Saturday, July 14, 2012

കൊല്ലം ബൈപാസ് ബിഒടിയിലേക്ക്; വന്‍ അഴിമതിക്കു കളമൊരുങ്ങി


കൊല്ലം ബൈപാസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ഫണ്ട് കെട്ടിക്കിടക്കുമ്പോള്‍ പണിപൂര്‍ത്തീകരണം ഉള്‍പ്പെടെ ശേഷിക്കുന്ന ജോലികള്‍ ബിഒടി വ്യവസ്ഥയില്‍ തീര്‍ക്കാനുള്ള തിരക്കിട്ട നീക്കം ശക്തിപ്പെട്ടു. ഇതിന്റെ മറവില്‍ 300 കോടി രൂപയുടെ അഴിമതിക്കാണ് കളമൊരുങ്ങുന്നത്. കൊല്ലം ബൈപാസ് നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലത്തെ പൊതുപ്രവര്‍ത്തകന്‍ എം കെ സലിം ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് മഞ്ജുളാ ചെല്ലൂര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ദേശീയപാത അതോറിട്ടി അധികൃതരോട് നിര്‍ദേശിച്ചു. ഇതനുസരിച്ച് എന്‍എച്ച് അതോറിട്ടി അധികൃതര്‍ നല്‍കിയ എതിര്‍സത്യവാങ്മൂലത്തിലാണ് വന്‍ അഴിമതിക്കു കളമൊരുങ്ങുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേസ് 24നു പരിഗണിക്കും.

2010 ഡിസംബര്‍ 27ന് എന്‍ പീതാംബരക്കുറുപ്പ് എംപി നല്‍കിയ നിവേദനത്തെ തുടര്‍ന്ന് കൊല്ലം ബൈപാസിന്റെ പൂര്‍ത്തിയാകേണ്ട നിര്‍മാണം രണ്ടുവരിയില്‍ പൂര്‍ത്തിയാക്കാന്‍ എന്‍എച്ച് അധികൃതര്‍ തീരുമാനിച്ചിരുന്നു. 230 കോടി രൂപ അടങ്കല്‍ വരുന്ന ബൈപാസിന്റെ ശേഷിക്കുന്ന പണി പൂര്‍ത്തിയാക്കാന്‍ 153 കോടി രൂപ മതിയാകുമായിരുന്നു. ഈ തുക അനുവദിച്ചുവെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി കമല്‍നാഥ് പീതാംബരക്കുറുപ്പിനെ രേഖാമൂലം അറിയിച്ചു. നൂറ്റിയമ്പത്തിമൂന്നു കോടി രൂപ ലഭ്യമാക്കിയ സാഹചര്യത്തില്‍ അത് ഉപയോഗിച്ച് കല്ലുംതാഴം മുതല്‍ കാവനാടു വരെയുള്ള ശേഷിക്കുന്ന ഭാഗം പൂര്‍ത്തിയാക്കാമായിരുന്നു. ഇക്കാര്യം കൊല്ലം ബൈപാസിന്റെ കണ്‍സള്‍ട്ടന്റ് ഏജന്റുമാര്‍ എന്‍എച്ച് എന്‍ജിനിയറെ അറിയിച്ചിരുന്നതുമാണ്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതിനിടെ രംഗപ്രവേശം ചെയ്തു. ഇതേത്തുടര്‍ന്നാണ് ബൈപാസ് നിര്‍മാണം ബിഒടി ആക്കുന്നതിനുള്ള തീരുമാനമാകുന്നത്. ദേശീയപാതകളുടെകൂടി ചുമതലയുള്ള കേന്ദ്രമന്ത്രി കമല്‍നാഥുമായി ഉമ്മന്‍ചാണ്ടി നടത്തിയ കൂടിക്കാഴ്ചയിലാണ് രണ്ടുവരി ബൈപാസിന്റെ ശേഷിക്കുന്ന നിര്‍മാണം ബിഒടി ആക്കാമെന്നു സമ്മതിച്ചത്. ഇതനുസരിച്ച് കേന്ദ്രം അനുവദിച്ച 153 കോടി രൂപയ്ക്കു പുറമെ ബിഒടിക്കായി 300 കോടി രൂപയാക്കാമെന്നും മൊത്തം അടങ്കല്‍ തുക 453 കോടിയായി ഉയര്‍ത്താമെന്നും ധാരണയായി. നാലുഘട്ടമായി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട ബൈപാസിന്റെ നിര്‍മാണം 1972ല്‍ തുടങ്ങി. ഇതിനകം മേവറം-അയത്തില്‍, അയത്തില്‍-കല്ലുംതാഴം ഘട്ടങ്ങള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്. ശേഷിക്കുന്ന ഭാഗം പൂര്‍ത്തിയാക്കാനാണ് 153 കോടി രൂപ അനുവദിച്ചതായി കേന്ദ്രം വ്യക്തമാക്കിയത്. എന്നാല്‍, ഈ തുക ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാകില്ലെന്നാണ് എന്‍എച്ച് ഉദ്യോഗസ്ഥരുടെ നിലപാട്. 2010 നവംബറില്‍ 153 കോടി രൂപയ്ക്കു പൂര്‍ത്തിയാക്കാമെന്നു നിശ്ചയിച്ചിരുന്ന നിര്‍മാണം 2011 സെപ്തംബറില്‍ എത്തുമ്പോഴേക്കും 233 കോടി രൂപയ്ക്കേ തീരൂ എന്നായി ഉദ്യോഗസ്ഥര്‍. ഇതു രണ്ടുവരിപ്പാതയുടെ കാര്യം. അങ്ങനെയെങ്കില്‍ ശേഷിക്കുന്ന 6.5 കിലോമീറ്റര്‍ ബിഒടി വ്യവസ്ഥയില്‍ പൂര്‍ത്തിയാക്കാന്‍ 453 കോടി രൂപ വേണമെന്ന് ആവശ്യപ്പെടുന്നത് എന്തിനാണ്? 153 കോടിക്കു തീരുന്ന പണി 300 കോടി രൂപകൂടി അധികം ചെലവിട്ട് ബിഒടി ആക്കിയാല്‍ ആര്‍ക്കാകും ഗുണം? ബിഒടി വന്നാല്‍ വാഹനയാത്രക്കാര്‍ 30 വര്‍ഷത്തേക്കെങ്കിലും ടോള്‍ നല്‍കേണ്ടി വരില്ലേ തുടങ്ങിയ ചോദ്യങ്ങളും ഉയര്‍ന്നു.

