Monday, July 16, 2012

സി എച്ച് അശോകന്‍ ഇന്ന് ജാമ്യത്തിലിറങ്ങും


ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിചേര്‍ത്ത് ജയിലിലടയ്ക്കപ്പെട്ട സിപിഐ എം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി എച്ച് അശോകന്‍ തിങ്കളാഴ്ച ജാമ്യത്തിലിറങ്ങും. വെള്ളിയാഴ്ചയാണ് അശോകന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മെയ് 23ന് അര്‍ധരാത്രിയാണ് അശോകനെ അറസ്റ്റുചെയ്തത്. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, 2009ല്‍ വധിക്കാന്‍ ഗൂഢാലോചന ചമച്ചെന്നപേരില്‍ മറ്റൊരു കേസെടുത്തതിനാല്‍ പുറത്തിറങ്ങാനായില്ല. അറസ്റ്റുചെയ്തശേഷമാണ് ഈ കുറ്റം ചുമത്തിയത്. 53 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് പാര്‍ടി ജില്ലാകമ്മിറ്റി അംഗം കൂടിയായ അശോകന്‍ പുറത്തിറങ്ങുന്നത്.

ചന്ദ്രശേഖരന്‍വധത്തില്‍ ബന്ധമില്ല: കാരായി രാജന്‍

വടകര: ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ തനിക്ക് ഒരു ബന്ധവുമില്ലെന്നും കുറ്റസമ്മതം നടത്തിയതായ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം കാരായി രാജന്‍ പറഞ്ഞു. വടകര ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ അനുമതിയോടെ രാജനെ കണ്ട അഭിഭാഷകന്‍ കെ വിശ്വനോടാണ് പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന രാജന്‍ ഇക്കാര്യം പറഞ്ഞത്.

പാര്‍ടിക്ക് എതിരായതിനാലാണ് ചന്ദ്രശേഖരനെ വധിച്ചതെന്നും കേസില്‍ തന്നെ രക്ഷപ്പെടുത്തണമെന്നു രാജന്‍ ആവശ്യപ്പെട്ടതായും "മനോരമ" ചാനല്‍ ആണ് ഞായറാഴ്ച വാര്‍ത്ത പടച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് അഭിഭാഷകന്‍ രാജനുമായി കൂടിക്കാഴ്ച നടത്തിയത്. രാജന്റെ ജാമ്യാപേക്ഷയും വ്യാജവാര്‍ത്ത നല്‍കിയ മനോരമ ചാനലിനോട് വിശദീകരണം ചോദിക്കാനുള്ള ഹര്‍ജിയും വടകര ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ തിങ്കളാഴ്ച നല്‍കുമെന്ന് അഡ്വ. വിശ്വന്‍ അറിയിച്ചു. അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിക്കുന്ന തിങ്കളാഴ്ച പകല്‍ പതിനൊന്നോടെ രാജനെ കോടതിയില്‍ ഹാജരാക്കും. കോഴിക്കോട് ജില്ലാ ജയിലില്‍ ചന്ദ്രശേഖരന്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി പി രാമകൃഷ്ണന്റെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച കോഴിക്കോട് സെഷന്‍സ് കോടതി വാദം കേള്‍ക്കും.

deshabhimani 160712

No comments:

Post a Comment