Saturday, May 11, 2013
യുപിഎ നാളുകളെണ്ണുന്നു
അഴിമതിയില്‍ കുടുങ്ങി ഒരേദിവസം രണ്ടു മന്ത്രിമാര്‍ക്ക് ഒഴിയേണ്ടിവന്ന രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഭാവി തുലാസില്‍. തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ എത്തിയപ്പോള്‍ അഴിമതിയുടെ കരിമ്പുക മൂടിനില്‍ക്കുന്ന സര്‍ക്കാരിനെ രക്ഷിക്കാന്‍ ആര്‍ക്കുമാകാത്ത പരിതാപകരമായ അവസ്ഥ.
നിയമമന്ത്രി അശ്വനികുമാറിന്റെ രാജിക്ക് കാരണമായ കല്‍ക്കരിപാടം കുംഭകോണക്കേസിലെ അന്വേഷണം പ്രധാനമന്ത്രികാര്യാലയത്തിലെയും കല്‍ക്കരിമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരിലേക്ക് നീങ്ങുകയാണ്. സിബിഐ അന്വേഷണ റിപ്പോര്‍ട്ട് നിയമമന്ത്രിക്കു പുറമെ പ്രധാനമന്ത്രികാര്യാലയത്തിലെയും കല്‍ക്കരിമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് തിരുത്തിയത്. റിപ്പോര്‍ട്ട് തിരുത്തിയതിനെതിരെ ബുധനാഴ്ച സുപ്രീംകോടതി ആഞ്ഞടിച്ചിരുന്നു. അന്വേഷണം പ്രധാനമന്ത്രികാര്യാലയത്തിലേക്ക് നീളുന്നത് മന്‍മോഹന്‍സിങ്ങിന്റെ നില കൂടുതല്‍ പരുങ്ങലിലാക്കും.
മന്‍മോഹന്‍സിങ് കല്‍ക്കരിവകുപ്പിന്റെ ചുമതല വഹിച്ച 2006-09 കാലത്തെ ഇടപാടുകളാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഈ കാലയളവില്‍ വേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യകമ്പനികള്‍ക്ക് വിതരണംചെയ്തതെന്ന് സിബിഐ കണ്ടെത്തിയിരുന്നു. അന്വേഷണം അട്ടിമറിക്കാന്‍ പ്രധാനമന്ത്രികാര്യാലയത്തിലെയും കല്‍ക്കരിമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ ഇടപെട്ടതായി സിബിഐ സുപ്രീംകോടതിയില്‍ സമ്മതിച്ചിരുന്നു. പ്രധാനമന്ത്രികാര്യാലയത്തിലെ ജോയിന്റ് സെക്രട്ടറി ശത്രുഘ്നസിങ്ങും കല്‍ക്കരിമന്ത്രാലയ ജോയിന്റ് സെക്രട്ടറി എ കെ ഭല്ലയും മാര്‍ച്ച് ആറിന് റിപ്പോര്‍ട്ട് പരിശോധിക്കുകയും പിറ്റേന്ന് തിരുത്തല്‍ നിര്‍ദേശിക്കുകയുംചെയ്തു. ഇത് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശത്തിന് ഇടയാക്കി. സിബിഐ സ്വതന്ത്രമായി പ്രവര്‍ത്തിക്കണമെന്ന് കോടതി കര്‍ക്കശനിര്‍ദേശം നല്‍കുകയുംചെയ്തു. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം പ്രധാനമന്ത്രികാര്യാലയത്തിലേക്ക് നീട്ടുന്നത്. കുംഭകോണത്തില്‍ ഉള്‍പ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അന്വേഷണത്തില്‍ കടന്നുകയറിയത് എന്തടിസ്ഥാനത്തിലാണെന്ന് സുപ്രീംകോടതി ആരാഞ്ഞിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യപ്പെടേണ്ട ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് പരിശോധനയ്ക്കായി നല്‍കിയതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇവരുടെ പ്രവര്‍ത്തനത്തില്‍ മറ്റുള്ളവരുടെ പ്രേരണ ഉണ്ടായിരുന്നതായും സൂചിപ്പിച്ചു. എല്ലാവരും 2006-09ല്‍ നടന്ന കല്‍ക്കരി ഇടപാടിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലെ ഭാഗം തിരുത്തുന്നതിനാണ് താല്‍പ്പര്യംകാട്ടിയത്.
പ്രതിഛായ നഷ്ടപ്പെട്ട സര്‍ക്കാരിന്റെ നീക്കങ്ങളില്‍ ഘടകകക്ഷിനേതാക്കള്‍ക്ക് ശക്തമായ അമര്‍ഷമുണ്ട്. അഴിമതി ആരോപണത്തില്‍ മുങ്ങിയ മന്ത്രിമാരെ സംരക്ഷിക്കാന്‍ ഘടകകക്ഷികള്‍ ഇതുവരെ തുനിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പിന് തയ്യാറാകാനാണ് എന്‍സിപി നേതാവ് ശരദ്പവാര്‍ അണികളോട് ആവശ്യപ്പെട്ടത്. അഴിമതിക്കാര്‍ തുറന്നുകാട്ടപ്പെട്ടപ്പോള്‍, തങ്ങള്‍ അഴിമതിക്കെതിരായിരുന്നെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് സോണിയ ഗാന്ധി അടക്കം ഒരു വിഭാഗം നടത്തുന്നത്. അഴിമതിക്കാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷം സമരം ചെയ്തപ്പോള്‍ അതിന് ചെവികൊടുക്കാതെ പാര്‍ലമെന്റ് നടപടികളാകെ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചത് സോണിയ ഗാന്ധിയാണ്. അഴിമതിക്കെതിരായ സോണിയയുടെ നിലപാട് ആത്മാര്‍ഥമായിരുന്നെങ്കില്‍ സിബിഐ അന്വേഷണ റിപ്പോര്‍ട്ട് തിരുത്താന്‍ നിയമമന്ത്രി നിര്‍ദേശിക്കുമായിരുന്നില്ല, നിയമമന്ത്രി നേരത്തേതന്നെ രാജിവയ്ക്കുമായിരുന്നു.
deshabhimani 120513
Subscribe to:
Post Comments (Atom)
No comments:
Post a Comment