ഡല്‍ഹി ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്റ് ആന്‍ഡ് ടെക്നോക്രാറ്റ്സ് (ഐസിടി) ആണ് കൊല്ലം ബൈപാസിന്റെ കണ്‍സള്‍ട്ടിങ് ഏജന്‍സി. ഇവര്‍ തയ്യാറാക്കിയ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) അനുസരിച്ചാണ് 153 കോടിയുടെ പദ്ധതി 453 കോടിയില്‍ എത്തിയത്. കൃത്യമായി പറഞ്ഞാല്‍ 153 കോടിയില്‍നിന്നു നേരെ 453.56 കോടിയിലേക്ക്. വന്‍ അഴിമതിക്കു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ ചുക്കാന്‍ പിടിക്കുന്നത് സ്വകാര്യ നിര്‍മാണക്കമ്പനികള്‍ക്കും ഐസിടി കണ്‍സള്‍ട്ടിങ് ഏജന്‍സിക്കും വേണ്ടിയാണെന്നു വ്യക്തം. നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ഫണ്ട് കൈയിലിരിക്കെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ എന്‍എച്ച് അധികൃതര്‍ ബൈപാസ് നിര്‍മാണത്തിന് ആറുമാസത്തെ സാവകാശം ചോദിച്ചിരിക്കുകയാണ്. ഇതിനിടയില്‍ നിര്‍മാണം ബിഒടി വ്യവസ്ഥയിലാകുമെന്നുറപ്പ്. ഇതിനര്‍ഥം രാഷ്ട്രീയ- ഉദ്യോഗസ്ഥ- ഇടനില വിഭാഗങ്ങളുടെ കള്ളക്കളിക്കും വന്‍വെട്ടിപ്പിനും കളമൊരുങ്ങുന്നു എന്നാണ്.
(എം സുരേന്ദ്രന്‍)

deshabhimani 140712

1 comment:

  1. കൊല്ലം ബൈപാസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ഫണ്ട് കെട്ടിക്കിടക്കുമ്പോള്‍ പണിപൂര്‍ത്തീകരണം ഉള്‍പ്പെടെ ശേഷിക്കുന്ന ജോലികള്‍ ബിഒടി വ്യവസ്ഥയില്‍ തീര്‍ക്കാനുള്ള തിരക്കിട്ട നീക്കം ശക്തിപ്പെട്ടു. ഇതിന്റെ മറവില്‍ 300 കോടി രൂപയുടെ അഴിമതിക്കാണ് കളമൊരുങ്ങുന്നത്. കൊല്ലം ബൈപാസ് നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലത്തെ പൊതുപ്രവര്‍ത്തകന്‍ എം കെ സലിം ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് മഞ്ജുളാ ചെല്ലൂര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ദേശീയപാത അതോറിട്ടി അധികൃതരോട് നിര്‍ദേശിച്ചു. ഇതനുസരിച്ച് എന്‍എച്ച് അതോറിട്ടി അധികൃതര്‍ നല്‍കിയ എതിര്‍സത്യവാങ്മൂലത്തിലാണ് വന്‍ അഴിമതിക്കു കളമൊരുങ്ങുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേസ് 24നു പരിഗണിക്കും.

    ReplyDelete