Saturday, July 14, 2012

കെ സുധാകരനെതിരെ സിബിഐ അന്വേഷണവുമില്ല


സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങിയതിന് താന്‍ സാക്ഷിയാണെന്ന കെ സുധാകരന്‍ എംപിയുടെ പ്രസംഗം സംബന്ധിച്ച് സിബിഐ അന്വേഷണം ആരംഭിച്ചില്ല. കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം. ഇടമലയാര്‍ അഴിമതിക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ യുഡിഎഫ് സര്‍ക്കാര്‍ മോചിപ്പിച്ച ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് 2011 ഫെബ്രുവരി 12ന് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണയോഗത്തിലാണ് സുധാകരന്‍ വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതേപ്പറ്റി സിബിഐ അന്വേഷണം നടക്കുന്നുവെന്ന പേരില്‍, സുധാകരന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസും ക്രൈം ഡിറ്റാച്ച്മെന്റ് വിഭാഗം പൊലീസ് എടുത്ത കേസും കഴിഞ്ഞദിവസം എഴുത്തിത്തള്ളിയിരുന്നു. സുധാകരനെതിരായി ഈ വിഷയത്തില്‍ സിബിഐ അന്വേഷണം നടക്കുന്നതായി സംസ്ഥാനസര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

അനധികൃത ബാര്‍ ലൈസന്‍സ് റദ്ദുചെയ്ത ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിക്കാന്‍ സുപ്രീംകോടതി ജഡ്ജി 15 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് താന്‍ ദൃക്സാക്ഷിയാണെന്നാണ് സുധാകരന്‍ പ്രസംഗിച്ചത്. ഇതുസംബന്ധിച്ച് സുപ്രീംകോടതി അഭിഭാഷകന്‍ ദീപക് പ്രകാശ് ഡല്‍ഹി പൊലീസ് കമീഷണര്‍ക്ക് 2011 ഫെബ്രുവരി 14നു പരാതി നല്‍കി. ഇപ്രകാരം ആവശ്യമായ നടപടിയെടുക്കാന്‍ ഡല്‍ഹി ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സിലെ ആന്റി കറപ്ഷന്‍ ബ്രാഞ്ച് 2011 ഏപ്രില്‍ ആറിന് സുപ്രിംകോടതി രജിസ്ട്രാര്‍ക്ക് കത്തയച്ചു. ദീപക് പ്രകാശിന്റെ പരാതിയുടെ പകര്‍പ്പും രജിസ്ട്രാര്‍ക്ക് അയച്ചു. പരാതിക്കാരന്റെ പേരുവിവരവും നല്‍കിയിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് ഒരു മറുപടിയും ഇതുവരെ ലഭിച്ചില്ലെന്ന് ദീപക് പ്രകാശ് "ദേശാഭിമാനി"യോട് പറഞ്ഞു.

ദീപക് പ്രകാശിനോട് ഡല്‍ഹി പൊലീസോ വിജിലന്‍സോ സിബിഐയോ ഒരു കാര്യവും അന്വേഷിച്ചിട്ടില്ല. എംപിയെന്ന നിലയില്‍ സുധാകരന്‍ ഡല്‍ഹി ബികെഎസ് മാര്‍ഗിലുള്ള എംഎസ് ഫ്ളാറ്റില്‍ താമസക്കാരനായതുകൊണ്ടാണ് ദീപക് പ്രകാശ് ഡല്‍ഹി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്. കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിലും പരാതിയുടെ പകര്‍പ്പ് നല്‍കി. അഴിമതി വിഷയമായതിനാലാണ് പരാതി ഡല്‍ഹി വിജിലന്‍സിലെ അഴിമതിവിരുദ്ധവിഭാഗത്തിന് കൈമാറിയത്. സുധാകരന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് 2011 ഏപ്രില്‍ രണ്ടിന് സംസ്ഥാന വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം എടുത്ത കേസാണ് കഴിഞ്ഞദിവസം എഴുതിത്തള്ളിയത്. കേസ് സിബിഐ അന്വേഷിക്കുകയാണെന്നും വിജിലന്‍സിന് അന്വേഷിക്കാന്‍ അധികാരമില്ലെന്നും കാണിച്ചാണ് വിജിലന്‍സ് പ്രത്യേകാന്വേഷണവിഭാഗം (രണ്ട്) എഴുതിത്തള്ളിയത്. വിജിലന്‍സ് കേസ് എഴുതിത്തള്ളാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെ ക്രൈംഡിറ്റാച്ച്മെന്റ് വിഭാഗം അന്വേഷിക്കുന്ന കേസും എഴുതിത്തള്ളാന്‍ കഴിഞ്ഞ വെള്ളിയാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വിജിലന്‍സ് റിപ്പോര്‍ട്ടിലെ അതേവാദമാണ് ക്രൈം ഡിറ്റാച്ച്മെന്റ് വിഭാഗവും ഉന്നയിച്ചത്. സിബിഐ അന്വേഷണം നടക്കുന്നുവെന്ന ന്യായം. എന്നാല്‍ സിബിഐ അന്വേഷണം നടക്കുന്നുണ്ടെങ്കില്‍ അതിന്റെ വിശദാംശം ഹാജരാക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (മൂന്ന്) ഇജാസ് ആവശ്യപ്പെട്ടിരിക്കുകയാണ്.

