Sunday, July 15, 2012

ഗുവാഹത്തിയിലെ പെണ്‍വേട്ട: ദൃശ്യം പകര്‍ത്തിയ റിപ്പോര്‍ട്ടറും ആക്രമണത്തില്‍ പങ്കാളിയെന്ന്


രാത്രി ഹോട്ടലില്‍നിന്ന് ഇറങ്ങിവന്ന പെണ്‍കുട്ടിയെ അസമിലെ ഗുവാഹത്തിയില്‍ നടുറോഡില്‍ അമ്പതോളംപേര്‍ അപമാനിച്ച സംഭവത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി വാര്‍ത്ത പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകന്‍ വിവാദത്തില്‍. വടക്ക് കിഴക്കന്‍ മേഖലയില്‍ പ്രചാരത്തിലുള്ള വാര്‍ത്താചാനല്‍ ന്യൂസ്ലൈവിന്റെ റിപ്പോര്‍ട്ടര്‍ ഉള്‍പ്പെട്ട സംഘമാണ് സംഭവം ആസൂത്രണം ചെയ്തതെന്ന് അണ്ണ ഹസാരെ സംഘാംഗവും വിവരാവകാശപ്രവര്‍ത്തകനുമായ അഖില്‍ ഗൊഗൊയ് ആരോപിച്ചു. പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകനും പങ്കാളിയാണെന്നും ചാനലിലെ ക്യാമറാമാന്‍ ആദ്യം പകര്‍ത്തിയ ദൃശ്യങ്ങളില്‍ അക്രമിസംഘത്തിനൊപ്പം മാധ്യമപ്രവര്‍ത്തകനും നില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് സമര്‍ഥിക്കാനായി സംഭവത്തിന്റെ ചില ദൃശ്യങ്ങള്‍ അദ്ദേഹം ഗുവാഹത്തി പ്രസ്ക്ലബ്ബില്‍ മാധ്യമങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു. അസം ആരോഗ്യ-വിദ്യാഭ്യാസ മന്ത്രി ഹേമന്ദ ബിസ്വ ശര്‍മയുടെ ഉടമസ്ഥതയിലുള്ള ചാനല്‍ കരിമ്പട്ടികയില്‍ പെടുത്തണമെന്നും റിപ്പോര്‍ട്ടറെ അറസ്റ്റു ചെയ്യണമെന്നും ഗൊഗൊയ് ആവശ്യപ്പെട്ടു.എന്നാല്‍, ചാനല്‍ അധികൃതര്‍ ആരോപണം നിഷേധിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന റിപ്പോര്‍ട്ടറും ക്യാമറാമാനും പൊലീസ് സഹായം അഭ്യര്‍ഥിക്കുന്ന ദൃശ്യങ്ങള്‍ ചാനല്‍ ശനിയാഴ്ച പുറത്തുവിട്ടു. അവധിയിലായ താന്‍ സംഭവസ്ഥലത്ത് എത്തിയപ്പോള്‍ ആള്‍ക്കൂട്ടം പെണ്‍കുട്ടിയ ആക്രമിക്കാന്‍ തുടങ്ങിയിരുന്നെന്നും അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും മാധ്യമപ്രവര്‍ത്തകന്‍ വിശദീകരിക്കുന്നു. അക്രമികളുടെ മുഖം വ്യക്തമാകുന്നതരത്തില്‍ ദൃശ്യംപകര്‍ത്താന്‍ ക്യാമറാമാനോട് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടര്‍ പറഞ്ഞു.

അതേസമയം, ദേശീയ വനിതാകമീഷന്‍ സംഘം അസം സന്ദര്‍ശിച്ച് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് എത്താന്‍ വൈകിയ പൊലീസുകാര്‍ക്കെതിരെ നടപടിവേണമെന്ന് സംഘം ആവശ്യപ്പെട്ടു. പ്രതികളില്‍ നാലുപേരെമാത്രമേ ഇതുവരെ പിടികൂടാനായിട്ടുള്ളൂ. മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗൊയ് 48 മണിക്കൂര്‍സമയം കൂടി അനുവദിച്ചു. സംഭവത്തില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന് ഗൊഗൊയ് സമ്മതിച്ചു. 15 ദിവസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് കേസിലെ മുഖ്യപ്രതി. ഇയാളടക്കമുള്ളവര്‍ക്കായി തെരച്ചില്‍ ശക്തമാക്കി. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് പതിനേഴുകാരിയെ തിരക്കുള്ള റോഡില്‍ വച്ച് ആള്‍ക്കൂട്ടം അപമാനിച്ചത്. വസ്ത്രം വലിച്ചുകീറലും മര്‍ദനവും അരമണിക്കൂറോളം നീണ്ടെങ്കിലും പ്രതികരിക്കാന്‍ ചുറ്റുംനിന്നവര്‍ തയ്യാറായില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചതോടെ രാജ്യമെങ്ങും പ്രതിഷേധം ഇരമ്പി.

deshabhimani 150712

No comments:

Post a Comment