Saturday, May 11, 2013

ചെന്നിത്തലയുടെ ജാഥയില്‍ സംഭരിക്കുന്നത് 50 കോടി


കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കാസര്‍കോട്ടു നിന്നാരംഭിച്ച കേരളയാത്ര പണക്കിഴി യാത്രയായി. പ്രവര്‍ത്തകരുടെ ശുഷ്കമായ പങ്കാളിത്തത്തെയും എ ഗ്രൂപ്പിന്റെ ബഹിഷ്കരണത്തെയും തുടര്‍ന്ന് അലങ്കോലമായ യാത്രയുടെ പേരില്‍ ഇതിനകം പിരിച്ചത് 50 കോടിയിലേറെ രൂപ. പ്രചാരണം ഉള്‍പ്പെടെ രണ്ടു കോടി രൂപയാണ് യാത്രയ്ക്ക് ചെലവഴിക്കുന്നതെങ്കിലും വാര്‍ഡ് ഭാരവാഹികള്‍ മുതല്‍ കെപിസിസി ഭാരവാഹികള്‍ വരെ വന്‍തോതില്‍ പണം പിരിക്കുകയായിരുന്നു. ഒരു വാര്‍ഡില്‍നിന്ന് 5000 രൂപവീതം സ്വീകരണകേന്ദ്രങ്ങളില്‍ വച്ച് ഏല്‍പ്പിക്കണമെന്നാണ് നേതൃത്വം ഔദ്യോഗികമായി നിര്‍ദേശിച്ചത്. ഇതനുസരിച്ച് സംസ്ഥാനത്തെ 19,255 വാര്‍ഡില്‍നിന്ന് 10 കോടിയോളം രൂപയാണ് സമാഹരിച്ചത്.

ജാഥ ഇതിനകം 11 ജില്ലപിന്നിട്ടു. ശനിയാഴ്ച പത്തനംതിട്ട ജില്ലയിലാണ്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പര്യടനത്തിനു ശേഷം 18നു തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സമാപനം. 11 ജില്ലയില്‍നിന്ന് ഏഴരക്കോടി രൂപ പ്രാദേശികനേതൃത്വം സംസ്ഥാനനേതൃത്വത്തെ ഏല്‍പ്പിച്ചു. രണ്ടരക്കോടിയിലേറെ രൂപ അവശേഷിക്കുന്ന ജില്ലകളില്‍നിന്ന് ഏല്‍പ്പിക്കും. 5000 രൂപയാണ് "ക്വോട്ട" നിശ്ചയിച്ചതെങ്കിലും മിക്ക വാര്‍ഡുകളും 20,000 രൂപ വരെ ശേഖരിച്ചു. യാത്രയുമായി ഉടക്കിനില്‍ക്കുകയാണെങ്കിലും എ ഗ്രൂപ്പുകാര്‍ പണപ്പിരിവില്‍ തെല്ലും ഉപേക്ഷ കാണിച്ചില്ല. ഇവരും തോന്നിയപോലെ പിരിച്ചു. എന്നാല്‍, ചിലയിടങ്ങളില്‍ പിരിച്ച തുക എ ഗ്രൂപ്പുകാര്‍ യാത്രാസ്വീകരണത്തില്‍ കൈമാറിയില്ലെന്ന് ഐ ഗ്രൂപ്പുകാര്‍ കുറ്റപ്പെടുത്തി. മറ്റിടങ്ങളില്‍ എല്ലാ ഗ്രൂപ്പുകാരും 5,000 രൂപ വീതം മാത്രമേ നല്‍കിയുള്ളൂ. ബാക്കി തുകയുടെ വിവരമില്ല. വാര്‍ഡ് ഭാരവാഹികളുടെ പിരിവിനു പുറമെയാണ് ബ്ലോക്ക്, മണ്ഡലം, ജില്ല, സംസ്ഥാന ഭാരവാഹികള്‍ സ്വന്തം നിലയില്‍ പിരിച്ചത്. എ ഗ്രൂപ്പ് നേതൃത്വത്തിലുള്ള ഡിസിസികള്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരെ വരെയുള്ളവരില്‍നിന്ന് കോടികളാണ് പിരിച്ചതെങ്കില്‍ ഐ ഗ്രൂപ്പ് റെവന്യു, ആരോഗ്യം, ഭക്ഷ്യ-പൊതുവിതരണം തുടങ്ങിയ വകുപ്പുകള്‍ കേന്ദ്രീകരിച്ചായിരുന്നു പിരിവ്. ആരോഗ്യവകുപ്പില്‍ സ്ഥലംമാറ്റ ഭീഷണി ഉയര്‍ത്തി മെഡിക്കല്‍ കോളേജ് പ്രൊഫസര്‍മാര്‍ മുതല്‍ പ്രാഥമികാരോഗ്യകേന്ദ്രം ഡോക്ടര്‍മാരില്‍നിന്നുവരെ പിരിച്ചു. റേഷന്‍ വ്യാപാരികളെ ഉപയോഗിച്ചാണ് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ പണം പിരിച്ചത്.

വാര്‍ഡ് തല പിരിവിനു പുറമെ ഓരോ ഡിസിസിയും രണ്ടു കോടി രൂപ വരെ സമാഹരിച്ചതായാണ് വിവരം. കെപിസിസി ഭാരവാഹികള്‍, കെപിസിസി, ഡിസിസി എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരും തോന്നിയപോലെ പിരിച്ചു. രമേശ് ചെന്നിത്തലയും ജാഥയുടെ സംഘാടകരും നേരിട്ടു വാങ്ങിയ ഭീമമായ തുക ഇതിനു പുറമെയുണ്ട്. ഒറ്റയാന്‍ പ്രകടനമായി മാറിയ യാത്ര പ്രഹസനമായെങ്കിലും "പണക്കിഴി"യില്‍ വന്‍വിജയമായെന്നാണ് നേതാക്കളടക്കം പറയുന്നത്. യാത്ര പരാജയമായെന്ന് ചെന്നിത്തല വിരുദ്ധര്‍ രാഹുല്‍ഗാന്ധിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് രാഹുല്‍ഗാന്ധിയുടെ "ഷാഡോ ടീം" നടത്തിയ അന്വേഷണത്തില്‍ ആക്ഷേപം ശരിവച്ചതായാണ് വിവരം. പണപ്പിരിവിനെ കുറിച്ചും രാഹുല്‍ഗാന്ധിക്ക് പരാതി പോയിട്ടുണ്ട്. 18ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപനയോഗത്തില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാല്‍, രാഹുലിന്റെ വരവ് തടയാന്‍ എതിര്‍വിഭാഗം രഹസ്യനീക്കം തുടങ്ങിയിട്ടുണ്ട്.
(എം രഘുനാഥ്)

deshabhimani 120513

No comments:

Post a Comment