Sunday, July 15, 2012

കൊക്കകോളയില്‍ പാറ്റയുടെ അവശിഷ്ടം,മുളകുപായ്ക്കറ്റില്‍ പാമ്പിന്‍ ഉറ


കൊക്കകോളയില്‍ പാറ്റയുടെ അവശിഷ്ടം

മാവേലിക്കര: ബഹുരാഷ്ട്ര കമ്പനിയുടെ ശീതളപാനീയത്തില്‍ പാറ്റയുടെ അവശിഷ്ടം. മാവേലിക്കര ടൗണിലെ പ്രമുഖ സ്ഥാപനത്തില്‍നിന്നും കൊക്കോകോള കമ്പനിയുടെ മാസ്സാ എന്ന ശീതളപാനീയം വാങ്ങിക്കുടിച്ച അധ്യാപകനാണ് പാറ്റയുടെ അവശിഷ്ടം കിട്ടിയത്. നല്ല കൊഴുപ്പുള്ള പാനീയമായതിനാല്‍ ആദ്യം ശ്രദ്ധയില്‍പ്പെട്ടില്ല. കല്ലുമല സ്വദേശിയായ അഖില്‍ കുപ്പിയിലെ പാനീയം പകുതിയോളം കുടിച്ചുകഴിഞ്ഞാണ് പാറ്റയുടെ ശരീരഭാഗം കണ്ടത്. ഉടന്‍ കടയുടമസ്ഥനോട് പരാതി പറഞ്ഞു. കടക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കമ്പനി പ്രതിനിധികള്‍ പാരിതോഷികവുമായി അഖിലിനെ അനുനയിപ്പിക്കാനെത്തിയെങ്കിലും വഴങ്ങിയില്ല. ഛര്‍ദ്ദിലും ദേഹാസ്വസ്ഥ്യവും ഉണ്ടായതിനെ തുടര്‍ന്ന് അഖിലിനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനുഷ്യാവകാശ കമീഷനും പൊലീസിനും പരാതി നല്‍കി.

കണ്‍സ്യൂമര്‍ ഫെഡിന്റെ മുളകുപായ്ക്കറ്റില്‍ പാമ്പിന്‍ ഉറ

ചാലക്കുടി: കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണി മൊബൈല്‍ യൂണിറ്റ് വിതരണം ചെയ്ത വറ്റല്‍മുളകുപായ്ക്കറ്റില്‍ പാമ്പിന്‍ ഉറയുടെ അവശിഷ്ടങ്ങള്‍. വിജയരാഘവപുരത്ത് പുത്തനങ്ങാടിക്കാരന്‍ ജാഫര്‍ വാങ്ങിയ വറ്റല്‍ മുളകിന്റെ പായ്ക്കറ്റ് പൊട്ടിച്ചപ്പോഴാണ് പാമ്പിന്‍ ഉറ ശ്രദ്ധയില്‍പ്പെട്ടത്. പൊതുവിപണിയിലെ വില നിലവാരം പിടിച്ചുനിര്‍ത്താനെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ അടുത്തയിടെയാണ് കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ ത്രിവേണി മൊബൈല്‍ യൂണിറ്റ് തുടങ്ങിയത്. അധികൃതര്‍ക്ക് പരാതി നല്‍കി.

അരിയില്‍ ചത്ത എലി: അന്വേഷിച്ച് നടപടിഎടുക്കും -മന്ത്രി

കോഴിക്കോട്: സ്കൂള്‍ ഉച്ചക്കഞ്ഞിക്കുള്ള അരിയില്‍ ചത്ത എലി കണ്ടെത്തിയതിനെപ്പറ്റി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും മെഡിക്കല്‍ കോളേജ് കാമ്പസ് എച്ച്എസ്എസ് സ്കൂള്‍ അധികൃതര്‍ക്ക് മന്ത്രി ഉറപ്പ് നല്‍കി. വെള്ളിയാഴ്ച പകല്‍ 11 ഓടെ സ്കൂളിലെത്തിയ മന്ത്രി അര മണിക്കൂറോളം അവിടെ ചെലവഴിച്ചു. ചില ക്ലാസുകള്‍ സന്ദര്‍ശിച്ച മന്ത്രി സ്കൂള്‍ പാചകപ്പുരയിലെത്തി ഉച്ചഭക്ഷണം കഴിച്ചു. ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് സലോമി, പിടിഎ പ്രസിഡന്റ് പി മണി എന്നിവരുമായി ചര്‍ച്ച നടത്തി.


