Monday, July 16, 2012

വിവാദ റിപ്പോര്‍ട്ടര്‍ രാജിവച്ചു


അസമില്‍ രാത്രി ഹോട്ടലില്‍നിന്ന് ഇറങ്ങിവന്ന പെണ്‍കുട്ടിയെ അമ്പതോളംപേര്‍ അപമാനിച്ച സംഭവത്തില്‍ വിവാദത്തില്‍പ്പെട്ട ന്യൂസ്ലൈവ് ചാനല്‍ റിപ്പോര്‍ട്ടര്‍ ഗൗരവ് ജ്യോതി നിയോഗ് ജോലി രാജിവച്ചു. റിപ്പോര്‍ട്ടര്‍ ഉള്‍പ്പെട്ട സംഘമാണ് സംഭവം ആസൂത്രണംചെയ്തതെന്ന ആരോപണവുമായി അണ്ണ ഹസാരെ സംഘാംഗവും വിവരാവകാശപ്രവര്‍ത്തകനുമായ അഖില്‍ ഗൊഗൊയ് രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടിയെ അപമാനിക്കുന്നത് ക്യാമറയില്‍ പകര്‍ത്താന്‍ തക്കവിധം വെളിച്ചത്തേക്ക് മാറ്റിനിര്‍ത്താന്‍ റിപ്പോര്‍ട്ടര്‍ ആക്രോശിക്കുന്ന ശബ്ദരേഖയുള്ള ദൃശ്യങ്ങള്‍ ഗൊഗൊയ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഈ ശബ്ദഭാഗങ്ങള്‍ ഒഴിവാക്കിയാണ് ചാനല്‍ സംപ്രേഷണം ചെയ്തത്.

എന്നാല്‍, ഗൊഗൊയ് തന്നെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് നിയോഗ് പറഞ്ഞു. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഗൊഗൊയിയുടെ വിശ്വാസ്യത ചോദ്യംചെയ്യുന്ന വാര്‍ത്ത ചാനല്‍ സംപ്രേഷണംചെയ്തതിന്റെ വാശിതീര്‍ക്കുകയാണെന്ന് എഡിറ്റര്‍ സറീര്‍ ഹുസൈന്‍ കുറ്റപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളെപ്പറ്റി ഉന്നതതല അന്വേഷണം നടത്തണമെന്നും ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും അസമിലെ ദൃശ്യമാധ്യമങ്ങളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.

അതേസമയം, ആറുദിവസം പിന്നിട്ടിട്ടും എല്ലാ പ്രതികളെയും പിടികൂടാന്‍ പൊലീസിനായിട്ടില്ല. മൂന്ന് പേര്‍ കൂടി വെള്ളിയാഴ്ച്ച പിടിയിലായെങ്കിലും അഞ്ചുപേരെ ഇനിയും കിട്ടാനുണ്ട്. അസമിലും അയല്‍സംസ്ഥാനങ്ങളിലും തെരച്ചില്‍ തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡുചെയ്തു.

എല്ലാ ആക്രമികളെയും ഉടന്‍ പിടികൂടി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധസംഘടനകളുടെയും വനിതാസംഘടനകളുടെയും നേതൃത്വത്തില്‍ അസമില്‍ വന്‍പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. സംഭവം അന്വേഷിക്കാന്‍ അസമിലെത്തി യ ദേശീയ വനിതാകമീഷന്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് പതിനേഴുകാരിയെ തിരക്കുള്ള റോഡില്‍ ആള്‍ക്കൂട്ടം അപമാനിച്ചത്. എസ്എഫ്ഐ അപലപിച്ചു ന്യൂഡല്‍ഹി: ഗുവാഹത്തിയില്‍ സ്കൂള്‍വിദ്യാര്‍ഥിനിയെ ഒരു സംഘം ആളുകള്‍ ശാരീരികമായി ഉപദ്രവിച്ചതിനെ എസ്എഫ്ഐ അപലപിച്ചു. പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ എത്രമാത്രം അരക്ഷിതരാണെന്നതിന് തെളിവാണിത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നുംഎസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 160712

No comments:

Post a Comment