്‍ത്തിക്കൊണ്ടുവരണമെന്ന് ജില്ലാപ്രസിഡന്റ് ജയിംസ് സാമുവലും സെക്രട്ടറി ആര്‍ രാഹുലും അഭ്യര്‍ഥിച്ചു.

കെഎസ്യു നേതാവിന് എംഎല്‍എയുടെ പേരില്‍ വധഭീഷണി

പാലക്കാട്: കലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ഇലക്ഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയുടെ പേരില്‍ കെഎസ്യു ജില്ലാ ജനറല്‍ സെക്രട്ടറി എം ഷിഹാബുദീന് വധഭീഷണി. ഷാഫി പറമ്പില്‍ എംഎല്‍എയുടെ ഗുണ്ടയെന്ന് പരിചയപ്പെടുത്തി മൂന്ന് ഫോണ്‍ നമ്പറുകളില്‍ നിന്നാണ് വിളി വന്നതെന്നും ഇതില്‍ രണ്ടു നമ്പറുകള്‍ തിരിച്ചറിഞ്ഞതായും ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഷിഹാബുദീന്‍ പാലക്കാട് എസ്പിക്ക് പരാതി നല്‍കി. തിരിച്ചറിഞ്ഞ രണ്ടു നമ്പറിന്റെയും ഉടമകള്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ്. 98*7367741, 90*7485927, 98*7921886 എന്നീ നമ്പറുകളില്‍നിന്നാണ് ഭീഷണി വന്നതെന്ന് ഷിഹാബുദീന്‍ പറയുന്നു.

കലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്യുവിന്റെ പരാജയത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഷിഹാബുദീന്‍ കഴിഞ്ഞദിവസം പ്രസ്താവന ഇറക്കിയിരുന്നു. ഷാഫിപറമ്പില്‍ എംഎല്‍എയെ പരോക്ഷമായി പ്രതിപാദിക്കുന്ന ഈ പരാതിയുടെ പേരിലാണ് വധഭീഷണി. പരസ്യ പ്രസ്താവന സംഘടനാവിരുദ്ധമാണെന്ന് കാട്ടി ഷിഹാബുദീനോട് കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയി വിശദീകരണം തേടിയതായി പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇങ്ങനെയൊരു കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്ന് ഷിഹാബുദീന്‍ പറയുന്നു. സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ 13 വോട്ടുകള്‍ ജില്ലയില്‍ നിന്ന് ഉണ്ടാകുമെന്ന് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ മൂന്ന് വോട്ട് മാത്രമേ ലഭിച്ചുള്ളു. ഈ സാഹചര്യത്തിലാണ് സെക്രട്ടറി നേതൃത്വത്തിന് പരാതി അയച്ചത്.

പൊന്നാനി എംഇഎസ് കോളേജ്: എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ എംഎസ്എഫ് - കെഎസ്യു ആക്രമണം

പൊന്നാനി: പൊന്നാനി എംഇഎസ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ കെഎസ്യു - എംഎസ്എഫ് ആക്രമണം. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ ജമാലിനെ റാഗ്ചെയ്യുന്നത് തടയാന്‍ ശ്രമിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെയാണ് എംഎസ്എഫ് - കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചത്. മര്‍ദനത്തില്‍ പരിക്കേറ്റ എസ്എഫ്ഐ പ്രവര്‍ത്തകരും ബിരുദ വിദ്യാര്‍ഥികളുമായ റിയാസ് മുനവിര്‍, ജിതിന്‍, ശുഹൈബ്, നാസിഫ് ഹുസൈന്‍, ജമാല്‍, മുസ്തഫ തുടങ്ങിയവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എസ്എഫ്ഐ ഭരിക്കുന്ന പൊന്നാനി എംഇഎസ് കോളേജില്‍ സംസ്ഥാന ഭരണത്തിന്റെ മറവില്‍ കെഎസ്യു - എംഎസ്എഫ് ആക്രമണം തുടര്‍ക്കഥയാണ്. റാഗ്ചെയ്യുകയും എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തതിന് യുഡിഎസ്എഫ് പ്രവര്‍ത്തകരായ മുനീര്‍, നിസാര്‍, മുബീര്‍, എസ് കെ അനീഷ്, എസ് കെ അനസ്, ഷാജി, നൂറുദ്ദീന്‍, ഷാഫി, ജാസിക്ക് ഉമ്മര്‍, സിറാജുദ്ദീന്‍, സൈനുദ്ദീന്‍ എന്നിവര്‍ക്കെതിരെ പൊന്നാനി പൊലീസില്‍ പരാതി നല്‍കി. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പൊലീസ് അധികാരികളോട് എസ്എഫ്ഐ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ഭരണത്തിന്റെ മറവില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് യുഡിഎസ്എഫ് തുടര്‍ന്നാല്‍ പ്രക്ഷോഭം തുടങ്ങുമെന്ന് ഏരിയാ സെക്രട്ടറിയറ്റ് മുന്നറിയിപ്പ് നല്‍കി. പി അലി അധ്യക്ഷനായി. എ സി ലിബിന്‍, ഷിജുലേഷ് എന്നിവര്‍ സംസാരിച്ചു.

