Friday, September 14, 2012

ഷിക്കാഗോയില്‍ അധ്യാപക പണിമുടക്ക്


ഒബാമ ഭരണകൂടത്തിന്റെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള ഷിക്കാഗോ മേയറുടെ നടപടികള്‍ക്കെതിരായ അധ്യാപക - അനധ്യാപക പണിമുടക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഡെമോക്രാറ്റുകള്‍ക്ക് തലവേദനയാകുന്നു. കാല്‍ നൂറ്റാണ്ടിന് ശേഷം ഷിക്കാഗോയില്‍ നടക്കുന്ന അധ്യാപക പണിമുടക്കില്‍ 29,000ത്തില്‍ പരം വരുന്ന അധ്യാപക യൂണിയന്‍ അംഗങ്ങള്‍ പങ്കെടുക്കുന്നുണ്ട്. അമേരിക്കയിലെ മൂന്നാമത്തെ വലിയ വിദ്യാഭ്യാസ ജില്ലയില്‍ നടക്കുന്ന പണിമുടക്ക് 3,50,000 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന പൊതുവിദ്യാഭ്യാസ മേഖലയെ നിശ്ചലമാക്കി. എണ്‍പതു ശതമാനത്തിലധികം കുട്ടികളും ഉള്‍പ്പെട്ട സൗജന്യ ഭക്ഷണ വിതരണവും നാലു ദിവസങ്ങളായി മുടങ്ങിയിരിക്കുകയാണ്.
സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിജയശതമാനത്തിന്റെ അടിസ്ഥാനത്തില്‍ അധ്യാപകരെ വിലയിരുത്താനുള്ള നീക്കമാണ് പ്രതിഷേധം ക്ഷണിച്ചു വരുത്തിയത്. ഭക്ഷണത്തിന് പോലും പൊതുവിദ്യാഭ്യാസ സംവിധാനത്തെ ആശ്രയിക്കേണ്ടിവരുന്ന നിര്‍ധനരായ കുട്ടികളുടെ വിജയശതമാനം അധ്യാപകരുടെ യോഗ്യതവിലയിരുത്താനുള്ള മാനദണ്ഡമാക്കുന്നതിനെയാണ് പ്രക്ഷോഭകര്‍ എതിര്‍ക്കുന്നത്. സമരം അവസാനിപ്പിക്കാന്‍ നടക്കുന്ന ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ഇനിയും വിജയിച്ചിട്ടില്ല.

പണിമുടക്കിന് മുന്നോടിയായി ചുവന്ന ടീഷര്‍ട്ട്ധരിച്ച പ്രക്ഷോഭകര്‍ ഷിക്കാഗോയില്‍ ഞായറാഴ്ച നടത്തിയ പ്രകടനം നഗരം സമീപകാലത്ത് കണ്ട ഏറ്റവും വലിയ പ്രകടനമായി മാധ്യമങ്ങള്‍ വിലയിരുത്തുന്നു. പണിമുടക്കിയ അധ്യാപകര്‍ വിവിധ സ്‌കൂളുകള്‍ നാല് ദിവസങ്ങളായി പിക്കറ്റ് ചെയ്ത് വരികയാണ്. 1987 ല്‍ ഷിക്കാഗോയിലെ അധ്യാപകര്‍ 19 ദിവസം നീണ്ടുനിന്ന സമരം നടത്തിയിരുന്നു. തൊഴിലാളികള്‍ പകല്‍സമയം കുട്ടികളെ സുരക്ഷിതമായി അയച്ചിരുന്ന സ്‌കൂളുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ നഗരത്തില്‍ തൊഴില്‍സ്തംഭനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പുതിയ വിദ്യാഭ്യാസ പരിഷ്‌കാരം മലയാളികളടക്കം പ്രവാസി ഇന്ത്യക്കാരായ അധ്യാപകരില്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്ക വളര്‍ത്തുന്നു. ധാരാളം പ്രവാസി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന സ്‌കൂളുകളാണ് ഷിക്കാഗോ വിദ്യാഭ്യാസ ജില്ലയിലുള്ളത്.

janayugom 140912

1 comment:

  1. ഒബാമ ഭരണകൂടത്തിന്റെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള ഷിക്കാഗോ മേയറുടെ നടപടികള്‍ക്കെതിരായ അധ്യാപക - അനധ്യാപക പണിമുടക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഡെമോക്രാറ്റുകള്‍ക്ക് തലവേദനയാകുന്നു. കാല്‍ നൂറ്റാണ്ടിന് ശേഷം ഷിക്കാഗോയില്‍ നടക്കുന്ന അധ്യാപക പണിമുടക്കില്‍ 29,000ത്തില്‍ പരം വരുന്ന അധ്യാപക യൂണിയന്‍ അംഗങ്ങള്‍ പങ്കെടുക്കുന്നുണ്ട്.

    ReplyDelete