കൊലയാളികളെ സംരക്ഷിച്ചത് കോണ്‍ഗ്രസ്: കോടിയേരി

കോഴിക്കോട്: കൊലക്കേസ് പ്രതികളെ മന്ത്രിയാക്കി കൂടെയിരുത്തിയ ഉമ്മന്‍ചാണ്ടിയും യുഡിഎഫുമാണ് സിപിഐ എമ്മിനെ കൊലയാളികളുടെ പ്രസ്ഥാനമെന്ന് ആരോപിക്കുന്നതെന്ന് പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കൊലയാളികള്‍ക്കും അക്രമികള്‍ക്കും പാരിതോഷികവും സ്ഥാനക്കയറ്റവും നല്‍കുന്ന കോണ്‍ഗ്രസിനും യുഡിഎഫിനും സിപിഐ എമ്മിനെ ആക്ഷേപിക്കാന്‍ അവകാശമില്ല- നുണപ്രചാരണങ്ങള്‍ക്കെതിരെ സിപിഐ എം കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിഷേധറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ചാണ്ടി മന്ത്രിസഭാംഗം ആര്യാടന്‍ മുഹമ്മദ് സിപിഐ എം നേതാവ് കുഞ്ഞാലിയെ കൊന്ന കേസിലെ പ്രതിയായിരുന്നു. ഇ പി ജയരാജന്‍ വധശ്രമക്കേസിലെ പ്രതി കെ സുധാകരനെ രമേശ് ചെന്നിത്തലയും കോണ്‍ഗ്രസും എംപിയാക്കി. ജയരാജന്‍ വധശ്രമക്കേസ് പ്രതി എം വി രാഘവനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ തയ്യാറാകാത്ത എ കെ ആന്റണിയുടെ വിമര്‍ശനത്തിലും കഴമ്പില്ല.

നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നത് സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണ്. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കള്ളക്കേസില്‍ കുടുക്കിയ നേതാക്കള്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നാണ് ഇപ്പോള്‍ ചില മാധ്യമങ്ങളും പാര്‍ടി വിരുദ്ധരും ചോദിക്കുന്നത്. ഏഴുപേരുള്ള കൊലക്കേസ് എന്നാണ് ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച് ആദ്യം പറഞ്ഞത്. ഇപ്പോള്‍ 70 പ്രതികളായി. ഗൂഢാലോചനയുടെ പേരിലാണ് അറസ്റ്റ്. ആര്‍എംപിക്കാര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് പട്ടിക കൊടുത്തതിന്റെ അടുത്തദിവസം ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരനടക്കമുള്ളവരെ ചോദ്യംചെയ്തു. അടിയന്തരാവസ്ഥക്കാലത്ത് ജയറാംപടിക്കലിന്റെ പൊലീസ് ചെയ്യാത്ത കാര്യമാണ് ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിലിപ്പോള്‍ തുടരുന്നത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി പാര്‍ടിയെ നശിപ്പിക്കാനുള്ള പരീക്ഷണത്തിലാണ്. നിരോധിച്ച രാഷ്ട്രീയ പാര്‍ടിയോട് കാട്ടുന്നതിലും ഭീകരമായ സമീപനമാണിത്. എല്ലാ ഇടതുപക്ഷവിരുദ്ധശക്തികളെയും ഏകോപിപ്പിച്ചാണ് നീക്കം. രണ്ടുതരം നീതിയാണിന്ന് കേരളത്തില്‍. ഇരട്ടക്കൊലക്കേസില്‍ മുസ്ലിംലീഗ് എംഎല്‍എ പി കെ ബഷീറിനെതിരെ കേസില്ല. ഇ പി ജയരാജനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍, പ്രശാന്ത്ബാബുവിന്റെ വെളിപ്പെടുത്തല്‍ വന്നിട്ടും സുധാകരനെതിരെ കേസില്ല. ജനാധിപത്യപരമായി പ്രവര്‍ത്തിക്കാനുള്ള സിപിഐ എമ്മിന്റെ സ്വാതന്ത്ര്യം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് മുന്നില്‍ അടിയറവെക്കില്ലെന്നും കോടിയേരി പറഞ്ഞു.

deshabhimani 150712

1 comment:

  1. സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങിയതിന് താന്‍ സാക്ഷിയാണെന്ന കെ സുധാകരന്‍ എംപിയുടെ പ്രസംഗം സംബന്ധിച്ച് സിബിഐ അന്വേഷണം ആരംഭിച്ചില്ല. കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം. ഇടമലയാര്‍ അഴിമതിക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ യുഡിഎഫ് സര്‍ക്കാര്‍ മോചിപ്പിച്ച ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് 2011 ഫെബ്രുവരി 12ന് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണയോഗത്തിലാണ് സുധാകരന്‍ വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതേപ്പറ്റി സിബിഐ അന്വേഷണം നടക്കുന്നുവെന്ന പേരില്‍, സുധാകരന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസും ക്രൈം ഡിറ്റാച്ച്മെന്റ് വിഭാഗം പൊലീസ് എടുത്ത കേസും കഴിഞ്ഞദിവസം എഴുത്തിത്തള്ളിയിരുന്നു. സുധാകരനെതിരായി ഈ വിഷയത്തില്‍ സിബിഐ അന്വേഷണം നടക്കുന്നതായി സംസ്ഥാനസര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു

    ReplyDelete