തൃക്കരിപ്പൂര്‍ എന്‍ജിനിയറിങ് കോളേജില്‍ കെഎസ്യു അക്രമം

ചീമേനി: തൃക്കരിപ്പൂര്‍ എന്‍ജിനിയറിങ് കോളേജിലെ എസ്എഫ്ഐ വിദ്യാര്‍ഥികള്‍ക്ക് നേരെ കെഎസ്യു അക്രമം. നാല് പ്രവര്‍ത്തകര്‍ക്ക് പരിക്ക്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അനീഷ് (21), ഷിജിന്‍ (19), റോഷിത്ത് (21), റിത്യുജ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുസാറ്റിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച എസ്എഫ്ഐയുടെ നേതൃത്വത്തില്‍ കോളേജില്‍ സമരം നടത്തിയിരുന്നു. സമരത്തില്‍ പങ്കെടുത്ത എസ്എഫ്ഐക്കാരായ വിദ്യാര്‍ഥികളെ കെഎസ്യു പ്രവര്‍ത്തകര്‍ തെരഞ്ഞുപിടിച്ച് മര്‍ദിച്ചത്. കമ്പിപ്പാര, വടി, കല്ല് എന്നിവയുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് കൂടുതല്‍ പ്രവര്‍ത്തകരെത്തിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. കെഎസ്യു പ്രവര്‍ത്തകരായ ദിനൂപ്, ആഷ്ബി, ജംഷീര്‍, തന്‍വീര്‍, ഷഹിന്‍ഷാ, വൈശാഖ്, റിസ്വിന്‍, മുഹമ്മദ്, ഷംസീര്‍, അഖില്‍നാഥ്, അശോക് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മര്‍ദിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. അക്രമത്തില്‍ എസ്എഫ്ഐ ചെറുവത്തൂര്‍ ഏരിയാ സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്

കണ്ണൂര്‍: ഡിസിസി പ്രസിഡന്റിനെ നിയമിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം കടുത്ത അനാസ്ഥയാണ് കാട്ടുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ്. 15,16 തിയതികളില്‍ ശ്രീകണ്ഠപുരത്ത് നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് ലോക്സഭാമണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷനെക്കുറിച്ചു വിശദീകരിക്കാന്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ മണ്ഡലം പ്രസിഡന്റടക്കമുള്ളവര്‍ രംഗത്തുവന്നത്.

