Sunday, July 15, 2012

നിരത്തുകള്‍ ചോരക്കളം; മോട്ടോര്‍ വകുപ്പില്‍ നിയമനമില്ല


റോഡ്സുരക്ഷാകാര്യത്തില്‍ സര്‍ക്കാര്‍ യോഗങ്ങള്‍ മുറപോലെ നടക്കുമ്പോഴും നിരത്തില്‍ പൊലിയുന്ന മനുഷ്യജീവനുകളുടെ എണ്ണം കുതിക്കുന്നു. സംസ്ഥാനത്ത് റോഡപകടങ്ങളില്‍ 2011ല്‍ പൊലിഞ്ഞത് 4145 ജീവന്‍. ഈ വര്‍ഷം ആറുമാസത്തില്‍ മരിച്ചവരുടെ എണ്ണം 2090 കഴിഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിലെ നിയമനിരോധനമാണ് ആവര്‍ത്തിക്കുന്ന ദുരന്തത്തിന് കാരണം. ഫെബ്രുവരി 14ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ അപകടങ്ങള്‍ തടയാനുള്ള നടപടി സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. മോട്ടോര്‍ വാഹനവകുപ്പിലെ സാങ്കേതികവിഭാഗം ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതടക്കം നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് അന്നത്തെ ട്രാന്‍സ്പോര്‍ട് കമീഷണര്‍ എ ഹേമചന്ദ്രന്‍ ഒരുമാസത്തിനകം സമര്‍പ്പിച്ചു. അഞ്ചാംമന്ത്രി വിവാദവും വകുപ്പ് വീതംവയ്ക്കലുമായി നടന്ന സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് കണ്ടഭാവം നടിച്ചില്ല. യുഡിഎഫിലെ പ്രശ്നങ്ങള്‍ ജനകീയപ്രശ്ന പരിഹാരത്തില്‍ ഒരു അമാന്തവും ഉണ്ടാകില്ലെന്ന് എല്ലാ യോഗങ്ങളിലും മുഖ്യമന്ത്രി ആണയിടുമ്പോഴാണിത്.

ഇതിനിടെ ഗതാഗതമന്ത്രിയും ട്രാന്‍സ്പോര്‍ട് കമീഷണറും മാറി. റോഡപകടങ്ങള്‍ എംഎല്‍എമാര്‍ നിയമസഭയില്‍ ഗതാഗതമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ധനമന്ത്രി കെ എം മാണിയുടെ കാരുണ്യമാണ് ഇതിനുവേണ്ടതെന്ന ബാലിശമായ മറുപടിയാണ് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് നല്‍കിയത്.

47 സബ് ആര്‍ടി ഓഫീസുകളില്‍ ഓരോ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കണമെന്നും ഇതിനായി സാങ്കേതികവിഭാഗം ജീവനക്കാരുടെ 205 തസ്തിക സൃഷ്ടിക്കണമെന്നും ഹേമചന്ദ്രന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം 75 എഎംവിഐമാരുടെ പാസിങ് ഔട്ട് പരേഡ് നടന്നത് റിപ്പോര്‍ട്ട് നടപ്പാക്കിത്തുടങ്ങിയതിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും വാസ്തവം അതല്ല. രണ്ടുവര്‍ഷം മുമ്പ് ഷോര്‍ട്ലിസ്റ്റ് ചെയ്യപ്പെട്ടവരില്‍നിന്ന് റാങ്ക്ലിസ്റ്റില്‍പെട്ടവരാണ് ഇപ്പോള്‍ നിയമിതരായത്. ഒരു വാഹനത്തിന്റെ ഫിറ്റ്നസ് പരിശോധനയ്ക്ക് കുറഞ്ഞത് 30 മിനിറ്റ് വേണമെന്നിരിക്കെ ഒരു ഉദ്യോഗസ്ഥന്‍ നിരവധി വാഹനങ്ങള്‍ പരിശോധിച്ച് പെട്ടെന്ന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടിവരുന്ന അവസ്ഥയാണിപ്പോള്‍. ഡ്രൈവിങ് ടെസ്റ്റിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. സ്കൂള്‍ വാഹനങ്ങളുടെ പരിശോധന, ഹെവി വാഹനങ്ങളിലെ സ്പീഡ് ഗവര്‍ണര്‍ പരിശോധന തുടങ്ങിയവ പേരിനുമാത്രം.

ജീവനക്കാരുടെ അഭാവം കോടികളുടെ റവന്യൂനഷ്ടവും ഉണ്ടാക്കുന്നു. 2010വരെ 684.46 കോടി രൂപ പിരിഞ്ഞുകിട്ടാനുണ്ട്. 73 ലക്ഷത്തിലധികം വാഹനങ്ങളുള്ള വകുപ്പില്‍ 1975ലെ സ്റ്റാഫ് പാറ്റേണാണുള്ളത്. 2004നുശേഷം ജീവനക്കാരുടെ എണ്ണത്തില്‍ നാമമാത്രമായ വര്‍ധനയേയുള്ളൂ. ഇപ്പോള്‍ 478 ഫീല്‍ഡ് ഉദ്യോഗസ്ഥരാണ് വകുപ്പില്‍. ഇതില്‍ 106പേര്‍ ചെക്പോസ്റ്റുകളിലാണ്. 1958ല്‍ ചെക്പോസ്റ്റുകള്‍ സ്ഥാപിതമായപ്പോള്‍ ഉണ്ടായിരുന്നത്ര ജീവനക്കാര്‍മാത്രമാണ് ഒട്ടുമിക്ക ചെക് പോസ്റ്റിലും ഉള്ളത്. ഇവരെ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയുള്ള 372 ഉദ്യോഗസ്ഥര്‍ ചേര്‍ന്നുവേണം ഓഫീസ്ജോലി തീര്‍ത്തശേഷം വാഹനപരിശോധനയ്ക്ക് നിരത്തിലിറങ്ങാനെന്ന് കേരള അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഡി വേണുകുമാര്‍ ചൂണ്ടിക്കാട്ടുന്നു.

deshabhimani 150712

No comments:

Post a Comment