Saturday, July 14, 2012

എസ്എഫ്ഐ നേതാവിനെ ജാമ്യത്തിലിറക്കാനെത്തിയവരെ ജയിലില്‍നിന്ന് കസ്റ്റഡിയിലെടുത്തു


കണ്ണൂര്‍: എസ്എഫ്ഐ നേതാവിന്റെ ജാമ്യനടപടി പൂര്‍ത്തിയാക്കാന്‍ ജയിലിലെത്തിയ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലടച്ചു. കേസില്‍ പ്രതിയല്ലാത്ത വിദ്യാര്‍ഥികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മണിക്കൂറുകളോളം വിദ്യാര്‍ഥികള്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്നു. നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാനുള്ള നീക്കമറിഞ്ഞെത്തിയ സിപിഐ എം- ഡിവൈഎഫ്ഐ- മഹിളാ നേതാക്കളും നൂറുകണക്കിനാളുകളും പൊലീസ് സ്റ്റേഷനുമുന്നില്‍ തടിച്ചുകൂടി. പ്രശ്നം വഷളാവുകയാണെന്ന് ബോധ്യമായ പൊലീസ് വൈകിട്ട് ഏഴോടെ എസ്എഫ്ഐ നേതാക്കളെ വിട്ടയച്ചു.

കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് സരിന്‍ശശിക്ക് കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചിരുന്നു. കോടതി ഉത്തരവുമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പിലെ സ്പെഷ്യല്‍ ജയിലിലേക്കുപോയ എസ്എഫ്ഐ പയ്യന്നൂര്‍ ഏരിയാ ഭാരവാഹികളായ എ മിഥുന്‍, എ കെ സുമേഷ് എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ എസ്ഐ കെ സനല്‍കുമാര്‍ ജയിലിനകത്തുവച്ച് പിടികൂടിയത്. തങ്ങള്‍ ഒരു കേസിലും പ്രതികളല്ലെന്ന് അറിയിച്ചിട്ടും പൊലീസ് ബലം പ്രയോഗിച്ച് ഇരുവരെയും ജീപ്പിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് ഗ്രില്‍സ് അടച്ച് പൊലീസുകാരെ കാവല്‍ നിര്‍ത്തി. എസ്എഫ്ഐ നേതാക്കളെ മുമ്പ് ജയിലില്‍ സന്ദര്‍ശിച്ചവരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതിനാലാണ് ഒരു കേസിലും പ്രതികളല്ലാത്ത എസ്എഫ്ഐ നേതാക്കള്‍ സരിന്‍ ശശിയെ ജയിലില്‍നിന്ന് ഇറക്കാന്‍ പോയത്. ഇരുവരെയും അറസ്റ്റ് ചെയ്തതറിഞ്ഞയുടന്‍ പെണ്‍കുട്ടികളടക്കമുള്ള എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് ഇരച്ചെത്തുകയായിരുന്നു.

