Monday, July 16, 2012

ഗൂഢാലോചന പുറത്തായപ്പോള്‍ "ദേശാഭിമാനി"ക്കെതിരെ കേസ്


ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിയുടെ ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് "ദേശാഭിമാനി"ക്കെതിരെ കേസെടുത്തത് ചില മാധ്യമങ്ങളും പൊലീസും നടത്തിയ ഗൂഢാലോചന പുറത്തായതിന്റെ ജാള്യം മറയ്ക്കാന്‍. ഹൈക്കോടതിയില്‍ കള്ള സത്യവാങ്മൂലം നല്‍കിയ പൊലീസ് ഇതോടെ വീണ്ടും വെട്ടിലായി. "ദേശാഭിമാനി"ക്കെതിരെ കേസെടുത്ത പൊലീസ് ഇതേ "കുറ്റം" ചെയ്ത മറ്റു പത്രങ്ങള്‍ക്കെതിരെ കേസെടുക്കാത്തതിലൂടെ ഇവരുടെ അവിശുദ്ധകൂട്ടുകെട്ടും രാഷ്ട്രീയ താല്‍പ്പര്യവും മറനീക്കുകയാണ്.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട മെയ് നാലുമുതല്‍ ഒരുവിഭാഗം വലതുപക്ഷ മാധ്യമങ്ങള്‍ പൊലീസുമായും ആര്‍എംപിയുമായും യുഡിഎഫ് നേതാക്കളുമായും ഗൂഢാലോചന നടത്തി സിപിഐ എമ്മിനെതിരെ നിരന്തരം വ്യാജവാര്‍ത്തകള്‍ ചമച്ചുവരികയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത സിപിഐ എം പ്രവര്‍ത്തകര്‍ പറയാത്ത കാര്യങ്ങള്‍ അവരുടെ മൊഴിയെന്ന വ്യാജേന പ്രസിദ്ധീകരിച്ചു. ഇതിനെ സിപിഐ എം വിമര്‍ശിച്ചപ്പോഴും അറസ്റ്റിലായവരുടെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ചോദ്യംചെയ്തപ്പോഴും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഡിജിപിയും ഉള്‍പ്പെടെ നിഷേധിച്ചു. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയത് പൊലീസല്ലെന്ന് ഡിവൈഎസ്പി ജോസി ചെറിയാന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഈ നുണക്കഥയാണ് "ദേശാഭിമാനി" തുറന്നുകാട്ടിയത്.

ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ ഡിവൈഎസ്പി ജോസി ചെറിയാന്‍ ഫോണ്‍വിളികളിലൂടെയും സന്ദേശങ്ങളിലൂടെയും മാധ്യമപ്രവര്‍ത്തകരുമായി തുടര്‍ച്ചയായി ബന്ധപ്പെട്ടതിന്റെ വിശദാംശങ്ങളാണ് "ദേശാഭിമാനി" പുറത്തുവിട്ടത്. ഇത് നിഷേധിക്കാന്‍ പൊലീസിനായില്ല. എന്നാല്‍, "ദേശാഭിമാനി" വാര്‍ത്ത തെറ്റെന്നു വരുത്താന്‍ വലതുപക്ഷ മാധ്യമങ്ങള്‍ വീണ്ടും വാര്‍ത്ത ചമച്ചു. "ദേശാഭിമാനി" വാര്‍ത്തയില്‍ പറയുന്ന അത്രയും തവണ ജോസി ചെറിയാന്‍ മാധ്യമങ്ങളുമായി ബന്ധപ്പെട്ടില്ലെന്നാണ് വാര്‍ത്ത സൃഷ്ടിച്ചത്. ഇതിന് വിശ്വാസ്യത പകരാന്‍ ജോസി ചെറിയാന്റെ ഫോണ്‍വിളിയുടെയും സന്ദേശങ്ങളുടെയും വിശദാംശങ്ങള്‍ നല്‍കി. ഒരു പത്രം ഒരു പടികൂടി കടന്ന് ഫോണ്‍ സന്ദേശത്തിന്റെ വിശദാംശം പോലും നല്‍കി. "ദേശാഭിമാനി" കുറ്റംചെയ്തിട്ടുണ്ടെങ്കില്‍ അതേ കുറ്റം മനോരമ, മാതൃഭൂമി, മാധ്യമം, കേരളകൗമുദി തുടങ്ങിയ പത്രങ്ങളും ചെയ്തെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

എന്നാല്‍, ജാള്യം മറയ്ക്കാനും രാഷ്ട്രീയ ലക്ഷ്യത്തോടെയും ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശപ്രകാരം പൊലീസ് കേസെടുത്തത് "ദേശാഭിമാനി"ക്കെതിരെ മാത്രം. അന്വേഷണ ഉദ്യോഗസ്ഥന്റെ ഫോണ്‍ "ദേശാഭിമാനി" ചോര്‍ത്തിയെന്നാണ് മാധ്യമങ്ങളും പൊലീസും സര്‍ക്കാരും പ്രചരിപ്പിക്കുന്നത്. എന്നാല്‍, "ദേശാഭിമാനി" ആരുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ല. ഫോണ്‍വിളിയുടെ വിശദാംശം നല്‍കുക മാത്രമാണ് ചെയ്തത്. ഏതൊരു ഉപയോക്താവിന്റെയും ഫോണ്‍ ബില്ലിനോടൊപ്പം ഇപ്പോള്‍ ബിഎസ്എന്‍എല്‍ വിശദമായ കോള്‍ലിസ്റ്റും നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതൊരു രഹസ്യരേഖയുമല്ല.
(എം രഘുനാഥ്)

deshabhimani 160712

1 comment:

  1. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിയുടെ ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് "ദേശാഭിമാനി"ക്കെതിരെ കേസെടുത്തത് ചില മാധ്യമങ്ങളും പൊലീസും നടത്തിയ ഗൂഢാലോചന പുറത്തായതിന്റെ ജാള്യം മറയ്ക്കാന്‍. ഹൈക്കോടതിയില്‍ കള്ള സത്യവാങ്മൂലം നല്‍കിയ പൊലീസ് ഇതോടെ വീണ്ടും വെട്ടിലായി. "ദേശാഭിമാനി"ക്കെതിരെ കേസെടുത്ത പൊലീസ് ഇതേ "കുറ്റം" ചെയ്ത മറ്റു പത്രങ്ങള്‍ക്കെതിരെ കേസെടുക്കാത്തതിലൂടെ ഇവരുടെ അവിശുദ്ധകൂട്ടുകെട്ടും രാഷ്ട്രീയ താല്‍പ്പര്യവും മറനീക്കുകയാണ്.

    ReplyDelete