Saturday, July 14, 2012

സിപിഐ എം നേതാക്കളുടെ ഫോണ്‍കോള്‍ ചോര്‍ത്തി


കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സിപിഐ എം നേതാക്കളുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ കൂട്ടത്തോടെ ചോര്‍ത്തി. കോണ്‍ഗ്രസ് നേതാവ് കെ സുധാകരനുമായി അടുത്ത ബന്ധമുള്ള മാധ്യമപ്രവര്‍ത്തകനുവേണ്ടിയാണ് ഇരുപത്തഞ്ചോളം നേതാക്കളുടെ കോള്‍ ചോര്‍ത്തിയത്. മഞ്ചേശ്വരം മണ്ഡലത്തിലെ ടെലിഫോണ്‍ എക്സ്ചേഞ്ചില്‍നിന്നാണ് ഈ മാസം ഒന്നുമുതല്‍ നാലുവരെയുള്ള ദിവസങ്ങളില്‍ കോളുകളുടെ പ്രിന്റ് രഹസ്യമായെടുത്തത്. മാധ്യമപ്രവര്‍ത്തകന്റെ അടുത്ത ബന്ധുവായ ബിഎസ്എന്‍എല്‍ ജീവനക്കാരിയെ ഉപയോഗിച്ചായിരുന്നു ചോര്‍ത്തല്‍.

കെ സുധാകരനെതിരായ പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിനുശേഷമാണ് സിപിഐ എം നേതാക്കളുടെ കോള്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. ഇ പി ജയരാജന്‍ എംഎല്‍എ, പി ജയരാജന്‍, എം വി ജയരാജന്‍ തുടങ്ങിയ നേതാക്കളുടെ ഫോണ്‍ കോളുകളാണ് പ്രധാനമായും ചോര്‍ത്തിയത്. ഇവരുടെ ഫോണിലേക്ക് വന്നതും പുറത്തേക്ക് പോയതുമായ വിവരങ്ങളാണ് എടുത്തത്. ടെലികോം ഓഫീസര്‍മാര്‍ക്ക് നല്‍കുന്ന രഹസ്യ പാസ്വേഡ് ഉപയോഗിച്ചാണ് ചോര്‍ത്തല്‍. ഈ ഓഫീസില്‍ ഉപഭോക്താവിന്റെ കോളിന്റെ വിശദാംശങ്ങള്‍ കൊടുക്കാനുള്ള സംവിധാനം ഇല്ലാതിരുന്നിട്ടും നിരവധി പ്രിന്റുകളെടുത്തത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നേതാക്കളുടെ കോള്‍ വിവരമാണെടുത്തതെന്ന് സൂചന ലഭിച്ചത്. എടുത്ത പ്രിന്റുകള്‍ രഹസ്യമായി ഓഫീസില്‍നിന്ന് കടത്തുകയായിരുന്നു.

ഉപഭോക്താവ് ആവശ്യപ്പെട്ടാല്‍ അവരുടെ കോളുകളുടെ വിവരം കൈമാറാന്‍ സംവിധാനമുണ്ട്. യഥാര്‍ഥ ഉപഭോക്താവിനേ ഇത് കൊടുക്കാന്‍ പാടുള്ളു. ഓഫീസര്‍മാര്‍ക്ക് നല്‍കുന്ന പാസ്വേഡ് ഉപയോഗിച്ചാല്‍ ഏത് ഫോണിന്റെയും വിവരം ഏത് എക്സ്ചേഞ്ചില്‍നിന്നും എടുക്കാം. പ്രിന്റെടുത്തുകഴിഞ്ഞാല്‍ ആ വിവരം മറ്റൊരാള്‍ക്ക് കണ്ടുപിടിക്കാന്‍ സംവിധാനം സെക്കന്‍ഡറി സ്വിച്ചിങ് ഏരിയ(എസ്എസ്എ)കളിലില്ല. കൊച്ചിയിലുള്ള മൊബൈല്‍ സ്വിച്ചിങ് സെന്ററില്‍നിന്ന് ഇത് മനസിലാക്കാനാവും. ഫോണ്‍കോള്‍ വിവരം അനധികൃതമായി എടുത്തെന്ന രഹസ്യവിവരം കിട്ടിയതിനെതുടര്‍ന്ന് അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് ബിഎസ്എന്‍എല്‍ വിജിലന്‍സ് വിഭാഗം.
(എം ഒ വര്‍ഗീസ്)

deshabhimani 150712

2 comments:

  1. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സിപിഐ എം നേതാക്കളുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ കൂട്ടത്തോടെ ചോര്‍ത്തി. കോണ്‍ഗ്രസ് നേതാവ് കെ സുധാകരനുമായി അടുത്ത ബന്ധമുള്ള മാധ്യമപ്രവര്‍ത്തകനുവേണ്ടിയാണ് ഇരുപത്തഞ്ചോളം നേതാക്കളുടെ കോള്‍ ചോര്‍ത്തിയത്. മഞ്ചേശ്വരം മണ്ഡലത്തിലെ ടെലിഫോണ്‍ എക്സ്ചേഞ്ചില്‍നിന്നാണ് ഈ മാസം ഒന്നുമുതല്‍ നാലുവരെയുള്ള ദിവസങ്ങളില്‍ കോളുകളുടെ പ്രിന്റ് രഹസ്യമായെടുത്തത്. മാധ്യമപ്രവര്‍ത്തകന്റെ അടുത്ത ബന്ധുവായ ബിഎസ്എന്‍എല്‍ ജീവനക്കാരിയെ ഉപയോഗിച്ചായിരുന്നു ചോര്‍ത്തല്‍.

    ReplyDelete
  2. പ്രശാന്ത് ബാബുവിന്റെ മൊഴിപ്പകര്‍പ്പ് സുധാകരന് ചോര്‍ത്തി നല്‍കിയെന്ന്

    കണ്ണൂര്‍: പ്രശാന്ത്ബാബു ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് സുധാകരന് ചോര്‍ത്തി നല്‍കിയതായി ആക്ഷേപം. സുധാകരന്റെ വലംകൈയായി അറിയപ്പെടുന്ന പൊലീസ് അസോസിയേഷന്‍ നേതാവാണ് പകര്‍പ്പെത്തിച്ചതെന്ന് കരുതുന്നു. കെ സുധാകരനെതിരെ പ്രശാന്ത്ബാബു ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍ നായര്‍ക്ക് നല്‍കിയ മൊഴിയുടെ പകര്‍പ്പ് കണ്ണൂര്‍ സര്‍ക്കിള്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്നു. ഇതിന്റെ പകര്‍പ്പാണ് ശനിയാഴ്ച അസോസിയേഷന്‍ നേതാവ് സുധാകരന് എത്തിച്ചതെന്നാണ് ആക്ഷേപം. സുധാകരന്റെ ക്വട്ടേഷന്‍ പ്രവര്‍ത്തനം സംബന്ധിച്ച വെളിപ്പെടുത്തലിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ഭരണസ്വാധീനം ഉപയോഗിച്ച് അന്വേഷണം വഴിതെറ്റിക്കുമെന്ന ആക്ഷേപവുമുയര്‍ന്നിരുന്നു. ഇതിനിടയിലാണ് സുധാകരന്‍ പൊലീസിലെ ഇഷ്ടക്കാരനെ ഉപയോഗിച്ച് മൊഴിയുടെ പകര്‍പ്പ് ശേഖരിച്ചത്.

    ReplyDelete