സംഭവമറിഞ്ഞ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ എ സരള, ജില്ലാ പഞ്ചായത്തംഗം കെ രവീന്ദ്രന്‍, സിപിഐ എം നേതാക്കളായ പള്ള്യത്ത് ശ്രീധരന്‍, കാടന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ എസ്ഐയുമായി സംസാരിച്ചെങ്കിലും വിടാന്‍ കൂട്ടാക്കിയില്ല. ഒരാള്‍ക്കെതിരെയെങ്കിലും കള്ളക്കേസ് ചുമത്താനുള്ള ശ്രമത്തിലായിരുന്നു എസ്്ഐ. തുടര്‍ന്ന് എം വി ജയരാജന്‍, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സന്തോഷ്, ബിനോയ് കുര്യന്‍ എന്നിവരെത്തി പൊലീസുമായി ചര്‍ച്ച നടത്തി. എന്നാല്‍ പൊലീസ് വഴങ്ങിയില്ല. ഇതേതുടര്‍ന്നാണ് നേതാക്കള്‍ സ്റ്റേഷനുമുന്നില്‍ കുത്തിയിരിപ്പ് ആരംഭിച്ചത്. വിവരമറിഞ്ഞ് സിപിഐ എമ്മിന്റെയും വര്‍ഗ- ബഹുജന പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തകരുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ടൗണ്‍ സ്റ്റേഷന് മുന്നിലെത്തി. ജനങ്ങളെ നേരിടാന്‍ പാകത്തില്‍ പൊലീസും നിരന്നു. ഡിവൈഎഫ്ഐ നേതൃത്വത്തില്‍ യുവജനങ്ങള്‍ സ്റ്റേഷനുമുന്നിലെ റോഡില്‍ കുത്തിയിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനും സ്ഥലത്തെത്തി. സ്ഥിതി കൈവിട്ടുപോകുന്നതായി ബോധ്യമായ എസ്ഐ നേതാക്കളുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാവുകയും കസ്റ്റഡിയിലടുത്ത വിദ്യാര്‍ഥികളെ വിട്ടയക്കുകയും ചെയ്തു. സരിന്‍ ശശിയെയും മിഥുനിനെയും സുമേഷിനെയും ആനയിച്ച് കണ്ണൂര്‍ ടൗണില്‍ ഉജ്വലപ്രകടനം നടന്നു. കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡില്‍ ചേര്‍ന്ന യോഗത്തില്‍ പി ജയരാജന്‍, പി സന്തോഷ്, എം വിജിന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതിഷേധമാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ തല്ലിച്ചതച്ചു

പട്ടാമ്പി: പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്തതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കിയതില്‍ പ്രതിഷേധിച്ച് പട്ടാമ്പിയില്‍ എസ്എഫ്ഐ നടത്തിയ പ്രതിഷേധമാര്‍ച്ചിനു നേരെ പൊലീസ് ക്രൂരമായ ലാത്തിച്ചാര്‍ജ് നടത്തി. എഇഒ ഓഫീസിലേക്കുള്ള മാര്‍ച്ച് സിവില്‍സ്റ്റേഷനുമുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന്, വിദ്യാര്‍ഥികള്‍ മുന്നോട്ടുപോകാന്‍ ശ്രമിക്കവെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം പി പ്രകാശന്‍, എസ്എഫ്ഐ ഏരിയ ജോയിന്റ് സെക്രട്ടറി ദീപക് ചന്ദ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ പട്ടാമ്പി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം പി വി രതീഷ് ഉദ്ഘാടനം ചെയ്ത ഉടനാണ് പൊലീസ് വിദ്യാര്‍ഥികളെ ക്രൂരമായി തല്ലിച്ചതച്ചത്. വിവരമറിഞ്ഞ് സിപിഐ എം ഏരിയ സെക്രട്ടറി എന്‍ പി വിനയകുമാര്‍, ജില്ലാ കമ്മിറ്റിയംഗം എന്‍ ഉണ്ണികൃഷ്ണന്‍, എന്നിവര്‍ സ്ഥലത്തെത്തിയപ്പോഴാണ് പൊലീസ് അക്രമം നിര്‍ത്തിയത്. തുടര്‍ന്ന്, പട്ടാമ്പിയില്‍ എസ്എഫ്ഐ നേതൃത്വത്തില്‍ പ്രകടനം നടത്തിയ വിദ്യാര്‍ഥികള്‍ വഴിതടഞ്ഞു. പരിക്കേറ്റ വിദ്യാര്‍ഥികളെ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവന്‍ സന്ദര്‍ശിച്ചു. എസ്എസ്എല്‍സിക്ക് 69 ശതമാനം മാര്‍ക്ക് നേടിയിട്ടും പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് ശങ്കരമംഗലം കുന്നക്കാട്ടുപറമ്പില്‍ രാജുവിന്റെ മകള്‍ രേഷ്മ(16) ബുധനാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.

deshabhimani 140712

No comments:

Post a Comment