Sunday, July 15, 2012

അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയിട്ടില്ല: ഡിജിപി


ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണസംഘത്തിലുള്ളവരുടെ ഫോണ്‍കോളുകള്‍ ആരും ചോര്‍ത്തിയിട്ടില്ലെന്ന് ഡിജിപി ജേക്കബ് പുന്നൂസ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഫോണ്‍വിളി സംബന്ധിച്ച വിശദാംശങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കു മാത്രമേ ഇതു നല്‍കാവൂ എന്ന് മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നിട്ടും മറ്റുള്ളവര്‍ക്ക് എങ്ങനെ വിവരം കിട്ടിയെന്നത് അന്വേഷിക്കും.

മൊബൈല്‍ കമ്പനികളെ നിയന്ത്രിക്കാന്‍ കേരള പൊലീസിന് അധികാരമില്ല. ഇക്കാര്യം നിരവധിത്തവണ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രശേഖരന്‍വധക്കേസ് അന്വേഷണം അവസാനിപ്പിച്ചിട്ടില്ല. കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടുമെന്ന് മുമ്പ് പറഞ്ഞതില്‍നിന്ന് മാറ്റിയൊന്നും പറയാനില്ല. അന്വേഷണം അവസാനിച്ചെന്ന് മാധ്യമങ്ങള്‍ എഴുതുന്നതിന് എന്നോടുചോദിച്ചിട്ടു കാര്യമില്ല. നിങ്ങള്‍ ഓരോന്നു കൊടുക്കുന്നു. പിന്നീട് മാറ്റുന്നു- ഡിജിപി പറഞ്ഞു.

കേരളത്തില്‍ തിരിച്ചറിയല്‍രേഖകള്‍ ദുരുപയോഗംചെയ്ത് മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകള്‍ നല്‍കുന്നത് വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ദുരുപയോഗംചെയ്യുന്ന വ്യക്തികള്‍ക്കെതിരെയും സ്വകാര്യ കമ്പനികള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ഡിജിപി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ചന്ദ്രശേഖരന്‍ വധം: 3 ആര്‍എസ്എസുകാരെ ചോദ്യം ചെയ്തു

വടകര: ചന്ദ്രശേഖരന്‍ വധക്കേസില്‍ പാനൂരിലെ മൂന്ന് ആര്‍എസ്എസുകാരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ശനിയാഴ്ച വടകര ഡിവൈഎസ്പി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. നേരത്തെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇവരെ മൂന്നര മണിക്കൂറാണ് ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തില്‍ചോദ്യം ചെയ്തത്. വിശദാംശം പൊലീസ് പുറത്തുവിട്ടില്ല. മൂവരെയും പിന്നീട് വിട്ടയച്ചു.

അവസാനിപ്പിക്കല്‍ അന്വേഷണ സംഘം തീരുമാനിക്കും: തിരുവഞ്ചൂര്‍

കോട്ടയം: ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം അവസാനിപ്പിക്കുന്ന കാര്യം അന്വേഷണസംഘം തീരുമാനിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രതികളായി 61 പേരെയാണ് സംശയിച്ചത്. ഇതില്‍ ഭൂരിപക്ഷവും കസ്റ്റഡിയില്‍ ചോദ്യംചെയ്യലിന് വിധേയമായി. കുറ്റപത്രം നല്‍കുന്നതിനുള്ള നടപടിക്രമം പുരോഗമിക്കുകയാണ്. വ്യക്തികളെ പ്രഖ്യാപിച്ച് അന്വേഷണം നടത്തുന്ന രീതിയല്ല സ്വീകരിച്ചതെന്നും മന്ത്രി അവകാശപ്പെട്ടു. തന്റെ കോട്ടയത്തെ ഓഫീസ് ആക്രമിച്ചതിനു പിന്നില്‍ നിഗൂഢശക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 150712

1 comment:

  1. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണസംഘത്തിലുള്ളവരുടെ ഫോണ്‍കോളുകള്‍ ആരും ചോര്‍ത്തിയിട്ടില്ലെന്ന് ഡിജിപി ജേക്കബ് പുന്നൂസ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഫോണ്‍വിളി സംബന്ധിച്ച വിശദാംശങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കു മാത്രമേ ഇതു നല്‍കാവൂ എന്ന് മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നിട്ടും മറ്റുള്ളവര്‍ക്ക് എങ്ങനെ വിവരം കിട്ടിയെന്നത് അന്വേഷിക്കും.

    ReplyDelete