Monday, July 16, 2012

ഇന്ത്യ ഉദാരവല്‍ക്കരണം തീവ്രമാക്കണം: ഒബാമ


ചില്ലറ വില്‍പ്പനയുള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ത്യ ഉദാരവല്‍ക്കരണം തീവ്രമാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഉപദേശം. ഇന്ത്യയില്‍ ചില്ലറ വില്‍പ്പനയുള്‍പ്പെടെയുള്ള പല മേഖലകളിലും നിക്ഷേപത്തിന് പറ്റിയ സാഹചര്യമില്ലെന്ന് അമേരിക്കന്‍ നിക്ഷേപകര്‍ പരാതിപ്പെടുന്നുണ്ട്. ഇരുരാജ്യങ്ങളിലും ആവശ്യമായ തൊഴിലവസരം സൃഷ്ടിക്കുന്നതിനും ഇന്ത്യയ്ക്ക് വളര്‍ച്ച കൈവരിക്കുന്നതിനും ഉദാരവല്‍ക്കരണം തീവ്രമാക്കണം. സാമ്പത്തികവളര്‍ച്ച കൈവരിക്കാന്‍ പുതിയ പരിഷ്കരണങ്ങള്‍ നടപ്പാക്കേണ്ട സമയമായെന്ന പൊതുകാഴ്ച്ചപ്പാടിന് ഇന്ത്യയില്‍ അംഗീകാരം ലഭിക്കുന്നുണ്ട്-പിടിഐക്ക് അനുവദിച്ച അഭിമുഖത്തില്‍ ഒബാമ പറഞ്ഞു.

ലോക സാമ്പത്തികരംഗം പ്രതിസന്ധി നേരിടുമ്പോഴും ഇന്ത്യ വളര്‍ച്ച നേടുന്നുണ്ട്. എന്നാല്‍, വളര്‍ച്ചനിരക്ക് ഇടിയുന്നത് ആഗോളസാമ്പത്തികപ്രതിസന്ധിയുടെ പ്രത്യാഘാതമാണെന്നും ഒബാമ പറഞ്ഞു. യൂറോപ്പിലെ സാമ്പത്തികപ്രതിസന്ധി ആശങ്കയുള്ളവാക്കുന്നതാണ്. കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ച നടത്തി പരിഹരിക്കേണ്ടതാണ്. പുറത്തുനിന്ന് ഈ വിഷയത്തില്‍ ഇടപെടാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആഗ്രഹിക്കുന്നില്ല. അഫ്ഗാനിസ്ഥാന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകപങ്ക് വഹിക്കേണ്ട രാജ്യമാണ് ഇന്ത്യ. അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ സൈനികപരിശീലന പങ്കാളിയായി മാറിയിട്ടുണ്ടെന്നും വരും വര്‍ഷങ്ങളില്‍ ഈ സഹകരണം കൂടുതല്‍ ആഴത്തിലുള്ളതാക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നത്-ഒബാമ പറഞ്ഞു.

deshabhimani 160712

1 comment:

  1. ചില്ലറവില്‍പ്പനയുള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ത്യ ഉദാരവല്‍ക്കരണം തീവ്രമാക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ. ചെറുകിട വ്യാപാര മേഖലയില്‍ വാള്‍മാര്‍ട്ട് പോലുള്ള കുത്തകകള്‍ക്ക് വാതിലുകള്‍ തുറന്ന് കൊടുക്കാന്‍ ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഒബാമയുടെ ശ്രമമെന്നും പിബി കുറ്റപ്പെടുത്തി. കുത്തകകള്‍ക്ക് ചെറുകിട വ്യാപാര മേഖല തുറന്ന് കൊടുത്താല്‍ ലക്ഷക്കണക്കിന് കച്ചവടക്കാരുടെ ജീവിതമാര്‍ഗം ഇല്ലാതാകും. അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് മുന്നില്‍ യുപിഎ സര്‍ക്കാര്‍ കീഴടങ്ങരുതെന്നും പിബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

    ReplyDelete