പുഴുത്ത ഗോതമ്പ്: എഫ്സിഐ ഗോഡൗണ്‍ പി കരുണാകരന്‍ എംപി സന്ദര്‍ശിച്ചു

നീലേശ്വരം: നീലേശ്വരം എഫ്സിഐ ഗോഡൗണ്‍ പി കരുണാകരന്‍ എംപി സന്ദര്‍ശിച്ചു. മഴ നഞ്ഞ് പുഴുത്ത ടണ്‍കണക്കിന് ഭക്ഷ്യധാന്യങ്ങള്‍ എഫ്സിഐ ഗോഡൗണിലിറക്കിയ വാര്‍ത്ത കഴിഞ്ഞദിവസം ദേശാഭിമാനിയടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് എംപി ഗോഡൗണ്‍ സന്ദര്‍ശിച്ചത്. മാനേജര്‍ ഇന്‍ ചാര്‍ജ് ഇമ്മാനുവല്‍ എമ്പരാജുമായി എംപി സംസാരിച്ചു. ഭക്ഷണ സാധനങ്ങള്‍ താഴെത്തട്ടിലേക്കെത്തിക്കാനുള്ള സംവിധാനം രാജ്യത്ത് തകര്‍ന്നതിെന്‍റ തെളിവാണ് ഗോഡൗണിലെ സ്ഥിതിയെന്ന് പി കരുണാകരന്‍ പറഞ്ഞു. ഭക്ഷണം കിട്ടാതെ ജനം വലയുമ്പോള്‍ ഭക്ഷ്യധാന്യങ്ങള്‍ മഴയില്‍ കുതിരുന്നത് ദയനീയമാണ്. ഭരണാധികാരികളുടെ പിടിപ്പുകേടും റെയില്‍വേയുടെ അനാസ്ഥയും ഇതിന് കാരണമാണ്. സാധാരണക്കാര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ കിട്ടുന്നത് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐ എം ലോക്കല്‍ സെക്രട്ടറി കെ പി രവീന്ദ്രന്‍, വി പ്രകാശന്‍, എ കെ കുഞ്ഞികൃഷ്ണന്‍, കെ രാഘവന്‍, കെ പവിത്രന്‍ എന്നിവരും ഒപ്പമുണ്ടായി.


എഫ്സിഐ ഗോഡൗണിലെ ഗുണനിലവാര പരിശോധന കര്‍ശനമാക്കും: കേന്ദ്രമന്ത്രി

കൊച്ചി: എഫ്സിഐ ഗോഡൗണുകളിലെ ഗുണനിലവാരപരിശോധന കര്‍ശനമാക്കുമെന്ന് കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസ് പറഞ്ഞു. ജനപ്രതിനിധികള്‍ക്കും അംഗീകൃത പത്രപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥരോടൊപ്പം ഗോഡൗണ്‍ പരിശോധിക്കാന്‍ അവസരം നല്‍കും. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ആരംഭിച്ച സപ്ലൈകോയുടെ ഓണം-റമദാന്‍ മെട്രോ പീപ്പിള്‍സ് ബസാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ വിതരണംചെയ്യാനുള്ള ഭക്ഷ്യധാന്യങ്ങള്‍ മാലിന്യം കലര്‍ന്നതാണെന്ന പരാതി ഗൗരവമായെടുക്കും. ഭക്ഷ്യധാന്യസംഭരണത്തില്‍ എഫ്സിഐക്ക് വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോ ഈ വര്‍ഷംമുതല്‍ സഞ്ചരിക്കുന്ന ഓണച്ചന്ത തുടങ്ങുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ആദ്യഘട്ടത്തില്‍ പത്തെണ്ണമുണ്ടാകും.

മന്ത്രി കെ ബാബു, എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്‍, ബെന്നി ബഹനാന്‍, ലൂഡി ലൂയിസ്, മേയര്‍ ടോണി ചമ്മണി, ഡെപ്യൂട്ടി മേയര്‍ ബി ഭദ്ര, സപ്ലൈകോ സിഎംഡി ടി വിക്രം, കേരള കോണ്‍ഗ്രസ് ജേക്കബ് ജില്ലാ പ്രസിഡന്റ് വിന്‍സന്റ് ജോസഫ്, കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം എന്നിവര്‍ പങ്കെടുത്തു. ഹൈബി ഈഡന്‍ എംഎല്‍ എ സ്വാഗതവും സപ്ലൈകോ ജനറല്‍ മാനേജര്‍ ജേക്കബ് ജോസഫ് നന്ദിയും പറഞ്ഞു.

deshabhimani 150712

No comments:

Post a Comment