Monday, July 16, 2012

"ദേശാഭിമാനി"ക്കെതിരായ കേസ് ഫാസിസ്റ്റ് രീതി: ഇ പി


പൊലീസുദ്യോഗസ്ഥന്റെ ഫോണ്‍ ചോര്‍ത്തിയെന്ന വ്യാജ ആരോപണമുയര്‍ത്തി "ദേശാഭിമാനി"ക്കെതിരെ കേസെടുത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഫാസിസ്റ്റ് രീതിയാണെന്ന് ദേശാഭിമാനി ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ അഭിപ്രായപ്പെട്ടു. മാധ്യമസ്വാതന്ത്ര്യത്തിനും പൗരന്റെ മൗലികാവകാശത്തിനും നേരെയുള്ള കടന്നുകയറ്റമായേ അതിനെ കാണാനാകൂവെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. "ദേശാഭിമാനി" ആരുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് സംസ്ഥാന പൊലീസ് തലവന്‍തന്നെ പറഞ്ഞിട്ടുണ്ട്.

ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം മാധ്യമങ്ങള്‍ക്ക് ഒരു വിവരവും നല്‍കുന്നില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. എന്നാല്‍, പൊലീസുദ്യോഗസ്ഥനും മാധ്യമങ്ങളും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു എന്ന യാഥാര്‍ഥ്യമാണ് "ദേശാഭിമാനി" പുറത്തുകൊണ്ടുവന്നത്. അത് പൊലീസ് നിഷേധിച്ചിട്ടില്ല. പൊലീസ്-മാധ്യമ ബന്ധം ഇല്ലെന്ന് തെളിയിക്കാനും കഴിഞ്ഞിട്ടില്ല. എന്നിട്ടും, "ദേശാഭിമാനി" സത്യം തുറന്നുപറഞ്ഞതാണ് കുറ്റം എന്നുവരുത്തുന്നത് നിന്ദ്യമാണ്. അടിസ്ഥാനപരമായ മാധ്യമധര്‍മം നിര്‍വഹിച്ച "ദേശാഭിമാനി"യെ കള്ളക്കേസില്‍ കുടുക്കി വിഷമിപ്പിക്കാമെന്ന് ധരിച്ച പൊലീസുദ്യോഗസ്ഥന്റെ ധിക്കാരവും അഹന്തയും യുഡിഎഫ് നേതൃത്വത്തിന്റെ പിന്തുണയില്‍നിന്ന് ഉണ്ടായതാണ്.

കേസന്വേഷണവുമായി ബന്ധപ്പെട്ട് അനേകം തെറ്റായ വാര്‍ത്തകള്‍ ദിനംപ്രതി പുറത്തുവരുന്നുണ്ട്. അവ പലതും അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നതാണ്. അതേക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കുന്നതിനുപകരം "ദേശാഭിമാനി"യെ ഭീഷണിപ്പെടുത്തുന്നത് അപഹാസ്യമാണെന്ന് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മനസ്സിലാക്കുന്നത് നന്ന്. പൊലീസ് രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുന്നു എന്ന വസ്തുതയാണ് "ദേശാഭിമാനി" പുറത്തുകൊണ്ടുവന്നത്. അതിനെതിരായ കേസ് മാധ്യമസ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നാക്രമണമാണ്. അത് നാളെ തങ്ങള്‍ക്കുനേരെയും വരാമെന്നുള്ള ധാരണ മറ്റു മാധ്യമങ്ങള്‍ക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. തെറ്റുകള്‍ തുറന്നുകാട്ടി നിര്‍ഭയം മുന്നോട്ടുപോകുന്നതില്‍ ഇത്തരം ഒരു ഭീഷണിയും "ദേശാഭിമാനി"യെ പുറകോട്ടടിപ്പിക്കില്ലെന്നും ഇ പി വ്യക്തമാക്കി.

deshabhimani 160712

No comments:

Post a Comment