കോണ്‍ഗ്രസിന് നാഥനുണ്ടാവണമെന്നാണ് തങ്ങളുടെ ആവശ്യം. എന്നാല്‍ ഗ്രൂപ്പ്വൈരം മറന്ന് യോജിച്ചുനില്‍ക്കാന്‍ ജില്ലയിലെ നേതാക്കള്‍ക്കാകുന്നില്ല. അതിനാല്‍ ഡിസിസി പ്രസിഡന്റിനെ നിയമിക്കുന്നത് എളുപ്പമാകില്ല. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാര്‍ടിയില്‍ പരിഗണന ലഭിക്കുന്നില്ലെന്ന ചര്‍ച്ച ഉയരുമ്പോള്‍തന്നെ പുതുതായി കടന്നുവരുന്നവര്‍ സ്ഥാനമാനങ്ങള്‍ കൈയടക്കുന്നുവെന്ന പരാതിയുമുണ്ട്. ഇത്തരം കാര്യങ്ങള്‍ കണ്‍വന്‍ഷന്‍ ചര്‍ച്ച ചെയ്യും. യൂത്ത് കോണ്‍ഗ്രസ് യുവജനയാത്രയുമായി ബന്ധപ്പെട്ട് പിരിച്ചെടുത്ത ഫണ്ട് നല്‍കിയില്ലെന്നാരോപിച്ച് സസ്പന്‍ഡ് ചെയ്ത മണ്ഡലം പ്രസിഡന്റുമാര്‍ക്കെതിരെയുള്ള നടപടി പിന്‍വലിച്ചതായും അറിയിച്ചു. ഫണ്ട് നല്‍കി സംസ്ഥാന കമ്മിറ്റി മുമ്പാകെ മാപ്പപേക്ഷിച്ചതിനാലാണ് നടപടി ഉപേക്ഷിച്ചത്. സാജന്‍ പിണറായി, വി കെ സനേഷ്, കെ കമറുദ്ദീന്‍, എം ദില്‍ജോ ജിത്തുതോമസ് എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടായത്. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂര്‍, രജിത്ത് നാറാത്ത്, ഒ കെ പ്രസാദ് എന്നിവര്‍ പങ്കെടുത്തു.


കെഎസ്യുവില്‍ തര്‍ക്കം മുറുകുന്നു

തൃശൂര്‍: കലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെഎസ്യുവിലെ തര്‍ക്കം മുറുകുന്നു. ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരെ പ്രസ്താവനയിറക്കിയവരെ പുറത്താക്കണമെന്ന ജില്ലാ ഭാരവാഹികളുടെ അഭിപ്രായത്തെ ഐഗ്രൂപ്പുകാരായ കോളേജ് യൂണിയന്‍ ഭാരവാഹികള്‍ തള്ളിക്കളഞ്ഞു. കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ ലീഷ്മ, ജില്ലാ സെക്രട്ടറിമാരായ പി കെ ശ്യാംകുമാര്‍, അരുണ്‍ മോഹന്‍, എ എ മുഹമ്മദ് ഹാഷിം എന്നിവരെ പുറത്താക്കണമെന്നാണ് എ ഗ്രൂപ്പുകാരായ ജില്ലാ സെക്രട്ടറിമാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അമൂല്‍ബേബികളായ ഇവരെ അംഗീകരിക്കില്ലെന്നും കോളേജ് യൂണിയന്‍ ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു. മുന്‍ ജില്ലാ സെക്രട്ടറി കെ വി സിവിന്‍ അധ്യക്ഷനായി.

ആളാവാന്‍ കെഎസ്യു ജില്ലാ പ്രസിഡന്റിന്റെ കുറുക്കുവിദ്യ

തൃപ്രയാര്‍: സമരം നടത്തുന്നതിനായി കെഎസ്യു ജില്ലാ പ്രസിഡന്റ് നടത്തിയ കുറുക്കുവിദ്യ പുറത്തായത് നാണക്കേടായി. വലപ്പാട് പഞ്ചായത്തിലെ വെള്ളക്കെട്ട് നിര്‍മാര്‍ജനം ചെയ്യുന്നതിനാണ് കെഎസ്യു നേതാവ് ശോഭ സുബിന്‍ റോഡില്‍ വഞ്ചി ഇറക്കി സമരത്തിനിറങ്ങിയത്. എടമുട്ടം പാലപ്പെട്ടി പ്രദേശത്താകെ വെള്ളക്കെട്ടാണ് എന്ന് പ്രചരിപ്പിച്ചായിരുന്നു സമരം. എന്നാല്‍ റോഡില്‍ വെള്ളക്കെട്ടില്ലാതെ വന്നതിനെതുടര്‍ന്ന് സമീപപ്രദേശങ്ങളില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് റോഡില്‍ നിറക്കുകയായിരുന്നു. ഉദ്ഘാടനത്തിന് നേതാവ് ക്ഷണിച്ചുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ ഇത് കണ്ടുപിടിച്ചതോടെ നേതാവിന്റെ തനിനിറം പുറത്തായി.



ഈ കോണ്‍ഗ്രസുകാരെന്താ ഇങ്ങനെ പെരുമാറണേ?

No comments:

Post a Comment