Saturday, July 14, 2012

സ്റ്റാര്‍ റേറ്റിങ്: യൂത്ത് നേതാക്കള്‍ "നക്ഷത്ര"മെണ്ണുന്നു


സംസ്ഥാന യൂത്ത് കോണ്‍ഗ്രസിലും "സ്റ്റാര്‍ റേറ്റിങ് സിസ്റ്റം" ആരംഭിച്ചതോടെ നേതാക്കള്‍ നക്ഷത്രം എണ്ണിത്തുടങ്ങി. മരണാസന്നമായ സംഘടനയെ രക്ഷിക്കാന്‍ രാഹുല്‍ഗാന്ധിയുടെ പരിഷ്കാരപദ്ധതി കേരളത്തില്‍ ഗ്രൂപ്പുപോരിന് പുതിയ ആയുധമായി. പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ നിയോജകമണ്ഡലംവരെയുള്ള കമ്മിറ്റികള്‍ക്കും നേതാക്കള്‍ക്കും മാസംതോറും പച്ച, മഞ്ഞ, ചുവപ്പ് നക്ഷത്രങ്ങള്‍ നല്‍കുന്ന സ്റ്റാര്‍ റേറ്റിങ് സിസ്റ്റം വന്നതോടെ നേതാക്കളുടെ കളവുപറച്ചില്‍ അവസാനിക്കുമെന്ന കണക്കുകൂട്ടലിലാണ് ദേശീയ നേതൃത്വം.

"യൂണിറ്റ് മാനേജ്മെന്റ് സിസ്റ്റം" എന്നു പേരിട്ട പ്രവര്‍ത്തനപദ്ധതി ഗ്രൂപ്പുപോരില്‍ ജീവിക്കുന്ന കേരളത്തിലെ യൂത്ത് കോണ്‍ഗ്രസില്‍ വേണ്ടെന്നായിരുന്നു ആദ്യഘട്ടത്തില്‍ രാഹുല്‍ഗാന്ധി വിലയിരുത്തിയത്. നക്ഷത്രമെണ്ണല്‍ തുടങ്ങിയതോടെ യൂത്ത് നേതാക്കള്‍ പരിപാടി നടത്താന്‍ പരക്കംപായുകയാണ്. ഇപ്പോള്‍ നിയോജകമണ്ഡലം കമ്മിറ്റിവരെയുള്ള നേതാക്കള്‍ക്കാണ് നക്ഷത്രപദവി ബാധകമാകുക. ഒരു മാസം ഒരു പരിപാടിയെങ്കിലും സംഘടിപ്പിക്കുക, മാസംതോറും യോഗം കൂടുക, പരിപാടികളിലെ ജനപങ്കാളിത്തം ഇതൊക്കെ പരിശോധിച്ചാണ് നക്ഷത്രപദവി നല്‍കുക. മികച്ചപ്രവര്‍ത്തനം നടത്തുന്ന കമ്മിറ്റിക്ക് പച്ചനക്ഷത്രം നല്‍കും. ഇടത്തരം പ്രവര്‍ത്തനത്തിന് മഞ്ഞ, മോശം പ്രവര്‍ത്തനത്തിന് ചുവപ്പും. സംസ്ഥാന ജനറല്‍ സെക്രട്ടറി വിനോദ് കൃഷ്ണയ്ക്കാണ് പുതിയ സംവിധാനത്തിന്റെ മേല്‍നോട്ടച്ചുമതല.

സ്റ്റാര്‍ റേറ്റിങ്ങും ഗ്രൂപ്പ് പോരിനു തടസ്സമല്ലെന്ന് മലബാര്‍മേഖലയുടെ ചുമതലതന്നെ തെളിയിക്കുന്നു. സംസ്ഥാന മേല്‍നോട്ടക്കാരനായ വിനോദ് കൃഷ്ണയ്ക്കുതന്നെയാണ് എട്ട് പാര്‍ലമെന്റ് കമ്മിറ്റിയുള്ള മലബാര്‍മേഖലയുടെ ചുമതലയും. ഇത് ഗ്രൂപ്പുകളിയുടെ ഭാഗമാണെന്നാണ് മറുഗ്രൂപ്പുകാര്‍ ആരോപിക്കുന്നത്. വയനാട്ടില്‍ വയലാര്‍രവിയുടെ ഗ്രൂപ്പുകാരനായ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി മാത്യു കുഴല്‍നാടനെ ഒതുക്കാനാണ് കേന്ദ്രമന്ത്രി കെ വി തോമസിന്റെ പാളയത്തിലെ വിനോദ്കൃഷ്ണയ്ക്ക് അധിക ചുമതല നല്‍കിയത്. ജൂണിലെ പച്ചനക്ഷത്രപദവി ലഭിച്ചത് പൊന്നാനി മണ്ഡലംകമ്മിറ്റി നടത്തിയ ഭാരതപ്പുഴ സംരക്ഷണയാത്രയ്ക്കാണ്. എന്നാല്‍, ഈ പരിപാടിയില്‍ ആളുകളെ കൂലിക്ക് ഇറക്കിയെന്ന് ആരോപണമുയര്‍ന്നു.
(എം വി പ്രദീപ്)

deshabhimani 150712

2 comments:

  1. സംസ്ഥാന യൂത്ത് കോണ്‍ഗ്രസിലും "സ്റ്റാര്‍ റേറ്റിങ് സിസ്റ്റം" ആരംഭിച്ചതോടെ നേതാക്കള്‍ നക്ഷത്രം എണ്ണിത്തുടങ്ങി. മരണാസന്നമായ സംഘടനയെ രക്ഷിക്കാന്‍ രാഹുല്‍ഗാന്ധിയുടെ പരിഷ്കാരപദ്ധതി കേരളത്തില്‍ ഗ്രൂപ്പുപോരിന് പുതിയ ആയുധമായി. പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ നിയോജകമണ്ഡലംവരെയുള്ള കമ്മിറ്റികള്‍ക്കും നേതാക്കള്‍ക്കും മാസംതോറും പച്ച, മഞ്ഞ, ചുവപ്പ് നക്ഷത്രങ്ങള്‍ നല്‍കുന്ന സ്റ്റാര്‍ റേറ്റിങ് സിസ്റ്റം വന്നതോടെ നേതാക്കളുടെ കളവുപറച്ചില്‍ അവസാനിക്കുമെന്ന കണക്കുകൂട്ടലിലാണ് ദേശീയ നേതൃത്വം.

    ReplyDelete
  2. ഈ യൂതന്മാര്‍ ചുമ്മാ ചിരിപ്പിക്കാന്‍ വേണ്ടി ...

    ReplyDelete