Saturday, July 14, 2012

ആറാട്ടുപുഴയില്‍ വീണ്ടും കരിമണല്‍ ഖനന നീക്കം


ആലപ്പുഴ: ആറാട്ടുപുഴ പഞ്ചായത്തില്‍ വീണ്ടും സ്വകാര്യ കരിമണല്‍ ഖനനത്തിന് നീക്കം. കായംകുളം പൊഴിക്ക് സമീപം വലിയ അഴീക്കലിലെ ആലപ്പാട്, ഹെവി മിനറല്‍ കോണ്‍സെന്‍ട്രേഷന്‍ പ്ലാന്റ് സ്ഥാപിച്ച് കരിമണല്‍ ഖനനം ചെയ്യാനാണ് നീക്കം. ഇതിനായി വ്യവസായ വകുപ്പ് പദ്ധതി തയാറാക്കി. വകുപ്പിന്റെ കീഴിലുള്ള മിനറല്‍ ഡവലപ്പ്മെന്റ് കോര്‍പറേഷന്‍ തയാറാക്കിയ പദ്ധതി സ്വകാര്യ സംരംഭകരെ തേടി സെപ്തംബറില്‍ കൊച്ചിയില്‍ നടക്കുന്ന എമര്‍ജിങ് കേരളയില്‍ അവതരിപ്പിക്കും. എമര്‍ജിങ് കേരളയുടെ വെബ്സൈറ്റില്‍ പദ്ധതി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. കരിമണലില്‍ നിന്ന് ഇല്‍മനൈറ്റ് വേര്‍തിരിക്കുന്നതിനുള്ള ഈ പ്ലാന്റ് പൊതു-സ്വകാര്യ സംയുക്തമേഖലയിലാകും(PPP) സ്ഥാപിക്കുക. സര്‍ക്കാരിന് നാമമാത്ര പങ്കാളിത്തമേ ഉണ്ടാകൂ. ഫലത്തില്‍ തീരദേശത്തെ വന്‍ധാതു മണല്‍ ശേഖരം സ്വകാര്യ സംരംഭകന്റെ കൈവശം ചെന്നുചേരും.

1996-2001ല്‍ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരിക്കെ ആറാട്ടുപുഴ പഞ്ചായത്തില്‍ കരിമണല്‍ ഖനം സ്വകാര്യമേഖലയ്ക്ക് നല്‍കാനുള്ള നീക്കം വിവാദമായിരുന്നു. ഇതിനെതിരെ ഇടതുപക്ഷം പ്രക്ഷോഭം നടത്തിയിരുന്നു. അന്ന് മരിവിപ്പിച്ച നീക്കം കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള വ്യവസായ വകുപ്പ് പുതിയ പ്ലാന്റിന്റെ രൂപത്തില്‍ അവതരിപ്പിക്കുകയാണിപ്പോള്‍. നീണ്ടകര മുതല്‍ കായങ്കുളം പൊഴി വരെയുള്ള 4.40 കോടി മെട്രിക് ടണ്‍ കരിമണലും കായംകുളം പൊഴിക്ക് വടക്ക് 23 കിലോമീറ്റര്‍ നീളത്തിലായി ഒരു കോടി മെട്രിക് ടണ്‍ കരിമണലും ഉണ്ടെന്ന് റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ പറയുന്നു. വിദേശ കമ്പനിയായ റെനിസണ്‍ ഗോള്‍ഡ് കണ്‍സോളിഡേറ്റഡ് നടത്തിയ പഠനത്തില്‍ തീരത്തിന്റെ കിഴക്കന്‍ കരപ്രദേശത്ത് 20 മുതല്‍ 30 മീറ്റര്‍ താഴെയായി വന്‍ കരിമണല്‍ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ ചവറ കെഎംഎംഎല്ലും, ഐആര്‍ഇയും ഇല്‍മനൈറ്റ് വേര്‍തിരിക്കുന്നുണ്ട്. ഇവയുടെ സ്ഥാപിത ശേഷിയനുസരിച്ച് 2.5 ലക്ഷം ടണ്‍ ഇല്‍മനൈറ്റ് ഉണ്ടാക്കാന്‍ കഴിയും. എന്നാല്‍ 1.5 ലക്ഷം ടണ്‍ ഇല്‍മനൈറ്റ് മാത്രമാണ് ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഈ കുറവ് പരിഹരിക്കാനാണ് പുതിയ പ്ലാന്റ്. പ്ലാന്റ് സ്ഥാപിക്കാന്‍ ഒന്നര ഏക്കര്‍ സ്ഥലം വേണ്ടി വരും. ഖനത്തിനുള്ള സ്ഥലം പാട്ടത്തിനാകും നല്‍കുക. 85 കോടി മുതല്‍മുടക്കുള്ള പ്ലാന്റില്‍ ആദ്യ വര്‍ഷം തന്നെ ഒന്നരക്കോടി രൂപ അറ്റാദായമുണ്ടാക്കാമെന്നും പ്രോജക്ട് റിപ്പോര്‍ട്ട് പറയുന്നു.

deshabhimani 140712

1 comment:

  1. ആറാട്ടുപുഴ പഞ്ചായത്തില്‍ വീണ്ടും സ്വകാര്യ കരിമണല്‍ ഖനനത്തിന് നീക്കം. കായംകുളം പൊഴിക്ക് സമീപം വലിയ അഴീക്കലിലെ ആലപ്പാട്, ഹെവി മിനറല്‍ കോണ്‍സെന്‍ട്രേഷന്‍ പ്ലാന്റ് സ്ഥാപിച്ച് കരിമണല്‍ ഖനനം ചെയ്യാനാണ് നീക്കം. ഇതിനായി വ്യവസായ വകുപ്പ് പദ്ധതി തയാറാക്കി. വകുപ്പിന്റെ കീഴിലുള്ള മിനറല്‍ ഡവലപ്പ്മെന്റ് കോര്‍പറേഷന്‍ തയാറാക്കിയ പദ്ധതി സ്വകാര്യ സംരംഭകരെ തേടി സെപ്തംബറില്‍ കൊച്ചിയില്‍ നടക്കുന്ന എമര്‍ജിങ് കേരളയില്‍ അവതരിപ്പിക്കും. എമര്‍ജിങ് കേരളയുടെ വെബ്സൈറ്റില്‍ പദ്ധതി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. കരിമണലില്‍ നിന്ന് ഇല്‍മനൈറ്റ് വേര്‍തിരിക്കുന്നതിനുള്ള ഈ പ്ലാന്റ് പൊതു-സ്വകാര്യ സംയുക്തമേഖലയിലാകും(PPP) സ്ഥാപിക്കുക. സര്‍ക്കാരിന് നാമമാത്ര പങ്കാളിത്തമേ ഉണ്ടാകൂ. ഫലത്തില്‍ തീരദേശത്തെ വന്‍ധാതു മണല്‍ ശേഖരം സ്വകാര്യ സംരംഭകന്റെ കൈവശം ചെന്നുചേരും

    ReplyDelete